Dec 26, 2017
നിങ്ങളുടെ പണം അപകടത്തിലോ?
പാര്‍ലമെന്റില്‍ പരിഗണനയ്ക്ക് വരാനിരിക്കുന്ന ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍, 2017 ജനങ്ങളെ എന്തുകൊണ്ട് ഭയപ്പെടുത്തുന്നു?
facebook
FACEBOOK
EMAIL
is-your-money-in-danger-any-idea-about-it

ഈ സുനാമി നിങ്ങളുടെ ബാങ്കിലെ പണം മുഴുവന്‍ തൂത്തുവാരി കൊണ്ടുപോകും (This Tsunami will wipe out your money lying in the Banks)

അടുത്തിടെ വാട്‌സാപ്പില്‍ ഏറെ പ്രചാരം നേടിയ സന്ദേശത്തിന്റെ തലക്കെട്ട് ഇതായിരുന്നു. മുംബൈയില്‍ നിന്നുള്ള ഒരു ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റിന്റെ പേരിലുള്ള സന്ദേശം, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാനിരിക്കുന്ന ഫിനാന്‍ഷ്യല്‍ റെസല്യൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍, 2017 (Financial Resolution and Deposit Insurance Bill, 2017 - FRDI Bill) ഇന്ത്യയിലെ ജനങ്ങള്‍ ഒരു കാരണവശാലും നിയമമാക്കാന്‍ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു.

എന്തുകൊണ്ട് ബില്ലിനെ എതിര്‍ക്കണമെന്നതിന് കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. കിട്ടാക്കടമോ കെടുകാര്യസ്ഥതയോ മൂലം ഒരു ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങിയാല്‍ ബാങ്കിനെ രക്ഷിക്കാന്‍ നിക്ഷേപകരുടെ തുക പൂര്‍ണമായോ ഭാഗികമായോ 'അസാധു' വാക്കി മാറ്റാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടെന്നതാണ് ഇതിലെ സുപ്രധാന കാരണം. ഏറ്റവും സുരക്ഷിതമെന്ന് ഓരോ ഇന്ത്യക്കാരനും വിശ്വസിക്കുന്ന ബാങ്ക് സ്ഥിരനിക്ഷേപം ഇനി മേലില്‍ അങ്ങനെയായിരിക്കില്ലെന്ന പ്രചരണങ്ങള്‍ കുറച്ചൊന്നുമല്ല നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

എന്തുകൊണ്ടാണ് ഈ ബില്‍ ആശങ്ക വളര്‍ത്തുന്നത്?

എന്തിനാണ് ഇപ്പോള്‍ ഈ ബില്‍ കൊണ്ടുവരുന്നത്?

ഒരു ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെങ്കില്‍ ആ ബാങ്കിനെ കരകയറ്റാന്‍ ഒരു 'റെസല്യൂഷന്‍ കോര്‍പ്പറേഷന്‍' രൂപീകരിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ആ റെസല്യൂഷന്‍ കോര്‍പ്പറേഷന്‍ ബാങ്കിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ നിര്‍ദേശിക്കാനിടയുള്ള മാര്‍ഗങ്ങളില്‍ ഒന്നായ ബെയ്ല്‍ ഇന്‍ എന്ന നടപടിയാണ് ജനങ്ങളെ പേടിപ്പിക്കുന്നത്.

ബാങ്കില്‍ നിക്ഷേപിച്ചവരുടെ പണം ഭാഗികമായോ പൂര്‍ണമായോ മരവിപ്പിക്കാനും റദ്ദാക്കാനുമുള്ള രീതികള്‍ ബെയ്ല്‍ ഇന്‍ വഴി കോര്‍പ്പറേഷന് സ്വീകരിക്കാം. ഇത്തരം വ്യവസ്ഥകളോടെ എന്തിനാണ് ഈ ബില്ലെന്നും ജനങ്ങള്‍ ചോദിക്കുന്നുണ്ട്.

എന്തിനാണ് ഈ ബില്‍

നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ 63 ശതമാനവും കൈയാളുന്നത് പൊതുമേഖലാ ബാങ്കുകളാണ്. പലിശ കുറഞ്ഞാലും ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നുവെന്ന് കേട്ടാലും ഇന്ത്യക്കാര്‍ പൊതുമേഖലാ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്താന്‍ ഒരു മടിയും ഇതുവരെ കാണിച്ചിട്ടില്ല. ഭൂമി, സ്വര്‍ണം, ബാങ്ക് സ്ഥിരനിക്ഷേപം ഇതൊക്കെയാണ് ഇന്ത്യക്കാരന്റെ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍. അമേരിക്കക്കാരനെയോ ജപ്പാന്‍കാരനെയോ പോലെയല്ല നമ്മള്‍. സേവിംഗ്‌സ് അടിസ്ഥാനമാക്കിയുള്ള ഇക്കോണമിയാണ്. ബാങ്കില്‍ നിക്ഷേപിക്കുന്ന പണം എപ്പോള്‍ വേണമെങ്കിലും തിരിച്ചുകിട്ടുമെന്ന ഉറച്ച വിശ്വാസം ഇന്ത്യക്കാര്‍ക്കുണ്ട്. ബാങ്ക് തകര്‍ന്നാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയേ തിരിച്ചുകിട്ടൂ എന്ന വസ്തുതയൊന്നും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നില്ല. അങ്ങനെ ഒരു സംഭവം പലരുടെയും വന്യമായ ചിന്തകളില്‍ പോലുമില്ല.

മാത്രമല്ല, ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനവും അതിന്റെ വ്യവസ്ഥകളും ഭരണപ്രക്രിയയുമെല്ലാം കര്‍ശനമായൊരു ചട്ടകൂടിനുള്ളില്‍ നിന്നാണെന്ന ധാരണയും രാജ്യത്തുണ്ട്. അതില്‍ ഒരു പരിധി വരെ വാസ്തവമുണ്ട്.

2008ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ലീമന്‍ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യയും തകര്‍ച്ച സംഭവിക്കാനിടയില്ലാത്ത വലിയ ബാങ്കുകളെ രൂപീകരിക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കാര്യക്ഷമത നശിച്ച അഞ്ചു ബാങ്കുകളെ മറ്റ് ബാങ്കുകളില്‍ ലയിപ്പിച്ച് ബാങ്കിംഗ് മേഖലയുടെ സുസ്ഥിരത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.

കാരണം ഇതാണ് ഒരു അവസ്ഥയിലും നിക്ഷേപകരുടെ തുക ബാങ്കുകളുടെ പുനരുദ്ധാരണത്തിനായി കൈയടക്കുകയോ മടക്കിക്കൊടുക്കാതിരിക്കുകയോ ചെയ്തിട്ടുമില്ല. ഓരോ കാലത്തും ഇടപാടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ നയങ്ങളും നിലപാടുകളും ഉണ്ടായിട്ടുള്ളൂ. ഇത്രമാത്രം കരുത്തുറ്റ ബാങ്കിംഗ് മേഖലയിലും റിസര്‍വ് ബാങ്കുമുള്ള ഇന്ത്യയില്‍ ഇപ്പോള്‍ എന്തിനാണീ പുതിയ ബില്‍?

എഫ്ആര്‍ഡിഐ ബില്‍ 2017 ഓഗസ്റ്റിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. പിന്നീട്, സംയുക്ത പാര്‍ലമെന്റ് സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ വീണ്ടും അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.
കരുത്തുറ്റ ബാങ്കിംഗ് സംവിധാനമുള്ള ഇന്ത്യയില്‍ ഈ ബില്‍ വരാന്‍ വ്യക്തമായ കാരണമുണ്ട്. 2008 ലെ ആഗോള പ്രതിസന്ധിയില്‍ അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് വഴുതി വീണപ്പോള്‍ അവയെ രക്ഷപ്പെടുത്തി നിലനിര്‍ത്തുവാന്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഖജനാവിലെ പണം ഉപയോഗിക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ രാജ്യാന്തരതലത്തില്‍ 2009ല്‍ രൂപീകരിക്കപ്പെട്ട ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡില്‍ ഇന്ത്യയടക്കമുള്ള ജി - 20 രാജ്യങ്ങള്‍ അംഗങ്ങളാണ്. ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച നേരിടുവാന്‍ പ്രത്യേക നിയമസംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നത് ഈ ബോര്‍ഡിന്റെ നിര്‍ദേശങ്ങളിലൊന്നാണ്. അങ്ങനെയാണ് ഇന്ത്യയില്‍ എഫ്ആര്‍ഡിഐ ബില്‍, 2017 കൊണ്ടുവന്നിരിക്കുന്നതും പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെത്തുന്നതും.

പേടിപ്പിക്കുന്നത് എന്താണ്

കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ഒരു സാധാരണക്കാരന് വായ്പ ലഭിക്കൂ. 100 രൂപ വായ്പ കിട്ടാന്‍ 150 രൂപ മൂല്യമുള്ള സെക്യൂരിറ്റി ബാങ്കിന് നല്‍കണമെന്ന നയമാണ് പലരും പിന്തുടരുന്നത്. ഇവരുടെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍, സെക്യൂരിറ്റിയായി നല്‍കിയതെന്തോ അത് ബാങ്ക് ജപ്തി ചെയ്ത് ലേലത്തില്‍ വെച്ച് കടം തിരിച്ചുപിടിക്കും. പക്ഷേ വന്‍കിടക്കാര്‍ക്ക് നല്‍കിയ വന്‍കിട കടങ്ങള്‍ ഈ വിധം ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചട്ടങ്ങള്‍ മറികടന്നും അല്ലാതെയും നല്‍കിയ വായ്പകള്‍ തിരിച്ചുകിട്ടാതെ വന്നതോടെ ഇന്ത്യയിലെ ബാങ്കുകളില്‍ കിട്ടാക്കടം കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഇന്ത്യന്‍ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 10 ലക്ഷം കോടി വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ബാങ്കുകളെ രക്ഷിക്കാന്‍ പലപ്പോഴും സര്‍ക്കാര്‍ കടങ്ങള്‍ എഴുതിതള്ളാറുണ്ട്. 'bail - out' എന്ന ഈ നടപടിയില്‍, സര്‍ക്കാര്‍ സ്വന്തം ഖജനാവിലെ പണം, അതായത് രാജ്യത്തെ പൗരന്മാരുടെ നികുതി പണം ഉപയോഗിച്ചാണ് കടങ്ങള്‍ എഴുതിത്തള്ളുകയും ബാങ്കുകളെ താങ്ങി നിര്‍ത്തുകയും ചെയ്യുന്നത്.

എന്നാല്‍ എഫ്ആര്‍ഡിഐ ബില്‍, 2017ല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന ബാങ്കുകളെ രക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത് 'bail-in' വ്യവസ്ഥയാണ്. ഇതാണ് വിവാദമായിരിക്കുന്നതും ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നതും.
എന്താണ് ബെയ്ല്‍ ഇന്‍?
ഏതെങ്കിലും ഒരു ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെങ്കില്‍ ആ അവസ്ഥയില്‍ നിന്ന് ബാങ്കിനെ കരകയറ്റുവാന്‍ ഒരു 'റെസല്യൂഷന്‍ കോര്‍പ്പറേഷന്‍' ബില്‍ വിഭാവനം ചെയ്യുന്നുണ്ട്. ബാങ്കിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ റെസല്യൂഷന്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിക്കാനിടയുള്ള മാര്‍ഗങ്ങളെയാണ് ബെയ്ല്‍ ഇന്‍ എന്ന നടപടികൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇനി പറയുന്ന രീതികളാണ് ബെയ്ല്‍ ഇന്‍ വഴി കോര്‍പ്പറേഷന് സ്വീകരിക്കാന്‍ സാധിക്കുക.

ബാങ്കിന്റെ ബാധ്യതകളെ ഭാഗികമായോ പൂര്‍ണമായോ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക.

നിക്ഷേപത്തുകകള്‍ ബാങ്കുകളുടെ ബാധ്യതയാണെന്നതിനാല്‍ നിക്ഷേപങ്ങളെ പൂര്‍ണമായോ ഭാഗികമായോ 'അസാധു'വാക്കി മാറ്റുവാന്‍ ഈ വകുപ്പിന് കഴിയുമെന്നത് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നു.

നിക്ഷേപങ്ങള്‍ അടക്കമുള്ള ബാധ്യതകളുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുക.

ഇത്തരത്തിലൊരു നടപടിയിലൂടെ ബാങ്ക് നിക്ഷേപങ്ങളുടെ കാലാവധി നീട്ടുവാനും പലിശനിരക്കില്‍ മാറ്റം വരുത്താനും കോര്‍പ്പറേഷന് സാധിക്കും. ചുരുക്കത്തില്‍ തകര്‍ച്ചയിലെത്തുന്ന ബാങ്കിലുള്ള നിക്ഷേപങ്ങള്‍ എന്ന് നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കണം, എത്ര പലിശ കൊടുക്കണം എന്നു തുടങ്ങിയ കാര്യങ്ങളില്‍ കോര്‍പ്പറേഷന് തീരുമാനമെടുക്കുവാനാകും. ഇക്കാര്യങ്ങളില്‍ നിക്ഷേപകനുമായി ചര്‍ച്ചയോ സമ്മതം ചോദിക്കലോപോലും ഉണ്ടാകാനിടയില്ല.

നിക്ഷേപത്തുക പൂര്‍ണമായോ ഭാഗികമായോ ബാങ്കിംഗ് കമ്പനിയുടെ ഓഹരി നിക്ഷേപമാക്കി മാറ്റുക.

അപ്രകാരമുള്ള നടപടി വഴി ബാങ്കിലെ നിക്ഷേപം തകര്‍ച്ചയിലെത്തിയ ബാങ്കിന്റെ ഓഹരിയായി മാറ്റപ്പെടും.

ഈ മൂന്ന് നടപടികളിലൂടെ, നിക്ഷേപത്തുക എന്ന്, എപ്പോള്‍, ഏത് രൂപത്തില്‍, ഏത് വ്യവസ്ഥയില്‍ മടക്കിക്കൊടുക്കണമെന്ന് റെസല്യൂഷന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കും. അതായത്, ഏതെങ്കിലും ഒരു ബാങ്ക് തകര്‍ച്ചയില്‍ എത്തിയാല്‍ അതിനെ പുനരുജ്ജീവിപ്പിക്കുവാന്‍ ജനങ്ങളുടെ നിക്ഷേപത്തുക ഉപയോഗിക്കുവാന്‍ റെസല്യൂഷന്‍ കോര്‍പ്പറേഷനെ ഈ ബില്ല് അധികാരപ്പെടുത്തുന്നു. നിക്ഷേപകന് അഭിപ്രായ പ്രകടനത്തിനോ മറ്റൊരു ഉപാധി മുന്നോട്ടുവെക്കുവാനോ ഉള്ള സാധ്യതപോലും കാണുന്നുമില്ല.

വിശ്വസിച്ച് പണമേല്‍പ്പിച്ചവര്‍ കെണിയിലാകുമോ?

1961മുതല്‍ ഇന്ത്യയില്‍ നിലവിലുള്ള സംവിധാനമാണ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍. നിലവില്‍ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭ്യമാണ്. ഈ തുക 1993 മുതല്‍ നിശ്ചയിക്കപ്പെട്ടതാണ്. ദശാബ്ദങ്ങളായി ഇന്ത്യയില്‍ നിക്ഷേപകരെ വഴിയാധാരമാക്കുന്ന വിധമുള്ള ബാങ്ക് തകര്‍ച്ചയൊന്നും സംഭവിക്കാത്തതിനാല്‍ ഇന്‍ഷുറന്‍സ് തുകയിലെ അപര്യാപ്ത അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സഹകരണ ബാങ്കുകള്‍ തകര്‍ന്നപ്പോഴാണ് മിക്കവാറും ഈ വിധം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടി വന്നിരിക്കുന്നതും. ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കണമെന്നാവശ്യം പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ''പക്ഷേ, ഞാന്‍ ഈ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തുന്നതിനോട് യോജിക്കുന്നില്ല. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്കായി അനുദിനം ഇടപെടല്‍ നടത്തുന്ന കണ്‍സ്യൂമര്‍ ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ എന്റെ ശ്രദ്ധയില്‍ പെട്ടൊരു കാര്യമുണ്ട്. പൊതുവേ ഇന്ത്യയില്‍ തകരുന്നത് സഹകരണ ബാങ്കുകളാണ്. അത് പലപ്പോഴും കുടിലബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ കൊണ്ടുകൂടിയാണ്. നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തിയാല്‍ ഇത്തരക്കാര്‍ പൊതുജനത്തിന്റെ പണം തന്നിഷ്ടപ്രകാരം ഉപയോഗിക്കാനുള്ള കുറുക്കുവഴിയായെടുക്കും. പൊതുജനത്തിന് പണം ഇന്‍ഷുറന്‍സ് തുക വഴി തിരിച്ചുകിട്ടും. രാഷ്ട്രീയക്കാര്‍ കീശവീര്‍പ്പിക്കുകയും ചെയ്യും,'' മണിലൈഫ് മാനേജിംഗ് ഡയറക്റ്റര്‍ സുചേത ദലാല്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു ഉറപ്പുമില്ലാതെയാണ് ഇന്ത്യക്കാര്‍ ബാങ്കിന് പണം നല്‍കുന്നത് എന്നതാണ് വാസ്തവം. അതായത് ബാങ്കിനെ സംബന്ധിച്ചിടത്തോളം 'ൗിലെരൗൃലറ റലയ'േ ആണ് നിക്ഷേപകരുടെ പണം. ഇതെടുത്ത് ബെയ്ല്‍ ഇന്‍ ചെയ്യാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

അമേരിക്കയിലൊക്കെ 100 ശതമാനം നിക്ഷേപവും ഇന്‍ഷുര്‍ ചെയ്യപ്പെട്ടവയാണ്. ഇത്തരത്തില്‍ ഇന്‍ഷുര്‍ ചെയ്ത നിക്ഷേപം ബെയ്ല്‍ ഇന്‍ വഴി ബാങ്കിനെടുത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല.

രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായങ്ങളെയും നിലവിലുള്ള വ്യവസ്ഥകളെയും വിശ്വസിച്ചാണ് ജനങ്ങള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്ന ബാങ്കിംഗ് റെഗുലേറ്ററെയും ഫിനാന്‍സ് മിനിസ്ട്രിയെന്ന ഭരണക്കൂടത്തെയും നിക്ഷേപകര്‍ പൂര്‍ണമായും വിശ്വസിച്ചു. ബാങ്കുകളില്‍ പണം നിക്ഷേപിക്കുക വഴി ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മൂലധനവും ഫണ്ട് സമാഹരണത്തിനുള്ള സാധ്യതയും നിക്ഷേപകര്‍ സൃഷ്ടിച്ചു.

ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലും വായ്പ വിതരണ സമ്പ്രദായങ്ങളിലും മറ്റും ഭാഗഭാക്കാകാതിരുന്നിട്ടും ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് അടക്കമുള്ള നിയമങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ബാങ്കിംഗ് മേഖലയെ പൂര്‍ണമായും വിശ്വസിച്ചവരാണ് സാധാരണ നിക്ഷേപകര്‍. ഈ നിക്ഷേപ സമൂഹത്തെയാണ് പുതിയ ബില്ലും അതുമൂലമുണ്ടാകുവാനിടയുള്ള റെസല്യൂഷന്‍ കോര്‍പ്പറേഷനുംകൂടി ആശങ്കയിലാക്കുന്നത്.

ഇതൊക്കെ ഇന്ത്യയില്‍ നടക്കുമോ

ബെയ്ല്‍ ഇന്‍ എന്ന നടപടിക്രമം ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ ഏറ്റവും അവസാനത്തെ മാത്രം ശ്രമമായിരിക്കുമെന്നാണ് സുചേത ദലാലിനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി ബാങ്ക് യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ''രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പിന്‍വാതില്‍ നീക്കമാണ് ഈ ബില്‍,'' ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി തോമസ് ഫ്രാങ്കോ ആരോപിക്കുന്നു.

നോട്ട് പിന്‍വലിക്കല്‍ കൊണ്ടുവന്നതോടെ ബാങ്കിലെ പണം ജനങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യപ്രകാരം പിന്‍വലിക്കാനാവില്ലെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചിട്ടുണ്ടെന്ന് ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ''പൊതുമേഖലാ ബാങ്കുകളുടെ അവസാന തുള്ളി ചോരവരെ വാറ്റിയെടുത്ത് ഉപയോഗിച്ച ശേഷം അവയെ അംബാനിയുടെയോ അദാനിയുടെയോ ഒക്കെ കൈയില്‍ കൊടുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ജന്‍ധന്‍ യോജന, പെന്‍ഷന്‍ പ്ലാന്‍, മറ്റ് യോജനകള്‍, നോട്ട് നിരോധനം എന്നുവേണ്ട എല്ലാത്തിനും പൊതുമേഖലാ ബാങ്കുകളെ ഉപയോഗവും ദുരുപയോഗവും ചെയ്ത സര്‍ക്കാര്‍ അവയുടെ കാര്യക്ഷമത നശിപ്പിച്ച് നില്‍ക്കക്കള്ളിയില്ലാതാക്കി സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്,'' തോമസ് ഫ്രാങ്കോ ആരോപിക്കുന്നു.

പാര്‍ലമെന്റില്‍ സര്‍ക്കാര്‍ തങ്ങളുടെ മേല്‍ക്കൈ ഉപയോഗിച്ച് വേണ്ടത്ര ചര്‍ച്ചയോ സംവാദമോ ഇല്ലാതെ ഇത് ധനബില്ലായി അവതരിപ്പിച്ച് പാസാക്കിയെടുക്കുമെന്നാണ് ബാങ്ക് യൂണിയനുകള്‍ പങ്കുവെയ്ക്കുന്ന മറ്റൊരു ആശങ്ക.

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ ഈ ആശങ്കയ്‌ക്കൊന്നും സ്ഥാനമില്ലെന്ന സൂചനയാണ് നല്‍കുന്നത്. പൊതുജനത്തിന്റെ നിക്ഷേപത്തിന് സുരക്ഷിതത്വം ഇല്ലാതാക്കുന്ന ഒരു നടപടി സ്വീകരിക്കാനും ഒരു സര്‍ക്കാരും ധൈര്യപ്പെടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊരു നീക്കമുണ്ടായാല്‍ ജനങ്ങള്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കും. ഇത് ബാങ്കുകളുടെ പ്രവര്‍ത്തന മൂലധനം തന്നെ ചോര്‍ത്തിക്കളയും.

സോഷ്യല്‍ മീഡിയയും മറ്റ് മാധ്യമങ്ങളും വഴി ബാങ്ക് യൂണിയനുകളും ആക്റ്റിവിസ്റ്റുകളുമാണ് ഇപ്പോള്‍ ഈ ബില്ലിനെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്നത്. ഇത്തരം ചര്‍ച്ചകളില്‍ പങ്കുവെയ്ക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന വാദവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നിട്ടുണ്ട്.
ഇത്തരം ആശങ്ക പരത്തുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സാഹചര്യം ഒരുക്കരുതായിരുന്നു.

സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് എന്താണ് ബില്ലില്‍ വിവക്ഷിക്കുന്നതെന്നത് വ്യക്തമായി പറയണം. ബാങ്ക് നിക്ഷേപത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തുന്നതൊന്നുമല്ല കാര്യം. രാജ്യത്തെ പെന്‍ഷന്‍കാരായ ലക്ഷക്കണക്കിനാളുകള്‍ വിശ്വസിച്ച് നിക്ഷേപം നടത്തിയിരിക്കുന്നത് ബാങ്കുകളിലാണ്. അവരുടെ പലിശ വരുമാനത്തിന് നികുതിയുണ്ട്. പലിശ കുറവാണ്. പക്ഷേ എന്നിട്ടും അവര്‍ നിക്ഷേപം നടത്തുന്നത് അത് സുരക്ഷിതമായതുകൊണ്ടാണ്. മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും ഇനി അവര്‍ക്ക് ഈ പണം കൊണ്ടുപോയി നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ ധൈര്യമുണ്ടാവില്ല. അവരുടെ യഥാര്‍ത്ഥ ആശങ്ക ധനമന്ത്രാലയം തിരിച്ചറിയണം. ബാങ്ക് നിക്ഷേപം 100 ശതമാനം സുരക്ഷിതമാണെന്ന കാര്യം വ്യക്തമാക്കി കൊടുക്കുകയും വേണം.

സഹകരണ ബാങ്കുകള്‍ എഫ്ആര്‍ഡിഐ ബില്ലിന്റെ പരിധിയില്‍ വന്നാല്‍ രാജ്യത്തെ തികച്ചും സാധാരണക്കാരായ ഗ്രാമീണരുടെ പണമാകും നഷ്ടപ്പെടാന്‍ പോകുന്നത്. സഹകരണ ബാങ്കുകള്‍ പലതും രാഷ്ട്രീയക്കാരുടെ കൂത്തരങ്ങാണ്. അവരുടെ കുരുത്തക്കേടുകൊണ്ട് ബാങ്ക് തകര്‍ന്നാല്‍ അവയില്‍ നിക്ഷേപം നടത്തിയ പാവപ്പെട്ടവന്റെ പണം ബാങ്കെടുക്കും. അതുകൊണ്ട് ഇക്കാര്യത്തിലും ധനമന്ത്രാലയം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവ പാപ്പരായാല്‍ ഈ നിയമം നടപ്പാക്കപ്പെടുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. നിക്ഷേപകരുടെ പണം തട്ടിക്കുന്ന നിരവധി സംഭവങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. അവ കര്‍ശനമായി നിരോധിക്കാന്‍ പറ്റുന്ന വ്യവസ്ഥകള്‍ കൊണ്ടുവന്നാല്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമായേനെ.

ബാങ്ക് ലോക്കറുകള്‍ എത്രമാത്രം സുരക്ഷിതം?

ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നതെന്തും അതീവ സുരക്ഷിതമാണെന്ന വിശ്വാസവും സാധാരണക്കാര്‍ക്കുണ്ടാകാം. പക്ഷേ ബാങ്കിന്റെ നിയമപ്രകാരം ഇടപാടുകാര്‍ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ക്ക് ബാങ്ക് ഉത്തരവാദിയല്ല. ലോക്കറില്‍ എന്ത് വെയ്ക്കുന്നുവെന്ന് ബാങ്കിന് അറിയില്ല. അതിന്റെ മൂല്യവും ബാങ്കിന്റെ രേഖകളില്ല. ലോക്കറിലെ സ്ഥലം ഇടപാടുകാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നുവെന്നു മാത്രം. അതുകൊണ്ട് തന്നെ ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥ ബാങ്കിനില്ല. ബാങ്കില്‍ പണയം വെയ്ക്കുന്ന വസ്തു പോലെയല്ല ലോക്കറില്‍ വെയ്ക്കുന്നവ. പണയം വെയ്ക്കുന്നവയുടെ മൂല്യം, തൂക്കം എന്നിവയെല്ലാം കൃത്യമായി ബാങ്ക് രേഖകളില്‍ കാണും.

അതുകൊണ്ട് ബാങ്കിന്റെ ലോക്കര്‍ കൊള്ളയടിച്ച് സ്വര്‍ണപ്പണയപണ്ടങ്ങള്‍ മോഷ്ടിച്ചാല്‍ അതിന്റെ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ലോക്കര്‍ കൊള്ളയടിക്കപ്പെട്ടാല്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്കിന് വ്യവസ്ഥയില്ല.

പിന്നെന്തുകൊണ്ട് ലോക്കര്‍ ഇടപാടുകാര്‍ക്ക് ആകര്‍ഷകമാകുന്നു? അത്യാധുനിക സംവിധാനത്തോടെയുള്ള സുരക്ഷയാണ് ലോക്കറുകളില്‍ ഉള്ളതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ലോക്കറിലുള്ള വസ്തുക്കള്‍ എടുത്തുകൊണ്ടുപോയതിനു ശേഷം നിയമപരമായി ലോക്കര്‍ കൈമാറാത്ത സാഹചര്യത്തില്‍, സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കു ശേഷം ഉടമസ്ഥനില്ലാതെ ലോക്കര്‍ തുറക്കേണ്ടി വന്നാല്‍, ലോക്കര്‍ കമ്പനി അധികൃതരുടെ പോലും സഹായം തേടേണ്ടി വരാറുണ്ടെന്ന് പ്രമുഖ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഓരോ ലോക്കറിലുമായാണ് വസ്തുക്കള്‍ സൂക്ഷിക്കുന്നത്. ഇവ ഓരോന്നും തുറന്നാല്‍ മാത്രമേ കവര്‍ച്ച ചെയ്യാനുമാകൂ. അതീവ സുരക്ഷയാണ് ബാങ്കുകള്‍ അകത്തും പുറത്തും ഒരുക്കിയിട്ടുമുള്ളത്. അതിനാല്‍ ലോക്കര്‍ സുരക്ഷിതം തന്നെയാണെന്ന് ബാങ്കുകള്‍ പറയുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: കെ.ആര്‍ മോഹനചന്ദ്രന്‍, മുന്‍ ചീഫ് ജനറല്‍ മാനേജര്‍, ഫെഡറല്‍ ബാങ്ക ് സുചേത ദലാല്‍, മണിലൈഫ് മാഗസിന്‍, www.moneylife.in

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top