ഇന്ത്യയിലെ ഐടി രംഗത്ത് തൊഴില്‍ക്ഷാമം പിടിമുറുക്കുന്നു
വരുന്ന ഒരു വര്‍ഷത്തേയ്ക്ക് ഇവിടെ തുറക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളുടെ എണ്ണം നന്നേ കുറവായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു
facebook
FACEBOOK
EMAIL
indian-it-under-major-crisis
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയ മേഖലകളിലൊന്ന് ഐടിയാണ്. വിദേശത്തും സ്വദേശത്തുമുള്ള ആയിര കണക്കിന് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വരുന്ന ഒരു വര്‍ഷത്തേയ്ക്ക് ഇവിടെ തുറക്കപ്പെടുന്ന തൊഴില്‍ അവസരങ്ങളുടെ എണ്ണം നന്നേ കുറവായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ എച്ച്ആര്‍ സേവനങ്ങള്‍ നല്‍കുന്ന മാന്‍പവര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഐടി മേഖലയില്‍ തൊഴില്‍ക്ഷാമം പിടിമുറുക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 
 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിംഗിന്റെയും പിന്തുണയോടെ കമ്പനികളെല്ലാം തന്നെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ണമായി നടപ്പിലാകുമ്പോള്‍ മാത്രമെ ഇനി എത്ര തൊഴിലാളികളെ വേണമെന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് തീര്‍ച്ച കല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്തണോ, പുതിയ തൊഴില്‍ശക്തി രൂപീകരിക്കണോ തുടങ്ങിയ സുപ്രധാനമായ തീരുമാനങ്ങള്‍ വരുന്ന ഒരു വര്‍ഷത്തിനുള്ളിലായിരിക്കും കമ്പനികള്‍ കൈക്കൊള്ളുക. ഈ ഒരു വര്‍ഷത്തിനിടെ കമ്പനികള്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ നാമമാത്രമായിരിക്കും.  
 
പുതിയ സാങ്കേതിക വിദ്യകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അതുമായി ഒത്തുപോകാന്‍ കാര്യക്ഷമതയുള്ള തൊഴിലാളികളെ ആയിരിക്കും കമ്പനികള്‍ തിരഞ്ഞെടുക്കുക. സീനിയോറിറ്റി നോക്കാതെ ടെക്‌നിക്കല്‍ അഡാപ്റ്റബിളിറ്റി ഇല്ലാത്ത തൊഴിലാളികളെ കമ്പനികള്‍ വ്യാപകമായി പിരിച്ചുവിടാനുള്ള സാധ്യതയും മാന്‍പവര്‍ ഗ്രൂപ്പ് കാണുന്നുണ്ട്. 500 ല്‍ അധികം തൊഴില്‍ അധിപന്മാരുമായി സംസാരിച്ച ശേഷമാണ് മാന്‍പവര്‍ ഗ്രൂപ്പ് ഈ പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 
 
ഐടി രംഗത്തുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് സോഫ്റ്റുവെയര്‍ മെയിന്റനന്‍സ് സര്‍വീസുകളില്‍നിന്നുള്ള വരുമാനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് മാന്‍പവര്‍ ഗ്രൂപ്പ് പറയുന്നു. പരമ്പരാഗതമായി ഐടി കമ്പനികളുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. സോഫ്റ്റുവെയര്‍ മെയിന്റനന്‍സ് സര്‍വീസുകള്‍ ഇല്ലാതാകുന്നതോടെ വലിയൊരു വിഭാഗം തൊഴിലാളികളും തൊഴില്‍രഹിതരാകും. 
 
നിലവിലെ ജീവനക്കാരെ പരിശീലനം നല്‍കി പുതിയ സാങ്കേതികവിദ്യക്ക് ഉതകുന്ന തരത്തിലാക്കാന്‍ ചില കമ്പനികള്‍ ശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ ശ്രമിക്കുന്നത് എന്‍ട്രി ലെവലില്‍ ഇത്തരം സാങ്കേതികവിദ്യയില്‍ പരിജ്ഞാനമുള്ള ആളുകളെ ജോലിക്കെടുക്കാനാണ്. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ വരുമ്പോള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കപ്പെടുമെന്നും പഠനം കണ്ടെത്തുന്നു.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top