നാട് നന്നാക്കാന്‍ ചില കേരള മോഡലുകള്‍
അടാട്ടും ഇലപ്പുള്ളിയും കഞ്ഞിക്കുഴിയുമൊക്കെ നമ്മെ പഠിപ്പിക്കുന്നുണ്ട്, മനസുവെച്ചാല്‍ നമ്മുടെ നാടും നന്നാക്കാമെന്ന്
facebook
FACEBOOK
EMAIL
kerala-model-for-development

ഏബ്രഹാം കരാമ്മേല്‍

ഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ജനകീയാസൂത്രണത്തിന്റെ സൂത്രധാരനായ ധനകാര്യമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി എന്നിവര്‍ക്കും ഇന്ത്യയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാരഥികള്‍ക്കുമായുള്ള തുറന്ന കത്തിന്റെ രണ്ടാം ഭാഗത്തില്‍ കേരളത്തിലെ ചില മികച്ച മാതൃകകളാണ് ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ലക്കത്തില്‍, നമുക്ക് സ്വീകരിക്കാവുന്ന ഒരു വിദേശ മോഡലാണ് വിശദമായി പ്രതിപാദിച്ചത്. ബ്രസീലിലെ പോര്‍ടോ അലേഗ്രെയെ ലോകോത്തര നഗരമാക്കി ഉയര്‍ത്തിയ ആ മോഡലിനെ പിന്തുടര്‍ന്ന് ഈ ലക്കത്തില്‍ കേരളത്തിലെ ചില പഞ്ചായത്തുകളിലെ അനുകരണീയമായ മാതൃകകള്‍ പരിശോധിക്കാം.

നല്ല മാതൃകകള്‍ പലതും ചൂണ്ടിക്കാട്ടുമ്പോള്‍, ചില കേന്ദ്രങ്ങളില്‍ നിന്നും പൊതുവേ ഉയരുന്ന സന്ദേഹങ്ങളുണ്ട്. 'അതൊക്കെ അവിടെ നടക്കും. കേരളത്തില്‍ നടപ്പാകില്ല.'' ഇതിനുള്ള മറുപടി കൂടിയാണ് ഈ മോഡലുകള്‍. കേരളത്തില്‍ തന്നെ പ്രയോഗിച്ച് വിജയം കണ്ടവ.

വിദേശത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വര്‍ഷങ്ങള്‍ ഗവേഷണം നടത്തിയതില്‍ നിന്നാണ് ഈ മോഡലുകള്‍ കണ്ടെത്തിയത്.

അടാട്ടിനെ മോഡലാക്കാം, പിന്നെ ഈ രീതികളും

തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്ത് 1999ല്‍ സമ്പൂര്‍ണ ശുചിത്വത്തിനുള്ള 'നിര്‍മല്‍' (Nirmal) ദേശീയ പുരസ്‌കാരം നേടിയതിനു പുറമേ, കുടിവെള്ളം, ഭൂജലസംഭരണം (Ground water recharging), ഭവനനിര്‍മ്മാണം, ആരോഗ്യം, ചെറുകിട വ്യവസായം, സ്ത്രീ ശാക്തീകരണം, മാലിന്യസംസ്‌കരണം, പരിസ്ഥിതിസംരക്ഷണം, ജൈവകൃഷി എന്നിങ്ങിനെ വിവിധ മേഖലകളില്‍ വികസനം നേടിയിട്ടുണ്ട്. ഈ സമഗ്ര വികസനത്തിന്റെ അംഗീകാരമായി അഞ്ചിലേറെ തവണ ജില്ലാസംസ്ഥാന തലങ്ങളിലായി മാതൃകാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും, 2010ല്‍ ഗ്രീന്‍ കേരളാ എക്‌സ്പ്രസ്സ് (GKE) മത്സരത്തില്‍ ജൈവഗ്രാമം പദ്ധതിക്ക് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. പഞ്ചായത്തിന്റെ ശ്രമഫലമായി അടാട്ട് നെല്ലിന് / അരിക്ക് ഭൂമിശാസ്ത്ര സൂചികയും ലഭിച്ചു. പഞ്ചായത്ത് അടാട്ട് അരിയും, കേരശ്രീ വെളിച്ചെണ്ണയും ഉല്‍പ്പാദിപ്പിച്ചു വിപണനവും ചെയ്യുന്നു. 23 ച. കി. മീറ്റര്‍ വിസ്താരമുള്ള ഈ പഞ്ചായത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കിയത് പഞ്ചായത്ത് മെമ്പറായും പ്രസിഡന്റായും പ്രവര്‍ത്തിച്ച അനില്‍ അക്കരയാണ്. 2016ലെ അസംബ്‌ളി തെരഞ്ഞെടുപ്പില്‍ അദ്ദേഹം എം.എല്‍.എയായി.

സമഗ്ര വികസനം നേടി പഞ്ചായത്തുകള്‍

2010 മാര്‍ച്ച് - ജൂലൈ മാസങ്ങളില്‍ നടന്ന ഗ്രീന്‍ കേരള എക്‌സ്പ്രസ് സോഷ്യല്‍ റിയാലിറ്റി ഷോ (GKE - Social reality show) മത്സരത്തിലൂടെ പുറംലോകമറിഞ്ഞ ഏതാനും പഞ്ചായത്തുകളും അവയുടെ വിശിഷ്ട പദ്ധതികളും ഇനി പരിശോധിക്കാം.

ഏലൂര്‍ പഞ്ചായത്തിലെ ഊര്‍ജസേന (Energy Army)

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളിലെ 300 സന്നദ്ധ സേവകരെ കേരള വൈദ്യുതി ബോര്‍ഡിലെ (KSEB) ഉദ്യോഗസ്ഥന്മാര്‍ ലഘുവായി പരിശീലിപ്പിച്ചു. അവരിലൂടെ അയല്‍ വീടുകളില്‍ നടത്തിയ ബോധവല്‍ക്കരണം മൂലം 12 ലക്ഷത്തിലേറെ യൂണിറ്റ് വൈദ്യുതി ലാഭിച്ചത് വാര്‍ത്തയായി. ഓരോ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനിയും സ്വന്തം വീട്ടിലും അഞ്ചു അയല്‍വീടുകളിലും ആറ് മാസത്തില്‍ 12 തവണ സന്ദര്‍ശിച്ച് ലഘുലേഖകള്‍ കൊടുത്തു, വിവരങ്ങള്‍ ശേഖരിച്ചു, വൈദ്യുതി ഉപകരണങ്ങള്‍ ഓഡിറ്റ് ചെയ്തു. ഓരോ വീടിനും ഓരോ മരവും, രണ്ടു ഇഎഘ ബള്‍ബുകളും സൗജന്യമായി കൊടുത്തു. പിന്നെ അഞ്ചു മാസത്തെ ഇടവേളക്കുശേഷം ഒരു സന്ദര്‍ശനം കൂടി നടത്തി വിവരങ്ങള്‍ ശേഖരിച്ചു, ഈ പദ്ധതിയിലൂടെ 2009ലെ വിലയനുസരിച്ച് 1800 കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷം എഴുപതു ലക്ഷത്തിലേറെ രൂപയും, ഒരു കുടുംബത്തിന് ശരാശരി 3890 രൂപയും ലാഭം!

കണ്ണാടി പഞ്ചായത്തിന്റെ പ്രകൃതിദത്തമായ പാല് പദ്ധതി (Natural Fresh Milk)

തൊഴുത്തു നിര്‍മാണം, പശുവിനെ തെരഞ്ഞെടുക്കല്‍, പാല്‍ കറന്നെടുക്കല്‍, കുപ്പികളില്‍ നിറയ്ക്കല്‍, ലേബലിംഗ് തുടങ്ങിയവയിലെല്ലാം ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കിയ പദ്ധതിയാണിത്. ഒരു കുപ്പിയില്‍ ഒരു പശുവിന്റെ പാല്‍ മാത്രം നിറച്ചും, കുപ്പികളുടെ ലേബലില്‍ പശുവിന്റെയും ഉടമസ്ഥന്റെയും നമ്പര്‍ ചേര്‍ക്കുന്നതിലൂടെയും, മായം ചേര്‍ക്കല്‍ തടയുകയും, പാലിന് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു. രണ്ടു മുതല്‍ അഞ്ചുവരെ പശുക്കളുള്ള 50 കുടുംബങ്ങളാണ് ഈ ഡയറി പദ്ധതിയില്‍ ഉണ്ടായിരുന്നത്. ഈ പദ്ധതിയെപ്പറ്റി കേട്ട് 2000ത്തിലധികം പേര് വിശദവിവരങ്ങള്‍ക്കായി പഞ്ചായത്തു സന്ദര്‍ശിച്ചു.

ചെറിയനാട് പഞ്ചായത്തിലെ വ്യവഹാര നിയന്ത്രണ പദ്ധതി

നിയമജ്ഞന്മാര്‍, പഞ്ചായത്തു ഭരണസാരഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തിലൂടെ ഉണ്ടായ ഒരു അതുല്യ സംരംഭത്തിന്റെ ഉല്‍കൃഷ്ട മാതൃകയാണ് ഇവിടുത്തെ വിഷയം! ആദ്യമായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളിലും ഒരാള്‍ക്കെങ്കിലും നിയമസാക്ഷരത കൈവരിച്ച് അത് രേഖപ്പെടുത്തി. ജീവിതം കോടതി കയറാനും വൈരാഗ്യം തീര്‍ക്കാനുമായി പാഴാക്കാനുള്ളതല്ല എന്നതാണ് പ്രധാന സന്ദേശം! പിന്നീട് ഹൈക്കോടതിയുടെ സഹായത്തോടെ പഞ്ചായത്തില്‍ ഒരു ലീഗല്‍ ക്ലിനിക്ക് (Legal Clinic) സ്ഥാപിച്ചു. അതില്‍ വിരമിച്ച അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ ഉള്‍കൊള്ളിച്ചു ഒരു ഉപദേശക (Counselling) സമിതിയെ തെരഞ്ഞെടുത്തു. അതിനുശേഷം പല കോടതികളിലായി വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പിനായി പഞ്ചായത്തിലെ ലീഗല്‍ ക്ലിനിക്കിലേക്കു പിന്‍വലിച്ചു. അവിടുത്തെ മധ്യസ്ഥതയില്‍ 2000 - 2010 കാലഘട്ടത്തില്‍ തൊള്ളായിരത്തില്‍ ഏറെ കേസുകളില്‍ 98% ത്തിലേറെയും ഉഭയസമ്മതപ്രകാരം തീര്‍പ്പാക്കി! 8.11.2008ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ശ്രീ കെ.ജി ബാലകൃഷ്ണന്‍ ചെറിയനാട് പഞ്ചായത്തിനെ രാജ്യത്തെ ആദ്യത്തെ വ്യവഹാര നിയന്ത്രിത പഞ്ചായത്തായി പ്രഖ്യാപിച്ചു! ഇന്ത്യയിലെ കോടതികളില്‍ ലക്ഷക്കണക്കിനു കേസുകള്‍ കെട്ടിക്കിടക്കുകയും ജനങ്ങള്‍ക്ക് ദശാബ്ദങ്ങളായി നീതി ലഭിക്കാതെ ജീവിതവും, സമ്പത്തും നഷ്ടപ്പെടുകയും ചെയ്യുന്നു. പഞ്ചായത്തിലെ ലീഗല്‍ ക്ലിനിക്കിലെ മധ്യസ്ഥതയില്‍ വ്യവഹാരങ്ങളില്‍ പെട്ടുപോയവര്‍ക്ക് ചെലവില്ലാതെയും, സമയ ബന്ധിതമായും, രമ്യമായും പ്രശ്‌നം തീര്‍ന്നുകിട്ടുന്നു! എത്രയോ പേരുടെ സമയവും, ജീവിതവും, അധ്വാനവും, സമ്പത്തുമാണ് ഇതിലൂടെ പാഴാകാതെ സംരക്ഷിക്കപ്പെടുന്നത്!

ആലപ്പുഴയിലെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ജൈവ പച്ചക്കറികൃഷി

1995 മുതല്‍ വിജയകരമായി നടക്കുന്ന ഒരു കാര്‍ഷിക സഹകരണ സംരംഭമാണിത്! 'വിത്തു മുതല്‍ വിപണി വരെ' എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കിയാണ് അവിടുത്തെ കൃഷിക്കാര്‍ ഈ വന്‍ വിജയം നേടിയത്. ഇവര്‍ക്ക് തനതായി കടയും, വിതരണ വാഹനവുമുണ്ട്. വിത്തുല്‍പ്പാദനം മുതല്‍ പച്ചക്കറിയുടെ വില്‍പ്പന വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യതയും കാര്യക്ഷമതയും ക്രമേണ കൈവരിച്ചതാണ് കഞ്ഞിക്കുഴിയിലെ നേട്ടം! അവിടത്തെ മണല്‍ മണ്ണ് ഫലഭൂയിഷ്ഠി കുറഞ്ഞതാണെന്നത് കണക്കാക്കുമ്പോള്‍ നേട്ടത്തിന് തിളക്കം കൂടുന്നു! ജൈവപച്ചക്കറി കൃഷിയുടെയും, വിപണനത്തിന്റെയും വിലപ്പെട്ട രീതിശാസ്ത്രമാണ് കഞ്ഞിക്കുഴിയിലേത്!

വട്ടിയൂര്‍ക്കാവു പഞ്ചായത്തിന്റെ ക്യൂബന്‍
മോഡല്‍ ഗ്രാമീണ ആരോഗ്യ പരിപാലന പദ്ധതി

പഞ്ചായത്തിലെ മുഴുവന്‍ നിവാസികളുടെയും വിവരങ്ങള്‍ ശേഖരിച്ചു അവരെ ആരോഗ്യമുള്ളവര്‍, രോഗസാധ്യതയുള്ളവര്‍, രോഗികള്‍, കിടപ്പുരോഗികള്‍ (സാന്ത്വന, പരിചരണങ്ങള്‍ വേണ്ടവര്‍) എന്നിങ്ങനെ നാലായി തിരിച്ചും, യുക്തിപൂര്‍റ്വം, പാഴ്‌ച്ചെലവ്, പാഴ് അധ്വാനം എന്നിവ ഒഴിവാക്കിയും, വികേന്ദ്രീകൃത ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഓരോ ഗ്രൂപ്പിലും പെട്ട ജനങ്ങള്‍ക്ക് ആവശ്യാനുസൃതമായി മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. മുമ്പ് തിരക്കും, മാനസിക സമ്മര്‍ദവും, സംഘര്‍ഷവും അനുഭവപ്പെട്ടിടത്തു സമാധാനവും, കാര്യക്ഷമതയും, മെച്ചപ്പെട്ട സേവനങ്ങളും ലഭ്യമായി! മെച്ചമായ ആരോഗ്യസേവനങ്ങളിലൂടെ പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യത്തില്‍ കാര്യമായ നേട്ടങ്ങളും ഉണ്ടായി. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (National Rural Hearth Mission - NRHM) സഹകരണത്തോടെ 2008 - 10ല്‍ നടപ്പാക്കിയ പദ്ധതിയാണിത്.

ഈ അഞ്ചു പദ്ധതികളും ഉല്‍കൃഷ്ടവും വിലപ്പെട്ടതുമായ രീതിശാസ്ത്രങ്ങളാണ്; ഇവ ഇന്ത്യയില്‍ മുഴുവന്‍ പ്രചരിപ്പിക്കേണ്ടതും, പ്രചരിക്കേണ്ടതും ആണ്. അങ്ങനെ നിശ്ശബ്ദമായ ഒരു വികസനതരംഗം കൂടി സാധ്യമാവും! ഇവക്കുപുറമെ GKE മത്സരത്തിലൂടെ സമഗ്ര വികസനം നേടിയ ഏതാനും പഞ്ചായത്തുകളും, പത്തിലധികം ഉല്‍കൃഷ്ട പദ്ധതികളും കൂടിയുണ്ട്.

വികസനവും മാധ്യമങ്ങളും

2010ല്‍ GKE Social Reality Show മത്സരം ആസൂത്രണം ചെയ്തത്. സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, സിഡിറ്റ് (Centre for Development of Imaging Technology - C-DIT), In-e (Kerala Institute of Local Administration - KILA) ദൂരദര്‍ശന്‍ (Doordarsan – DD) എന്നീ സര്‍ക്കാര്‍ ഘടകങ്ങള്‍ ചേര്‍ന്നാണ്. അന്ന് Green Kerala Express എന്ന വെബ്‌സൈറ്റും ഉണ്ടായിരുന്നു. ദൂരദര്‍ശന്റെ (DD) മലയാളം ചാനല്‍ സംപ്രേക്ഷണം ചെയ്ത GKE എപ്പിസോഡുകള്‍ വെബ്‌സൈറ്റിലൂടെ വീണ്ടും കാണുകയോ ആരോടെങ്കിലും കാണാന്‍ പറയുകയോ ചെയ്യാമായിരുന്നു. എന്തുകൊണ്ടെന്നറിയില്ല, കുറേക്കഴിഞ്ഞപ്പോള്‍ LDF ആവിഷ്‌കരിച്ചതും വിശാലമായ കാഴ്ച്ചപ്പാടും, ദീര്‍ഘവീക്ഷണവും ഉള്ളതും, നാട്ടിലെ ഉല്‍കൃഷ്ട വികസനമാതൃകകളെ അതിവേഗം പ്രചരിപ്പിക്കുന്നതുമായ മത്സരവും തുടര്‍ന്നില്ല, ആ വെബ്‌സൈറ്റും ഇല്ലാതായി!

ഒരുപക്ഷെ യുഡിഎഫ് (UDF) ഭരണം വന്നപ്പോള്‍ സംഭവിച്ചതാകാം! ചില നോട്ടപ്പിശകുകള്‍ മൂലം Green Kerala Expressന്റെ സന്ദേശം കൂടുതല്‍ ജനങ്ങളില്‍ എത്തിയില്ല. GKEയുടെ വീഡിയോ ക്ലിപ്പുകള്‍ YouTubeല്‍ ചേര്‍ത്തപ്പോള്‍ പഞ്ചായത്തിന്റെയോ പദ്ധതിയുടെയോ പേരു ചേര്‍ക്കാതെ എപ്പിസോഡ് നമ്പര്‍ മാത്രം ചേര്‍ത്തു! അതുകൊണ്ട് ഇന്റര്‍നെറ്റില്‍ തിരഞ്ഞു കണ്ടെത്താന്‍ വിഷമമായിരുന്നു! ഇപ്പോള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിയാതെ, ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചുണ്ടാക്കിയ GKE എപ്പിസോഡുകളിലെ വിലപ്പെട്ട അറിവ് YouTubeല്‍ അനാഥമായിക്കിടക്കുന്നു!

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top