Jul 17, 2017
കേരളത്തിലെ പൊതുമേഖലയില്‍ പൊളിച്ചെഴുത്ത്
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മികവുറ്റ സംരംഭങ്ങളായി വാര്‍ത്തെടുക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തുന്നത് വെറും മുഖംമിനുക്കലല്ല, മറിച്ച് അടിമുടി പൊളിച്ചെഴുത്താണ്
facebook
FACEBOOK
EMAIL
kerala-private-sector-new-development-startegy

പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുസമൂഹം അതോടൊപ്പം കൂട്ടി വായിക്കുന്ന മറ്റൊരു വിശേഷണമുണ്ട്. നഷ്ടമേഖല. എന്നാല്‍ ഈ പ്രതിച്ഛായ കുടഞ്ഞെറിയാന്‍ സമഗ്രമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്. 

പുതിയ സാരഥികളെയും പുതിയ ബോര്‍ഡിനെയും നിയമിച്ച് വെറുമൊരു മുഖം മിനുക്കലല്ല ഇപ്പോള്‍ നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. കേരളം ബിസിനസ് സൗഹൃദ സംസ്ഥാനമാണെന്നും ഇവിടെ വിജയകരമായി സംരംഭങ്ങള്‍ നടത്തി മുന്നോട്ട് പോകാനാകുമെന്നും നിക്ഷേപകരെയും സംരംഭകരെയും ബോധ്യപ്പെടുത്താന്‍ പൊതുമേഖലയെ തന്നെ കൂട്ടുപിടിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതുകൊണ്ടു ഇതുവരെ കാണാത്ത വിധത്തിലുള്ള പൊളിച്ചെഴുത്തിനാണ് പൊതുമേഖല സാക്ഷ്യം വഹിക്കുന്നത്.

വ്യവസായ വകുപ്പിന് കീഴിലുള്ള 43 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 13 എണ്ണത്തിലും പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാരെ നിയമിച്ചു കഴിഞ്ഞു. പ്രൊഫഷണല്‍ മികവ് തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം. നിര്‍ദിഷ്ട യോഗ്യതകള്‍ക്കു പുറമേ അതത് മേഖലകളിലെ പ്രത്യേക യോഗ്യത, ബോര്‍ഡ്, മാനേജ്‌മെന്റ് തലങ്ങളിലെ നിശ്ചിതകാല പ്രവൃത്തി പരിചയം തുടങ്ങിവയെല്ലാം നിയമന വേളയില്‍ പരിഗണിച്ചിരുന്നു.

ഇതിനു പുറമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിലവിലുള്ള നടപടിചട്ടങ്ങളെ നവീകരിക്കാനുള്ള തയാറെടുപ്പിലാണ്. കൂടാതെ ഓരോ ബോര്‍ഡിലും മികവുറ്റ പ്രൊഫഷണലുകളെ നിയമിച്ച് മൊത്തം സംവിധാനത്തെ തന്നെ പ്രൊഫഷണലൈസ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു.

ലാഭകേന്ദ്രമാക്കാന്‍ നീക്കം

ഇതുവരെ നടന്ന വഴിയിലൂടെ ഇനി നടന്നാല്‍ പോര എന്ന കൃത്യമായ ബോധ്യത്തോടെയാണ് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളുടെ പുതുസാരഥികളും മുന്നോട്ടു പോകുന്നത്. പരമ്പരാഗത കാഴ്ചപ്പാടുകളെ പൊളിച്ചെഴുതാനും പുതിയ അവസരങ്ങള്‍ വിനിയോഗിക്കാനും ഇവര്‍ കൂട്ടായി നടത്തുന്ന ശ്രമങ്ങളാണ് പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുമ്പോള്‍ ആഹ്ലാദിപ്പിക്കുന്ന ഘടകം.

റിസള്‍ട്ട് ഉണ്ടാക്കുക എന്നതു തന്നെയാണ് പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാരുടെ ചുമതല. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐ എ എസ്, പബ്ലിക് സെക്റ്റര്‍ റീസ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാന്‍ ഡോ. എം. പി സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് എല്ലാ പിന്തുണയുമേകി നിരന്തരം കൂടെ നില്‍ക്കുകയും ചെയ്യുന്നു. ഓരോ സ്ഥാപനത്തിന്റെയും നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകളോട് അങ്ങേയറ്റം അനുഭാവ പൂര്‍ണമായ സമീപനം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും കൈക്കൊള്ളുന്നുണ്ടെന്ന് പുതിയ സാരഥികള്‍ ഒരേ ശബ്ദത്തില്‍ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ദിനേനയുള്ള പ്രവര്‍ത്തനത്തില്‍ പരമാവധി സ്വാതന്ത്ര്യം പുതിയ സാരഥികള്‍ക്കുണ്ട്. ഒപ്പം പുതിയ മേഖലകളിലേക്ക് കടക്കാന്‍ പ്രോത്സാഹനവും നല്‍കുന്നു.

ഓരോ സ്ഥാപന മേധാവികള്‍ക്കും ആ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ പൂര്‍ണമായ ഉത്തരവാദിത്തവും ഒപ്പം വീഴ്ചകള്‍ സംഭവിച്ചാല്‍ അതിന് വിശദീകരണം നല്‍കേണ്ടി വരുമെന്ന കൃത്യമായ ബോധ്യവുമുണ്ട്. ഓരോ കമ്പനിയുടെയും പ്രതിമാസ റിപ്പോര്‍ട്ട് റിയാബ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതില്‍ വീഴ്ചകള്‍ കണ്ടാല്‍ വിശദീകരണവും തേടുന്നുണ്ട്. ''ഏതൊരു ബിസിനസ് സംരംഭത്തെയും പോലെയാണ് പോലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളും. അവ നഷ്ടമുണ്ടാക്കാന്‍ വേണ്ടിയുള്ളതല്ല. പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്കും ആധുനികവല്‍ക്കരണത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാമുള്ള ഫണ്ട് സ്വയം ആര്‍ജ്ജിക്കാന്‍ അവ സജ്ജരാകണം,'' റിയാബ് ചെയര്‍മാന്‍ ഡോ. എം. പി സുകുമാരന്‍ നായര്‍ പങ്കുവെയ്ക്കുന്ന ഈ ആശയമാണ് ഇന്ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കുന്നത്.

ഇതുവരെ സംസ്ഥാന ബജറ്റില്‍ പൊതുമേഖലയ്ക്കുള്ള വിഹിതം 100 കോടി രൂപയ്ക്ക് താഴെ ആയിരുന്നുവെങ്കില്‍ ഇത്തവണ വിഹിതം 270 കോടി രൂപയായി ഉയര്‍ത്തി. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കാവുന്ന വികസന പദ്ധതികള്‍ ആസൂത്രണ ബോര്‍ഡ് വിലയിരുത്തിയ ശേഷം അതിനു വേണ്ടിയുള്ള മുതല്‍ മുടക്ക് കണ്ടെത്തി അത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നല്ലാതെ ബാഹ്യ സ്രോതസുകളില്‍ നിന്നും പണം കണ്ടെത്താനും ശ്രമിക്കും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം ഫണ്ട് സമാഹരിക്കാന്‍ റിയാബ് പ്രോത്സാഹിപ്പിക്കുന്നു. വന്‍ മുതല്‍ മുടക്ക് വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കിഫ്ബി പോലുള്ള ഏജന്‍സികളെ സമീപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ കമ്പനിയെയും എല്ലാ അര്‍ത്ഥത്തിലും പ്രൊഫഷണല്‍ രീതിയില്‍ മുന്നേറുന്ന ലാഭകേന്ദ്രമാക്കാനുള്ള ആ്ത്മാര്‍ത്ഥ ശ്രമങ്ങളും കൃത്യമായ ഇടപെടലുകളുമാണ് ഇപ്പോഴത്തെ ശ്രദ്ധേയമായ കാര്യം. അടുത്ത അഞ്ചുവര്‍ഷം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും കമ്പനി സാരഥികളും ജീവനക്കാരും പൊതുസമൂഹവും നിതാന്ത ജാഗ്രതയോടെ, പൊസിറ്റീവ് സമീപനത്തോടെ മുന്നേറിയാല്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രചിക്കുക പുതിയ ചരിത്രം തന്നെയാകും. ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ ചില പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാരഥികളുടെ കാഴ്ചപ്പാടുകള്‍ പരിശോധിക്കാം. അവയിലൂടെ തെളിയുന്നത് ശുഭകരമായ ചില സൂചനകള്‍ കൂടിയാണ്.

മുഖം മിനുക്കി, മോഡേണാകാന്‍ കെ.എസ്.എഫ്.ഇ

കേരള സര്‍ക്കാരിന് കീഴിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന വിധത്തില്‍ ആധുനികവല്‍ക്കരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് പുതിയ മാനേജിംഗ് ഡയറക്റ്റര്‍ എ. പുരുഷോത്തമന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ മാനേജീരിയല്‍ കേഡറില്‍ 34 വര്‍ഷത്തിലേറെക്കാലത്തെ അനുഭവസമ്പത്തുമായാണ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള പുരുഷോത്തമന്‍ കെ.എസ്.എഫ്.ഇയിലെത്തുന്നത്. ഇസ്രയേലില്‍ എസ്.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിട്ടുള്ള പുരുഷോത്തമന്‍ കെ.എസ്.എഫ്.ഇയെ രാജ്യത്തു തന്നെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റാനുള്ള വിശദമായ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. 2020 ഓടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി ആക്കാനാണ് പദ്ധതി. ''ഏജന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി മൊബീല്‍ ആപ്പുകള്‍, കേന്ദ്രീകൃത ചിട്ടി കലണ്ടര്‍, തികച്ചും കസ്റ്റമൈസ്ഡായ ചിട്ടി ഉല്‍പ്പന്നങ്ങള്‍ എന്നിവയിലൂടെയെല്ലാമാണ് ബിസിനസ് വര്‍ധന ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കെ.എസ്.എഫ്.ഇയുടെ ലോഗോ മുതല്‍ ഓഫീസുകള്‍ വരെ മാറും. യുവത്വത്തെ ആകര്‍ഷിക്കും വിധം അടിമുടി മാറ്റമാണ് വിഭാവനം ചെയ്യുന്നത്. വൈബ്രന്റായ ഒരു പ്രസ്ഥാനമായി കെ.എസ്.എഫ്.ഇയുടെ മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച പരിശീലന സൗകര്യം തന്നെ ലഭ്യമാക്കും. ഒരു പൊതുമേഖലാ സ്ഥാപനത്തെ എങ്ങനെയൊക്കെ കാലോചിതമാക്കി മാറ്റാം എന്നതിനുള്ള മോഡലായി കെ.എസ്.എഫ്.ഇ വളരുന്ന കാലം വിദൂരമല്ല,'' പുരുഷോത്തമന്‍ വ്യക്തമാക്കുന്നു.

ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ ആലപ്പുഴയില്‍ സുസജ്ജമായ കേന്ദ്രം സ്ഥാപിക്കാക്കാനും ഒരുങ്ങുകയാണ്.

നൂതന വ്യവസായ മേഖലകളിലേക്ക് കിന്‍ഫ്ര

കേരളത്തിലെ വ്യവസായ വികസനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി വ്യവസായത്തിനും നിക്ഷേപത്തിനും പരമാവധി പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 1993ല്‍ രൂപീകൃതമായ കിന്‍ഫ്രയെ നയിക്കാന്‍ പുതുതായി ചുമതലയേറ്റിരിക്കുന്നത് കൊല്ലം സ്വദേശിയായ വിംഗ് കമാന്‍ഡര്‍ കെ.എ.സന്തോഷ് കുമാര്‍ (റിട്ട.) ആണ്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും മുംബൈ ഐ.ഐ.ടിയില്‍ നിന്നും കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ എം.ടെക്കും നേടിയിട്ടുള്ള ഇദ്ദേഹം ഐ.ഐ.എം ഇന്‍ഡോറ്ില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും അഹമ്മദാബാദിലെ നിര്‍മ്മ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്. എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചശേഷം എച്ച്.സി.എല്‍ ഇന്‍ഫോസിസ്റ്റംസിലും പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

നൂതന സാദ്ധ്യതകള്‍ പ്രദാനം ചെയ്യുന്ന പുതു പുത്തന്‍ മേഖലകളിലേക്ക് സംസ്ഥാനത്തെ വ്യവസായ മേഖലയെ നയിക്കുന്നതിനുള്ള പദ്ധതികളാണ് കിന്‍ഫ്ര ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. 119 കോടി രൂപ ചെലവില്‍ പാലക്കാട്ടെ കഞ്ചിക്കോട് 78.68 ഏക്കറിലായി കിന്‍ഫ്ര നിര്‍മ്മിക്കുന്ന മെഗാ ഫുഡ് പാര്‍ക്കിന്റെ 35 ശതമാനം ജോലികളും പൂര്‍ത്തിയാക്കി കഴിഞ്ഞതായി സന്തോഷ് കുമാര്‍ പറഞ്ഞു.

ഡിഫന്‍സ് മേഖലക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സംരംഭകര്‍ക്ക് അവസരമൊരുക്കിക്കൊണ്ട് ഒറ്റപ്പാലത്ത് 60 ഏക്കറിലായി ഒരു ഡിഫന്‍സ് പാര്‍ക്കും കിന്‍ഫ്ര നിര്‍മ്മിച്ചുവരുന്നു. ഇതിന് പുറമേ ഐ.എസ്.ആര്‍.ഒയുടെ വര്‍ദ്ധിച്ച ആവശ്യങ്ങള്‍ കണക്കിലെടുത്ത് അവര്‍ക്ക് വേണ്ടി മാത്രമായി ഒരു ഏറോ-സ്‌പേസ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനുമായി (ITPO) ചേര്‍ന്ന് കൊച്ചിയില്‍ സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററാണ് കിന്‍ഫ്രയുടെ മറ്റൊരു വമ്പന്‍ പദ്ധതി.

ടേണ്‍ എറൗണ്ട് സ്‌റ്റോറിയെഴുതാന്‍ ടിസിസി

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, ടിസിസി, തിരിച്ചടികളുടെ കാലഘട്ടവും പിന്നിട്ട് വിജയത്തിന്റെ പുതിയ സമവാക്യം കുറിക്കാനുള്ള തയാറെടുപ്പിലാണ്. പബ്ലിക് സെക്ടര്‍ മാനേജ്‌മെന്റില്‍ പ്രധാനമന്ത്രിയില്‍ നിന്ന് മികവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുള്ള കെ. ഹരികുമാറാണ് ടിസിസിയുടെ മാനേജിംഗ് ഡയറക്റ്റര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാരഥ്യത്തില്‍ ഒരു വ്യാഴവട്ടക്കാലത്തിന്റെ അനുഭവ സമ്പത്തുള്ള ഹരികുമാര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ സി.എം.ഡിയായി ഒരു ദശാബ്ദത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിനെ ടേണ്‍ എറൗണ്ട് ചെയ്യാനുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത് ഹരികുമാറിനെയാണ്. എച്ച്.ഐ.എല്ലിനെ വിപുലീകരണത്തിന്റെ പാതയിലൂടെ വളര്‍ച്ചയിലേക്ക് നയിച്ച ഹരികുമാര്‍ ടിസിസിയിലും അതേ ചരിത്രം ആവര്‍ത്തിക്കുകയാണ്. നഷ്ടത്തിലായിരുന്ന ടിസിസിയെ വെറും അഞ്ചുമാസം കൊണ്ട് ചരിത്രത്തിലെ ഏറ്റവും കൂടിയ ഉല്‍പ്പാദന ശേഷിയിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ടിസിസിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും രണ്ട് ദശാബ്ദക്കാലത്തിനിടയിലെ ഉയര്‍ന്ന ലാഭവും നേടിയെടുത്തു കഴിഞ്ഞു. ടിസിസിയുടെ വളര്‍ച്ചയും ലാഭക്ഷമതയും സുസ്ഥിരമായി നിലനിര്‍ത്താന്‍ അതിവിപുലമായ പദ്ധതിയാണ് ഹരികുമാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ടിസിസിയുടെ ഉല്‍പ്പാദനം രണ്ട് ഘട്ടങ്ങളിലായി 350 മെട്രിക് ടണ്ണാക്കാനാണ് പദ്ധതി.

കരുത്തോടെ മുന്നേറാന്‍ കെല്‍ട്രോണ്‍

ഇലക്ട്രോണിക്‌സ് രംഗത്തെ ശ്രദ്ധേയ ബ്രാന്‍ഡായ കെല്‍ട്രോണ്‍ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) നൂതനമായ നിരവധി പദ്ധതികളിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്്, ഡിഫന്‍സ് ഇലക്ട്രോണിക്‌സ്, സെക്യൂരിറ്റി സര്‍വൈലന്‍സ് തുടങ്ങിയ മേഖലകളില്‍ കമ്പനിക്ക് മികച്ച സാന്നിധ്യമുണ്ട്. തനത് സങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റോഡ് സെക്യൂരിറ്റി സിസ്റ്റം സ്ഥാപനത്തിന്റെ വലിയൊരു നേട്ടമാണ്. അനന്ത സാധ്യതകളുള്ള ഒരു സ്വര്‍ണ്ണഖനിയാണ് കെല്‍ട്രോണെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ഹേമലത അഭിപ്രായപ്പെടുന്നു.

സെക്യൂരിറ്റി സര്‍വൈലന്‍സിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് പുതുതായി വരുന്ന സ്മാര്‍ട്ട് സിറ്റി, സേഫ് സിറ്റി പദ്ധതികളില്‍ അവസരം കണ്ടെത്തുക എന്ന ലക്ഷ്യമാണ് കെല്‍ട്രോണിനുള്ളത്. ഉല്‍പാദന രംഗത്ത് സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളുടെയും സോളാര്‍ പാനലുകളുടെയും നിര്‍മ്മാണമാണ് ലക്ഷ്യം. ഡിഫന്‍സ് ഇലക്ട്രോണിക്‌സ് മേഖലയിലെ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക, കമ്പനിയുടെ ആര്‍ ആന്റ് ഡി ശേഷി വര്‍ധിപ്പിക്കുക, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരു മെന്റര്‍ എന്ന നിലയില്‍ ഇലക്ട്രോണിക്‌സ് പാര്‍ക്ക് സജ്ജമാക്കി ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് വേണ്ട സാങ്കേതിക സഹായവും ടെസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കുക തുടങ്ങിയവയും കമ്പനിയുടെ പദ്ധതികളാണ്. കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് 380 കോടി രൂപയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനകം 1000 കോടി വിറ്റുവരവുള്ള ഒരു സ്ഥാപനമായി കെല്‍ട്രോണിനെ മാറ്റുകയാണ് ലക്ഷ്യം.


ലാഭത്തിലേക്ക് കേബിള്‍ വലിച്ച് ട്രാക്കോ

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ബാലന്‍സ് ഷീറ്റില്‍ ലാഭകണക്ക് എഴുതി ചേര്‍ത്ത് ട്രാക്കോ നില്‍ക്കുമ്പോള്‍ അതിനു പിന്നില്‍ മികവുറ്റ ഒരു പ്രൊഫഷണലിന്റെ കൈയൊപ്പുണ്ട്. മുന്‍നിര കമ്പനികള്‍ക്കൊപ്പം കാല്‍ നൂറ്റാണ്ടിലേറെക്കാലം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി ട്രാക്കോയുടെ സാരഥ്യത്തിലെത്തിയിരിക്കുന്ന സന്തോഷ് കോശി തോമസ്, എല്ലാവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ട്, സര്‍ക്കാരിന്റെ പുതിയ നയതീരുമാനങ്ങളെല്ലാം തന്നെ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജമാക്കിയാണ് മുന്നേറുന്നത്. വൈദ്യുതി ബോര്‍ഡിനുള്ള കണ്ടക്ടറുകള്‍, ഹൗസ് വയര്‍ കേബിളുകള്‍, എച്ച്ടി, എല്‍ടി, എബി കേബിളുകള്‍ തുടങ്ങിയവയാണ്് ട്രാക്കോ ഉല്‍പ്പാദിപ്പിക്കുന്നത്. യുജി കേബിള്‍ വിന്യസിക്കുന്നതിനുള്ള ടേണ്‍ കീ പ്രോജക്റ്റുകളും ഏറ്റെടുത്ത് നടത്തുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്തിന്റെയും നിര്‍മിതികള്‍ക്ക് ടെന്‍ഡര്‍ കൂടാതെ ഹൗസിംഗ് ഇലക്ട്രിക്കല്‍ കേബിള്‍ ട്രാക്കോയില്‍ നിന്ന് വാങ്ങാമെന്ന സര്‍ക്കാര്‍ ഉത്തരവ് ട്രാക്കോയ്ക്ക് അനുഗ്രഹമായിട്ടുണ്ട്. ട്രാക്കോയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കൃത്യമായ പദ്ധതികള്‍ ഇദ്ദേഹം വിഭാവനം ചെയ്തിട്ടുണ്ട്. ''ഹൗസ് വയര്‍ കേബിളുകള്‍ ട്രാക്കോയുടെ പിണറായി യൂണിറ്റിലാണ് നിര്‍മിക്കുന്നത്. ഇവിടുത്തെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഇതോടൊപ്പം സംസ്ഥാനമെമ്പാടും ഡിസ്ട്രിബ്യൂട്ടര്‍മാരെയും ഡീലര്‍മാരെയും നിയമിക്കും,'' കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2009ലെ മാനേജര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുള്ള സന്തോഷ് കോശി തോമസ് പറയുന്നു.

2020ഓടെ വിറ്റുവരവ് 250-350 കോടി രൂപയാക്കുകയാണ് ലക്ഷ്യം. ഇക്കാലയളവിനുള്ളില്‍ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളുമായി ധാരണയിലെത്തും. ഒപ്പം കേരളത്തിലെ ഹൗസ് വയര്‍ കേബിള്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനും പദ്ധതിയുണ്ട്.

കുതിച്ചുചാട്ടത്തിനൊരുങ്ങി കെ.എം.എം.എല്‍

വലിയൊരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എംഎല്‍). ഏകദേശം 1600ഓളം ജീവനക്കാരും 800 കോടി രൂപയോളം വിറ്റുവരവുമുള്ള സംസ്ഥാനത്തെ ഒരു വന്‍കിട പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന കെ. കെ റോയി കുര്യന്‍, കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്കാളിത്തത്തോടെ വളര്‍ച്ചാ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുതനുള്ള ശ്രമത്തിലാണ്. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഫിനാന്‍സില്‍ എം.ബി.എക്കും പുറമേ കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നിന്നും ബിസിനസ് ലീഡേഴ്‌സ് പ്രോഗ്രാമും കരസ്ഥമാക്കിയിട്ടുള്ള റോയി കുര്യന്‍ കൊച്ചിയിലെ ബിനാനി ഇന്‍ഡസ്ട്രീസിന്റെ സി.ഇ.ഒ, പൂനെയിലെ ദീപക് ഫെര്‍ട്ടിലൈസേഴ്‌സിന്റെ പ്രസിഡന്റ്, ഗോവയിലെ ബിനാനി ഗ്രൂപ്പ് സ്ഥാപനമായ ജി.ജി.എഫിന്റെ എം.ഡി, കൊല്‍ക്കത്തയിലെ കെശോറാം ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉല്‍പാദന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, കൂടുതല്‍ കാര്യക്ഷമതക്കായി പ്ലാന്റിനെ നവീകരിക്കുക, മാലിന്യനിര്‍മാര്‍ജ്ജനത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുക, ഉല്‍പാദന ശേഷി 50 ശതമാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയൊക്കെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി റോയി കുര്യന്‍ പറഞ്ഞു.

വളര്‍ച്ചയിലെ വലിയൊരു കുതിച്ചുചാട്ടത്തിനായി സ്ഥാപനത്തെയും ജീവനക്കാരെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കെ. എം.എം.എല്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനകം തന്നെ ഉല്‍പാദനത്തിലും വിപണി വിഹിതത്തിലും ഉപഭോക്തൃ മുന്‍ഗണനയിലുമൊക്കെ ടൈറ്റാനിയം ഡയോക്‌സൈഡ് ഇന്‍ഡസ്ട്രിയിലെ ആഗോള സംരംഭങ്ങള്‍ക്കൊപ്പം ചുവടുറപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എം.എം.എല്‍.

വേറിട്ട വഴിയിലൂടെ കെല്‍

''പരമ്പരാഗതമായ കാര്യങ്ങള്‍ ഇനിയും തുടര്‍ന്നുപോയാല്‍ കമ്പനിയുടെ വളര്‍ച്ച സാധ്യമാക്കാനാകില്ല. വഴി മാറി നടക്കുക തന്നെ വേണം. അതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,'' കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് (കെല്‍) മാനേജിംഗ് ഡയറക്റ്റര്‍ കേണല്‍ ഷാജി എം. വര്‍ഗീസ് (റിട്ട.) ഇത് പറയുന്നത് വ്യക്തമായ കാഴ്ചപ്പാടോടെ തന്നെയാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ഉടന്‍ സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം പ്രതിരോധ വകുപ്പിനു കീഴിലെ സുപ്രധാനമായ യൂണിറ്റുകളില്‍ നിര്‍ണായക പദവി വഹിച്ച ശേഷമാണ് കെല്ലിന്റെ സാരഥ്യത്തിലേക്ക്എ ത്തിയിരിക്കുന്നത്. പ്രതിരോധാവശ്യങ്ങള്‍, ജലസേചനം, വൈദ്യുത പദ്ധതികള്‍, വൈദ്യുതി ബോര്‍ഡുകള്‍, ഇന്ത്യന്‍ റെയ്ല്‍വേ എന്നീ മേഖലകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളാണ് കെല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയില്‍ സജീവ സാന്നിധ്യമായ കെല്‍,. ഇതിനകം കേരളത്തില്‍ 100ലധികം ഇരുമ്പ് പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കുണ്ടറ, മാമല, എടരിക്കോട്, ഒലവക്കോട് എന്നിവിടങ്ങളില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. ''പൊതു സ്വകാര്യ മേഖലയിലെ പുതിയ അവസരങ്ങള്‍ വിനിയോഗിക്കാനാണ് കെല്‍ ശ്രമിക്കുന്നത്. ടാറ്റയ്ക്കു വേണ്ടി ഇലക്ട്രിക് വെഹിക്കിളില്‍ ഉപയോഗിക്കാനുള്ള ട്രാക്ഷന്‍ മോട്ടോര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇതില്‍ വിജയിച്ചാല്‍ പിന്നെ ലോകമാകും നമ്മുടെ വിപണി,'' കേണല്‍ ഷാജി എം. വര്‍ഗീസ് (റിട്ട.) വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രണ്ട് ലക്ഷം വീടുകളില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പാനല്‍ പൊതു - സ്വകാര്യ പങ്കാളിത്തതോടെ സ്ഥാപിക്കാനുള്ള പദ്ധതി, വൈദ്യുതി ബോര്‍ഡിനു വേണ്ടിയുള്ള സ്മാര്‍ട്ട് മീറ്ററുകളുടെ നിര്‍മാണം എന്നിവയെല്ലാം കെല്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം കേരളത്തിലെ പൊതു, സ്വകാര്യ മേഖലയിലെ കമ്പനികളുടെ കരുത്ത് വിളിച്ചോതാനും കേരള കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും രാജ്യാന്തര ഉപഭോക്തൃ സമൂഹത്തിനു മുന്നില്‍ അണിനിരത്താനും ഉപകരിക്കുന്ന മെഗാ എക്‌സിബിഷന്‍ സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ 13 മുതല്‍ 15 വരെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 'ELEX 2017' എന്ന വ്യാവസായിക പ്രദര്‍ശനം പുതിയൊരു ട്രെന്‍ഡ് സെറ്ററാകുമെന്ന വിശ്വാസമാണ് ഷാജി എം. വര്‍ഗീസ് പങ്കുവെയ്ക്കുന്നത്.

വന്‍ മാറ്റത്തിനൊരുങ്ങി ട്രാവന്‍കൂര്‍ ടൈറ്റാനിയം

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉല്‍പ്പാദനം 30,000 മെട്രിക് ടണ്ണിലെത്തിക്കാനും വിറ്റുവരവ് 350 കോടിയായി ഉയര്‍ത്താനുമുള്ള ലക്ഷ്യത്തോടെയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ടി.ടി.പി.എല്‍)മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജീ നൈനാന്‍ മുന്നോട്ടുപോകുന്നത്. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ഹെഡ് ആയിരുന്ന ജോര്‍ജ്ജീ നൈനാന്‍ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പുതിയ ചുമതല ഏറ്റെടുത്തത്. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും മാനേജ്‌മെന്റ് ബിരുദവുമുള്ള ഇദ്ദേഹത്തിന് വ്യവസായ മേഖലയില്‍ 35 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ഇദ്ദേഹത്തിന്. 2016-17ല്‍ 8.52 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ടി.ടി.പി.എല്‍ നേടിക്കഴിഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷം നഷ്ടത്തിലായിരുന്ന സ്ഥാപനം ഇപ്പോള്‍ ബാധ്യതകളൊക്കെ ഏകദേശം തീര്‍ത്തുകഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വില്‍പനയും കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഉല്‍പ്പാദനവുമാണ് കഴിഞ്ഞ വര്‍ഷം ടി.ടി.പി.എല്‍ നേടിയെടുത്തത്. കൂടാതെ അണ്‍കോട്ടഡ് റൂട്ടൈല്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ പ്രതിദിന ഉല്‍പാദനം 15ല്‍ നിന്ന് 25 മെട്രിക് ടണ്ണായും വര്‍ദ്ധിപ്പിച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കഴിഞ്ഞ മാസത്തോടെ പരിഹരിച്ചതായി ജോര്‍ജ്ജീ നൈനാന്‍ പറഞ്ഞു.

ഉല്‍പ്പാദന ചെലവ് കുറച്ചും ആഭ്യന്തര വിപണി ശക്തിപ്പെടുത്തിയും കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചും ലക്ഷ്യം നേടിയെടുക്കാനാകുമെന്ന് ജോര്‍ജ്ജീ നൈനാന്‍ വ്യക്തമാക്കി. ഹൈഡ്രേറ്റഡ്, നാനോ ഗ്രേഡുകളിലുള്ള ടൈറ്റാനിയം, വിവിധതരം പിഗ്്‌മെന്റുകള്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും കമ്പനി വികസിപ്പിക്കുന്നതാണ്. സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് 10 കോടി രൂപ ചെലവില്‍ ആധുനികവല്‍ക്കരിക്കുക, ഫൈബര്‍ ഗ്രേഡ് ടൈറ്റാനിയം ഡയോക്‌സൈഡിന്റെ വാണിജ്യ ഉല്‍പ്പാദനം തുടങ്ങിയവയാണ് കമ്പനി നടപ്പാക്കാനൊരുങ്ങുന്ന മുഖ്യ പദ്ധതികള്‍.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top