May 15, 2018
''കേരളത്തിന് ഇപ്പോഴും ബിസിനസ് വിരുദ്ധ പ്രതിച്ഛായ''
ഇന്ത്യയ്ക്ക് ഇന്നു വേണ്ടത് 'കേരള മോഡല്‍ അര്‍ബനൈസേഷന്‍' ആണ്, കേരളം ഒരൊറ്റ നഗരമല്ലേ, അതുപോലെ മാറണം എങ്കില്‍ മാത്രമേ പ്രധാന മേഖലകളിലും അനുബന്ധ മേഖലകളിലുമെല്ലാം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ
facebook
FACEBOOK
EMAIL
kerala-still-has-an-anti-business-image

ഗീന ടി.എസ്‌

കേരളത്തിന് ഇപ്പോഴും ആന്റി - ബിസിനസ് പ്രതിച്ഛായയാണ്. ഇത് പറയുന്നത് മറ്റാരുമല്ല. പത്മശ്രീ ടി.വി മോഹന്‍ദാസ് പൈ. മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ചെയര്‍മാനായ മോഹന്‍ദാസ് പൈ വഹിച്ച റോളുകള്‍ ഏറെയുണ്ട്. ഇന്‍ഫോസിസ് മുന്‍ സി എഫ് ഒയായ ഇദ്ദേഹം ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് ഇവാഞ്ചലിസ്റ്റും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമാണ്. അക്ഷയപാത്ര ഫൗണ്ടേഷനിലൂടെ രാജ്യത്തു തന്നെ ഏറ്റവും വിപുലമായ ഉച്ചഭക്ഷണ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന മനുഷ്യസ്‌നേഹി കൂടിയായ മോഹന്‍ദാസ് പൈ സെബി, എന്‍ എസ് ഇ, കേല്‍ക്കര്‍ കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര എഡ്യു ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൈജൂസ് ലേണിംഗ് ആപ്പിലെ ആദ്യ നിക്ഷേപകന്‍ കൂടിയായ മോഹന്‍ദാസ് പൈ, കേരളത്തിന്റെ ബിസിനസ് സാഹചര്യങ്ങള്‍, ഭാവി അവസരങ്ങള്‍ തുടങ്ങിയവയെ കുറിച്ച് സംസാരിക്കുന്നു.

ടെക്‌നോപാര്‍ക്, കെല്‍ട്രോണ്‍ എന്നിങ്ങനെ ഐ.റ്റി, ഇലക്ട്രോണിക്‌സ് രംഗത്തെ ഒട്ടനവധി നൂതന ആശയങ്ങള്‍ പിറവിയെടുത്ത് സാക്ഷാല്‍ക്കരിക്കപ്പെട്ട ഇടമാണ് കേരളം. പക്ഷേ രാജ്യത്തുതന്നെ നവീനമായ ഈ ആശയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കി ആ രംഗത്ത് കുതിച്ചു മുന്നേറാനോ വന്‍ നേട്ടം കൊയ്യാനോ കേരളത്തിന് സാധിച്ചില്ല. താങ്കളുടെ അഭിപ്രായത്തില്‍ അതിന് കാരണം എന്താണ്?

ടെക്‌നോപാര്‍ക്ക് വളരെ നല്ല ആശയമാണ്. പക്ഷേ കേരളത്തില്‍ ബിസിനസുകളുടെ സുസ്ഥിരത ഇന്നും പ്രശ്‌നമാണ്. തുറന്നു പറഞ്ഞാല്‍ കേരളത്തിന് ഇപ്പോഴും ആന്റി - ബിസിനസ് പ്രതിച്ഛായയാണ്. പൊരുത്തമുള്ള നയങ്ങളുടെ തുടര്‍ച്ച ബിസിനസ് സുസ്ഥിരതയ്ക്ക് അനിവാര്യമാണ്. ബിസിനസുകള്‍ക്ക് അതിന്റേതായ ഒരു റിസ്‌ക് എക്കാലവും ഉണ്ട്. ആ റിസ്‌കിനൊപ്പം നയരാഹിത്യത്തിന്റെയോ നയങ്ങളുടെ തുടര്‍ച്ചയില്ലായ്മയുടെയോ റിസ്‌ക് കൂടി വന്നാല്‍ ബിസിനസുകള്‍ക്ക് അത് താങ്ങാന്‍ സാധിക്കില്ല.

മറ്റൊന്ന് കേരളത്തിലേക്ക് ഇന്ത്യയിലെയും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെയും മികച്ചവരെ ആകര്‍ഷിക്കാന്‍ സാധിക്കണം. എല്ലാ വിഭാഗത്തില്‍ പെട്ടവരെയും ഉള്‍ക്കൊള്ളാനുള്ള സാംസ്‌കാരികമായ ആര്‍ജ്ജവം കേരളീയര്‍ കാണിക്കണം.

ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ എങ്ങനെയാണ് വികാസം പ്രാപിച്ചത്? അവിടെ വളരെ വിഭിന്നരായ, വിവിധ ദേശങ്ങളില്‍ നിന്നുള്ള, വ്യത്യസ്ത നൈപുണ്യമുള്ളവര്‍ വന്ന് ജോലി ചെയ്തും ജീവിച്ചും ഒക്കെയാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ഇന്ത്യയിലെ ഏതൊരു മധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന യുവാക്കളുടെ സ്വപ്‌ന ഭൂമിയാണ്. അവര്‍ അവിടെയെത്തിയാല്‍ സാംസ്‌കാരികമോ ഭാഷാപരമോ ദേശപരമോ ആയ പ്രശ്‌നങ്ങളില്ലാതെ പൊതുസമൂഹമായി വളരെ എളുപ്പം ഇഴുകി ചേര്‍ന്ന് ജീവിക്കാന്‍ സാധിക്കുന്നു. അവരുടെ ജീവിത പങ്കാളിക്ക് ജോലി കിട്ടാന്‍ പ്രയാസമില്ല. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാം.

ഇതുപോലെ കേരളവും മാറണം. മാത്രമല്ല, ഒരൊറ്റ അടിസ്ഥാന സൗകര്യം കൊണ്ട് ഒരു മേഖലയിലും മുന്നേറാന്‍ സാധിക്കില്ല. ഉദാഹരണത്തിന് ടെക്‌നോപാര്‍ക്ക് നല്ലൊരു അടിസ്ഥാന സൗകര്യ പദ്ധതിയാണ്. പക്ഷേ അതിന് അനുബന്ധമായി മികച്ച ലാബുകള്‍ അടക്കം മറ്റനേകം സൗകര്യങ്ങള്‍ കൂടി സജ്ജമാക്കമായിരുന്നു.

സര്‍ക്കാര്‍ ഓരോ മേഖലയുടെയും വളര്‍ച്ചയ്ക്ക് ഉതകുന്ന നയങ്ങള്‍ ഉറപ്പാക്കി ഒരു ഉല്‍പ്രേരകം (catalyst) ആയി പ്രവര്‍ത്തിച്ചാല്‍ മതി. അതാണ് വേണ്ടതും. അതിന്റെ അഭാവമാണ് നല്ല ആശയങ്ങള്‍ ആദ്യം നടപ്പാക്കിയിട്ടുപോലും അതിന്റെ ഗുണഫലം വേണ്ടവിധത്തില്‍ ലഭിക്കാത്തതിന് കാരണം.

ടെക്‌നോളജി തൊഴിലുകള്‍ കൂട്ടത്തോടെ അപഹരിക്കുമോ?

യഥാര്‍ത്ഥത്തില്‍ ടെക്‌നോളജി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു കോടി തൊഴിലുകള്‍ ഓട്ടോമേറ്റഡ് ആയി. പക്ഷേ ഇന്ത്യയ്ക്ക് ഒരു സവിശേഷ സാഹചര്യമുണ്ട്. ഇവിടെ ഇനിയും ഏറെ കാര്യങ്ങളില്‍ ഡിമാന്റ് ശേഷിക്കുന്നുണ്ട്. അതിനനുസൃതമായ സപ്ലൈയില്ല താനും.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അങ്ങനെയല്ല. അതുകൊണ്ട് ഇന്ത്യയില്‍ ടെക്‌നോളജി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും. വരുമാന വര്‍ധനയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഘടകം. വരുമാന വര്‍ധന ഉണ്ടാകാന്‍ നിക്ഷേപവും ഉപഭോഗവും കൂടണം.

പക്ഷേ മറ്റൊരു സുപ്രധാന ഘടകം ജോബ് ഇന്റന്‍സിറ്റി കുറയുകയാണ്. അതായത് ജിഡിപി വര്‍ധനയ്ക്ക് അനുസൃതമായി തൊഴിലുകള്‍ കൂടുന്നില്ല. ജിഡിപി മൂന്ന് ശതമാനം വര്‍ധിച്ചാല്‍ തൊഴില്‍ മേഖലയില്‍ രണ്ടു ശതമാനം വര്‍ധനയാകും പ്രതിഫലിക്കുക. ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ തൊഴില്‍ മേഖലയില്‍ നാലോ അഞ്ച് ശതമാനം വളര്‍ച്ചയേ സംഭവിക്കുന്നുള്ളൂ.

അതായത് രാജ്യത്തെ തൊഴില്‍ രംഗത്ത് വെല്ലുവിളികള്‍ കാത്തിരിക്കുന്നു എന്നാണോ?

കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രതിവര്‍ഷം 25 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. ഇതില്‍ 10 ലക്ഷം കുട്ടികള്‍ ശൈശവത്തില്‍ പല സാഹചര്യങ്ങള്‍ കൊണ്ട് മരണമടഞ്ഞേക്കാം. ബാക്കി 24 ദശലക്ഷം കുട്ടികളുണ്ട്. അതായത് വരും വര്‍ഷങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ കഴിവും പ്രാപ്തിയും തൊഴില്‍ വേണ്ടവരുമായ 24 ദശലക്ഷം പേര്‍ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കും. ഇതില്‍ 30 ശതമാനത്തോളം പേര്‍ കാര്‍ഷിക മേഖലയിലേക്ക് പോകുന്നതു കൊണ്ടോ വിവാഹിതരാകുന്നതുകൊണ്ടോ തൊഴില്‍ വേണ്ടിവരില്ല. ബാക്കിയുള്ള 70 ശതമാനത്തില്‍ അതായത് 1.7 കോടി പേരില്‍ 70 ലക്ഷത്തിന് എന്തെങ്കിലും ജോലികള്‍ ലഭിച്ചെന്നിരിക്കും. പക്ഷേ ബാക്കിയുള്ള ഒരു കോടി ആളുകള്‍ക്ക് പ്രതിമാസം മിനിമം 10,000 രൂപ ലഭിക്കുന്ന ജോലി ലഭിക്കാനുള്ള സാഹചര്യം ഒരുക്കണം. അതാണ് ഏറ്റവും വലിയ വെല്ലുവിളി.

രാജ്യത്ത് പരമ്പരാഗത തൊഴിലവസരങ്ങള്‍ കുറയുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് 12-15 മടങ്ങ് വര്‍ധിച്ചെങ്കിലും സൃഷ്ടിച്ച തൊഴിലവസരങ്ങളില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനയേ ഉള്ളൂ.

അപ്പോള്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ എന്താണ് മാര്‍ഗം? ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടി വരുമോ?

ഗ്രാമങ്ങളില്‍ സൃഷ്ടിക്കുന്ന തൊഴിലുകള്‍ക്ക് പരിധിയുണ്ട്. ഇന്ത്യയ്ക്ക് ഇന്നു വേണ്ടത് 'കേരള മോഡല്‍ അര്‍ബനൈസേഷന്‍' ആണ്. കേരളം ഒരൊറ്റ നഗരമല്ലേ. അതുപോലെ മാറണം. എങ്കില്‍ മാത്രമേ പ്രധാന മേഖലകളിലും അനുബന്ധ മേഖലകളിലുമെല്ലാം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. ഇന്ത്യയില്‍ നഗരവല്‍ക്കരണം 40 ശതമാനമാണ്. ലോക ശരാശരിയേക്കാള്‍ താഴെയാണിത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടാനും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനും അതുവഴി വരും തലമുറ അഭിവൃദ്ധിയിലേക്ക് നയിക്കപ്പെടാനും നഗരവല്‍ക്കരണം വ്യാപകമാകണം.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് എന്തുതരം മാറ്റമാണ് നടക്കേണ്ടത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോഴും വ്യാപകമാകാത്ത സാഹചര്യമാണല്ലോ?

നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പൊളിച്ചെഴുത്ത് സാധ്യമായിട്ടില്ല. ഇന്ന് ക്ലാസ് റൂമില്‍ നിന്ന് ഒരു അധ്യാപകന്‍ ഒരു കൂട്ടം കുട്ടികളെ നോക്കി പഠിപ്പിക്കേണ്ട സാഹചര്യമില്ല. എല്ലാം വെബിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു കുട്ടിയെ പഠിപ്പിച്ച് ഇറക്കാന്‍ സര്‍ക്കാര്‍ കോടികളാണ് ഇപ്പോള്‍ ചെലവിടുന്നത്. ഉദാഹരണത്തിന് ഐഐടികളില്‍ ഒരു കുട്ടിക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ചെലവിടുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് തുക ഇതിലും ഏറെയാണ്. ഇത്തരത്തിലുള്ള പരമ്പരാഗത രീതികള്‍ മാറ്റണം. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളുടെ വിഭിന്നമായ കോഴ്‌സുകള്‍ കോര്‍ത്തിണക്കി ഒരു വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് വൈദഗ്ധ്യം വര്‍ധിപ്പിക്കാനുതകുന്ന കോഴ്‌സുകള്‍ ചെയ്യാനുള്ള സാഹചര്യം വരണം. ഓഫ്‌ലൈനും ഓണ്‍ലൈനും സമന്വയിപ്പിച്ചുള്ള രീതിയാണ് നമുക്ക് വേണ്ടത്. അത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം നന്‍കാന്‍ വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റികള്‍ വേണം.

 

ഇതിനൊക്കെ തടസമായി നില്‍ക്കുന്നത് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസ പ്രക്രിയയും അതിനെ നിയന്ത്രിക്കുന്ന സംവിധാനങ്ങളുമാണ്.

വിദ്യാഭ്യാസ പ്രക്രിയയില്‍ അടിമുടി മാറ്റം വരുത്താന്‍ ഫാക്കല്‍റ്റികള്‍ക്കടക്കം താല്‍പ്പര്യമില്ല. നിലവിലുള്ള നിയന്ത്രണ, സര്‍വകലാശാല ചട്ടക്കൂടുകളെ മാറ്റിയെടുക്കാന്‍ റെഗുലേറ്റര്‍മാര്‍ക്കും ആഗ്രഹമില്ല.

ഇത് മാറിയേ തീരു. ഭാവിയിലെ സാധ്യതകള്‍ക്കനുസരിച്ച് യുവതലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരണം.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top