Mar 23, 2018
കുറഞ്ഞ റിസ്‌കില്‍ കൂടുതല്‍ നേട്ടം ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകള്‍
പരമ്പരാഗത ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍ നിന്നു മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഫണ്ടുകളാണിത്
facebook
FACEBOOK
EMAIL
hybrid-equity-funds-have-more-gains-in-lower-risk

മ്യൂച്വല്‍ഫണ്ടില്‍ നിന്ന് കുറഞ്ഞ റിസ്‌കില്‍ പരമാവധി നേട്ടമുണ്ടാക്കണമെങ്കില്‍, ഓരോരുത്തരുടെയും നിക്ഷേപ കാലയളവിന് അനുയോജ്യമായ, ശരിയായ ഫണ്ടുകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നേട്ടം എപ്പോഴും വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കും. പൊതുവേ നിക്ഷേപത്തില്‍ വ്യതിയാനം കുറവാണെങ്കില്‍ റിട്ടേണും താരതമ്യേന കുറവായിരിക്കും. 
ഹ്രസ്വകാല നിക്ഷേപങ്ങളിലാണ് വ്യതിയാനങ്ങള്‍ നഷ്ടമുണ്ടണ്ടാക്കുന്നത്. അതായത് ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ ഉയര്‍ന്ന വ്യതിയാനം കാഴ്ചവയ്ക്കുന്ന നിക്ഷേപങ്ങള്‍ക്ക് സാധിക്കും. അതിനാല്‍ ഉയര്‍ന്ന വ്യതിയാന സാധ്യതയുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ എപ്പോഴും നീണ്ട കാലാവധി തെരഞ്ഞെടുക്കുക.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് വലിയ വ്യതിയാനങ്ങള്‍ 
താങ്ങാനാകില്ലെങ്കില്‍ ഏറ്റവും മികച്ചത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. പക്ഷേ, ഏറ്റവും കുറഞ്ഞ റിട്ടേണില്‍ തൃപ്തിയടയേണ്ടി വരും.

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളുടെ അത്രയും ഉയര്‍ന്ന റിട്ടേണ്‍ വേണം എന്നാല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ പോലെ തീരെ താഴേക്ക് പോവുകയും ചെയ്യരുത് എന്ന് നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് അത്ര നല്ലതല്ല!വിവിധതരം ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടുകള്‍ വിപണിയിലുണ്ട്. എത്രത്തോളം നിക്ഷേപം ഇക്വിറ്റിയിലും ഡെറ്റിലും നീക്കിവെയ്ക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ഈ തരംതിരിവ്. സമ്പൂര്‍ണ ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ വ്യതിയാന സാധ്യതയുള്ള മൂന്നു ഹൈബ്രിഡ് ഫണ്ടുകളെ സൂക്ഷ്മമായി പരിശോധിക്കാം.

ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ മികച്ച നികുതി ആനുകൂല്യങ്ങളോടെ ഉയര്‍ന്ന വരുമാനം നേടുക എന്ന കാഴ്ചപ്പാടില്‍ പരിഗണിക്കാവുന്ന ഫണ്ടുകളാണിത്. അഗ്രസീവ് ആയ നിക്ഷേപകര്‍ക്കും ചെറിയൊരു ഭാഗം ഇത്തരം നിക്ഷേപത്തിലേക്ക് നീക്കിവെച്ചാല്‍ ഓഹരി വിപണി റിട്ടേണ്‍ നല്‍കാതിരിക്കുകയോ നെഗറ്റീവ് റിട്ടേണ്‍ ആകുകയോ ചെയ്യുന്ന കാലത്തില്‍ പോലും പോര്‍ട്ട്‌ഫോളിയോയില്‍ സ്ഥിരത കൊണ്ടുവരാന്‍ സഹായിക്കും. 

ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ നികുതി നേട്ടം വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണം: ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് വിചാരിക്കുക. അതില്‍ നിന്നു പലിശയിനത്തില്‍ ലഭിക്കുന്ന 70,000 രൂപ പിന്‍വലിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ നികുതി നല്‍കേണ്ടതുണ്ട്. അതേസമയം ഈ 10 ലക്ഷം രൂപ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിച്ചു. ഫണ്ട് 12 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ 1,20000 രൂപ നിങ്ങള്‍ പിന്‍വലിച്ചെന്നിരിക്കട്ടെ. 1,07,000 രൂപ മൂല്യമുള്ള യൂണിറ്റുകള്‍ വില്‍പ്പന നടത്തിയതായേ പരിഗണിക്കൂ. ബാക്കിയുള്ളത് ലാഭമാണ്. ഒരു ലക്ഷം രൂപ വരെയുള്ള ലാഭം 2018 ഏപ്രില്‍ ഒന്നു മുതല്‍ ലോംഗ് ടേം കാപിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ കുടുംബ എക്കൗണ്ടുകളിലൂടെ കുറച്ചു കുറച്ചായി പിന്‍വലിക്കുകയാണെങ്കില്‍ ടാക്‌സ് ഫ്രീ റിട്ടേണ്‍ നേടാന്‍ സാധിക്കുന്നതാണ്.

ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്ക് ആദ്യമായി ചുവടുവയ്ക്കുന്ന, കുറഞ്ഞ ചാഞ്ചാട്ടം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇതൊരു മികച്ച മാര്‍ഗമാണ്. മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്ന് വീതം ഇക്വിറ്റി, ഡെറ്റ്, ആര്‍ബിട്രേജ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കും. അടുത്തിടെ അവതരിപ്പിച്ച വിഭാഗമായതിനാല്‍ ലോംഗ് ടേം റിട്ടേണ്‍ വിശകലനം ചെയ്യാനാകില്ല.

ബാലന്‍സ്ഡ് ഫണ്ടുകള്‍

ഇക്വിറ്റി അധിഷ്ഠിത മ്യൂച്വല്‍ഫണ്ടുകളില്‍ ഏറ്റവും പ്രചാരമുള്ള വിഭാഗമാണിത്. നിക്ഷേപത്തുകയുടെ 65-70 ശതമാനം ഇക്വിറ്റിയിലും ബാക്കി ഡെറ്റിലും നിക്ഷേപിക്കുന്നു. എല്ലാ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളെയും പോ
ലെ ബാലന്‍സ്ഡ് ഫണ്ടുകള്‍ക്കും റിട്ടേണിന്റെ കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാനാകില്ല. മാത്രമല്ല ഉറപ്പായ ഡിവിഡന്റും പ്രതീക്ഷിക്കരുത്. ഓരോ മാസവും നിശ്ചിത തുക ചെലവിനായി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡിവിഡന്റ് ഓപ്ഷനു പകരം സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ (SWP) സ്വീകരിക്കാവുന്നതാണ്. 2018 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഡിവിഡന്റുകളും 10 ശതമാനം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സിന് വിധേയമാണ്.  പോര്‍ട്ട്‌ഫോളിയോയുടെ 6-7 ശതമാനം പിന്‍വലിച്ചാലും നിങ്ങളുടെ നിക്ഷേപ തുക ജീവിത കാലം മുഴുവനും ഉണ്ടാകും.

ഡൈനാമിക് അസറ്റ് അലോക്കേഷന്‍ഫണ്ട്

വിപണിയുടെ അവസ്ഥയും വാല്വേഷനും അനുസരിച്ച് ഫണ്ട് മാനേജര്‍മാര്‍ ഇക്വിറ്റി-ഡെറ്റ് അനുപാതം ഫ്‌ളെക്‌സിബിളാക്കി നിര്‍ത്തുന്ന ഫണ്ടുകളാണ് ഇത്. ഇക്വിറ്റിയില്‍ നിന്ന് ഡെറ്റിലേക്ക് എപ്പോഴാണ് മാറേണ്ടതെന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇത്തരം ഫണ്ടുകള്‍ നിക്ഷേപകരെ സഹായിക്കുന്നു. ബാലാന്‍സ്ഡ് ഫണ്ടുകളില്‍ നിന്നും വ്യത്യസ്തമാണ് ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍. ബാലന്‍സ്ഡ് ഫണ്ടുകള്‍ എല്ലായ്‌പ്പോഴും ഒരു നിശ്ചിത ഭാഗം ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുന്നു. അതേസമയം ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടു മാനേജര്‍മാര്‍ക്ക് മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും ഫണ്ട് മാറ്റാനുള്ള ഫ്‌ളെക്‌സിബിലിറ്റിയുണ്ട്. ഇതും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരു ഫണ്ടായതിനാല്‍ ദീര്‍ഘകാല നേട്ടം വിലയിരുത്താനാകില്ല.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top