Apr 16, 2018
സംരംഭകര്‍ക്ക് അവസരങ്ങള്‍ ഏറെ ചിറകുവിരിച്ച് കണ്ണൂര്‍ വിമാനത്താവളം
വടക്കേ മലബാറുകാരുടെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ ഒരുങ്ങുന്നത് നിരവധി സംരംഭക അവസരങ്ങള്‍
facebook
FACEBOOK
EMAIL
kannur-airport

കെ.അജയകുമാര്‍

കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തീകരണത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായ ഇവിടെ ഇനി ഏതാനും ഉപകരണങ്ങള്‍ കൂടി സ്ഥാപിക്കുന്നതോടെ, കണ്ണൂരിന്റെ മണ്ണില്‍ നിന്ന് ആഭ്യന്തര- രാജ്യാന്തര വിമാനങ്ങള്‍ പറന്നു പൊങ്ങും. ഗള്‍ഫ് മലയാളികളടക്കമുള്ള യാത്രക്കാര്‍ക്കും കാര്‍ഗോ സര്‍വീസിനും അനുഗ്രഹമാകുന്നതിനൊപ്പം സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വിശാല ലോകം തുറക്കുകയാണ് ഇതിലൂടെ.

കഴിഞ്ഞ വര്‍ഷം തന്നെ കമ്മീഷനിംഗ് നടത്താനാകുമായിരുന്ന വിമാനത്താവളം മഴയെ തുടര്‍ന്ന് റണ്‍വേയുടെ ചില പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ പോയതിനാലാണ് നീണ്ടു പോയത്. ഇപ്പോള്‍ റണ്‍വേ, ടാക്‌സി ട്രാക്ക്, ടെര്‍മിനല്‍ ബില്‍ഡിംഗ് തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രം സ്ഥാപിക്കാവുന്ന ഉപകരണങ്ങളാണ് ഇനി സ്ഥാപിക്കാനുള്ളതെന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിംഗ് ഡയറക്റ്റര്‍ വി തുളസീദാസ് പറഞ്ഞു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റമാണ് (ഐഎല്‍എസ്) അതില്‍ പ്രധാനം. വിമാനം പറന്നിറങ്ങുന്നതിനും പൊങ്ങുന്നതിനുമുള്ള നാവിഗേഷന്‍ നല്‍കുന്ന ഈ ഉപകരണം സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ സമയം ആവശ്യമായി വരിക. ബാഗേജ് പരിശോധനയ്ക്കായി ഇന്‍ലൈന്‍ സ്‌ക്രീനിംഗ് സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങിക്കഴിഞ്ഞു.

97,000ത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ടെര്‍മിനല്‍ കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. യാത്രക്കാരുടെ കാര്യത്തില്‍ വലിയ വര്‍ധന ഉണ്ടായാല്‍ ഇനിയും വികസിപ്പിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. 3050 മീറ്റര്‍ നീളത്തില്‍ റണ്‍വേയും പൂര്‍ത്തിയായി. ഇത് രണ്ടാംഘട്ടമായി 3400 മീറ്ററിലേക്കും പിന്നീട് 4000 മീറ്ററുമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എത്രവലിയ വിമാനങ്ങള്‍ക്കും പറന്നിറങ്ങാന്‍ പ്രാപ്തമാണ് ഈ റണ്‍വേ.
കാറ്റഗറി ഒന്ന് വിഭാഗത്തില്‍പ്പെടുന്ന അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കനത്ത മഴയെ പോലും വകവെക്കാതെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമൊരുക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ ലൈറ്റിംഗ് സംവിധാനങ്ങള്‍ക്ക് അതിനു കഴിയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. 600 ലേറെ വരുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് കണ്ണൂര്‍ വിമാനത്താവളത്തിന് സുരക്ഷയൊരുക്കുക. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങളും പ്രവര്‍ത്തന സജ്ജമാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ജീവനക്കാരില്‍ നല്ലൊരു പങ്കിനെയും നിയമിച്ചു കഴിഞ്ഞു. അവര്‍ക്കുള്ള പരിശീലന പരിപാടി നടന്നു വരികയാണ്. ഫോറിന്‍ എക്‌സ്‌ചേഞ്ച്, എടിഎം, ബാങ്ക് ശാഖ, പോസ്റ്റ് ഓഫീസ്, പോലീസ് സ്‌റ്റേഷന്‍ എന്നിവയും ഇതൊടൊപ്പം ഉണ്ടാകും.

തൊഴില്‍ അവസരങ്ങള്‍

ബാഗേജ് ഹാന്‍ഡ്‌ലിംഗിനായി രണ്ട് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഇവിടെ തദ്ദേശീയരെ തന്നെ ജീവനക്കാരായി നിയമിക്കും. ഹൗസ് കീപ്പിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ കരാര്‍ നല്‍കി.

വിമാനങ്ങളുടെ ചെറിയ തോതിലുള്ള റിപ്പയറിംഗിനുള്ള കരാറും നല്‍കി. ഇവിടെയും തൊഴിലവസരമുണ്ട്.

ടൂറിസം വളരും

ഇതിനെല്ലാം പുറമേ വിമാനത്താവളം കണ്ണൂരിന് നല്‍കുന്ന മറ്റു നേട്ടങ്ങളുമുണ്ട്. ടൂറിസം മേഖലയിലെ വളര്‍ച്ചയാണ് അതിലൊന്ന്. അതോടൊപ്പം ടൂറിസവുമായി ബന്ധപ്പെട്ട സംരംഭക അവസരങ്ങളും ഉണ്ടാകും. താമസ സൗകര്യം, ടൂര്‍ ഓപറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇത് ഗുണം ചെയ്യും. അഞ്ചരക്കണ്ടി മുതല്‍ കാസര്‍കോട് വരെ ജലഗതാഗതത്തിനുള്ള സൗകര്യം ഇപ്പോഴുണ്ട്. അത് പ്രയോജനപ്പെടുത്തി ക്രൂസുകള്‍ പരിഗണിക്കാം. കൂടാതെ ബേക്കല്‍, വയനാട്, കൂര്‍ഗ് എന്നിവയെ ചുറ്റിപ്പറ്റിയും ഒട്ടേറെ സഞ്ചാരികളെ പ്രതീക്ഷിക്കാം. ഇതിനു പുറമേ ബാഗേജ് റാപ്പിംഗ് സര്‍വീസ്, ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് സര്‍വീസ്, ഏവിയേഷന്‍ ട്രെയ്‌നിംഗ് സ്‌കൂള്‍, ഏവിയേഷന്‍ ഇന്‍ഡസ്ട്രിക്കായുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സി, പ്രൈവറ്റ് ജെറ്റ് ബുക്കിംഗ് സര്‍വീസ്, എയര്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ്, പാക്കിംഗ് മെറ്റീരിയല്‍ ഉല്‍പ്പാദനം തുടങ്ങി വിവിധ സംരംഭക അവസരങ്ങളും ഇതിനോട് ചേര്‍ന്ന് ഉയര്‍ന്നു വരുന്നുണ്ട്.

ആപ്പ്

വിമാനത്താവളവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിന് ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കിയാല്‍. കരാര്‍ വ്യവസ്ഥയില്‍ ഏജന്‍സികള്‍ക്ക് ഇതിന്റെ ചുമതല നല്‍കും. ഓണ്‍ലൈന്‍ ടാക്‌സി സേവനം, ഫ്‌ളൈറ്റ് പുറപ്പെടുന്നതും എത്തുന്നതുമായ സമയം, ഷോപ്പിംഗ് എന്നിവയെല്ലാം ഈ ആപ്ലിക്കേഷനിലൂടെ നടത്താനും അറിയാനുമാകും.

ഡേ ഹോട്ടല്‍

കേരളത്തില്‍ ആദ്യമായി എയര്‍പോര്‍ട്ടില്‍ ഡേ ഹോട്ടല്‍ ഒരുക്കുകയാണ് കിയാല്‍. നാലോ അഞ്ചോ മണിക്കൂറിന് മാത്രം പണം നല്‍കി ഹോട്ടല്‍ സൗകര്യം അനുഭവിക്കാന്‍ ഇതിലൂടെ ഉപഭോക്താവിന് സാധിക്കുന്നു. വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കുളിച്ച് ഫ്രഷാകുന്നതിനും മറ്റും മുഴുവന്‍ ദിവസത്തെ വാടക നല്‍കേണ്ടി വരുന്നില്ല.


എയര്‍പോര്‍ട്ട് വില്ലേജ്

കണ്ണൂര്‍ എയര്‍പോര്‍ട്ടിനോടനുബന്ധിച്ച് എയര്‍പോര്‍ട്ട് വില്ലേജ് എന്ന ആശയം അവതരിപ്പിക്കുകയാണ് കിയാല്‍. താമസത്തിനുള്ള സൗകര്യം ഒരുക്കുന്നതിനു പുറമേ യാത്രക്കാരെ സ്വീകരിക്കാനും യാത്രയാക്കാനും എത്തുന്നവര്‍ക്ക് സമയം ചെലവിടാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. കാഴ്ചകള്‍ കാണുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനും കുട്ടികള്‍ക്ക് കളിക്കാനും ഇവിടെ സൗകര്യമുണ്ടാകും. യാത്രക്കാര്‍ക്ക് പ്രത്യേകമായി ടെര്‍മിനലിനകത്തും ഷോപ്പിംഗ് സൗകര്യം ഏര്‍പ്പെടുത്തും.


അവസരങ്ങളുടെ കലവറ

വിമാനത്താവള നിര്‍മാണ പ്രവൃത്തികളിലും അതിനു ശേഷവും ഒട്ടേറെ സംരംഭക അവസരങ്ങള്‍ ഉയര്‍ന്നു വരും. അതോടൊപ്പം തൊഴിലവസരങ്ങളും ഉണ്ടാകുന്നു.

നിര്‍മാണവുമായി ബന്ധപ്പെട്ട അവസരങ്ങള്‍

 •  കാര്‍ഗോ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തിയില്‍ പരിചയസമ്പന്നരായവര്‍ക്ക് പങ്കെടുക്കാം
 • സിഐഎസ്എഫ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ബാരക് നിര്‍മാണം.
 • കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ഓഫീസ് കോംപ്ലക്‌സ് നിര്‍മാണം
 • എയര്‍പോര്‍ട്ടിന് പുറത്തുള്ള ഏകദേശം 40 കിലോമീറ്ററോളം വരുന്ന റോഡ് നിര്‍മാണം.
 • ലാന്‍ഡ് സ്‌കേപിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇതിനും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

മറ്റ് അവസരങ്ങള്‍

 • മറ്റു ജീവനക്കാര്‍ക്കുള്ള താമസ സൗകര്യത്തിനായി കെട്ടിട നിര്‍മാണം നടത്താം. അത് വാടകയ്ക്ക് നല്‍കാം.
 • കാര്‍ഗോ കോംപ്ലക്‌സ് പൂര്‍ത്തിയാകുന്നു. അതോടെ കയറ്റുമതിയും ഇറക്കുമതിയും തുടങ്ങാം. പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍, നട്ട്‌സ് എന്നിവ കയറ്റുമതിക്കായി മാത്രം കൃഷി ചെയ്യാം. അതോടൊപ്പം സംസ്‌കരിച്ച് കയറ്റി അയയ്ക്കുന്ന രീതിയും അവലംബിക്കാം.
 • 700 ലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് നിയന്ത്രിക്കുന്നതിനായി ഏജന്‍സിയെ തേടി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
 • ടെര്‍മിനല്‍ ബില്‍ഡിംഗിനു പുറത്ത് ബിസിനസ് സംരംഭങ്ങള്‍ക്കുള്ള സൗകര്യമുണ്ട്. അതിനായി ടെന്‍ഡര്‍ വിളിച്ചു. 
 • വിമാനത്താവളവുമായി ബന്ധപ്പെട്ട് പുറത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കുന്നതിനായി കരാര്‍ നല്‍കും. ഇതിനുള്ള സ്ഥലം കിയാല്‍ നല്‍കും. ഒരു കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. 
 • എയര്‍പോര്‍ട്ടിന് അകത്ത് മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഡോക്റ്റര്‍ മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ആംബുലന്‍സുമൊക്കെ ഒരുക്കാനാണിത്. നിലവില്‍ ഹോസ്പിറ്റല്‍ നടത്തുന്നവരില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. 
 • പുറത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കാനുള്ള ആലോചനയുണ്ട്. സ്ഥലം കിയാല്‍ നല്‍കും. 
 • ആയുര്‍വേദിക് വെല്‍നെസ് സെന്ററും ഇതോടൊപ്പം പരിഗണനയിലുണ്ട്. റിസോര്‍ട്ട് മാതൃകയില്‍ വിദേശികള്‍ക്ക് ഇവിടെ താമസിച്ച് ആയുര്‍വേദ ചികിത്സ നടത്താനും അതേ കുറിച്ച് പഠിക്കാനും അവസരമൊരുക്കും. 
 • വിമാനത്താവളത്തിന് ആവശ്യമായ വാഹനങ്ങള്‍ ഒന്നും തന്നെ കിയാല്‍ വാങ്ങില്ല, പകരം വാടകയ്ക്ക് എടുക്കാനാണ് ഉദ്ദേശിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാം. അതില്‍ തന്നെ ഡ്രൈവറായി ജോലി ചെയ്യാനുമാകും.
 • ഫ്‌ളൈറ്റ് കിച്ചന്‍: വിമാനത്തിലേക്കും ജീവനക്കാര്‍ക്കുമുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള ഫ്‌ളൈറ്റ് കിച്ചന്‍ നടത്തുന്നതിനു ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. സ്ഥലം കിയാല്‍ നല്‍കും. വിമാനകമ്പനികളുമായി കരാര്‍ വെച്ച് ഭക്ഷണം ഉണ്ടാക്കി നല്‍കാം. 
 • മറ്റു എയര്‍പോര്‍ട്ടുകളിലെന്ന പോലെ പ്രീപെയ്ഡ് ടാക്‌സി സംവിധാനം ഇവിടെയും ഉണ്ടാകും. അത് ഏറ്റെടുത്ത് നടത്താല്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമാന ജീവനക്കാരുടെ യാത്രക്കായുള്ള ബസുകളും വേണം. 
 • ആര്‍ട്ട് വര്‍ക്കുകള്‍: വിമാനത്താവളത്തിനകം അലങ്കരിക്കാന്‍ കലാസൃഷ്ടികള്‍ കൂടി വേണം. പെയ്ന്റിംഗുകള്‍, മ്യൂറല്‍ വര്‍ക്കുകള്‍, ശില്‍പ്പങ്ങള്‍ എന്നിവ ആവശ്യമുണ്ട്. 
 • പരസ്യങ്ങള്‍: വിമാനത്താവളത്തിനകത്ത് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏജന്‍സികള്‍ക്ക് അത് വാടകയ്ക്ക് എടുത്ത് വില്‍ക്കാനാകും.

(നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ഡെസ്റ്റിനേഷന്‍ കേരള, ഓപ്പര്‍ച്യൂണിറ്റീസ് അണ്‍ലിമിറ്റഡ് എന്ന പരിപാടിയെ ആസ്പദമാക്കി തയാറാക്കിയത്)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top