Apr 05, 2018
മാറ്റങ്ങളെ അറിയാനും നേരിടാനും കെഎംഎ ദേശീയ കണ്‍വെന്‍ഷന്‍
ഏപ്രില്‍ 12, 13 തീയതികളില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മഹാസംഗമത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി 2000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്
facebook
FACEBOOK
EMAIL
kma-national-convention

കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന് കൊച്ചി വേദിയാകുന്നു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന ഈ ദേശീയ കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്റെയും കേരളത്തിലെ മറ്റ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെയും സംയുക്തസഹകരണത്തോടെയാണ് ഇത്തവണ അരങ്ങേറുന്നത്. ഏപ്രില്‍ 12, 13 തീയതികളില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഈ മഹാസംഗമത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നുമായി 2000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.

'REIMAGINING LEADERSHIP IN A DISRUPTED WORLD' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍. വരാനിരിക്കുന്ന വലിയ മാറ്റങ്ങളില്‍ സംരംഭകര്‍ വളരെ സ്മാര്‍ട്ടായി മുന്നേറേണ്ടതുണ്ട്. ഡിജിറ്റല്‍ വിസ്‌ഫോടനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെക്‌നോളജിയിലെ നൂതന കണ്ടുപിടുത്തങ്ങള്‍ ഭാവി പ്രവചനാതീതമാക്കി മാറ്റുന്നു. സംരംഭങ്ങള്‍ നേതൃശൈലി തന്നെ മാറ്റേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

വരാനിരിക്കുന്ന കുതിച്ചുചാട്ടത്തെ കൈകാര്യം ചെയ്യാന്‍ എന്തു തരം നേതൃപാടവമാണ് വേണ്ടി വരിക? സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ എന്താണെന്നു പോലുമറിയാത്ത കാലമാണിത്. അറിയാത്ത ഒന്നിനെ മാനേജ് ചെയ്യുകയെന്നതാണ് മാനേജ്‌മെന്റിനെയും സംരംഭകരെയും സംബന്ധിച്ച വലിയ വെല്ലുവിളി.

തലകീഴ്മറിക്കലുകള്‍ അല്ലെങ്കില്‍ വമ്പന്‍ മാറ്റങ്ങള്‍ വെറും ടെക്‌നോളജി കൊണ്ടു മാത്രമല്ല. അതിനാല്‍ ഏറ്റവും മികച്ച ടെക്‌നോളജി സ്വീകരിച്ചതുകൊണ്ടു മാത്രം വിജയിക്കാനാകില്ല. സാംസ്‌കാരികമായൊരു മാറ്റം കൂടിയേ തീരൂ! മാറ്റങ്ങളെ വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജീവനക്കാരും മാനേജര്‍മാരും ഉണ്ടാവണം. വര്‍ക്കിംഗ് കള്‍ച്ചറില്‍ തന്നെ മാറ്റങ്ങള്‍ വരുത്തണം. ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ചലിക്കാന്‍ എന്താണ് ചെയ്യേണ്ടത്? മാറ്റങ്ങളുടെ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകരുടെയും പ്രൊഫഷണലുകളുടെയും മുന്നില്‍ ചോദ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടാകും. അത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടാനൊരു വേദിയായിരിക്കും കണ്‍വെന്‍ഷന്‍.

പ്രഭാഷകരുടെ നീണ്ട നിര

വിവിധ മേഖലകളിലെ വിദഗ്ധരാണ് പ്രഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം കൊടുക്കുന്നത്. ആത്മീയ നേതാവും ലോകപ്രശസ്ത പ്രഭാഷകനും ഗ്രന്ഥകാരനുമായ മഹാത്രിയ റായുടെ സാന്നിധ്യം കണ്‍വെന്‍ഷന് മാറ്റുകൂട്ടും. സംഗമത്തിന്റെ ഉദ്ഘാടകനായ അദ്ദേഹം കണ്‍വെന്‍ഷന്‍ തീം ആധാരമാക്കി പ്രഭാഷണം നടത്തും.

അഖിലേന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ദാസ് പൈ, സെക്രട്ടറി ജനറല്‍ രേഖ സേത്തി, നോക്കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജയ് മെഹ്ത, കെപിഎംജി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് രേഖി, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്, നീതി ആയോഗ് അടല്‍ ഇന്നവേഷന്‍ ഡയറക്ടര്‍ രമണന്‍ രാംനാഥന്‍, സെയില്‍സ് ഫോഴ്‌സ് സിഇഒ സുനില്‍ ജോസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് -യൂട്ടിലിറ്റീസ് ചീഫ് ആര്‍ക്കിടെക്റ്റ് വിജു ചാക്കോ, 3 വണ്‍ 4 കാപിറ്റല്‍സ് സിഇഒ പ്രണവ് റായ് തുടങ്ങി പ്രഭാഷകരുടെ നീണ്ട നിര തന്നെയുണ്ട്.
യുവസംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, യുവ ബ്യൂറോക്രാറ്റുകള്‍ മുതലായവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകളും കണ്‍വെന്‍ഷന്റെ ഭാഗമായുണ്ട്.

കേന്ദ്രമന്ത്രിമാര്‍, കേരള ഐ.റ്റി സെക്രട്ടറി ശിവശങ്കര്‍ എന്നിങ്ങനെ മറ്റ് പല പ്രഗല്‍ഭ വ്യക്തികളുടെയും സാന്നിധ്യം സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നു.

മാനേജ്‌മെന്റ് വിദഗ്ധര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ മുതലായവരുള്‍പ്പെടെ 2000 ത്തോളം പേര്‍ ഈ മഹാസംഗമത്തില്‍ പങ്കാളികളാകും.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ഓണററി സെക്രട്ടറി മാധവ് ചന്ദ്രന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് തമ്പി മുതലായവരുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kma.org.in, email: info@kma.org.in, ഫോണ്‍: 0484 2317966, 0484 2317917.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top