Feb 12, 2018
കേരള ബജറ്റ് 2018 ധനപ്രതിസന്ധി അവസാനിക്കുമോ? പ്രതീക്ഷകളും ആശങ്കകളും
ധനകമ്മി ഉയര്‍ന്നു തന്നെ നില്‍ക്കുമ്പോഴും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയിലൂടെ പണം സമാഹരിക്കാനാകുമെന്നാണ് തോമസ് ഐസക്കിന്റെ കണക്കുകൂട്ടല്‍
facebook
FACEBOOK
EMAIL
kerala-budget-2018-will-financial-crisis-ends-hopes-and-concerns

സംസ്ഥാന സര്‍ക്കാര്‍ അതിരൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രിയായ ഡോ.തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. ഈയൊരു ഘട്ടത്തില്‍ സ്വാഭാവികമായും വികസന പദ്ധതികള്‍ക്കോ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലെങ്കില്‍ ജനപ്രിയ നടപടികള്‍ക്കോ ബജറ്റ് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുവെന്ന് നോക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ബജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളൊക്കെ കൃത്യമായി നടപ്പാക്കുന്നതിന് വേണ്ട പണം സര്‍ക്കാരിന്റെ കൈവശം ഉണ്ടാകുമോ, ഭാവിയിലെങ്കിലും സര്‍ക്കാരിന്റെ ധനപ്രതിസന്ധി കുറയുമോ എന്നതാണ് ഏറ്റവും കാതലായി ഉയരുന്ന ചോദ്യം.

കഴിഞ്ഞ മൂന്ന് മാസങ്ങളായി ട്രഷറി നിശ്ചലമായിപ്പോയെന്ന് മാത്രമല്ല വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സംരംഭങ്ങളുടെയുമൊക്കെ എക്കൗണ്ടില്‍ നിന്നും ഏകദേശം 5000 കോടി രൂപയാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാരാകട്ടെ ആത്മഹത്യയിലേക്ക് വരെ നീങ്ങുകയും ചെയ്തു. പ്രതിസന്ധി വളരെയേറെ രൂക്ഷമാണെന്ന് ധനമന്ത്രി തന്നെ ബജറ്റില്‍ സമ്മതിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം റെവന്യൂ വരുമാന വര്‍ധന 7.7 ശതമാനമാണെങ്കില്‍ പദ്ധതി ചെലവ് 22 ശതമാനവും പദ്ധതിയേതര ചെലവ് 21 ശതമാനവും ഉയര്‍ന്നെന്നാണ് ബജറ്റിലെ പരാമര്‍ശം. അതായത് വരവും ചെലവും തമ്മിലുള്ള അന്തരം വളരെയേറെ വര്‍ധിച്ചുവെന്നര്‍ത്ഥം. അക്കാരണത്താല്‍ തന്നെ വരുമാനം വര്‍ധിപ്പിക്കാനും ചെലവ് ചുരുക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാനും ചില നടപടികളിലൂടെ പ്രസ്തുത ലക്ഷ്യം കൈവരിക്കാനാകുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.

വ്യവസായ മേഖലക്ക് ഊന്നല്‍

സംസ്ഥാനത്ത് പുതിയ വ്യവസായ പാര്‍ക്കുകള്‍, നിലവിലുള്ള പാര്‍ക്കുകളുടെ പരിപാലനം, സംരംഭകത്വ വികസനം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ് പ്രാമുഖ്യം നല്‍കുന്നുണ്ട്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി മേഖലകളില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍പ്പാദനം, ഐ.റ്റി, ടൂറിസം തുടങ്ങിയ വിവിധ വ്യവസായ മേഖലകളിലെ പ്രധാന പദ്ധതികളും അവയ്ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുകയും ചുവടെ.

ഹ ഐ.റ്റി സംരംഭകത്വ വികസനത്തിനായി കേരള സറ്റാര്‍ട്ടപ് മിഷന് 80 കോടി
ഹ ടെക്‌നോപാര്‍ക്ക്, ടെക്‌നോസിറ്റി എന്നിവയ്ക്കായി 84 കോടി, ഇന്‍ഫോപാര്‍ക്കിന് 67 കോടി, സൈബര്‍പാര്‍ക്കിന് 30 കോടി.
ഹ ടൂറിസം മാര്‍ക്കറ്റിംഗിന് 82 കോടി, മുസരിസ്, തലശേരി പൈതൃക പദ്ധതികള്‍ക്ക് 40 കോടി
ഹ ഇലക്ട്രോണിക്‌സ് & ഹാര്‍ഡ്‌വെയര്‍ മിഷന് 30 കോടി
ഹ മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിനായുള്ള മെഡ്‌സ് പാര്‍ക്കിന് 25 കോടി
ഹ വനിതാ സംരംഭകത്വ പദ്ധതിക്ക് 20 കോടി
ഹ കെ.എസ്.ഡി.പി ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി നടത്തും.
ഹ ടെക്‌സ്റ്റൈല്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 490 കോടി
ഹ കെ.എസ്.ഐ.ഡി.സിക്ക് 132 കോടി
ഹ കിന്‍ഫ്രയുടെയും മറ്റും പാര്‍ക്കുകള്‍ക്ക് 230 കോടി
ഹ കൊച്ചി പെട്രോ-കെമിക്കല്‍ പാര്‍ക്കിന് 1264 കോടി
ഹ കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ക്കായി 2400 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും
ഹ ചെറുകിട വ്യവസായ മേഖലക്ക് 160 കോടി, ചെറുകിട വ്യവസായികള്‍ക്കുള്ള മൂലധന സഹായത്തിന് 60 കോടി
ഹ ബഹുനില വ്യവസായ എസ്‌റ്റേറ്റ് നിര്‍മ്മിക്കാന്‍ 37 കോടി
ഹ നിലവിലുള്ള വ്യവസായ എസ്‌റ്റേറ്റുകളുടെ നവീകരണത്തിന് 28 കോടി

കാര്യക്ഷമമല്ലാത്ത ചെലവ് ചുരുക്കല്‍

'സര്‍ക്കാരിന്റെ ധനപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കാര്യമായ നിര്‍ദേശങ്ങള്‍ യാതൊന്നും തന്നെ ഈ ബജറ്റില്‍ ഇല്ല. നോണ്‍-പ്ലാന്‍ റവന്യൂ എക്‌സപെന്‍ഡിച്ചര്‍ പ്രത്യേകിച്ച് ശമ്പളം, പെന്‍ഷന്‍, ടീച്ചിംഗ് ഗ്രാന്റ്, അനാവശ്യ സ്ഥാപനങ്ങള്‍, സര്‍ക്കാരിലെയും എയ്ഡഡ് മേഖലയിലെയും അനാവശ്യ തസ്തികകള്‍ തുടങ്ങിയവയിലൊക്കെ കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപ്പാക്കാതെ ധനപ്രതിസന്ധി പരിഹരിക്കാനാകില്ല' കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി മുന്‍ ചെയര്‍മാനായിരുന്ന ഡോ.ബി.എ പ്രകാശ് അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ശമ്പള പെന്‍ഷന്‍ പരിഷ്‌ക്കരണമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാല്‍ അതിന്മേല്‍ യാതൊരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ധനമന്ത്രി തയാറായിട്ടില്ല.

ധനകമ്മി അനുവദനീയമായ മൂന്ന് ശതമാനത്തില്‍ ഒതുക്കിനിര്‍ത്തുമെന്ന് പറയുന്ന ഡോ.തോമസ് ഐസക്ക് റവന്യൂ കമ്മി ഇല്ലാതാക്കാന്‍ ആഞ്ചാറ് വര്‍ഷം എടുത്തേക്കുമെന്നും പറയുന്നു. ഇതിനര്‍ത്ഥം ധനപ്രതിസന്ധി കാര്യമായ മാറ്റമില്ലാതെ തുടരുമെന്നാണെന്ന് ഡോ.പ്രകാശ് ചൂണ്ടിക്കാ
ട്ടുന്നു. വാഹനങ്ങളുടെ ഉപയോഗം, 14 ലക്ഷത്തിലധികം വിലയുള്ള വാഹനങ്ങള്‍ വാങ്ങല്‍, യാത്രാബത്തയിലെ പരിധി, ടെലിഫോണ്‍ ബില്‍, വിദേശയാത്ര തുടങ്ങിയവയിലൊക്കെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ അനര്‍ഹരെ ഒഴിവാക്കുമെന്നതും ഗുണകരമാണ്. പക്ഷെ ഇത്തരം നടപടികളിലൂടെ വലിയ തോതിലുള്ള ചെലവ് ചുരുക്കല്‍ സാധ്യമാകില്ലെന്ന് മാത്രമല്ല വലിയൊരു തുക അതിലൂടെ ലാഭിക്കാനും സര്‍ക്കാരിന് കഴിയില്ല. ഇവയ്ക്ക് പകരം കര്‍ക്കശമായ ചെലവ് ചുരുക്കല്‍ നടപടികള്‍ ഇപ്പോഴേ നടപ്പാക്കിയെങ്കില്‍ മാത്രമേ ഭാവിയില്‍ ധനപ്രതിസന്ധി ഇല്ലാതാക്കാനാകൂവെന്ന് വിലയിരുത്തപ്പെടുന്നു.

വരുമാന സമാഹരണത്തിലും അലംഭാവം

സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ ചുമത്തുന്ന നികുതിയാണ് യൂസര്‍ ഫീസ്. ഇതിലും കാര്യമായൊരു വര്‍ധനയല്ല ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. എന്‍ജിനീയറിംഗ്, മെഡിസിന്‍, ആര്‍ട്‌സ് & സയന്‍സ് കോളെജുകള്‍ എന്നിവിടങ്ങളിലെ ഫീസും വര്‍ധിപ്പിക്കാമായിരുന്നു. ഉദാഹരണത്തിന് സ്വകാര്യ മെഡിക്കല്‍ കോളെജുകളിലെ ഫീസ് 11 ലക്ഷമായിട്ടും സര്‍ക്കാര്‍ എയ്ഡഡ് കോളെജുകളിലെ നിരക്ക് നാല് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ മാത്രമാണ്. 'യൂസര്‍ ഫീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നടപടികള്‍ വേണ്ടത്ര ശുഷ്‌ക്കാന്തിയോടെ ചെയ്തിട്ടില്ല. വരുമാന സമാഹരണത്തിലെ അലംഭാവമാണിത്' സാമ്പത്തിക വിദഗ്ധയായ ഡോ.മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളുടെ 35-40 ശതമാനത്തോളം വരുമാനം നികുതിയേതര വരുമാനങ്ങളില്‍ നിന്നാണ്. പക്ഷെ കേരളത്തില്‍ അതിപ്പോഴും 13 ശതമാനത്തോളം മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ന്യായവില 2006ല്‍ നിശ്ചയിച്ചതാണ്. 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അത് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും എല്‍.ഡി.എഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിച്ചു. അതാണ് ഇപ്പോള്‍ നടപ്പാക്കപ്പെട്ടിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യാവസ്ഥ കാരണം അത് 10 ശതമാനത്തിലധികമായി വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെങ്കിലും ഇതൊരു നല്ല നീക്കമാണെന്ന് ഡോ.മേരി ജോര്‍ജ് പറഞ്ഞു. 'സര്‍ക്കാരിന്റെ മോശമായ ധനസ്ഥിതി കാരണം റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെ ഒരു മേഖലയ്ക്കും ആശ്വാസം പകരുന്ന നടപടികള്‍ ബജറ്റില്‍ ഇല്ല. എങ്കിലും 2017 വരെയുള്ള സ്റ്റാംപ് ഡ്യൂട്ടി അണ്ടര്‍വാല്യുവേഷന്‍ കേസുകളില്‍ മുദ്രവിലയുടെ 30 ശതമാനം നല്‍കി കേസ് തീര്‍പ്പാക്കാമെന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്' ക്രെഡായ് കേരളയുടെ ചെയര്‍മാനായ ഡോ.നജീബ് സക്കറിയ ചൂണ്ടിക്കാട്ടി.

വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പന നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന നികുതിയിലും വര്‍ധനയുണ്ട്. കേരളത്തില്‍ 1700 അനധികൃത ക്വാറികളുണ്ടെന്നാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ കണ്ടെത്തല്‍. ക്വാറിക്ക് ഒരു നിശ്ചിത തുക നല്‍കി ലൈസന്‍സ് എടുത്താല്‍ അതിന്റെ ആയിരം മടങ്ങ് തുകയ്ക്ക് അവിടെ ഖനനം നടത്തിയാലും ആരും ചോദിക്കാനില്ല. പകരം ഓണ്‍ലൈനായി ഒരു ട്രക്കിന് ഒരു പാസ് എന്ന രീതിയില്‍ ഇതിനെ യുക്തിസഹമാക്കുകയാണെങ്കില്‍ അനധികൃത ക്വാറികളെ നിയന്ത്രിക്കാനും വന്‍തോതിലുള്ള വരുമാനം നേടാനും സര്‍ക്കാരിന് സാധിക്കും. പക്ഷെ ഇങ്ങനെ വരുമാനം നേടാനാകുന്ന മേഖലകളെ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നതാണ് ഈ ബജറ്റിന്റെ ഏറ്റവും വലിയ ന്യൂനതയെന്ന് ഡോ.മേരി ജോര്‍ജ് ചൂണ്ടിക്കാട്ടി. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികളുടെ അഭാവം കാരണം വരുംവര്‍ഷങ്ങളിലും ധനപ്രതിസന്ധി തുടരാനാണ് സാധ്യത.

വികസന ക്ഷേമ പദ്ധതികള്‍ക്ക് ക്ഷാമമില്ല

ധനപ്രതിസന്ധി രൂക്ഷമാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വികസന ക്ഷേമ പദ്ധതികളില്‍ യാതൊരു കുറവും ഡോ.തോമസ് ഐസക്ക് ബജറ്റില്‍ വരുത്തിയിട്ടില്ല. വ്യവസായം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസേചനം, അടിസ്ഥാന സൗകര്യവികസനം, സ്ത്രീശാക്തീകരണം തുടങ്ങി സമസ്ത മേഖലകളെയും സ്പര്‍ശിച്ചുപോകാന്‍ ബജറ്റ് പ്രത്യേകം ശ്രദ്ധിക്കുന്നു. 'വനിതകള്‍ക്ക് വേണ്ടി ബജറ്റിന്റെ 14 ശതമാനം മാറ്റി വെച്ചിരിക്കുന്നതിനാല്‍ സ്ത്രീ സൗഹൃദ ബജറ്റ് എന്നതാണ് ഒരു പ്രധാന പ്ലസ് പോയിന്റ്' മേരി ജോര്‍ജ് പറഞ്ഞു. ഓഖി ദുരന്തത്തെ തുടര്‍ന്ന് 2000 കോടി രൂപയുടെ ഒരു സമഗ്ര പാക്കേജാണ് തീരദേശത്തിനായി ബജറ്റ് വകയിരുത്തിയിരിക്കുന്നത്. തീരദേശത്തെ ദുരിതത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും അവിടത്തെ സ്ത്രീകളുടെ വൈഷമ്യങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നുണ്ട്.

ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന കുടുംബശ്രീക്ക് 200 കോടി രൂപയാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങി കോഴി ഇറച്ചി ന്യായവിലയ്ക്ക് ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. 'ഇതിലേക്കായി 2500 കോടി രൂപ അനുവദിച്ചിരിക്കുന്നതിനാല്‍ 500 ചതുരശ്രയടി വീതമുള്ള 25000 വീടുകള്‍ നിര്‍മിക്കാനാകും. ഇത് സമയബന്ധിതമായി നടപ്പാക്കാന്‍ പിപിപി മാതൃക സ്വീകരിക്കേണ്ടതാണ്' ഡോ.നജീബ് സക്കറിയ അഭിപ്രായപ്പെട്ടു. റോഡ്, ഫ്‌ളൈഓവറുകള്‍, മൊബിലിറ്റി ഹബ്ബുകള്‍ തുടങ്ങിയ അനേകം അടിസ്ഥാനസൗകര്യ വികസന പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.

സമര്‍ത്ഥമായ നീക്കം, ആസൂത്രിത ചുവടുവയ്പ്

സര്‍ക്കാരിന്റെ ധനപ്രതിസന്ധി രൂക്ഷമായതിനാല്‍ മിക്ക വികസന പ്രവര്‍ത്തനങ്ങളും കിഫ്ബി മുഖേനയാണ് നടപ്പാക്കപ്പെടുക. 'കിഫ്ബി വഴിയുള്ള മൂലധന സമാഹരണമെന്നത് ഒരു ഓഫ് ബജറ്റ് ബോറോയിംഗാണ്. പക്ഷെ ഡോ.ഐസക്ക് അതിന് ബജറ്റുമായി ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടാക്കിയിരിക്കുകയാണ്' ഡോ.മേരി ജോര്‍ജ് പറഞ്ഞു. മോട്ടോര്‍ വാഹന നികുതി വരുമാനത്തിന്റെ 50 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സെസും കിഫ്ബി ഫണ്ടിലേക്ക് പോകുന്നതിലൂടെയാണിത് സാധ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കാനാകും. കാരണം കിഫ്ബിക്ക് ഒരു വരുമാന മാര്‍ഗം ഉള്ളതിനാല്‍ നിക്ഷേപകരുടെ മുതലും പലിശയും തിരിച്ചു കിട്ടുമെന്നൊരു ആത്മവിശ്വാസം അവര്‍ക്കുണ്ടാകും. ഇത്തരമൊരു സംവിധാനം ഒരുക്കിയില്ലായിരുന്നെങ്കില്‍ കിഫ്ബിയിലേക്ക് പണം നിക്ഷേപിക്കാന്‍ ഒരുപക്ഷെ ആരുംതന്നെ തയാറാകുമായിരുന്നില്ല.

കിഫ്ബിയിലൂടെ ഡോ.ഐസക്ക് മുന്നോട്ട് വെച്ചിരിക്കുന്ന പുതിയൊരു പരീക്ഷണം വിജയിച്ചേ മതിയാകൂ. അല്ലെങ്കില്‍ അടിസ്ഥാനസൗകര്യ വികസന രംഗങ്ങളില്‍ ഉള്‍പ്പെടെ ഒട്ടേറെ തലങ്ങളില്‍ കേരളം പിന്തള്ളപ്പെട്ട് പോകും. അതേസമയം കിഫ്ബി വിജയിക്കണമെങ്കില്‍ വരുമാനദായകമല്ലാത്ത പദ്ധതികളില്‍ നിന്നും അവര്‍ പിന്‍മാറുകയും പകരം വരുമാനം ഉറപ്പായ വന്‍കിട പദ്ധതികള്‍ക്ക് മാത്രമായി പണം ചെലവഴിക്കുന്നൊരു സംവിധാനം ഉണ്ടാകുകയും വേണമെന്ന് വിദഗ്ധര്‍ ഒന്നടങ്കം നിര്‍ദേശിക്കുന്നു. അല്ലാത്തപക്ഷം കേരളത്തെ കടക്കെണിയിലേക്ക് നയിക്കുന്നതിന് കിഫ്ബി കാരണമാകു
കയും ചെയ്യും.


കിഫ്ബിയില്‍ അമിത പ്രതീക്ഷ

ബജറ്റിലെ വലിയൊരു വിഭാഗം പദ്ധതികള്‍ക്കും കിഫ്ബി മുഖേന പണം ചെലവഴിക്കുമെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. 54000 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ബജറ്റുകളിലൂടെ കിഫ്ബി മുഖേന നടപ്പാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ 20000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം 10000 കോടിയുടെ പദ്ധതികള്‍ക്ക് കൂടി അനുമതി നല്‍കും. പക്ഷെ കിഫ്ബിക്ക് ഇതേവരെ സര്‍ക്കാര്‍ 4270 കോടി രൂപ മാത്രമേ ഗ്രാന്റായി നല്‍കിയിട്ടുള്ളൂ. 3000 കോടിയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ടിന് പുറമേ പ്രവാസി മലയാളികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മസാല ബോണ്ടുകളും കിഫ്ബി ഉടനെ പുറപ്പെടുവിക്കും.

കിഫ്ബി മുഖേന 20000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തിട്ടുണ്ടെങ്കിലും അവയിലെ 16 എണ്ണത്തിനാണ് ചെറിയ തോതില്‍ പണം ചെലവഴിച്ചിട്ടുള്ളത്. ' കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മാന്ദ്യവിരുദ്ധ പാക്കേജായി 40000 കോടി രൂപ കിഫ്ബി ചെലവഴിക്കുമെന്നാണ് മുന്‍ ബജറ്റുകളില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ കിഫ്ബി 331 കോടി രൂപ മാത്രം ചെലവഴിച്ചതിനാല്‍ മാന്ദ്യവിരുദ്ധ പാക്കേജ് വെറുമൊരു പ്രഹസനമായിരിക്കുകയാണ്' ഡോ.പ്രകാശ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കിഫ്ബിയിലൂടെ 50000 കോടി രൂപ ചെലവഴിച്ചാല്‍ തന്നെ മൂന്നോ നാലോ വര്‍ഷം കഴിഞ്ഞ് ഒരു ലക്ഷം കോടി രൂപയുടെ തിരിച്ചടവ് ഉണ്ടാകും. ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് അടയ് ക്കേണ്ടിവന്നാല്‍ ഒരിക്കലും കരകയറാനാകാത്ത കടക്കെണിയിലേക്ക് കേരളം പതിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഇപ്പോഴത്തെപ്പോലെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മെയിന്റനന്‍സ്, യൂണിവേഴ്‌സിറ്റികള്‍ക്ക് പണം കൊടുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം വരുമാനദായകമായ വന്‍കിട പദ്ധതികളിലേക്ക് കിഫ്ബി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഏറ്റവും അഭികാമ്യം.

ഔട്ട്കം ബജറ്റ് അനിവാര്യം, പക്ഷെ തുടക്കം കുറിക്കുന്നതാര്?

ഓരോ സാമ്പത്തിക വര്‍ഷത്തിനും മുന്നോടിയായുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ വെറും ജലരേഖകളാകുന്നതിനാല്‍ ബജറ്റിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബജറ്റിലുള്ള ജനങ്ങളുടെ വിശ്വാസം തിരിച്ചെടുക്കണമെങ്കില്‍ ഇനിമുതല്‍ ഒരു ഔട്ട്കം ബജറ്റ് കൂടി അവതരിപ്പിക്കാനുള്ള ധൈര്യം നമ്മുടെ ധനമന്ത്രിമാര്‍ കാണിച്ചേ മതിയാകൂ. മുന്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എത്രമാത്രം നടപ്പായി, പദ്ധതികളുടെ ഇംപ്ലിമെന്റേഷനില്‍ എത്രത്തോളം പുരോഗതിയുണ്ടായി, നടപ്പാക്കാത്തവ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളൊക്കെ ഒരു ഔട്ട്കം ബജറ്റിലൂടെ വെളിച്ചത്തുകൊണ്ടുവരണം. പൊതുസമൂഹത്തിനും അതറിയാനുള്ള അവകാശമുണ്ട്. ഇതിലൂടെ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും കാര്യക്ഷമത വിലയിരുത്താനും പിന്നീട് അവ മെച്ചപ്പെടുത്താനും സാധിക്കും. വെറും കൈയ്യടി നേടാനുള്ള പ്രഖ്യാപനങ്ങള്‍ മാത്രമായി ബജറ്റ് ഒതുങ്ങിപ്പോകാതിരിക്കുന്നതിനും ബജറ്റിന്റെ പ്രസക്തി ഒന്നുകൂടി വര്‍ധിക്കുന്നതിനും ഔട്ട്കം ബജറ്റ് വഴിയൊരുക്കും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top