Feb 21, 2016
സംസ്ഥാന ബജറ്റ് : ഐസക്കിന്റെ പോക്ക് ശരിയോ?
ക്ഷേമ പദ്ധതികളുടെ നിര തന്നെ പ്രഖ്യാപിക്കുന്ന പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സ്വപ്‌നതുല്യ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്.
facebook
FACEBOOK
EMAIL
kerala-finance-minister-thomas-isaac-announces-anti-recession-packages-2016-budget

 

വ്യവസായ-വാണിജ്യ മേഖലകള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജാണ് സംസ്ഥാന ബജറ്റിന്റെ ഹൈലൈറ്റ്. പാക്കേജിന്റെ ഭാഗമായി മൊത്തം 20,000 കോടി രൂപയുടെ പൊതുനിക്ഷേപം അഞ്ച് വര്‍ഷംകൊണ്ട് ലക്ഷ്യമിടുന്നു. ഒപ്പംതന്നെ, സമ്പൂര്‍ണ സാമൂഹിക സുരക്ഷയും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. കേരളത്തിന്റെ സമഗ്ര വികസനവും സാമൂഹിക സുരക്ഷയുമാണ് ഡോ.തോമസ് ഐസക് ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ചുരുക്കി പറയാം. 

സാമൂഹിക സുരക്ഷയുടെ ഭാഗമായി എല്ലാ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് പ്രധാന ക്ഷേമ നിര്‍ദേശങ്ങള്‍ നോക്കാം.

• മുഴുവന്‍ പെന്‍ഷന്‍ കുടിശികയും ഓണത്തിനു മുമ്പ്. ഒരു മാസത്തെ പെന്‍ഷന്‍ തുക അഡ്വാന്‍സ്.

• 60 വയസുകഴിഞ്ഞ എല്ലാ സാധാരണക്കാരെയും ഘട്ടംഘട്ടമായി പെന്‍ഷന്‍ കുടക്കീഴില്‍ കൊണ്ടുവരും.

• മാരക രോഗങ്ങള്‍ക്ക് പൂര്‍ണ സൗജന്യ ചികില്‍സ.

• ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതമെങ്കിലും സ്ഥലം ലഭ്യമാക്കും.

• സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്‍പ്പന ശാലകളില്‍ 13 ഇനം അവശ്യസാധനങ്ങള്‍ക്ക് വില ഉയര്‍ത്തുകയില്ല.

മാന്ദ്യവിരുദ്ധ പാക്കേജിനെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. വന്‍കിട റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ മൂലധന ചെലവുകള്‍ക്ക് മാത്രമായി 12,000 കോടിയുടെ പ്രത്യേകം പാക്കേജായാണ് ബജറ്റില്‍ ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ 8000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും ചെലവഴിക്കും.

 ഇതിനുള്ള ധനാഗമ മാര്‍ഗങ്ങളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ധനമന്ത്രി അവയെ കാര്യമാക്കുന്നില്ല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) എന്ന സ്ഥാപനത്തെ സമഗ്രമായി അഴിച്ചു പണിത് അതുവഴി സെബിയും റിസര്‍വ് ബാങ്കും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ അവലംബിച്ച് പണം കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, തുടക്കത്തില്‍ 10 ശതമാനം എന്ന രീതിയില്‍ മോട്ടോര്‍ വാഹന നികുതി കിഫ്ബിയുടെ എക്കൗണ്ടില്‍ വന്നുചേരും. അഞ്ചാം വര്‍ഷത്തില്‍ മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനം കിഫ്ബിക്ക് കിട്ടും. കൂടാതെ പെട്രോളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെസും കിഫ്ബിക്ക് തന്നെയായിരിക്കും. ബോണ്ടുകള്‍, ടേം ലോണ്‍, ആള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട് തുടങ്ങിയ നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ വഴിയും ഫണ്ട് ശേഖരിക്കുമെന്നാണ് പ്രഖ്യാപനം. കിഫ്ബി സമാഹരിക്കുന്ന പണം ഒരു കാരണവശാലും സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കുകയോ, ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വഴി ചെലവഴിക്കുകയോ ഇല്ല.

 നിലവില്‍ പല പദ്ധതികളുടെയും നിര്‍വഹണം സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപീകരിച്ചാണ്. ഈ സംവിധാനത്തെ ധനപരമായി കൂടുതല്‍ കാര്യക്ഷമമായി വിപുലീകരിക്കാനാണ് ഈ നിര്‍ദേശത്തിലൂടെ ഡോ.ഐസക്കിന്റെ പ്ലാന്‍. നാലുവരിപ്പാത, ഗെയ്ല്‍ പൈപ്പ്‌ലൈന്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്കുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള പണം കിഫ്ബി വഴി യാകും ലഭ്യമാക്കുക. പ്രവര്‍ത്തനക്ഷമത അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സെബിയുടെ പുതിയ മാര്‍ഗരേഖയനുസരിച്ച് സര്‍ക്കാര്‍ ഗ്യാരന്റിയോടെ കടപ്പത്രം പുറപ്പെടുവിക്കാന്‍ അനുമതി നല്‍കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. ഇത് ഒരു സുപ്രധാന കാല്‍വെപ്പാണ്.

മാന്ദ്യവിരുദ്ധപാക്കേജിന്റെ ഭാഗമായി 1000 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വകയിരുത്തിയിരിക്കുന്നു. 1206 കോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി വകയിരുത്തുമ്പോള്‍ 1535.46 കോടിയുടെ ബില്ലുകള്‍ കുടിശികയാണെന്ന് ബജറ്റ് പരിതപിക്കുന്നുണ്ട്. റെവന്യൂ കമ്മി ക്രമാതീതമായി കൂടിയതാണ് കുടിശിക പെരുകാന്‍ കാരണം.

 പലിശരഹിത എന്‍.ബി.എഫ്.സി

നിലവിലുള്ള ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക് ബാങ്കിംഗിന് സാധ്യതയില്ലെങ്കിലും പലിശരഹിത എന്‍ബിഎഫ്‌സിയായി രൂപീകരിക്കപ്പെട്ട ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനത്തെ ശക്തിപ്പെടുത്തി ഓഹരി ഉടമസ്ഥത വിപുലീകരിക്കലാണ് മൂലധന സമാഹരണത്തിന് ബജറ്റ് നിര്‍ദേശിക്കുന്ന മറ്റൊരു വഴി.

മൂലധന നിക്ഷേപ വര്‍ധനക്ക് പുതുവഴി കള്‍ തേടുന്ന ബജറ്റ് കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം 600 കോടിയാക്കിയിട്ടുണ്ട്. 197 കോടി രൂപയുടെ വര്‍ധന. എന്നാല്‍ പ്രശ്‌നം, മുച്ചൂടും തകര്‍ന്ന് തരിപ്പണമായ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഉത്തേ
ജനം നല്‍കുന്ന നിര്‍ദേശങ്ങളുടെ കുറവാണ്. കാര്‍ഷിക രംഗത്തെ വളര്‍ച്ച മൈനസ് 4.6 ശതമാനമാണെന്നോര്‍ക്കണം. സംസ്ഥാനത്ത് കുരുമുളക് പോലെ അപൂര്‍വം കാര്‍ഷിക വിളകളൊഴിച്ചാല്‍ മറ്റെല്ലാം തകര്‍ച്ചയിലായിരിക്കുമ്പോള്‍ കടാശ്വാസം, താങ്ങുവില, സംഭരണം തുടങ്ങിയ കാര്യങ്ങളെ ബജറ്റ് സ്പര്‍ശിക്കുന്നില്ല. പച്ചക്കറി കൃഷിയുടെ കാര്യത്തിലാണ് തോമസ് ഐസക് കാര്യമായി ഈ വര്‍ഷം ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കു ന്നു. ഓരോ നിയോജക മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വീതം അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുക, എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുക എന്നീ ബജറ്റ് നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു. ഇതിനായി 1500 കോടി രൂപ കണ്ടെത്തുന്നത് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്നുമാണ്.

 വരുമാനം ഉയര്‍ത്തല്‍

വാണിജ്യ നികുതി വരുമാനം 25 ശതമാനം വളര്‍ച്ച കൈവരിക്കണമെന്നാണ് ബജറ്റിന്റെ ലക്ഷ്യം. ജൂണ്‍ മാസം 19 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞാല്‍ റെവന്യൂ കമ്മി പരിഹരിക്കുന്നതില്‍ അത് വന്‍ നേട്ടമാകും. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 20 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞിരുന്നുവെന്നതും ലക്ഷ്യപ്രാപ്തി വലിയ പ്രശ്‌നമാകില്ലെന്ന സൂചന നല്‍കുന്നു. നികുതി കൃത്യമായി അടയ്ക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് കൊണ്ടുവരുന്ന ഡീലര്‍ അക്രെഡിറ്റേഷന്‍ പ്രോഗ്രാം ശ്രദ്ധേയമാണ്. ഇത്തരം വ്യാപാരികള്‍ക്ക് നികുതി വകുപ്പില്‍ നിന്ന് ചില ആനുകൂല്യങ്ങളും മുന്‍ഗണനകളും ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 അധിക വിഭവസമാഹരണം

പുതിയ ചില നികുതികള്‍ ഏര്‍പ്പെടുത്തിയും രജിസ്‌ട്രേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചുമാണ് അധിക വരുമാനം നേടാന്‍ ബജറ്റ് ശ്രമിക്കുന്നത്. എംആര്‍പി രേഖപ്പെടുത്തി വില്‍ക്കുന്ന ആട്ട, മൈദ, സൂജി, റവ തുടങ്ങിയ ഗോതമ്പുല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി വരും. വെളിച്ചെണ്ണ, ബസ്മതി അരി എന്നിവയ്ക്ക് അഞ്ച് ശതമാനം. ഇതിനു പുറമെ വാഹനങ്ങളുടെ നികുതി നിരക്കും ഉയരും.

805 കോടി രൂപയാണ് ഇങ്ങനെ അധികമായി സമാഹരിക്കുന്നത്. അധികചെലവുകള്‍ 730.10 കോടിയുമാണ്. എന്നാല്‍ റെവന്യൂ കമ്മി കണക്കാക്കിയിരിക്കുന്നത് 13,066.25 കോടിയും. മന്ത്രിതന്നെ പറയുന്ന വസ്തുത പൊതുകടമായി എടുക്കാന്‍ കഴിയുന്ന 17,926 കോടിയുടെ 73 ശതമാനവും റെവന്യൂ കമ്മി നികത്താന്‍ വേണ്ടിവരുമെന്നാണ്. അതുകൊണ്ട് ഡോ.തോമസ് ഐസക്കിന്റേത് ഒരു ഡ്രീം ബജറ്റ് എന്നു വിശേഷിപ്പിക്കാമെങ്കിലും പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് ഒരു ഞാണിന്മേല്‍ കളിതന്നെയാണ്.രാജ്യാന്തര ശ്രദ്ധ നേടി 'കൊഴുപ്പ് നികുതി'

ബജറ്റിലെ ഒറ്റ നിര്‍ദേശത്തിലൂടെ ധനമന്ത്രി ഡോ.തോമസ് ഐസക് രാജ്യാന്തര ശ്രദ്ധ തന്നെ നേടിയെടുത്തു. ബ്രാന്‍ഡഡ് റെസ്‌റ്റൊറന്റുകള്‍ വഴി സംസ്ഥാനത്ത് വില്‍ക്കുന്ന ബര്‍ഗര്‍, പിസ, ടാക്കോസ്, ഡോനട്‌സ്, സാന്‍ഡ് വിച്ച്, ബര്‍ഗര്‍-പാറ്റി, പാസ്ത, പലതരം ബ്രഡ് ഫില്ലിംഗുകള്‍ തുടങ്ങിയ യുവാക്കളുടെ ഹോട്ട് ഐറ്റംസിന് ഏര്‍പ്പെടുത്തിയ 14.5 ശതമാനം ഫാറ്റ് നികുതി വഴിയാണിത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള മാധ്യമങ്ങള്‍ ചൂടോടെ ചര്‍ച്ച ചെയ്ത കൊഴുപ്പ് നികുതി ഇന്ത്യയില്‍ ആദ്യമായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് സമാനമായ നികുതി എന്ന് പറയാവുന്നത് സമോസയ്ക്ക് ബീഹാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആഡംബര നികുതിയാണ്.

ഇതുവഴി 10 കോടി രൂപ അധികമായി ഖജനാവിലെത്തുമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും വരുമാനമല്ല, മറിച്ച് മാറുന്ന ഭക്ഷണശീലത്തിലെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്ന് ധനമന്ത്രി വ്യക്തമാക്കുകയാണ്. ഇക്കാര്യം സമൂഹത്തില്‍ ഒരു ചര്‍ച്ചയാക്കുകയാണ് മുഖ്യലക്ഷ്യം - ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. എന്നാല്‍ ചില ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ജങ്ക്ഫുഡ് രംഗത്തെ ആഗോള ഭീമന്‍മാര്‍ക്കെതിരായുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീക്കമെന്ന രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. പല ദേശീയ പത്രങ്ങളും ഇത് ഒന്നാം പേജ് വാര്‍ത്തയാക്കി.

നികുതികൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ക്ക് വില കൂടുമെന്നത് ഉറപ്പാണ്. എന്നാല്‍ വിപണി ശക്തമാക്കുന്നതിന് കമ്പനികള്‍ക്ക് വേണമെങ്കില്‍ ഉപഭോക്താക്കളിലേക്ക് നികുതിഭാരം കൈമാറാതെയിരിക്കാം. കാരണം ബ്രാന്‍ഡഡ് റെസ്‌റ്റൊറന്റ് ഉടമകള്‍ക്ക് മേലാണ് നികുതി ചുമത്തിയിരിക്കുന്നത്. ഉപഭോക്താവില്‍ നിന്ന് വിലയോടൊപ്പം നികുതി പിരിക്കണമെന്ന് നിബന്ധനയില്ല. അതുകൊണ്ട് വില വര്‍ധന വേണമെങ്കില്‍ ഒഴിവാക്കാം. എന്നാല്‍ അതിന് സാധ്യത കുറവായതിനാല്‍ ബ്രോകളും ടെക്കികളുമൊക്കെ അടങ്ങുന്ന ന്യൂജെന്‍ പുതിയ നികുതിയില്‍ ഹാപ്പിയല്ല. അതിനിടെ, ഒരു രാജ്യാന്തര, ചിക്കന്‍ ചെയിന്‍ കമ്പനി മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍ എന്നീ പ്രാദേശിക പട്ടണങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 ഫാറ്റ് ടാക്‌സ് വന്ന വഴി

ഡെന്‍മാര്‍ക്കാണ് ജങ്ക് ഫുഡ് ഭക്ഷ ണരീതി കുറയ്ക്കുക എന്ന ലക്ഷ്യംവെച്ച് ആദ്യം നികുതി കൊണ്ടുവന്നത്. 2011ലായിരുന്നു അത്. എന്നാല്‍ വേണ്ടത്ര ഫലം കാണാത്തതിനാല്‍ 2012ല്‍ പിന്‍വലിച്ചു. 2011ല്‍ തന്നെ ഹംഗറി കൊഴുപ്പും കൂടുതലായി പഞ്ചസാരയും ഉപ്പും കലര്‍ത്തിയ ഭക്ഷണങ്ങള്‍ക്ക് അധിക നികുതി കൊണ്ടുവന്നു. 2012ല്‍ ഫ്രാന്‍സ് 3.5 ശതമാനം ഷുഗര്‍ ടാക്‌സ് കൊണ്ടുവന്നു. കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തിയത്. ഷുഗര്‍ ടാക്‌സ് ഫിന്‍ലാന്റും നടപ്പിലാക്കിയിട്ടുണ്ട്. പരാജയമായതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം പിന്‍വലിക്കാനാണ് നീക്കം.

വിദഗ്ധരായ ഡയറ്റീഷ്യന്മാരും ഫുഡ് എക്‌സ്‌പെര്‍ട്ടുകളും ഐസക്കിന്റെ നിര്‍ദേശത്തെ ശ്ലാഘിക്കുന്നു. അമിതമായി പഞ്ചസാരയും ഉപ്പും കലര്‍ന്ന ഭക്ഷണങ്ങള്‍ക്കും അടുത്തഘട്ടമായി നികുതി കൊണ്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top