Nov 27, 2017
റീറ്റെയ്ല്‍ മേഖലയെ ഇളക്കി മറിക്കുന്ന പദ്ധതികളുമായി ഫ്യൂച്ചര്‍ഗ്രൂപ്പ്
ടെക്‌നോളജി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി വന്‍ വിജയങ്ങള്‍ക്ക് ഒരുങ്ങുകയാണ് കിഷോര്‍ ബിയാനിയും ഫ്യൂച്ചര്‍ ഗ്രൂപ്പും
facebook
FACEBOOK
EMAIL
make-a-great-storm-in-the-field-of-retail-industry-by-future-group

റീറ്റെയ്ല്‍ 3.0 എന്ന് പേരിട്ട പുത്തന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിയുമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏഷ്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കമ്പനിയാക്കാനൊരുങ്ങുകയാണ് കിഷോര്‍ ബിയാനി. ഇതിനായി കൂട്ടിനുള്ളത് ചില്ലറക്കാരുമല്ല. ഗൂഗിളും ഫെയ്‌സ്ബുക്കും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഡിലോയ്റ്റും. 

Rewrite Rules, Retain Values എന്ന നയം പിന്തുടര്‍ന്ന് ഇന്ത്യയിലെ കിരീടം വയ്ക്കാത്ത റീറ്റെയ്ല്‍ രാജാവായി മാറിയ ബിയാനിയുടെ ഈ പ്രഖ്യാപനം ബിസിനസ് മേഖലയില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഓഹരി വില പതിമൂന്ന് ശതമാനം വര്‍ധിച്ച് 581 രൂപയിലെത്തി കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വില. ഗ്രൂപ്പിന്റെ മറ്റ് പ്രമുഖ ലിസ്റ്റഡ് കമ്പനികളായ ഫ്യൂച്ചര്‍ ലൈഫ്‌സ്‌റ്റൈല്‍ ഫാഷന്‍, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരികളുടെ വിലയിലും വന്‍ കയറ്റമാണ് ഒരു ദിവസം കൊണ്ട് ഉണ്ടായത്.

അപ്പോള്‍ എന്താണ് റീറ്റെയ്ല്‍ 3.0?

2047 ആകുമ്പോഴേക്കും ഏറ്റവും മികച്ച ഓണ്‍ലൈന്‍സാന്നിധ്യത്തിലൂടെ ഗ്രൂപ്പിന്റെ വരുമാനം ഒരു ട്രില്യണ്‍ ഡോളര്‍ കടത്താനാണ് ബിയാനിയുടെ ഈ പ്ലാന്‍ ലക്ഷ്യമിടുന്നത്. അടുത്ത 30 വര്‍ഷവും നേടാന്‍ ഉദ്ദേശിക്കുന്ന ശരാശരി വാര്‍ഷിക വളര്‍ച്ച 20 ശതമാനവും.
രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെമ്പാടുമായി 1200 റീറ്റെയ്ല്‍ സ്റ്റോറുകള്‍ സ്ഥാപിച്ച, രാജ്യത്തെ ഏറ്റവും വലിയ റീറ്റെയ്ല്‍ ഗ്രൂപ്പായ ഫ്യൂച്ചറിന്റെ ടേണോവര്‍ 2021 ആകുമ്പോഴേക്കും ഒരു ലക്ഷം കോടിയാക്കാനായിരുന്നു ബിയാനിയുടെ ആദ്യകാല പ്ലാന്‍. റീറ്റെയ്‌ലിലെ വന്‍ സാധ്യതകള്‍ മനസിലാക്കി തികച്ചും പുതുമയുള്ള ആശയങ്ങളിലൂടെ, സാങ്കേതികവളര്‍ച്ച പൂര്‍ണമായും ഉപയോഗപ്പെടുത്തി ഒരു ദീര്‍ഘകാല പദ്ധതിയാണ് ഇപ്പോള്‍ ബിയാനി സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ സൂപ്പര്‍ മാര്‍ക്കറ്റ് സംസ്‌കാരത്തിന് പുതിയൊരു തലം നല്‍കിയ ബിഗ് ബസാര്‍, ഫുഡ് ബസാര്‍ എന്നിവയ്‌ക്കൊപ്പം ഈസിഡേ, ഹെറിറ്റേജ് എന്നീ ബ്രാന്‍ഡഡ് സ്റ്റോറുകളും ഫ്യൂച്ചര്‍ ഗ്രൂപ്പിനെ കീഴിലുണ്ട്. ഇതില്‍ ഈസിഡേ സ്റ്റോറുകളാണ് പുതിയ പ്ലാനില്‍ പ്രധാന വരുമാനം നേടാന്‍ പോകുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും ഈസിഡേ സ്റ്റോറുകളുടെ എണ്ണം 1100 ആകും, ഇപ്പോഴിത് 700 ആണ്. ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന 10,000 'മെമ്പേഴ്‌സ് ഒണ്‍ലി'
ഈസിഡേ സ്റ്റോറുകളാണ് പുതിയ ആശയം. ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും സാങ്കേതിക സഹായം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഈ സ്റ്റോറുകളില്‍ അംഗമാകാന്‍ വര്‍ഷം 999 രൂപ മതി, എല്ലാ ഉല്‍പ്പന്നങ്ങളിലും 10 ശതമാനം ഡിസ്‌കൗണ്ടും നേടാന്‍ കഴിയും. രണ്ട് കിലോമീറ്ററിനുള്ളില്‍ ഒരു സ്റ്റോര്‍ എന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ വഴിയിലൂടെ എല്ലാ ഉല്‍പ്പന്നങ്ങളെയും കുറിച്ചുള്ള വിവരങ്ങളും അംഗങ്ങള്‍ക്ക് ലഭ്യമാകും. ഒരു സ്റ്റാറിന് 2000 അംഗങ്ങളാണുണ്ടാകുക. ആകെയുള്ള മെമ്പര്‍മാരില്‍ പകുതി പേരെങ്കിലും ഒരു വര്‍ഷം ഒരു ലക്ഷം രൂപ ഈ സ്റ്റോറുകളില്‍ ചെലവഴിക്കും എന്ന് കണക്കുകൂട്ടുന്ന ബിയാനിയുടെ കണക്കുകള്‍ പറയും ഇതിലൂടെ മാത്രം നേടാവുന്നതാണ് ഒരു ട്രില്യണ്‍ രൂപ.

ഷോപ്പിംഗിന്റെ ഓര്‍ഡറുകള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെയോ വാട്ട്‌സാപ്പിലൂടെയോ നല്‍കാം. സരള്‍ എന്ന പേരില്‍ ഒരു വോയ്‌സ് അസിസ്റ്റന്റും ആപ്പും ബിയാനിയുടെ പ്ലാനിലുണ്ട്.

'ടെക്‌നോളജി ആളുകളുടെ മനസിനെയും സ്വഭാവത്തെയും ഒരുപാട് സ്വാധീനിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഒരു പുതിയ ഷോപ്പിംഗ് അനുഭവം അവര്‍ക്ക് നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.' ബിയാനി പറയുന്നു.
കാലത്തിനു മുന്‍പേ ചിന്തിക്കുന്ന കിഷോര്‍ ബിയാനി എന്ന ബിസിനസ് രാജാവിന്റെ ഏറ്റവും പുതിയ വിജയചിന്തയാകുകയാണ് റീറ്റെയ്ല്‍ 3.0.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top