Mar 02, 2018
ഈ വിപ്ലവം നിങ്ങളെ എങ്ങനെ ബാധിക്കും?
എല്ലാ മേഖലകളിലും പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പിടിമുറുക്കുമ്പോള്‍ അവയെ അറിഞ്ഞ് ഉള്‍ച്ചേര്‍ത്തില്ലെങ്കില്‍ വരും കാലത്ത് നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം
facebook
FACEBOOK
EMAIL
how-will-this-revolution-of-digital-technology-affect-you-in-future

ടി.പി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തില്‍ താമരശ്ശേരി ചുരത്തിലെ അപകടസാധ്യതകളെ കുറിച്ച് വിവരിക്കുന്നുണ്ട് കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒരല്‍പ്പം നീങ്ങിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് കഥാപാത്രം വിവരിക്കുന്നു. നൂതന സാങ്കേതിക വിദ്യകള്‍ ലോകം കൈയടിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും അതുതന്നെയാണ് പറയാനുള്ളത്. അപ്റ്റുഡേറ്റ് ആയിക്കൊണ്ടിരിക്കുക. അങ്ങോട്ടോ ഇങ്ങോട്ടോ ശ്രദ്ധ മാറിയാല്‍ തിരിച്ചെത്താന്‍ പ്രയാസപ്പെടുന്ന തരത്തില്‍ പിന്തള്ളപ്പെടുന്ന സ്ഥിതി വരും. 

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി അറിയപ്പെടുന്ന ഇന്റര്‍നെറ്റിന്റെ വരവ് ആഗോളതലത്തില്‍ സാങ്കേതിക വിദ്യാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ ചേര്‍ക്കപ്പെടുന്നു. ഓണ്‍ലൈന്‍ വാലറ്റുകളെയും വ്യത്യസ്തങ്ങളായ ഓണ്‍ലൈന്‍ സേവനങ്ങളെയും കുറിച്ചൊക്കെ നമ്മള്‍ പഠിച്ചു വരുമ്പോഴേക്കും അടുത്തതെത്തി. ഡാറ്റ അനലറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക് ചെയ്ന്‍, ക്രിപ്‌റ്റോകറന്‍സി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അങ്ങനെ നീളുന്നു അത്.


പുതിയ കാലത്തിന്റെ ഈ ആശയങ്ങള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തന രീതി? ഏതൊക്കെ മേഖലകളില്‍ അതുപയോഗിക്കാം? ചോദ്യങ്ങള്‍ ഏറെ ഉയരാം. അവയിലേക്ക് വെളിച്ചം വീശുന്ന ഏതാനും
കാര്യങ്ങളിതാ....

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
വരുന്നത്, യന്ത്രം മനുഷ്യനെ വെല്ലുവിളിക്കുന്ന കാലം

സോഫിയ റോബോട്ട് മുന്നില്‍ വന്നുനിന്നാല്‍ ഒരു വ്യക്തിക്ക് കൊടുക്കുന്ന പരിഗണനയോടും ബഹുമാനത്തോടും അല്ലാതെ അതിനോട് നമുക്ക് സംസാരിക്കാനാകുമോ? എന്തു ചോദ്യത്തിനും തന്മയത്വത്തോടെയും മനുഷ്യമുഖത്ത് വിരിയുന്ന എല്ലാ വികാരങ്ങളോടെയും സംസാരിക്കുന്ന സോഫിയ റോബോട്ട് ഒരു യന്ത്രമാണെന്ന് വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിന്റെ ചെറിയൊരു സൂചന മാത്രമാണ് നാം സോഫിയയിലൂടെ കണ്ടത്.

എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്?

ചിന്തിക്കാനും പഠിക്കാനും വിവേചിച്ച് അറിയാനും വിശകലനം ചെയ്യാനും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് യന്ത്രങ്ങള്‍ക്ക് കൊടുക്കുന്നതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി എന്ന് പൊതുവായി പറയാം. ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ നിര്‍മിത ബുദ്ധിക്ക്് കഴിയും. റീറ്റെയ്ല്‍ മേഖലയിലുള്ള സ്ഥാപനങ്ങളാണ് ഈ രംഗത്ത് ഏറെ മുന്നേറ്റം നടത്തിയിരിക്കുന്നത്. ഗൂഗിള്‍, ഐബിഎം, ആപ്പിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാര്‍ ഇൗ മേഖലയില്‍ നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. ഇന്ത്യയില്‍ നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഈ രംഗത്ത് നിരവധി മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്.

നിര്‍മിത ബുദ്ധിയുടെ വളര്‍ച്ച ബിസിനസ് മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം അനുഗ്രഹപ്രദമാണ്. ഉല്‍പ്പാദനക്ഷമത കുതിച്ചുയരാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. ഉദാഹരണത്തിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഉല്‍പ്പന്നം കൈകാര്യം ചെയ്യുന്നത് ആയിരക്കണക്കിന് റോബോട്ടുകളാണ്. ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നം തെരഞ്ഞെടുത്ത് പായ്ക്കിംഗ് വിഭാഗത്തില്‍ എത്തിക്കുക, പായ്ക്ക് ചെയ്യുക, ഡെലിവറി വാഹനങ്ങളില്‍ എത്തിക്കുക... തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിലൂടെ എത്രമാത്രം സമയവും മനുഷ്യാധ്വാനവും ലാഭിക്കാനാകും. ഫഌപ്പ്കാര്‍ട്ട് നിര്‍മിത ബുദ്ധി തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആശങ്കകള്‍ ഉയരുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമോ എന്ന ആശങ്ക വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. ഇന്ന് നാം കാണുന്ന പല തൊഴിലുകളും 10 വര്‍ഷം കൊണ്ട് ഇല്ലാതാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ''വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ചില തൊഴിലുകള്‍ ഇല്ലാതാകുമ്പോള്‍ മറ്റു ചില അവസരങ്ങള്‍ ഉടലെടുക്കും. എന്നാല്‍ തൊഴിലവസരങ്ങളുടെ എണ്ണം കുറയുമെന്നത് തീര്‍ച്ചയാണ്.'' ടെക്‌നോളജി എഴുത്തുകാരനും കൊച്ചി സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് & എന്‍ട്രപ്രണര്‍ഷിപ്പിലെ ഫാക്കല്‍റ്റി അംഗവുമായ വര്‍ക്കി പട്ടിമറ്റം പറയുന്നു.

ചില ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. ചില ശാസ്ത്രജ്ഞര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മനുഷ്യന് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

ജീവിതം മാറ്റിമറിക്കുന്ന
ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (IoT)

ഓഫീസില്‍ നിന്നും മടങ്ങുമ്പോള്‍ തന്നെ വീട്ടിലെ എയര്‍കണ്ടീഷണറോ വാട്ടര്‍ ഹീറ്ററോ ഓണാക്കാമെന്ന് മാത്രമല്ല ഫ്രീസറിലെ ചിക്കനും ഐസ്‌ക്രീമുമൊക്കെ തീര്‍ന്ന വിവരം ഫ്രിഡ്ജ് തന്നെ നിങ്ങളെ മൊബീലിലൂടെ അറിയിക്കുകയും ചെയ്യും. ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (ഐ.ഒ.ടി)എന്നറിയപ്പെടുന്നൊരു നൂതന സാങ്കേതികവിദ്യയാണ് ഇതെല്ലാം സാധ്യമാക്കിത്തീര്‍ക്കുന്നത്.

വീട് മാത്രമല്ല മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പരസ്പരം ആശയവിനിമയം നടത്തുമെന്നതാണ് ഐ.ഒ.ടിയുടെ പ്രത്യേകത. കാറില്‍ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്നൊരു ആക്‌സിഡന്റ് ഉണ്ടായാല്‍ യാത്രക്കാര്‍ ആരെങ്കിലും മൊബീലെടുത്ത് ആംബുലന്‍സിനെ വിളിക്കുന്നതിന് പകരം ആ ജോലി കാര്‍ തന്നെ സ്വയം നിര്‍വഹിക്കും. അപകടാവസ്ഥയിലായ രോഗിയെയും വഹിച്ചുകൊണ്ടുപോകുന്ന ആംബുലന്‍സ് ആശുപത്രിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ആ രോഗിയുടെ അവസ്ഥയെക്കുറിച്ചുള്ള പൂര്‍ണ്ണവിവരം ഡോക്ടര്‍ക്ക് നല്‍കിയിരിക്കും. ഇത്തരത്തില്‍ മനുഷ്യ ജീവിതത്തിലെ സമസ്ത മേഖലകളിലും വമ്പന്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് ഐ.ഒ.ടി.

ഐ.ഒ.ടി എന്നാല്‍ എന്ത്?

ഡാറ്റ ശേഖരണം, വിനിമയം, പ്രോസസിംഗ്് & ആക്ഷന്‍ എന്നിവയൊക്കെ സാധ്യമാക്കുന്ന വിധത്തില്‍ ഇലക്ട്രോണിക്‌സ്, സോഫ്റ്റ്‌വെയറുകള്‍, സെന്‍സറുകള്‍, നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി എന്നിവയാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ഭൗതികവസ്തുക്കളുടെ ഒരു നെറ്റ്‌വര്‍ക്കാണിത്. 'ഐ.റ്റി, ഐ.സി.ടി, സെന്‍സിംഗ് ടെക്‌നോളജി എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള ഒന്നാണ് ഐ.ഒ.ടി. കംപ്യൂട്ടിംഗ്, കമ്യൂണിക്കേഷന്‍, ആക്ചുവേഷന്‍ എന്നിവയെല്ലാം ഇതിലുണ്ടാകുന്നു' ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയറിലെ (ICFOSS) പ്രോഗ്രാം ഹെഡായ ശ്രീനിവാസന്‍ രവീന്ദ്രന്‍ പറഞ്ഞു.

നൂതന സേവനങ്ങള്‍, മെച്ചപ്പെട്ട പ്രകടനം, കുറഞ്ഞ ചെലവ് എന്നിവയാണ് ഐ.ഒ.ടിയുടെ നേട്ടങ്ങള്‍. ദാരിദ്ര്യ നിര്‍മാര്‍ജനം, കുടിവെള്ളം, സ്ത്രീ ശാക്തീകരണം തുടങ്ങിയ യുണൈറ്റഡ് നേഷന്‍സിന്റെ 17 സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് ലോകത്തൊട്ടാകെ നേടിയെടുക്കുന്നതിന് ഐ.ഒ.ടിയാണ് ഏറ്റവും സുപ്രധാനമായൊരു ഘടകമെന്ന് കണ്ടെത്തിയിട്ടുണ്ട്്. ഹോം ഓട്ടോമേഷനാണ് മറ്റൊരു മേഖല. കേരളത്തിലെ പ്രമുഖ കമ്പനിയായ വി-ഗാര്‍ഡ്് ലോകത്ത് എവിടെയിരുന്നും പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് ഗീസറുകളും സ്മാര്‍ട്ട് ഫാനുകളും സ്മാര്‍ട്ട് ഇന്‍വെര്‍ട്ടറുകളുമൊക്കെ ഇപ്പോള്‍ വിപണിയിലേക്കെത്തിച്ചത് ഹോം ഓട്ടോമേഷന്റെ പുതിയ ഉദാഹരണമാണ്.

വ്യവസായ മേഖലയില്‍ ഐ.ഐ.ഒ.ടിബിസിനസ് രംഗത്ത് പ്രത്യേകിച്ച് ഉല്‍പ്പാദന മേഖലയില്‍ വലിയൊരു മാറ്റമുണ്ടാക്കാനൊരുങ്ങുകയാണ് ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (ഐ.ഐ.ഒ.ടി). സ്മാര്‍ട്ട് മെഷീനുകളാല്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫാക്ടറികളില്‍ മനുഷ്യരുടെ ഇടപെടല്‍ പരിമിതമായ തോതിലായിരിക്കും. വ്യവസായ മേഖലയിലെ ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷനായാണ് ഐ.ഐ.ഒ.ടിയെ വിശേഷിപ്പിക്കപ്പെടുന്നത്.

ബ്ലോക്ക് ചെയ്ന്‍ ലോകം കീഴ്‌മേല്‍മറിക്കും

ഒരു അന്യ സംസ്ഥാന തൊഴിലാളിയെക്കുറിച്ച് നമുക്ക് എത്രമാത്രം അറിയാം? ഏതെങ്കിലും മേഖലയില്‍ വിദഗ്ധ തൊഴിലാളിയും ആ രംഗത്തെ നാട്ടില്‍ അറിയപ്പെടുന്ന പണിക്കാരനുമൊക്കെയാകാം അയാള്‍. പക്ഷേ ഇവിടെ അതൊന്നും പരിഗണിക്കാറില്ലെന്ന് മാത്രമല്ല, പഠിച്ച ജോലി ലഭിക്കണമെന്നുമില്ല. എന്നാല്‍ ഒരൊറ്റ ക്ലിക്കില്‍ അതേ തൊഴിലാളിയെ കുറിച്ചുള്ള സര്‍വ വിവരങ്ങളും സത്യസന്ധമായി നമ്മുടെ മുന്നിലെത്തിയാലോ? ജോലി നല്‍കുന്നവനും തൊഴിലാളിക്കും ഒരുപോലെ ഉപകാരപ്പെടും അത്. അത്തരമൊരു വിശ്വസനീയമായ ഡാറ്റ ശേഖരം ഒരുക്കുവാന്‍ കെല്‍പ്പുള്ള സാങ്കേതിക വിദ്യയായി മാറിയിരിക്കുകയാണ് ബ്ലോക്ക് ചെയ്ന്‍.

ഏവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ എന്നാല്‍ വഴിവിട്ട ഒരു തിരുത്തലുകള്‍ക്കും അവസരം നല്‍കാതെ ഡാറ്റ സൂക്ഷിക്കാനാവുന്നു എന്നതാണ് ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.

എന്താണ് ബ്ലോക്ക് ചെയ്ന്‍

കുറേ വിവരങ്ങള്‍ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെടുത്തി സൂക്ഷിക്കുന്ന രീതിയാണിതെന്ന് ചുരുക്കിപ്പറയാം. ഡാറ്റ ഓരോ ബ്ലോക്കുകളായി പരിഗണിച്ച് അവ അടുക്കിവെക്കുന്ന സമ്പ്രദായമാണിത്. ഡാറ്റകളെ ഹാഷ് നമ്പറുകളാക്കി മാറ്റിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓരോ ഡാറ്റയുടെയും ഹാഷ് നമ്പറുകളില്‍ ഒരക്കം തൊട്ടടുത്ത ഹാഷ് നമ്പറില്‍ അടങ്ങിയിരിക്കും. അങ്ങനെ വരുമ്പോള്‍ എത്ര വലിയ ബ്ലോക്ക് ചെയ്ന്‍ ആയാലും അവ തുടക്കം മുതല്‍ അവസാനം വരെയുള്ള വിവരങ്ങള്‍ ഇങ്ങനെ ബന്ധപ്പെടുത്തും.

അതുകൊണ്ടുള്ള ഗുണങ്ങള്‍;


1. സുരക്ഷിതം: ഡാറ്റ ശേഖരത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും മാറ്റം വരുത്തുക അസാധ്യമാണ്. ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒന്നില്‍ തിരുത്തല്‍ വരുത്തിയാല്‍ അതിനു ശേഷമുള്ളവയുമായുള്ള ബന്ധം നഷ്ടപ്പെടുകയും തിരുത്തല്‍ വരുത്തിയ കാര്യം തിരിച്ചറിയുകയും ചെയ്യും. തിരിച്ചറിയാതിരിക്കണമെങ്കില്‍ പിന്നീട് വരുന്ന ഓരോന്നിലും അതിനനുസരിച്ച മാറ്റം വരുത്തിയിരിക്കണം. പത്തും ഇരുപതും ലക്ഷം ഡാറ്റ യൂണിറ്റുകള്‍ കോര്‍ത്ത ബ്ലോക്ക് ചെയ്‌നില്‍ അത്രയും എണ്ണത്തില്‍ തിരുത്തല്‍ വരുത്തുക എന്നത് അസാധ്യമാണ്.

മാത്രമല്ല ഹാഷ് നമ്പറുകള്‍ ഉപയോഗിച്ചാണ് ഡാറ്റയെ അടയാളപ്പെടുത്തുന്നത് എന്ന് പറഞ്ഞല്ലോ. ഇത്തരത്തില്‍ ഹാഷ് നമ്പറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും സങ്കീര്‍ണമായ രീതിയാണ് കൈക്കൊള്ളുക. അത്തരം രീതി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തെ മൈനിംഗ് എന്നാണ് ഈ സാങ്കേതിക വിദ്യയില്‍ വിശേഷിപ്പിക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ മൈനിംഗ് നടത്തി കണ്ടെത്തുന്ന സങ്കീര്‍ണമായ ഹാഷ് നമ്പറുകള്‍ ഉപയോഗിച്ചാകും ഡാറ്റ ശേഖരിച്ച് വെക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് വികേന്ദ്രീകൃതമായാണ് വിവരങ്ങള്‍ ശേഖരിക്കുക എന്നതിനാല്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുക എന്നതും അസാധ്യമാണ്.

2. സുതാര്യം: ഇത്തരത്തില്‍ സങ്കീര്‍ണമായ പ്രക്രിയയാണ് നടക്കുന്നതെങ്കിലും വിവരങ്ങള്‍ ലഭ്യമാകാന്‍ ലളിതമായ കാര്യങ്ങള്‍ ചെയ്താല്‍ മതി. ഇന്ന് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാകുന്നതു പോലെ എളുപ്പത്തില്‍ ഓരോ ആളെ കുറിച്ചും കാര്യങ്ങളെ കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും.


എവിടെയൊക്കെ ഉപയോഗിക്കാം?

സാമ്പത്തിക മേഖലയിലാണ് ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയ്‌നു വേണ്ടിയാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. 2008 ല്‍ അജ്ഞാതരായ ഏതാനും പേര്‍ ചേര്‍ന്നാണ് ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഫിനാന്‍സിനു പുറമേ ഗവേണന്‍സ്, ആരോഗ്യം, കാര്‍ഷിക മേഖല എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗപ്പെടുത്താം. ഇന്ത്യയില്‍ ബിറ്റ്‌കോയിന് നിയമസാധുതയില്ലെങ്കിലും ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയ്ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

നമ്മള്‍ എവിടെ വരെ?

കേരളത്തില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഡിജി ലെഡ്ജര്‍ എന്ന ബ്ലോക്ക് ചെയ്‌നില്‍ അധിഷ്ഠിതമായ സങ്കേതികവിദ്യയിലേക്ക് കടന്നു കഴിഞ്ഞു. വിദേശ നാണ്യം കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ വലിയ മാറ്റം വരുത്തുന്നു. ഗവേര്‍ണന്‍സ് രംഗത്ത് ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യാ വ്യാപകമാക്കിയാല്‍ അത് വലിയ നേട്ടമാകും. ഒരാവശ്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യം ഇല്ലാതാകും. എവിടെയും നമ്മെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാനും മറ്റും എളുപ്പത്തില്‍ സാധ്യമാകും. ചുവപ്പുനാടയെന്ന കുരുക്ക് തന്നെ ഇല്ലാതാവുകയും ചെയ്യും.
കാര്‍ഷിക മേഖലയിലെ വിവരങ്ങളുടെ ശേഖരവുമായി അഗ്രിചെയ്ന്‍ എന്ന ബ്ലോക്ക് ചെയ്ന്‍ പദ്ധതി കെബിഎ അവതരിപ്പിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ സമ്മാനത്തിന് അര്‍ഹമായ ആശയമാണിത്. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകളെ കുറിച്ചും എത്രമാത്രം വിള ലഭ്യമാകും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാകും.

മികച്ചൊരു ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോം ഇതിലൂടെ സൃഷ്ടിക്കാം.


പരിമിതികളില്ലാതെ ക്രിപ്‌റ്റോ കറന്‍സി

കേന്ദ്ര ബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത കറന്‍സിയെന്ന ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ് ക്രിപ്‌റ്റോ കറന്‍സികള്‍. ബിറ്റ്‌കോയ്ന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയെ കുറിച്ച് മാത്രമാണ് ഏറെ പേരും കേട്ടിരിക്കുക. എന്നാല്‍ വിവിധ പേരുകളില്‍ നൂറിലേറെ ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നു നിലവിലുണ്ട്. അതില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതു മുതല്‍ ഏതാനും രൂപ മാത്രം വിലമതിക്കുന്നത് വരെയുണ്ട്.

ലോഹനിര്‍മിതമായ നാണയമോ കടലാസ് നോട്ടോ അല്ല ഇത്തരം കറന്‍സികള്‍. കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ക്രിപ്‌റ്റോ കറന്‍സി എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. 2008 ല്‍ ബിറ്റോകോയ്ന്‍ ആണ് ആദ്യമായി പുറത്തിറങ്ങിയ ക്രിപ്‌റ്റോ കറന്‍സി. ഒരു ബിറ്റ് കോയ്‌ന് ഇന്ന് ആറര ലക്ഷത്തിലേറെ രൂപ മൂല്യമുണ്ട്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സിക്ക് ഇന്ത്യയില്‍ നിയമസാധുതയില്ല.

ഒരു രാജ്യത്തിന്റെയും അധീനതയില്‍ അല്ലാത്തതുകൊണ്ടു തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമോ മറ്റു കാരണങ്ങള്‍ കൊണ്ടോ കറന്‍സിയുടെ വിലയിടിയുന്നു എന്ന പരിമിതിയും ക്രിപ്‌റ്റോ കറന്‍സികള്‍ക്കില്ല. ക്രിപ്‌റ്റോ കറന്‍സിയെ കുറിച്ച് വിശദമായ ലേഖനങ്ങള്‍ ധനം മുന്‍ ലക്കങ്ങളില്‍ നല്‍കിയിട്ടുണ്ട്.


ഡാറ്റ അനലറ്റിക്‌സ്
നിങ്ങള്‍ ഓരോ നിമിഷവും ഡാറ്റയായി മാറുന്നു

ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ അടിക്കടി ഫോട്ടോ മാറ്റുന്നയാളാണോ നിങ്ങള്‍. സുഹൃത്തിന്റെ പുതിയ കാറില്‍ ചാരിനിന്നും ഷോപ്പിംഗ് മാളില്‍ കറങ്ങി നടന്നും ഫുഡ്‌കോര്‍ട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്. നിങ്ങളെയും നിങ്ങളുടെ സ്വഭാവത്തെയും ധനസ്ഥിതിയെയുമൊക്കെ കുറിച്ചുള്ള സൂചനകളാണ് നിങ്ങള്‍ പോലും അറിയാതെ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമൊക്കെ ലഭിക്കുന്നത്. ആദായനികുതി വകുപ്പ് വീട്ടിലെത്തുമെന്നു മാത്രമല്ല ബാങ്കില്‍ ചെന്നാല്‍ ഒരു വായ്പ പോലും കിട്ടിയെന്നു വരില്ല. അതെ, ഇത് ഡാറ്റ അനലിറ്റിക്‌സിന്റെ കാലമാണ്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈല്‍ പിക്ചര്‍ മുതല്‍ ആരുടെയെങ്കിലും പോസ്റ്റിനു താഴെ നിങ്ങളിടുന്ന കമന്റുകള്‍ പോലും നിരീക്ഷിക്കപ്പെടുന്നു. നിസാരമെന്നു കരുതുന്ന സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ മൂന്നാമതൊരു വ്യക്തിക്കു നമ്മെ കുറിച്ചുള്ള വിവരങ്ങളുടെ അക്ഷയഖനിയാണ് തുറന്നു നല്‍കുന്നത്.

എന്താണ് ഡാറ്റ അനലറ്റിക്‌സ്?

ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വെബ്‌സര്‍വര്‍ രേഖകള്‍ പോലുള്ള ഉറവിടങ്ങളില്‍ നിന്ന് വൈവിധ്യമാര്‍ന്ന അനവധി ഡാറ്റകള്‍ ശേഖരിച്ച് ഉപയോഗപ്രദമായ വിവരങ്ങള്‍ ക്രോഡീകരിച്ച് തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കത്തക്ക രീതിയിലേക്ക് മാറ്റിയെടുക്കുന്ന പ്രക്രിയയാണ് ഡാറ്റ അനലറ്റിക്‌സ്. ആമസോണിലും ഫഌപ് കാര്‍ട്ടിലുമൊക്കെ ഇഷ്ടപ്പെട്ട ഒരു സാധനം സെര്‍ച്ച് ചെയ്യുമ്പോള്‍ സമാന ഗുണങ്ങളുള്ള മറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സജസ്റ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അല്ലെങ്കില്‍ യൂട്യൂബില്‍ കയറുമ്പോള്‍ മനസിനിഷ്ടപ്പെടുന്ന വീഡിയോകള്‍ അടുത്തടുത്തായി വരുന്നത് കാണാറില്ലേ? ഇതെല്ലാം ഡാറ്റ അനലറ്റിക്‌സിന്റെ മിടുക്കാണ്. സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഒരു അഡ്വാന്‍സ്ഡ് വേര്‍ഷനെന്നു നമുക്കിതിനെ ലഘുവായി പറയാം. ഡിജിറ്റല്‍ ഡാറ്റകള്‍ ലഭ്യമായതോടെയാണ് ഡാറ്റ അനലറ്റിക്‌സ് എന്ന ഈ വിഭാഗം ഇത്രയും ശ്രദ്ധ പിടിച്ചു പറ്റിയത്. ആര്‍ (R), എസ്എഎസ് (SAS), എസ്പിഎസ്എസ് (SPSS), മാറ്റ് ലാബ് (Matlab) തുടങ്ങിയ സോഫ്റ്റ്‌വെയറുകളും ടൂളുകളുമാണ് ഡാറ്റ അനലിറ്റിക്‌സിന് ഉപയോഗിക്കുന്നത്.

സാധ്യതകളുടെ വലിയ ലോകം

ഡാറ്റയാണ് പുതിയ എണ്ണ ഖനിയെന്നാണ് ഐ.റ്റി മന്ത്രി രവിശങ്കര്‍ പ്രസാദ് അടുത്തിടെ പറഞ്ഞത്. ബിസിനസ്, ജനസേവനം, രാഷ്ടീയം, ചികിത്സാരംഗം, ശാസ്ത്ര സാങ്കേതികരംഗം തുടങ്ങിയ എല്ലാ മേഖലകളും ഡാറ്റ അനലറ്റിക്‌സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 59 ശതമാനം ഡാറ്റ സയന്‍സ് ജോലികളുടെയും ഗുണഭോക്താക്കളാകുക ബാങ്കുകളും ഇന്‍ഷുറന്‍സ്, ഐ.റ്റി കമ്പനികളുമാണ്.


ഫോബ്‌സിന്റെ കണക്കുപ്രകാരം ലോകത്തെ ഡാറ്റ അനലറ്റിക്‌സ് വ്യവസായം 204 ബില്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയിലിത് 2 ബില്യണ്‍ ഡോളറാണ്. 2025 ല്‍ 16 ബില്യണ്‍ ഡോളറാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ രണ്ടായിരത്തിലേറെ കമ്പനികളാണ് അനലറ്റിക്‌സില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഡാറ്റ സയന്‍സുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളിലെ വളര്‍ച്ച 50 ശതമാനമാണ്. 2020 ആകുമ്പോഴേക്കും ഏഴു ലക്ഷം ഡാറ്റ സയന്റിസ്റ്റുകള്‍, ഡാറ്റ ഡെവലപ്പര്‍മാര്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ എന്നിവരെ ആവശ്യമായി വരുമെന്നാണ് ഫോബ്‌സ് പറയുന്നത്.

ഡാറ്റ അനലറ്റിക്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സര്‍ക്കാരിന് ഒരു പാടുകാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് അയുറ്‌സ് ഡാറ്റ മാര്‍ക്കറ്റിംഗ് ഡയറക്ടറായ കെന്നി ജേക്കബ് പറയുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കു വേണ്ടി ഡാറ്റ അനലിറ്റിക്‌സ് ചെയ്തു നല്‍കുന്ന കമ്പനിയാണ് ഇദ്ദേഹത്തിന്റേത്. ''കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഡാറ്റകള്‍ അനലൈസ് ചെയ്താല്‍ നഷ്ടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കും.'

ബാങ്കിംഗില്‍ വരുന്നത് വലിയ മാറ്റം

ബാങ്കുകള്‍ വായ്പകള്‍ ലഭ്യമാക്കുന്ന രീതിയില്‍ മുതല്‍ പ്രോസസ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ വരെ ഡാറ്റ അനലിറ്റിക്‌സിന് കാര്യമായ പങ്കു വഹിക്കാനാകും. ഉദാഹരണത്തിന് ഒരു ഉദ്യോഗസ്ഥന്‍ സ്ഥിരമായി സുരക്ഷിതമല്ലാത്ത വായ്പകള്‍ അനുവദിക്കുന്നുണ്ടെന്നു കണ്ടെത്തിയാല്‍ അത്തരം കേസുകള്‍ മറ്റൊരു ഉദ്യോഗസ്ഥനിലേക്ക് മാറ്റി നല്‍കാനാകും. അതേപോലെ ഏതെങ്കിലും പ്രദേശങ്ങളിലുള്ളവര്‍ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ അതു കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കും.

ഇന്ത്യയില്‍ ഡാറ്റ അനലറ്റിക്‌സ് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്ന കമ്പനികളിലൊന്ന് ബജാജ്ഫിന്‍ സെര്‍വാണ്. ഇതുവഴിയാണ് മൂന്നു മിനിറ്റിനുള്ളില്‍ കമ്പനി വായ്പ ലഭ്യമാക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളെല്ലാം തന്നെ ഡാറ്റ അനലറ്റിക്‌സ് ഇപ്പോള്‍ തന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top