പലിശ നിരക്ക് കുറയുമ്പോള്‍ സമ്പാദ്യത്തിന് വേറിട്ട വഴികള്‍
സമ്പാദ്യത്തുകയുടെ ഒരു ഭാഗം അവനവന്റെ സാമ്പത്തികശേഷിയും ഓഹരി വിപണിയിലെ റിസ്‌ക് സാധ്യതകളെ നേരിടുവാനുള്ള ശക്തിയും കണക്കിലെടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല സമ്പത്ത് വളര്‍ത്തുന്നതിന് അനുയോജ്യമാകും.
facebook
FACEBOOK
EMAIL
k-r-mohanachandran-new-way-of-investment-to-overcome-interest-rate-issue

കെ.ആര്‍ മോഹനചന്ദ്രന്‍ 
(മുന്‍ ചീഫ് ജനറല്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക്)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാത പിന്തുടര്‍ന്നുകൊണ്ട് മറ്റ് ചില പ്രമുഖ ബാങ്കുകള്‍കൂടി സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടിനുള്ള പലിശനിരക്കില്‍ അടുത്തിടെ കുറവ് വരുത്തി. സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്കുകള്‍ നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ 'ഇനി എന്ത്?' എന്ന ആശങ്ക സാധാരണക്കാരില്‍ ഉദിക്കുകയാണ്. ആയുഷ്‌കാല സമ്പാദ്യത്തിന് ലഭിക്കുന്ന പലിശയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് പലിശനിരക്കുകളിലുണ്ടാകുന്ന നിരന്തരമായ കുറവ് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്കുമേല്‍ ആദായനികുതി എന്ന ഭാരംകൂടിയാകുമ്പോള്‍ കുത്തനെ ഉയരുന്ന ജീവിതചെലവുകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പലരും.

ബാങ്ക് നിക്ഷേപങ്ങള്‍

പലിശ വരുമാനം കുറവെങ്കിലും എപ്പോള്‍ വേണമെങ്കിലും തുക തിരിച്ചെടുക്കുവാനാകുമെന്ന പ്രത്യേകതയും സമ്പൂര്‍ണ സുരക്ഷിതത്വവും ബാങ്ക് നിക്ഷേപങ്ങള്‍ക്കു മാറ്റു കൂട്ടുമ്പോള്‍ നിരന്തരം ഇടിയുന്ന നിരക്കുകള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍ പ്രമുഖര്‍ ഒരു വര്‍ഷത്തെ സ്ഥിരം നിക്ഷേപത്തിന് 6.75 ശതമാനവും അഞ്ച് വര്‍ഷത്തെ സ്ഥിരം നിക്ഷേപത്തിന് 6.25 ശതമാനവും മാത്രമാണ് പലിശ നല്‍കുന്നത്. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകള്‍ ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.80 ശതമാനവും അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 6.00 ശതമാനവും പലിശ നല്‍കുന്നു. 60 വയസ് കഴിഞ്ഞവര്‍ക്ക് ഏതാണ്ടെല്ലാ ബാങ്കുകളും അര ശതമാനം അധിക പലിശ നല്‍കിവരുന്നു. ഒരു കോടി രൂപ വരെ ബാലന്‍സുള്ള സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടുകള്‍ക്ക് 3.5 ശതമാനം മാത്രമാണ് രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ പലിശനിരക്ക്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

ബാങ്ക് നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പലിശയും കേന്ദ്രസര്‍ക്കാരിന്റെ പരിപൂര്‍ണ ഗാരന്റിയും ലഭ്യമായ പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടുണ്ട്. സ്ഥിരം നിക്ഷേപങ്ങളും സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടുകളും പോസ്റ്റ് ഓഫീസുകളില്‍ തുടങ്ങുവാനാകും. 6.8 ശതമാനം മുതല്‍ 7.6 ശതമാനംവരെയാണ് ഒരു വര്‍ഷത്തെയും അഞ്ച് വര്‍ഷത്തെയും കാലാവധി നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക്. സേവിംഗ്‌സ് ബാങ്കിന് നാല് ശതമാനവും. മൂന്ന് മാസം കൂടുമ്പോള്‍ പലിശ കണക്കാക്കുകയും വര്‍ഷത്തിന്റെ അവസാനം നിക്ഷേപകര്‍ക്ക് പലിശ നല്‍കുകയും ചെയ്യുന്ന അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതിവകുപ്പ് 80 സി പ്രകാരമുള്ള ഇളവുകള്‍ ലഭ്യമാണെന്നത് ഇത്തരം നിക്ഷേപങ്ങളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

60 വയസ് കഴിഞ്ഞവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പോസ്റ്റ് ഓഫീസ് പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുവാനുമാകും. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന പലിശക്ക് ആദായനികുതി അടയ്‌ക്കേണ്ടിവരുമെങ്കിലും പലിശനിരക്ക് ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 8.4 ശതമാനം. പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 80 സി പ്രകാരമുള്ള ആദായനികുതി ഇളവുകള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്കും ലഭ്യമാണ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകളാണ് പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ ആകര്‍ഷണീയമായ മറ്റൊന്ന്. അഞ്ച് വര്‍ഷ കാവാധിക്ക് നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയുമില്ല. ഇപ്പോഴത്തെ പലിശനിരക്ക് 7.9 ശതമാനമാണ്. പലിശയില്‍ നിന്നും ആദായനികുതി പോസ്റ്റ് ഓഫീസ് പിടിക്കുന്നതല്ല. എന്നാല്‍ പലിശയിനത്തിലെ വരുമാനം നിക്ഷേപകര്‍ അവരുടെ ആദായത്തില്‍പെടുത്തി നികുതി കണക്കാക്കണം. 80 സി വകുപ്പുപ്രകാരമുള്ള ഇളവുകള്‍ ലഭ്യമാണ്. ഓരോ മാസവും അല്ലെങ്കില്‍ സൗകര്യപ്രദമായ കാലയളവില്‍ ഇത്തരം നിക്ഷേപം നടത്തി അവ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പുനര്‍ നിക്ഷേപം നടത്തുന്നത് ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ദീര്‍ഘകാല സമ്പാദ്യം വളര്‍ത്തുന്നതിന് സഹായകരമാകും. താരതമ്യേന ഉയര്‍ന്ന പലിശനിരക്കും ആദായനികുതി സംബന്ധമായ നേട്ടങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ ഗാരന്റിയും ഈ നിക്ഷേപമാര്‍ഗത്തിന് മാറ്റുകൂട്ടുന്നു.

ഓഹരി വിപണിയില്‍

സമ്പാദ്യത്തുകയുടെ ഒരു ഭാഗം അവനവന്റെ സാമ്പത്തികശേഷിയും ഓഹരി വിപണിയിലെ റിസ്‌ക് സാധ്യതകളെ നേരിടുവാനുള്ള ശക്തിയും കണക്കിലെടുത്ത് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല സമ്പത്ത് വളര്‍ത്തുന്നതിന് അനുയോജ്യമാകും. ഇത് ഒരാളുടെ സമ്പാദ്യത്തിന്റെ മുഖ്യഭാഗമോ മുഴുവനോ ആകരുത്. മക്കളുടെ വിവാഹം തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന തുക ഓഹരി വിപണിയിലിട്ടു പരീക്ഷിക്കുകയുമരുത്. ഓഹരി വിപണി ചിലപ്പോള്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും അത് അനന്തമായ നഷ്ടസാധ്യതകള്‍ക്കു വിധേയമാണെന്ന സത്യം സാധാരണ നിക്ഷേപകര്‍ ഓര്‍മിക്കേണ്ടതുണ്ട്.

ഓഹരി വിപണിയില്‍ നേരിട്ടുള്ള നിക്ഷേപം നടത്തുന്നവര്‍ക്ക് വിപണിയുടെ നിലവാരം, കാലാകാലങ്ങളിലുള്ള വ്യതിയാനം, സമ്പദ്‌മേഖലയിലെ സംഭവ വികാസങ്ങള്‍ എന്നിവയെക്കുറിച്ച് നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്. വിപണിയെക്കുറിച്ച് പഠിക്കുന്നതിന് സമയക്കുറവും ചാതുര്യവുമില്ലാത്തവര്‍ക്ക് മ്യൂച്വല്‍ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്.

മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍

നിരവധി നിക്ഷേപകരില്‍ നിന്നും ചെറുതും വലുതുമായ തുകകള്‍ സമാഹരിച്ച് വിപണിയെക്കുറിച്ചുള്ള വിശദമായ പഠനത്തെ അടിസ്ഥാനമാക്കി വിവിധ ഓഹരികളിലും ഫണ്ടുകളിലും നിക്ഷേപിക്കുകയും ലാഭവരുമാനം നിക്ഷേപകരുമായി പങ്കുവെക്കുകയുമാണ് മ്യൂച്വല്‍ഫണ്ടുകള്‍. ഓരോ നിക്ഷേപകരും ചെയ്യേണ്ടതും എടുക്കേണ്ടതുമായ പഠനവും മുന്‍കരുതലുകളും ഇത്തരം ഫണ്ടുകള്‍ ഏറ്റെടുക്കുമെന്നതിനാല്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപകരായ വ്യക്തികള്‍ക്ക് അത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പ്രവര്‍ത്തനശേഷി തെളിയിച്ച മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കണമെന്നുമാത്രം.

ഇക്വിറ്റി ഫണ്ടുകള്‍, ഡെബ്റ്റ് ഫണ്ടുകള്‍, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍, ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്നീ വിഭാഗത്തിലുള്ള നിക്ഷേപങ്ങളാണ് മ്യൂച്വല്‍ഫണ്ടുകള്‍ മുഖ്യമായും ചെയ്യുക. നിക്ഷേപകര്‍ക്ക് അവര്‍ക്ക് താല്‍പ്പര്യമുള്ള നിക്ഷേപരീതി തെരഞ്ഞെടുക്കാം. ഇക്വിറ്റി ഫണ്ടുകള്‍ മുഴുവന്‍ തുകയും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നു. ചില അവസരങ്ങളില്‍ വന്‍ നേട്ടങ്ങളും മറ്റു ചില അവസരങ്ങളില്‍ കോട്ടങ്ങളും ഇത്തരം ഫണ്ടുകളുടെ സ്വഭാവമാണ്. ഓരോരുത്തരുടെയും ശേഷി അനുസരിച്ച് ഇക്വിറ്റി ഫണ്ട് നിക്ഷേപത്തിന് മ്യൂച്വല്‍ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്. ഡെബ്റ്റ് ഫണ്ടുകള്‍ സ്ഥിര വരുമാനമുള്ള പദ്ധതികളില്‍മാത്രം പണം നിക്ഷേപിക്കുമെന്നതിനാല്‍ വരുമാനത്തിന് സ്ഥിരത ലഭിക്കുമെങ്കിലും വന്‍ നേട്ടങ്ങള്‍ ലഭിക്കണമെന്നില്ല. ഗവണ്‍മെന്റ് സെക്യൂരിറ്റികളടങ്ങുന്ന ഹ്രസ്വകാല മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലുള്ള മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നിക്ഷേപത്തുകയുടെ പരിരക്ഷയും സാമാന്യം ഭേദപ്പെട്ട മാര്‍ക്കറ്റ് നിലവാരത്തിലുള്ള വരുമാനവും ലഭ്യമാക്കുന്നു. ഓഹരി നിക്ഷേപങ്ങളിലും സ്ഥിര വരുമാനം ലഭിക്കുന്ന ഡെബ്റ്റ് ഫണ്ടുകളിലും മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ മിശ്രിതമാക്കുന്നതിനെ ബാലന്‍സ്ഡ് ഫണ്ട് നിക്ഷേപങ്ങള്‍ എന്നുപറയുന്നു. ബാലന്‍സ്ഡ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഓഹരിവിപണിയുടെ നേട്ടങ്ങളെ ഉള്‍ക്കൊള്ളാനും സ്ഥിരവരുമാനം ലഭ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാനുമാകുമെന്ന സവിശേഷതയുണ്ട്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍

എസ്.ഐ.പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ മാര്‍ഗം നിശ്ചിതമായ തുകകള്‍ ഓരോരുത്തരും നിശ്ചയിക്കുന്ന കാലാവധിയില്‍ മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സഹായകരമാകുന്നു. ബാങ്കുകളിലെ റിക്കറിംഗ് ഡിപ്പോസിറ്റുകള്‍ക്കു സമാനമാണ് ഓഹരിവിപണിയിലെ ഈ മ്യൂച്വല്‍ഫണ്ട് നിക്ഷേപം. പ്രതിദിനം, പ്രതിമാസം എന്നീ കാലയളവുകളില്‍ നിശ്ചിതമായ ഒരു തുക മ്യൂച്വല്‍ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ ദീര്‍ഘകാല സമ്പദ്‌ശേഖരമുദ്ദേശിച്ചു നടത്തുന്നത് സ്ഥിരമായ സമ്പത്ത് വര്‍ധനവിന് കളമൊരുക്കുന്നു. 500 രൂപ മുതല്‍ ഏത് തുക വരെയും സ്ഥിരമായ കാലാവധിയില്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുവാനാകുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്രവര്‍ത്തനശേഷി തെളിയിച്ചിട്ടുള്ള മ്യൂച്വല്‍ഫണ്ടുകളില്‍എസ്.ഐ.പി നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതുവഴി ഓഹരിവിപണിയിലെ നേട്ടങ്ങളുടെ ഗുണങ്ങള്‍ കൈപ്പറ്റുവാനും വിപണിയിലുണ്ടാകുന്ന കോട്ടങ്ങളുടെ ആഘാതത്തിന്റെ തോത് കുറക്കുവാനും വ്യക്തികള്‍ക്ക് കഴിയുന്നു.

ലിക്വിഡ് ഫണ്ടുകള്‍

മ്യൂച്വല്‍ഫണ്ടുകള്‍ ലിക്വിഡ് ഫണ്ട് നിക്ഷേപങ്ങള്‍ക്കു തെരഞ്ഞെടുക്കുന്നത് ട്രഷറി ബില്ലുകള്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ എന്നിവയാണ്. 91 ദിവസത്തേക്കോ അതില്‍ കുറഞ്ഞതോ ആയ കാലാവധിക്കുള്ള നിക്ഷേപങ്ങളാണ് ലിക്വിഡ്ഫണ്ടുകളില്‍ നടത്തുന്നത്. ഇത്തരം ഫണ്ടുകളിലെ നിക്ഷേപത്തുക ചെറിയ കാലാവധിക്കുള്ളില്‍ തിരിച്ചെടുക്കുവാനാകുമെങ്കിലും അവകളില്‍ നിന്നു ലഭിക്കുന്ന വരുമാനം നിശ്ചിതമോ പ്രവചിക്കാനാകുന്നതോ ആകണമെന്നില്ല. ഫണ്ടുകളുടെ പ്രവര്‍ത്തനശേഷിക്കും വിപണിയുടെ ഹ്രസ്വകാല പ്രത്യേകതകള്‍ക്കും അനുസൃതമായിരിക്കും. ഇത്തരം ഫണ്ടുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം, എന്നിരുന്നാലും ചുരുങ്ങിയ കാലയളവിലേക്കുമാത്രം നിക്ഷേപം നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ലിക്വിഡ് ഫണ്ട് നിക്ഷേപം സാധാരണ സേവിംഗ്‌സ് ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണ്, മിക്കവാറും അവസരങ്ങളില്‍.

ടാക്‌സ് ഫ്രീ ബോണ്ടുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയ്ല്‍സിനും ഫിനാന്‍സ് കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ 10-15-20 വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ടാക്‌സ്ഫ്രീ ബോണ്ടുകള്‍ മാര്‍ക്കറ്റില്‍ ഇറക്കാറുണ്ട്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഇത്തരം ബോണ്ടുകളില്‍ വ്യക്തികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുവാനാകും. ഇത്തരം ബോണ്ടുകള്‍ ലഭ്യമാകുന്ന അവസരങ്ങളില്‍ മാര്‍ക്കറ്റ് നിരക്കുകള്‍ പഠിച്ച്, സമ്പാദ്യത്തിന്റെ ഒരു ഭാഗം ടാക്‌സ് ഫീ ബോണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതും അഭിലഷണീയമാണ്.

പ്രധാനമന്ത്രി വയ വന്ദന യോജന

സാധാരണ പെന്‍ഷന്‍ പദ്ധതികള്‍ ആറ് മുതല്‍ ഏഴ് ശതമാനം വരെ വരുമാനം നല്‍കുമ്പോള്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രധാനമന്ത്രി വയ വന്ദന യോജന (ജങഢഢഥ) എട്ട് ശതമാനം വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴര ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കുവാനാകും. മാസാമാസം, നിശ്ചിത കാലയളവിനുശേഷം, നിശ്ചിത തുക പെന്‍ഷന്‍ രൂപത്തില്‍ ലഭിക്കുവാനുതകുന്ന ഈ പദ്ധതിയും നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. റിട്ടയര്‍മെന്റ് സമയത്തേക്കുള്ള നിക്ഷേപത്തിന്റെയും സമ്പാദ്യത്തിന്റെയും ഒരു ഭാഗം മാറ്റിവെക്കുവാന്‍ ഈ പദ്ധതി സാധാരണക്കാര്‍ക്ക് സഹായകരമാകും.

ബാങ്ക് ഇതര സ്ഥാപനങ്ങളിലും സ്ഥിരം നിക്ഷേപമാകാം

ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ കുത്തനെ കുറയുമ്പോള്‍ സാധാരണക്കാര്‍ക്ക് ലക്ഷ്യമിടാവുന്ന മറ്റൊരു മാര്‍ഗമാണ് ബാങ്ക് ഇതര സ്ഥാപനങ്ങളിലെ സ്ഥിരം നിക്ഷേപങ്ങള്‍. റേറ്റിംഗ് ഏജന്‍സികള്‍ അഅഅ റേറ്റിംഗ് നല്‍കുകയും സുസ്ഥിരമായ പ്രവര്‍ത്തനഫലങ്ങള്‍ കാണിക്കുകയും ചെയ്തിട്ടുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത് സ്ഥിരം നിക്ഷേപങ്ങള്‍ നടത്തുന്നത് നല്ല മാര്‍ഗങ്ങളിലൊന്നാണ്. 2000 രൂപ മുതല്‍ 25000 രൂപ വരെ ചുരുങ്ങിയ നിക്ഷേപ തുക നിഷ്‌കര്‍ഷിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഈ അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള രണ്ട് സ്ഥാപനങ്ങളാണ് ദേവന്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയും ബജാജ് ഫിനാന്‍സും. ഇവകളുടെ ഡിപ്പോസിറ്റ് സ്‌കീമുകള്‍ക്ക് മുന്‍കിട റേറ്റിംഗ് ഏജന്‍സികള്‍ വലിയ സുരക്ഷിതത്വം സൂചിപ്പിക്കുന്ന അഅഅ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 7.75 ശതമാനവും രണ്ട് വര്‍ഷത്തെ നിക്ഷേപത്തിന് 7.80 ശതമാനവും ഇവയിലൊരു സ്ഥാപനം പലിശ നല്‍കുമ്പോള്‍ ഒരു വര്‍ഷത്തെയും രണ്ട് വര്‍ഷത്തെയും നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 7.60, 7.80 ശതമാനം പലിശ നല്‍കുന്നു. രണ്ടാമത്തെ സ്ഥാപനം 6.75 ശതമാനം മാത്രം പലിശ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപങ്ങല്‍ ആകര്‍ഷണീയമാകുന്നു. കൂടാതെ 60 വയസു കഴിഞ്ഞവര്‍ക്ക് അധികപലിശയും ഇത്തരം സ്ഥാപനങ്ങളില്‍ ലഭ്യമാണ്. എന്നാല്‍, ഏതൊരു ബാങ്കിനെയും നിക്ഷേപത്തിനു തെരഞ്ഞെടുക്കുന്ന ലാഘവത്തോടെ ബാങ്ക് ഇതര സ്ഥാപനങ്ങളെയോ കമ്പനികളെയോ നിക്ഷേപങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്നത് നഷ്ടസാധ്യതയ്ക്കു കളമൊരുക്കും.

റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെ നിക്ഷേപങ്ങളാണ് മറ്റ് മാര്‍ഗങ്ങള്‍, ശക്തമായ വ്യതിയാനങ്ങള്‍ക്കും ഏറ്റക്കുറച്ചിലിനും പാത്രമായിക്കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല. സ്വര്‍ണം എന്നും മലയാളിയുടെ സമ്പാദ്യശീലത്തിന്റെ ഒരു ഭാഗമാണ്. വ്യതിയാനങ്ങളുണ്ടെങ്കിലും തുറസായ ഒരു നിക്ഷേപമാര്‍ഗം തന്നെയാണ് സ്വര്‍ണം. മിതമായ രീതിയില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഭീമമായ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകാനിടയില്ല. എന്നാല്‍ ഒരു സ്ഥിര വരുമാനമാര്‍ഗമായി ഇതിനെ കാണാനാകില്ലല്ലോ.

ഓരോരുത്തരും അവരവരുടെ ധനശേഷിയും സാഹചര്യങ്ങളും അനുസരിച്ച് ബുദ്ധിപരമായി ചെയ്യേണ്ട ഒന്നാണ് നിക്ഷേപങ്ങള്‍. പൂര്‍ണസുരക്ഷിതത്വവും ഉയര്‍ന്ന വരുമാനം സ്ഥിരമായി നല്‍കുവാന്‍ ശേഷിയുള്ള ഒരു പദ്ധതിയുമില്ല. മേല്‍പ്പറഞ്ഞ പദ്ധതികളൊന്നുംതന്നെ നൂറുശതമാനവും സ്ഥിരതയും സുരക്ഷയും മേന്മ നിറഞ്ഞ വരുമാനവും ഉറപ്പാക്കുന്നതല്ലെങ്കിലും ബുദ്ധിപരമായി സമ്പാദ്യത്തുക വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുമ്പോള്‍ വര്‍ത്തമാനകാലത്തിലെ പരമാവധി മെച്ചപ്പെട്ട സാഹചര്യങ്ങളെ നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്തുവാനാകും.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top