Jun 23, 2016
കേരളാ ബാങ്ക്: സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ
സംസ്ഥാന സഹകരണ ബാങ്കിനെ പുതിയ രീതിയിലുള്ള വാണിജ്യ ബാങ്കായി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം ലക്ഷ്യം കാണുമോ?
facebook
FACEBOOK
EMAIL
kerala-bank-challenges-before-the-government

ടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച പുതുമയാര്‍ന്ന ആശയമാണ് കേരള ബാങ്ക്. സഹകരണ മേഖലയിലെ അപെക്‌സ് ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്കിനെ (കെ.എസ്.സി.ബി) പുതിയൊരു ബാങ്കായി പരിവര്‍ത്തനം ചെയ്യുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, അതിലൂടെ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാകുമോ, സഹകരണ ബാങ്കിംഗ് മേഖല യെ എങ്ങനെ ബാധിക്കും എന്ന മട്ടിലുള്ള ആശങ്കകള്‍ ഉയരുകയാണ്.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് അതിനെ വലിയൊരു ബാങ്കാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദേശ മലയാളികളുടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സ്വകാര്യ മേഖലയുടെ വളര്‍ച്ചക്കും പുതിയ സംവിധാനം സഹായിക്കുമെന്നും സംസ്ഥാനത്തിന്റെ വികസനത്തിലും നിക്ഷേപത്തിലുമൊക്കെ ബാങ്കിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താനാകുമെന്നും ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

നേട്ടങ്ങള്‍ അനേകം

കേരളബാങ്ക് കൊണ്ട് വിഭാവനം ചെയ്യുന്ന നേട്ടങ്ങള്‍ ഇതൊക്കെയാണ്.

♦ ശമ്പളം, പെന്‍ഷന്‍, തൊഴിലുറപ്പ് വേതനം, വിവിധതരം ക്ഷേമപെന്‍ഷനുകള്‍, സബ്‌സിഡികള്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പുതിയ ബാങ്കിലൂടെ നല്‍കാനാകും.

♦ കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ ലക്ഷക്കണക്കിനുള്ള എക്കൗണ്ടുകള്‍ കേരളാ ബാങ്കിലേക്ക് മാറ്റാമെന്നതിന് പുറമേ സംസ്ഥാനത്തെ കാര്‍ഷിക വ്യവസായ വാണിജ്യ സേവന മേഖലകള്‍ക്കാവശ്യമായ പുതിയ വായ്പാപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അവക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നതിനും സാധിക്കും.

♦ യുവസംരംഭകര്‍ക്കുള്ള പ്രത്യേക വായ്പാ പദ്ധതികളും ബാങ്കിന് നടപ്പാക്കാനാകും.

♦ കേരളത്തില്‍ നിന്നുള്ള ആഭ്യന്തര നിക്ഷേപത്തോടൊപ്പം വിദേശ മലയാളികളുടെ ഫണ്ടും സമാഹരിച്ച് കേരളത്തിന്റെ തന്നെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്നതാണ് മറ്റൊരു പ്രധാന വസ്തുത.

 

നൂതനമായ ചെറുകിട വായ്പാ പദ്ധ തികളിലൂടെ കേരളാ ബാങ്കിന് അനധി കൃത സാമ്പത്തിക മാഫിയകളില്‍ നിന്നും സംസ്ഥാനത്തെ പാവപ്പെട്ട ചെറുകിട വ്യാപാരികളെയും സാധാരണ ജനങ്ങളെയും രക്ഷിക്കാനാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സംസ്ഥാന സഹകരണ ബാങ്കിനെ ഒരു നവീന വാണിജ്യ ബാങ്കാക്കി മാറ്റുന്ന പ്രക്രിയ വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്. ജില്ലാ സഹകരണ ബാങ്കുകളെ കെ.എസ്.സി.ബിയില്‍ ലയിപ്പിക്കുന്നതിനും മറ്റും നബാര്‍ഡിന്റെയും ആര്‍.ബി.ഐയുടെയും അനുമതി ആവശ്യമാണ്. കൂടാതെ ഓരോന്നിന്റെയും ആസ്തി-ബാധ്യതകള്‍ പ്രത്യേകം നിര്‍ണ്ണയിക്കുകയും വേണം. ഉയര്‍ന്ന കിട്ടാക്കടത്താല്‍ വന്‍ സാമ്പത്തിക നഷ്ടത്തിലായിരുന്ന കെ.എസ്.സി.ബി സമീപകാലത്ത് മാത്രമാണ് ലാഭത്തിലായത്. അത്തരം ഒരു ബാങ്കിന് തികഞ്ഞ ഒരു വാണിജ്യ ബാങ്കായി വിജയിക്കാനാകുമോ എന്നതും സംശയകരമാണ്.

 

''ജില്ലാ ബാങ്കുകളില്‍ ഉറങ്ങിക്കിടക്കുന്ന പണത്തെ ഉണര്‍ത്തി സംസ്ഥാനത്തിന്റെ തന്നെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നത് ഗുണകരമാണെങ്കിലും എന്തുകൊണ്ട് നിക്ഷേപം മുരടിച്ച് കിടക്കുന്നുവെന്ന് അന്വേഷിച്ചാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കാര്‍ഷിക മേഖലയില്‍ നെഗറ്റീവ് വളര്‍ച്ചയാണെന്ന് കാണാം'' സാമ്പത്തിക വിദഗ്ധയായ ഡോ.മേരി ജോര്‍ജ് പറഞ്ഞു. പ്രാഥമിക ബാങ്കുകളെയും ജില്ലാ ബാങ്കുകളെയും ഒരുമിച്ച് കെ.എസ്.സി.ബിയില്‍ ലയിപ്പിക്കുമോ അതോ ജില്ലാ ബാങ്കുകളെ മാത്രമാണോ ലയിപ്പിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

 

സഹകരണ മേഖലക്ക് തിരിച്ചടി


ജില്ലാ സഹകരണ ബാങ്കുകളെ മാത്രമാണ് ലയിപ്പിക്കുന്നതെങ്കിലും അത് സംസ്ഥാനത്തെ സഹകരണ ബാങ്കിംഗ് മേഖലയുടെ തകര്‍ച്ചക്കിടയാക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലപാട്. ഫലത്തില്‍ എസ്.ബി.ടി ഇല്ലാതാകുന്നതുപോലെ തന്നെ ജില്ലാ ബാങ്കുകളും വലുതായിത്തീരുമ്പോള്‍ സാധാരണക്കാര്‍ക്ക് അവ അപ്രാപ്ര്യമായേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

കേരള പബ്ലിക് എക്‌സപെന്‍ഡിച്ചര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്‍.ആര്‍.ഐ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഒരു എന്‍.ആര്‍.ഐ ബാങ്ക് തന്നെ കേരളം ആരംഭിക്കണമെന്നുള്ള നിര്‍ദേശമുണ്ട്. ''ലയനവും പുതിയ ബാങ്കിന്റെ രൂപീകരണവും ഗുണകരമാകുമോയെന്ന് പറയാനാകില്ല. പക്ഷെ ആര്‍.ബി.ഐയുടെ നിയന്ത്രണത്തിലുള്ള കേരളത്തിലെ 60 അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ കോര്‍ഡിനേറ്റ് ചെയ്യാനുള്ളൊരു സംവിധാനം പോലും ഇന്നേവരെ ഉണ്ടായിട്ടില്ല.'' ഓള്‍ കേരള കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് എപ്ലോയീസ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായ ഷാജി ജോണ്‍ പറഞ്ഞു. പുതിയ ബാങ്കിന്റെ രൂപീകരണം സഹകരണ മേഖലയിലെ രാഷ്ട്രീയ അതിപ്രസരം കുറക്കുന്നതിന് ഇടയാക്കിയേക്കും. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതോടെ അതിലെ ഡയറക്റ്റര്‍ ബോര്‍ഡുകള്‍ ഇല്ലാതാകുമെന്നതാണ് ഇതിനു കാരണം. ഏകദേശം 300 ഓളം ഡയറക്റ്റര്‍ ബോര്‍ഡ് മെമ്പര്‍മാരെ ബാധിക്കുന്നൊരു വിഷയമായതിനാല്‍ അവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top