Oct 16, 2017
'ജൊബോയ്' ജീവിതം 'ഈസി'യാക്കുന്ന യുവസംരംഭം
മൊബീല്‍ ആപ്പിലൂടെ അടിയന്തര സ്വഭാവമുള്ള സേവനങ്ങള്‍ 24 മണിക്കൂറും നിങ്ങളുടെ വീട്ടുപടിക്കല്‍
facebook
FACEBOOK
EMAIL
joboy-make-your-life-easy-with-this-young-enterprise

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൊച്ചി സ്വദേശിയായ ഡോ. ബോബി സാറ തോമസിനെ കാത്തിരുന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു. ടോയ്‌ലറ്റിലെ ഡ്രെയ്‌നേജ് പൈപ്പ് ബ്ലോക്കായിരിക്കുന്നു. സമയമാണെങ്കില്‍ രാത്രി. പരിചയമുള്ള പ്ലംബര്‍മാര്‍ ആരും രാത്രിസമയത്ത് എന്നല്ല പിറ്റേന്നു പോലും എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. അങ്ങനെയാണ് എവിടെയോ കേട്ടറിഞ്ഞ ഓര്‍മയില്‍ ജൊബോയിയെ സമീപിച്ചത്. ആപ്പിലൂടെ സേവനം ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കകം ജൊബോയില്‍ നിന്ന് ഫോണ്‍ കോളെത്തി. 10 മിനിറ്റിനകം ഡോ. ബോബി സാറയുടെ വീട്ടിലെ കോളിംഗ് ബെല്‍ അടിച്ചു. പ്ലംബര്‍ പെട്ടെന്നു തന്നെ പ്രശ്‌നം പരിഹരിച്ചു. തന്റെ 'രക്ഷകര്‍' എന്നാണ് ജൊബോയ് ടീമിനെ ഡോ. ബോബി സാറ വിശേഷിപ്പിച്ചത്. സംരംഭം ആരംഭിച്ച് ഒന്നരവര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇത്തരം എത്രയോ കഥകള്‍ ഈ സംരംഭത്തിന് പറയാനുണ്ട്. ജൊബോയ് എന്ന ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലുള്ള 60ല്‍പ്പരം സേവനങ്ങളിലൊന്ന് രജിസ്റ്റര്‍ ചെയ്യുകയേ വേണ്ടു. ആ സേവനം അര മണിക്കൂറില്‍ താഴെ സമയം കൊണ്ട് നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഇലക്ട്രിക്കല്‍, പ്ലംബിംഗ് പോലുള്ള അടിയന്തര സ്വഭാവമുള്ള സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

രാത്രി 12 മണിക്ക് ബെര്‍ത്ത്‌ഡേ കേക്കും പൂച്ചെണ്ടും വീട്ടിലെത്തിച്ച് പ്രിയപ്പെട്ടവരെ അല്‍ഭുതപ്പെടുത്തണോ? മുടി വെട്ടാന്‍ സലൂണില്‍ പോകാന്‍ മടിയാണോ? മിടുക്കരായ ഹെയര്‍ സ്‌റ്റൈലിസ്റ്റ്‌സ് വീട്ടിലെത്തും. ഫേഷ്യല്‍, ഹെയര്‍ സ്‌ട്രെയ്റ്റ്‌നിംഗ് തുടങ്ങിയ ബ്യൂട്ടി കെയര്‍ സേവനങ്ങളൊക്കെ നിങ്ങളെ തേടിയെത്തും. തുണി അലക്കാനും തേക്കാനുമൊക്കെയുണ്ടെങ്കില്‍ അവ വീട്ടില്‍ നിന്ന് ശേഖരിച്ച് തിരിച്ച് വീട്ടിലെത്തിക്കും. അഡീഷണല്‍ ചാര്‍ജുകളൊന്നും ഇല്ലാതെയാണ് ഈ സേവനങ്ങളെന്ന് ഓര്‍ക്കണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൊബോയ് സംരംഭക രംഗത്ത് പുതിയൊരു പാത വെട്ടിത്തെളിച്ച് മുന്നേറുകയാണ്.

ബിസിനസ് ആശയം അനുഭവത്തില്‍നിന്ന്

മുംബെയിലെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ജീസ് വി.കാരിയിലിന്റെ സഹോദരനാണ് ഇലക്ട്രിക്കല്‍, പ്ലംബിംഗ് സേവനങ്ങള്‍ തനിക്ക് അവശ്യസമയത്ത് ലഭിക്കാതെ വന്നപ്പോള്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. ആശയം അദ്ദേഹം ജീസുമായി പങ്കുവെച്ചു. മികച്ച ബിസിനസ് ആശയമായി തോന്നിയ ജീസ് ജോലി രാജി വെച്ച് സംരംഭത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് മൂത്ത സഹോദരന്‍ എല്ലാവിധ പിന്തുണയും നല്‍കി. അദ്ദേഹത്തിന്റെ ധാര്‍മിക പിന്തുണ തനിക്ക് വളരെ പ്രചോദനമാണെന്ന് ഈ യുവ സംരംഭകന്‍ പറയുന്നു.

ആറുമാസത്തെ ഒരുക്കങ്ങള്‍. സേവനദാതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍. ഒടുവില്‍ 2016 ഫെബ്രുവരിയിലാണ് സംരംഭം ആരംഭിക്കുന്നത്. ഇത്തരമൊരു സമഗ്രസേവനം കേരളത്തില്‍ ആദ്യമായതുകൊണ്ട് കൊച്ചിയാണ് ടെസ്റ്റ് മാര്‍ക്കറ്റ് ആയി എടുത്തത്. മികച്ച പ്രതികരണം ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതുകൊണ്ട് പിന്നീട് തിരുവനന്തപുരം, തൃശൂര്‍, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്കു കൂടി സേവനം വ്യാപിപ്പിച്ചു. ചെന്നൈയിലും മുംബൈയിലും അധികം താമസിയാതെ പ്രവര്‍ത്തനം ആരംഭിക്കും. ഇത്തരത്തിലുള്ള സേവനങ്ങള്‍ ബാംഗ്ലൂര്‍, മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ നിലവിലുള്ളതുകൊണ്ടുതന്നെ അവിടത്തെ ഉപഭോക്താക്കള്‍ ഇതെക്കുറിച്ച് അവബോധമുള്ളവരാണ്. അതുകൊണ്ട് അത്തരം വന്‍നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി എളുപ്പമാണെന്ന് ജീസ് പറയുന്നു.

''ആദ്യകാലത്ത് ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്യുന്നവരെ ഞങ്ങള്‍ അന്വേഷിച്ച് പോകണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന് ജോലി ചെയ്യാന്‍ തയാറാണെന്ന് പറഞ്ഞ് അവര്‍ ഇങ്ങോട്ടു വരുന്നു. ഇതിലൂടെ സ്ഥിരജോലിയും മികച്ച വരുമാനവുമാണ് അവര്‍ക്കു കിട്ടുന്നത്. പ്രതിമാസം 30,000 രൂപ വരെ സമ്പാദിക്കുന്നവരുണ്ട്. അതുപോലെ തന്നെ വിവിധ സ്ഥാപനങ്ങളും സേവനങ്ങള്‍ ജൊബോയിലൂടെ നല്‍കാന്‍ തയാറായി വരുന്നു.'' ജീസ് പറയുന്നു.

സ്ഥാപനങ്ങള്‍ക്കായി ജൊബോയ് കോര്‍പ്പറേറ്റ്

വിവിധ സേവനങ്ങള്‍ കൂടാതെ സാധാരണ വിപണിയില്‍ നിന്ന് ലഭ്യമല്ലാത്ത ചില ഹോംമേയ്ഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വസ്ത്രങ്ങളുമൊക്കെ ജൊബോയ് വില്‍ക്കുന്നുണ്ട്. മാത്രമല്ല കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കുറച്ചുകൂടി മികച്ച സേവനം ലഭ്യമാക്കാന്‍ ജൊബോയ് കോര്‍പ്പറേറ്റ് എന്ന വിഭാഗം കൂടി ആരംഭിച്ചിട്ടുണ്ട്. വിവിധ സേവനങ്ങള്‍ സ്ഥിരമായി ആവശ്യമുള്ളവര്‍ക്ക് അവ പ്രത്യേക നിരക്കില്‍ ജൊബോയ് കോര്‍പ്പറേറ്റിലൂടെ നല്‍കാനാകും.

പരിചയസമ്പന്നരും വിശ്വസ്തരുമായ വ്യക്തികളാണ് ജോബോയ്ക്ക് ഒപ്പമുള്ളത്. പോലീസ് ക്ലിയറന്‍സ് ലഭിച്ചശേഷമാണ് കരാറിലേര്‍പ്പെടുന്നത്. എല്ലാ സമയത്തും കസ്റ്റമര്‍ കെയര്‍ സേവനമുണ്ട്. സേവനങ്ങള്‍ക്ക് സര്‍വീസ് വാറന്റിയും നല്‍കുന്നുണ്ട്. എല്ലാ സേവനങ്ങള്‍ക്കും വിപണിയിലെ കുറഞ്ഞ വില മാത്രമാണ് ഈടാക്കുന്നത്. ഉദാഹരണത്തിന് ഇലക്ട്രീഷ്യന്റെ അരമണിക്കൂറുള്ള സേവനത്തിന് 170 രൂപ മാത്രമാണ് ഈടാക്കുന്നത്. ഒരു ഷര്‍ട്ട് ഇസ്തിരിയിടുന്നതിന്റെ നിരക്ക് 10 രൂപ മാത്രമാണ്. നിരക്ക് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അറിയാന്‍ കഴിയുന്നു എന്നതിനാല്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനാകും. ഓണ്‍ലൈന്‍ ആയോ കാഷ് ആയോ പണമടക്കാം. വിവിധ തരത്തിലുള്ള പേയ്‌മെന്റ് ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താവിന് സൗകര്യപ്രദമായ രീതി തെരഞ്ഞെടുക്കാം.


 എങ്ങനെ ഉപയോഗിക്കാം?

പ്ലേസ്റ്റോറില്‍ നിന്ന് ജൊബോയ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ ചിത്രത്തിലുള്ള ക്യുആര്‍ കോഡ് ഉപയോഗിച്ചോ മൊബീല്‍ നമ്പറും ഇ-മെയ്ല്‍ ഐഡിയും നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ജൊബോയ് ആപ്പില്‍ പ്രവേശിക്കുമ്പോള്‍ അതില്‍ ലഭ്യമായ സേവനങ്ങള്‍ കാണാം. ആവശ്യമുള്ളവ തെരഞ്ഞെടുത്താല്‍ ജിപിഎസ് വഴി നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് എത്ര സമയത്തിനുള്ളില്‍ സേവനം വീട്ടിലെത്തുമെന്ന് അറിയാനാകും. എത്ര നിരക്ക് ആകുമെന്നും മുന്‍കൂട്ടി അറിയാനാകും.

 

പ്രധാന സേവനങ്ങള്‍


• ഇലക്ട്രീഷ്യന്‍

• പ്ലംബര്‍

• എസി സര്‍വീസ് & മെയ്ന്റനന്‍സ്

• ഹോം/ഓഫീസ് ക്ലീനിംഗ്

• ലോണ്‍ട്രി & അയണിംഗ്

• ഹോം അപ്ലയന്‍സസ് റിപ്പയര്‍

• വീട്ടിലെത്തി കാര്‍ വാഷ്

• ഡ്രൈവര്‍

• പിക്കപ്പ് & ഡെലിവറി

• കേക്ക് ഡെലിവറി

• ബൊക്കെ ഡെലിവറി

• പാക്കേഴ്‌സ് & മൂവേഴ്‌സ്

• പെയ്ന്റര്‍

• സോഫ ക്ലീനിംഗ്

• കര്‍ട്ടന്‍സ് & ബ്ലൈന്റ്‌സ്

• ടാക്‌സി സര്‍വീസ്

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606462277

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top