Mar 31, 2016
ഈ ജീവിതം ഒരു പാഠപുസ്തകം
ചിരിയും ചിന്തയും പ്രസന്നമാക്കിയ ജീവിതവീക്ഷണമാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടേത്.
facebook
FACEBOOK
EMAIL
life-experiences-of-Rev-Dr-Philipose-Mar-Chrysostom

റിട്ടയര്‍ ചെയ്താല്‍ പലരുടേയും തിരക്ക് കുറയും. അപൂര്‍വ്വം ചിലര്‍ക്ക് തിരക്ക് കൂടും. അക്കൂട്ടത്തിലാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. തിരുമേനിയുടെ ഡയറി നോക്കുന്നവര്‍ അന്തംവിട്ടു പോകും. ചില ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു മണിവരെയുള്ള പരിപാടികളില്‍ വിശ്രമമില്ലാതെ പങ്കെടുക്കുവാന്‍ ഈ പ്രായത്തിലും മടിയില്ല. ഏപ്രില്‍ 27ന് തിരുമേനിക്ക് തൊണ്ണൂറ്റിയെട്ട് വയസാകും.

മൂന്നു വര്‍ഷം മുമ്പ് എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു വരവേ തിരുമേനിക്കു ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചാണ് ഡോക്റ്റര്‍മാര്‍ അദ്ദേഹത്തെ താമസസ്ഥലമായ മാരാമണ്ണിലേക്ക് വിട്ടത്. തിരുമേനിയുടെ അനന്തിരവള്‍ ഹൈദരാബാദില്‍ നിന്നും ശുശ്രൂഷിക്കുവാന്‍ വന്നിട്ടുണ്ട്. ക്ഷേമന്വേഷണത്തിനായി ഞാന്‍ തിരുമേനിയുടെ വീട്ടില്‍ ചെന്നു. അപ്പോള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ അനന്തിരവള്‍ വിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയായിരുന്നു.

''തിരുമേനി ഒരു ദിവസം രണ്ടു പ്രോഗ്രാമില്‍ കൂടുതല്‍ എടുക്കരുത്.'' ഞാനും ഒരു ഉപദേശം കൊടുത്തു. ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ''ജനത്തെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. പരിപാടികളില്‍ എന്നെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസംഗമുണ്ട്. എനിക്ക് ഇല്ലാത്തതും ഉള്ളതുമായ എല്ലാ മേന്മകളും തട്ടിവിടും. സാറെ ഇത് കേള്‍ക്കുന്നത് എനിക്കൊരു സന്തോഷമാണ്. പറയുന്ന പകുതിയും സത്യമല്ലാത്തതിനാല്‍ സ്വാഗതപ്രസംഗകന്‍ സ്വര്‍ഗ്ഗത്തില്‍ പോകത്തില്ലായെന്നറിയാം. പക്ഷെ എനിക്ക് അതൊരു ആവേശമാ''.

ഡിമാന്‍ഡ് പിന്‍വലിക്കുന്നതാണ് നല്ലതെന്ന് തോന്നി ഞാന്‍ വിഷയം മാറ്റി. ''തിരുമേനി എന്നാ ഇനി പരിപാടികള്‍ക്ക് പോയി തുടങ്ങുന്നത്''. അനന്തിരവളെ ചൂണ്ടിക്കൊണ്ട് തിരുമേനി പറഞ്ഞു. ''ഇവള്‍ അടുത്ത ബുധനാഴ്ച പോകും. വ്യാഴാഴ്ച മുതല്‍.''

നല്ല ശ്രോതാവാകുക

ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ അനവധി ആളുകള്‍ ദിവസവും വരുന്നുണ്ട്. പലരേയും ആദ്യമായി കാണുന്നതായിരിക്കും. എന്നാലും അദ്ദേഹം താല്‍പ്പര്യപൂര്‍വം അവരുടെ കാര്യങ്ങള്‍ കേള്‍ക്കും. പ്രവര്‍ത്തന മേഖലകളെ കുറിച്ച് ആരായും. സംശയങ്ങള്‍ ചോദിക്കും. പുതിയ കാര്യങ്ങള്‍ മനസിലാക്കും.

തിരുമേനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ''എന്റെ തല പഴയ താണ്. പഴയ കാര്യങ്ങള്‍ എനിക്ക് മനസിലാകും. പുതിയ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നത് എന്നോട് സംസാരിക്കുവാന്‍ വരുന്നവരിലൂടെയാണ്. അതാണ് ഞാന്‍ പ്രസംഗത്തിലൂടെ തട്ടി വിടുന്നത്. തിരുമേനിക്ക് വലിയ വിവരമുണ്ടെന്ന് പലരും കരുതും. എന്റെ വിവരം മിടുക്കരായ ചെറുപ്പക്കാര്‍ നല്‍കുന്നതാണ്.''

ഒരിക്കല്‍ മുല്ലക്കര രത്‌നാകരന്‍ തിരുമേനിയോട് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കുട്ടികളുടെ കരിക്കുലത്തില്‍ കൃഷിക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാം കേട്ട തിരുമേനി അടുത്ത ദിവസം ഒരു സ്‌കൂള്‍ വാര്‍ഷികത്തിന് പ്രസംഗിച്ചപ്പോള്‍ ഇവ ഭംഗിയായി അവതരിപ്പിച്ചു. തിരുമേനിയുടെ വാക്കുകളില്‍ ''എന്റെ പ്രസംഗം മുഴുവനും വല്ലവരും പറഞ്ഞ കാര്യങ്ങളാ.''

രാമച്ചം ഭൂഗര്‍ഭ ജലം ഉയര്‍ത്തുമെന്നും, നദികളിലെ കോളിഫോം ബാക്ടീരിയായുടെ അളവ് കുറയ്ക്കുമെന്നും, നദീ തീരം ഇടിയാതെ സംരക്ഷിക്കുമെന്നും എന്റെ ഗവേഷണ പഠനത്തില്‍ പറയുന്നുണ്ട്. എപ്പോള്‍ എന്നെ കണ്ടാലും ഇതേക്കുറിച്ച് തിരക്കാറുണ്ട്. ഒരിക്കല്‍ ജലവിഭവ വകുപ്പ് മന്ത്രിയായ പി.ജെ ജോസഫ് തിരുമേനിയെ കാണുവാന്‍ വന്നപ്പോള്‍ ആധികാരികമായി രാമച്ചത്തിന്റെ ഗുണത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു.

ക്രിസോസ്റ്റം തിരുമേനി മറ്റുള്ളവരെ അഭിനന്ദിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുണ്ട്. ഒരിക്കല്‍ തിരുമേനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുകയാണ്: 'സെക്യൂരിറ്റിയൊന്നും കൂടാതെ ജനങ്ങളുമായി അടുത്തിടപഴകി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍ കാണിക്കുന്ന താല്‍പ്പര്യം തികച്ചും അഭിനന്ദാര്‍ഹമാണ്.' അച്യുതാനന്ദനോട് സംസാരിച്ചപ്പോള്‍ ആദ്യമേ പറഞ്ഞു: 'ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അത് ബഹുജനപ്രക്ഷോഭമാക്കി മാറ്റിതീര്‍ക്കുവാനുള്ള അങ്ങയുടെ കഴിവ് ശ്രദ്ധേയമാണ്.' മുല്ലക്കര രത്‌നാകരനോട് 'അങ്ങ് കാര്‍ഷിക മേഖലയെ സ്‌നേഹിച്ച ഒരു കൃഷി മന്ത്രിയാണ് എന്നു പറയുമ്പോള്‍ തോമസ് ഐസക്കിനോട്, ജനകീയാസൂത്രണത്തിന്റെ ഗുണവശങ്ങളെക്കുറിച്ചായി രിക്കും സംഭാഷണം.

തന്നെ സന്ദര്‍ശിക്കുന്നവരെ തിരുമേനി സൂക്ഷ്മമായി നിരീക്ഷിക്കും. അവരിലെ നന്മ മടി കൂടാതെ പറയും. അതുകൊണ്ടാകാം, ജാതിമതരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തിരുമേനിയെ ഇഷ്ടപ്പെടുന്നതും.

(ഡോ. മാത്യു കോശി പുന്നയ്ക്കാട്‌)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top