Jan 13, 2018
മദ്യപിച്ചുകൊണ്ട് ഒരു വരിപോലും എഴുതാനാകില്ല
വിവിധ രംഗങ്ങളിലെ പ്രശസ്തരോട് നിങ്ങള്‍ ചോദിക്കാനാഗ്രഹിച്ചത് ഞങ്ങള്‍ ചോദിക്കുന്നു; അവരുടെ ഉള്ളിലിരുപ്പ് അറിയാന്‍.
facebook
FACEBOOK
EMAIL
john-paul-puthussery-ullirippu

ജോണ്‍ പോള്‍, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്


ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണ്?


എല്ലാ ദിവസവും എനിക്ക് പുതിയതാണ്. രാവിലെ അന്നന്നത്തെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമെന്നല്ലാതെ കൃത്യമായ ടൈം ടേബിള്‍ ഇല്ല. ഓരോ ദിവസവും ആരംഭിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്.


ആഹാരശീലങ്ങള്‍?
കിട്ടുന്നതെന്തും കഴിക്കുന്ന ശീലമാണ്. ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ ഓരോ സ്ഥലത്തും ലഭ്യമായ ഭക്ഷണം കഴിക്കും. അമ്മയുടെ കുടംപുളിയിട്ടു വെച്ച മീന്‍കറിയുടെ വശ്യമായ ഗന്ധം ഓര്‍ത്തുപോലും എനിക്ക് ഭക്ഷണം കഴിക്കാനാകും. വീട്ടില്‍ പാചകത്തിന് സഹകരിക്കുകയും പുതിയ രുചികള്‍ പരീക്ഷിക്കുകയും ചെയ്യാറുണ്ട്.


ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി/വ്യക്തികള്‍


പിതാവ് ഷെവലിയര്‍ പി.വി പൗലോസ്. സ്വാധീനിച്ചവരില്‍ എന്റെ ഗുരുക്കന്മാര്‍ മുതല്‍ നിരവധിപ്പേരുണ്ട്. കണ്ടുമുട്ടുന്ന ഓരോരുത്തരില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുന്നു.


ആത്മാര്‍ത്ഥ സുഹൃത്ത്?
വളരെ വര്‍ഷങ്ങളായി ബന്ധം സൂക്ഷിക്കുന്ന അനേകരുണ്ട്. എന്നാല്‍ എത്ര വര്‍ഷമായി എന്നതല്ല സൗഹൃദത്തിന്റെ ആഴം തീരുമാനിക്കുന്നത്. പുതിയതായി പരിചയപ്പെട്ട ഒരാളായിരിക്കാം നിങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചത്. ഇപ്പോള്‍ എന്നെ സ്വാധീനിക്കുന്ന സുഹൃത്ത് എന്റെ കൊച്ചുമകളാണ്. അവള്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത്
അനുസരിക്കാതിരിക്കാന്‍ ആകില്ല.


ജീവിതത്തിലെ വലിയ നഷ്ടം?
നാം ചെയ്യാന്‍ ആഗ്രഹിച്ചത് മറ്റുള്ളവര്‍ നന്നായി ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് അതിന് കഴിഞ്ഞി
ല്ലല്ലോ എന്ന ദുഃഖം തോന്നാറുണ്ട്. ചില സിനിമകളിലെ മനോഹരമായ റൊമന്റിക് സീനുകള്‍ കാണുമ്പോള്‍ ഇത്രത്തോളം ഭംഗിയായി എനിക്ക് ഈ ദൃശ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന് തോന്നും. പാടാന്‍ കഴിയാത്തത്, കവിത എഴുതാനാകാത്തത് തുടങ്ങി എനിക്ക് കഴിയാത്തതെന്തും എനിക്ക് വേദന തന്നെയാണ്.


ഇപ്പോള്‍ വായിക്കുന്ന പുസ്തകം?

സി.ജെ തോമസിന്റെ ലേഖനങ്ങള്‍. താരാശങ്കര്‍, ടോള്‍സ്‌റ്റോയ്, ദസ്‌തേവ്‌സ്‌കി തുടങ്ങിയ എഴുത്തുകാര്‍ ഓരോ കാലഘട്ടങ്ങളില്‍ ഭ്രമിപ്പിച്ചിട്ടുണ്ട്. ഇത്രയും ഭംഗിയായി എഴുതാനാകുമോ എന്ന് എന്നെ ഭയപ്പെടുത്തിയിട്ടുള്ള എഴുത്തു
കാരനാണ് ദസ്‌തേവ്‌സ്‌കി.

 

ഒഴിവുസമയം എങ്ങനെ വിനിയോഗിക്കും?


എന്നോടുതന്നെ ആത്മഭാഷണം ചെയ്തുകൊണ്ട് എത്രനേരം വേണമെങ്കിലും ചെലവഴിക്കാനാകും.
പൊതുജീവിതത്തില്‍ നിന്ന് എന്ന് വിരമിക്കും?


മരണത്തിന്റെ ആ നിമിഷം വരെ കര്‍മ്മനിരതനായിരിക്കുന്നതില്‍പ്പരം ഭാഗ്യം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോള്‍ പത്മഭൂഷണ്‍ ബഹുമതി പ്രഖ്യാപിക്കുകയും അതിനുശേഷം കുറച്ചു നേരം കഴിഞ്ഞ് മരിക്കുകയും ചെയ്ത വ്യക്തിയാണ് ഡി.സി കിഴക്കേമുറി. അദ്ദേഹത്തിന്റെ മരണവാര്‍ത്തയും പത്മഭൂഷണ്‍ ലഭിച്ച വാര്‍ത്തയും പിറ്റേന്നത്തെ പത്രങ്ങളില്‍ ഒരുമിച്ചു വന്നു. എത്ര ഭാഗ്യകരമായ മരണമാണത്!

 

കുട്ടിക്കാലത്ത് പിതാവിനെ കാണാന്‍ ജി.ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും അടക്കമുള്ളവര്‍ വീട്ടിലെത്തുമായിരുന്നു. ചായയും പലഹാരങ്ങളുമായി അവരുടെ മുന്നിലെത്തുമ്പോള്‍ വാല്‍സല്യം കൊണ്ടുള്ള അവരുടെ തലോടല്‍ അനുഭവിക്കാന്‍ പലതവണ ഭാഗ്യമുണ്ടായിട്ടുണ്ട്. എറണാകുളത്തെ മുസ്ലിം സ്ട്രീറ്റിലാണ് എന്റെ ജനനം. അവിടത്തെ ഒരേയൊരു ക്രിസ്ത്യന്‍ കുടുംബമായിരുന്നു എന്റേത്. മുസ്ലീം, യഹൂദ, ഹിന്ദു കുടുംബത്തിലെ സ്ത്രീകളൊപ്പം ചട്ടയും മുണ്ടുമുടുത്ത എന്റെ അമ്മയും വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഓണക്കാലത്ത് ഈ വീടുകളിലെയെല്ലാം കുട്ടികള്‍ ഒരുമിച്ചാണ് പൂക്കളം ഇടാന്‍ പൂവുതേടി പോകുന്നത്. അടുത്തുള്ള കോണ്‍വെന്റില്‍ നിന്ന് പൂവും പറിച്ച് തിരിച്ചുവന്ന് എല്ലാ വീട്ടിലും പൂക്കളമിടും. ഇതൊക്കെ കണ്ടും അനുഭവിച്ചും വളര്‍ന്ന കുട്ടിക്കാലമാണ് എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയത്.


ദേഷ്യം എങ്ങനെയാണ് നിയന്ത്രിക്കുന്നത്?

ദേഷ്യം വന്നാല്‍ ഞാന്‍ പ്രകടിപ്പിക്കും. പക്ഷെ അത് മറ്റുള്ളവരില്‍ മുറിവേല്‍പ്പിക്കുന്നതുപോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കും.


ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

നാം ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ മരണത്തിനുശേഷവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ നേട്ടം.


ഇഷ്ട ഗാനം?


ഓരോ സാഹചര്യങ്ങളാണ് ഗാനങ്ങള്‍ക്ക് ആസ്വാദ്യത തോന്നിക്കുന്നത്. മനസില്‍ പ്രണയം തോന്നുമ്പോള്‍ നല്ലൊരു പ്രണയഗാനം കേള്‍ക്കുമ്പോള്‍ അത് ഏറ്റവും ആസ്വാദ്യകരമായി തോന്നും. എന്നാല്‍ തിരക്കിട്ട് യാത്ര ചെയ്യുമ്പോള്‍ ആ ഗാനം കേട്ടാല്‍ നമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാക്കിയെന്നിരിക്കില്ല.


അടുത്ത കാലത്ത് തോന്നിയ ഇഷ്ടം/താല്‍പ്പര്യം?


സാഹചര്യങ്ങളാണ് ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാക്കുന്നത്. ചില സമയത്ത് മദ്യം നല്ല കമ്പനിയായി തോന്നിയിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചുകൊണ്ട് ഒരു വരി പോലും എഴുതിയിട്ടില്ല. മദ്യം ക്രിയാത്മകത കൂട്ടുന്ന അനുഭവവും ഉണ്ടായിട്ടില്ല.

 

ജോലി ചെയ്യാന്‍ ഇഷ്ടമുള്ള സമയം?


ഏതു നട്ടുച്ച സമയത്തെയും മനസുകൊണ്ട് എനിക്ക് രാത്രിയാക്കാനാകും. മുമ്പ് ഭാര്യ ഐസിയുവില്‍ കിടന്ന സമയത്ത് അതിന് പുറത്തിരുന്ന് സിനിമയ്ക്ക് ചില സീനുകള്‍ എഴുതികൊടുക്കേണ്ടി വന്നിട്ടുണ്ട്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top