Feb 01, 2018
ഗ്ലോബല്‍ ബിസിനസില്‍ എങ്ങനെ വിജയിക്കാം?
ചില ബിസിനസുകള്‍, ചില ആശയങ്ങള്‍ അഗ്നികണക്കേ ലോകം മുഴുവന്‍ അവ ആളിപടരുന്നു.
facebook
FACEBOOK
EMAIL
how-to-win-with-global-business-competition

ഡോ. ജെ. രാജ്‌മോഹന്‍ പിള്ള

 

ബിസിനസിന്റെ അതിരുകളും നിയമങ്ങളുമൊക്കെ മാറിമറിയുന്ന ഒരു ഗ്ലോബല്‍ ബിസിനസിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്്. വിദേശ കമ്പനികള്‍ ലോകത്തൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ ഇന്ത്യന്‍ കമ്പനികളും ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് വിജയം കൈവരിക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ കമ്പനികള്‍ക്ക് ആഗോളതലത്തില്‍ വിജയം നേടാനാകാതെ വരുന്ന സാഹചര്യമുണ്ട്. എന്താണിതിന് കാരണം? ബിസിനസിന്റെ വിജയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ചില ഘടകങ്ങളുടെ അഭാവമാണ് മിക്കപ്പോഴും ആഗോളതലത്തിലുള്ള ഒരു മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കുന്നത്.

ഒരു ബിസിനസ് ഐഡിയയുടെ കണ്ടെത്തല്‍ മുതല്‍ അതിന്റെ നടത്തിപ്പ്, ഫണ്ടിംഗ്, ആസൂത്രണം തുടങ്ങിയ ഓരോ ഘട്ടങ്ങളും വളരെയേറെ നിര്‍ണ്ണായകമാണ്. അവയിലെല്ലാം തന്നെ വളരെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനമാണ് സംരംഭകന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്്. ഇവയില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നിനേക്കാള്‍ പ്രധാനമല്ല. മറിച്ച് ഇവയുടെയെല്ലാം ശരിയായ സംയോജനമാണ് ഒരു ബിസിനസിനെ ആഗോളതലത്തില്‍ വിജയത്തിലേക്കെത്തിക്കുന്നത്. സംരംഭങ്ങള്‍ക്ക് മാത്രമല്ല രാജ്യത്തിനും ഇക്കാര്യത്തില്‍ ശരിയായ ഫോക്കസ് ഉണ്ടാകേണ്ടിയിരിക്കുന്നു. അതിലൂടെ മാത്രമേ വിദേശ രാജ്യങ്ങളെപ്പോലെ ഇന്ത്യക്കും അതിലെ ജനങ്ങളെ ഒന്നടങ്കം ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് ഇത്തരം ഘടകങ്ങളെയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനമാണ് ഏറ്റവും അനിവാര്യം.


കണ്ടെത്തൂ, ഒരു മികച്ച ഐഡിയ

മലയാളികള്‍ക്ക് എല്ലാ കാര്യങ്ങളിലും നല്ല ആശയങ്ങളുണ്ട്. ഉദാഹരണത്തിന് മോദി എങ്ങനെ ഇന്ത്യയെ നയിക്കണമെന്നതിനെക്കുറിച്ച് നാട്ടിന്‍പുറത്തെ ഒരു ചായക്കടക്കാരന്‍ വാചാലനാകും. പക്ഷെ നല്ലൊരു ചായ ഉണ്ടാക്കാന്‍ അയാള്‍ക്ക് അറിയണമെന്നില്ല. ആശയരൂപീകരണത്തിലെ ഏറ്റവും വലിയൊരു പ്രശ്‌നമിതാണ്. എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഐഡിയകളാണ് ഇന്ത്യക്കാര്‍ പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍ അതിനുപകരം സ്വന്തം പ്രവര്‍ത്തന മേഖലകളില്‍ എങ്ങനെ മികച്ച ഐഡിയകള്‍ കൊണ്ടുവരാമെന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത്.

ഏറ്റവും മികച്ച ആശയമാണ് ഒരു സംരംഭത്തിന്റെ വിജയത്തിനാവശ്യമായ ആദ്യത്തെ ഘടകം. ഉദാഹരണമായി ഗൂഗിള്‍, ഇലക്ട്രിക് കാറുകള്‍, ഊബര്‍ തുടങ്ങിയവയൊക്കെ നൂതനമായ ഒറിജിനല്‍ ഐഡിയകളാണ്. ഇത്തരത്തില്‍ ലോകത്തിന് മുന്നിലേക്ക് വെക്കാവുന്ന ഒരു മികച്ച ഐഡിയ രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല. അത്തരമൊരു ആശയം എന്താണെന്ന് ഇനിയും നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനാല്‍ ഒറിജിനല്‍ ഐഡിയകള്‍ വികസിപ്പിച്ച് പ്രാവര്‍ത്തികമാക്കുകയെന്നതാണ് നമുക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളി.

മറ്റുള്ള സംരംഭങ്ങളെ അനുകരിച്ച് പ്രവര്‍ത്തിക്കുകയാണ് പൊതുവെ ഇന്ത്യക്കാരുടെ ശൈലി. ഇക്കാര്യത്തില്‍ ചൈനയും പിന്നിലല്ലെങ്കിലും അവര്‍ അതിനെ അടുത്ത ഒരു തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കും. ഉദാഹരണമായി യൂറോപ്പിലും ജര്‍മ്മനിയിലുമാണ് ഡ്രോണുകള്‍ വികസിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ ഒരു മില്യണ്‍ ഡ്രോണുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം ചൈന ഏറ്റെടുത്തതോടെ അവയുടെ വില കുറയുകയും അതിന്റെ ഉല്‍പ്പാദനം ചൈനയില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ഡ്രോണ്‍ എന്ന ആശയം സ്വന്തമല്ലെങ്കിലും മാസ് പ്രൊഡക്ഷനിലൂടെ വില കുറച്ചുകൊണ്ട് ഡ്രോണുകളുടെ ഉല്‍പ്പാദനം പൂര്‍ണ്ണമായും ചൈനയിലേക്ക് എത്തിക്കുന്നൊരു മാതൃകയാണ് അവര്‍ വികസിപ്പിച്ചെടുത്തത്. ഇതുതന്നെയാണ് ഉല്‍പ്പാദന രംഗത്ത് ചൈന പയറ്റുന്ന പ്രധാന തന്ത്രം.

നിശ്ചിത തോതില്‍ ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിന് പകരം വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് ചൈനയുടെ ഐഡിയ. ലഭ്യമായിട്ടുള്ള സ്ഥലവും മനുഷ്യവിഭവശേഷിയുമെല്ലാം അവര്‍ അതിനാണ് വിനിയോഗിക്കുന്നത്. ഒരു കാലത്ത് കളിപ്പാട്ടങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും നിര്‍മിച്ചിരുന്നെങ്കില്‍ ഇന്നത് ചൈനയിലാണ് ഏറ്റവും കൂടുതല്‍ നിര്‍മിക്കുന്നത്. മാസ് പ്രൊഡക്ഷന്‍ കാരണം ഉല്‍പ്പാദനചെലവ് കുറഞ്ഞതോടെ മറ്റുള്ള വിദേശ രാജ്യങ്ങളി
ലൊക്കെ അവര്‍ക്കത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും സാധിച്ചു.

ചൈനീസ് സര്‍ക്കാരായിരുന്നു ഇത്തരമൊരു ആശയം രൂപീകരിച്ച് നടപ്പാക്കിയത്. എന്നാല്‍ ലോകത്തെ എമര്‍ജിംഗ് മാര്‍ക്കറ്റുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ആശയം നമുക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.


എക്‌സിക്യൂഷന്‍ സമയബന്ധിതമാക്കുക

ഒരു മീറ്റിംഗ് പോലും കൃത്യസമയത്ത് തുടങ്ങാന്‍ നമ്മളാരും ശീലിച്ചിട്ടില്ല. അതുപോലെ ഒരു മികച്ച ഐഡിയ ഉണ്ടെങ്കിലും അത് ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. ഉദാഹരണമായി 'മേക്ക് ഇന്‍ ഇന്ത്യ' എന്നത് പുതിയൊരു ആശയമാണ്. പക്ഷെ അത് നടപ്പാക്കപ്പെടുന്നതിലെ പ്രശ്‌നങ്ങള്‍ കാരണം അതൊരു ആശയമായി തന്നെ നില്‍ക്കുകയാണ്. പരിസരശുചിത്വം പാലിക്കണമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും ഇപ്പോഴും മാലിന്യം വലിച്ചെറിയാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇലക്ഷന് മുന്‍പ്് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിക്കും. പക്ഷെ വിജയിച്ചാലും പിന്നീടതില്‍ ഒരടി പോലും മുന്നോട്ട് പോകില്ല. ഈയൊരു മനോഭാവത്തിലാണ് നമ്മള്‍ മാറ്റം വരുത്തേണ്ടത്.

വിദേശ രാജ്യങ്ങളില്‍ അനേകം നിലകളിലായി റോഡുകളും ഫ്‌ളൈഓവറുകളും നിര്‍മിക്കപ്പെടുമ്പോള്‍ ഇവിടെ ചെറിയ ഒരു ഫ്‌ളൈഓവര്‍ ചെയ്താല്‍ അതൊരു വലിയ നേട്ടമായി നമ്മള്‍ ആഘോഷിക്കും. കൊച്ചിന്‍ മെട്രോയ്ക്കും ദുബായ് മെട്രോയ്ക്കും ഒരു കൊറിയന്‍ കമ്പനിയാണ് ഒരേ സമയം പ്രൊപ്പോസല്‍ നല്‍കിയത്. ദുബായ് പദ്ധതി 9/9/2009ല്‍ പൂര്‍ത്തിയാക്കണമെന്നും വൈകിയാല്‍ ഓരോ ദിവസവും ഒരു മില്യണ്‍ ഡോളര്‍ വീതം നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു കരാര്‍. അതിനാല്‍ നിശ്ചിത ദിവസത്തിന്് മുന്‍പ് തന്നെ അവര്‍ പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്തു. കേരളവും അതേസമയത്താണ് കൊച്ചിന്‍ മെട്രോ എന്ന ആശയം ചര്‍ച്ച ചെയ്തത്്. പക്ഷെ 2018ല്‍ എത്തിയിട്ടും അത് ഭാഗികമായി മാത്രമേ പൂര്‍ത്തി
യായിട്ടുള്ളൂ. ഇതാണ് എക്‌സിക്യൂഷനിലുള്ള വ്യത്യാസം. അതിനാല്‍ എത്ര മികച്ച ആശയമാണെങ്കിലും അത് യഥാസമയം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ ചിലപ്പോള്‍ അതിന്റെ വിജയസാദ്ധ്യതയെ വരെ അത് ബാധിച്ചേക്കും.

പണം
വളര്‍ച്ചയ്ക്കുള്ള ഒരു ഘടകം മാത്രം

കുറെയധികം പണം ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ ഐഡിയയെ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സാധിക്കില്ല. പണം മാത്രം ഉപയോഗിച്ചുകൊണ്ട് ലോകത്ത് ഒരു കമ്പനിയും വിജയം നേടിയിട്ടുമില്ല. ലോക പ്രശസ്ത സംരംഭങ്ങളായ ആപ്പിള്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളൊക്കെ പണമില്ലാത്തവര്‍ സ്വന്തം നിലയില്‍ തുടങ്ങിയതാണ്്. പൂര്‍വ്വികരുടെ പണം ഉപയോഗിച്ചല്ല അത്തരം കമ്പനികളെ സംരംഭകര്‍ വളര്‍ത്തി വലുതാക്കിയത്. സമാന മേഖലകളില്‍ വളരെയധികം സമ്പത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളേക്കാള്‍ മികവ് പ്രകടിപ്പിച്ചതിനാലാണ് അവയൊക്കെ വന്‍വിജയം കൈവരിച്ചത്.

സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഫണ്ടിംഗ് ആവശ്യമാണ്. വ്യക്തികള്‍ക്കായാലും നമ്മുടെ രാജ്യത്തിനായാലും ഇന്ന് എല്ലാതരത്തിലുമുള്ള വിഭവങ്ങള്‍ ലഭ്യമാണ്. പക്ഷെ അവയൊക്കെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ പണത്തിനല്ല, മറിച്ച് മികച്ച ആശയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ആളുകള്‍ നമുക്കില്ലെന്നതാണ് പ്രശ്‌നം. ഫണ്ടിംഗ് മാത്രമുപയോഗിച്ച് വളര്‍ച്ച നേടാനാകില്ല. പണമെന്നത് വിജയം കൈവരിക്കുന്നതിനുള്ള ഒരു മാര്‍ഗവുമല്ല. അത് വളര്‍ച്ചക്കുള്ള ഒരു ഘടകം മാത്രമാണെന്ന വസ്തുത സംരംഭകര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്്. ബിസിനസിനോടുള്ള നിങ്ങളുടെ പാഷനാണ് പ്രധാനം. പണമുണ്ടാക്കുക എന്നതായിരിക്കരുത് ബിസിനസിലെ നിങ്ങളുടെ പ്രധാന ലക്ഷ്യം. സാധാരണക്കാര്‍ കുറെയധികം പണം ലഭിച്ചാല്‍ ജോലിയില്‍ നിന്നും വിരമിക്കാമെന്ന് കരുതും. പക്ഷെ ലോകത്തെ വലിയ ബിസിനസുകാരൊന്നും പണം ഉണ്ടായിട്ടും ബിസിനസ് നിര്‍ത്തിയിട്ടില്ല. കാരണം പണമല്ല അവരുടെ ലക്ഷ്യം. മറിച്ച് ബിസിനസിനോടുള്ള പാഷനാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അവരുടെ പാഷന്റെ ഒരു ഉപോല്‍പ്പന്നം മാത്രമാണ് പണം. ഇതാണ് പൊതുവെ ആളുകള്‍ മനസിലാക്കാത്ത ഒരു കാര്യം.

ബിസിനസ് ചെയ്യുന്നത് പണത്തിന് വേണ്ടിയാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. പാഷന്‍ ഇല്ലെങ്കില്‍ സംരംഭകര്‍ക്ക് മാത്രമല്ല ആര്‍ക്കുംതന്നെ യാതൊന്നും ചെയ്യാനാകില്ല. ഉദാഹരണമായി നൂതനവും വൈവിധ്യമാര്‍ന്നതുമായ വീടുകള്‍ നിര്‍മിക്കുക എന്നതായിരിക്കണം ഒരു ബില്‍ഡറുടെ പാഷന്‍. സമൂഹത്തിന് നല്‍കുന്ന സേവനമാണ് ബിസിനസ്. ഉപഭോക്താവിന് ആവശ്യമുള്ള സംഗതികള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള പ്രതിഫലമാണ് തിരികെ ലഭിക്കുന്നത്.


പ്ലാനിംഗ്, വളര്‍ച്ചയിലേക്കുള്ള ചുവടുവയ്പ്

ഐഡിയ, എക്‌സിക്യൂഷന്‍, മനുഷ്യവിഭവശേഷി, ഫണ്ട് എന്നിവയൊക്കെ ഉണ്ടെങ്കിലും ശരിയായ പ്ലാനിംഗിലൂടെ മാത്രമേ സംരംഭത്തെ മുന്നോട്ട് നയിക്കാനാകൂ. ഒരു ക്രിക്കറ്റ് കളിയിലെന്ന പോലെ ചിലപ്പോള്‍ സ്പീഡ്
കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. ചിലപ്പോള്‍ ഡിഫെന്‍സീവായി നീങ്ങണം, ചിലപ്പോള്‍ ഒരു അറ്റാക്കിംഗ് മോഡിലേക്ക് മാറണം, അതുമല്ലെങ്കില്‍ ചിലപ്പോള്‍ ഒരു സമനിലയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയായിരിക്കണം കളിക്കുന്നത്. ഇത്തരം കണ്‍സെപ്റ്റുകളാണ് സംരംഭകരുടെയും പ്ലാനിംഗില്‍ ഉണ്ടാകേണ്ടത്. വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഉദാഹരണമായി ജര്‍മ്മനിയുടെ പ്ലാനിംഗ് എന്‍ജിനീയറിംഗിലാണ്. ആ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഈയൊരു മേഖലയില്‍ ആയതിനാല്‍ അവര്‍ ആ രംഗത്ത് മികച്ച് നില്‍ക്കുകയും ചെയ്യുന്നു. ഏതൊരു ജര്‍മ്മന്‍ ഉല്‍പ്പന്നത്തിന്റെയും വില കൂടുതലാണെങ്കിലും അത് മികച്ച എന്‍ജിനീയറിംഗുള്ളതായിരിക്കും.


എന്നാല്‍ ചൈനയുടെ സ്ഥിതി നേരെ മറിച്ചാണ്. മാസ് പ്രൊഡക്ഷനിലൂടെ ചെലവ് കുറച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് അവര്‍ ഫോക്കസ് നല്‍കിയിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നൂതനാശയങ്ങളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അത് ആ രാജ്യങ്ങളുടെ മുഴുവന്‍ ഒരു കണ്‍സെപ്റ്റാണ്. ആരുംതന്നെ ഇന്നേവരെ ആലോചിക്കാത്ത കാര്യങ്ങള്‍ പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഈ രാജ്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരമൊരു ഫോക്കസ് ഇന്ത്യക്കില്ല. അതിനാല്‍ ഗവണ്‍മെന്റ് തന്നെ അതൊന്ന് പ്ലാന്‍ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്്. അതിലൂടെ പ്ലാനിംഗിന് അനുസരണമായുള്ള വികസനം സാധ്യമാകുകയും കാര്യങ്ങള്‍ സുഗമമായി മുന്നേറുകയും ചെയ്യും.

 

മികച്ച മനുഷ്യവിഭവശേഷി അനിവാര്യം

നിങ്ങളുടെ ഐഡിയകള്‍ നടപ്പാക്കുന്നതിന് മികച്ച മാനേജര്‍മാര്‍ അത്യാവശ്യമാണ്. ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കഴിവുള്ള വരെ കണ്ടെത്തി ചുമതലകള്‍ നല്‍കുകയെന്നതാണ് ഇതില്‍ പ്രധാനം. സംരംഭകര്‍ മാത്രമല്ല നമ്മുടെ രാജ്യവും ഇക്കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. വെറുതെ എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും സൃഷ്ടിച്ചുവിടുകയല്ല വേണ്ടത്്, മറിച്ച് അവര്‍ക്കൊക്കെ നൂതനാശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള ശേഷിയുണ്ടായിരിക്കണം. പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് പ്രയോഗിക പരിജ്ഞാനം വേണ്ടത്ര ഉണ്ടാകില്ലെന്നതാണ് പ്രശ്‌നം.

ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി സംസാരിക്കവേ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും ഒരു സെഞ്ച്വറി അടിക്കണമെന്ന ഐഡിയ ഉണ്ടാകുമെന്ന്് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷെ ബാറ്റ് ചെയ്യുന്നതിനിടെ വിക്കറ്റ് പോകുമ്പോഴാണ് അത് എക്‌സിക്യൂട്ട് ചെയ്യാനായില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ മനസിലാക്കുന്നത്. അതുവരെ എവിടേക്ക് ഫോറും സിക്‌സറുമൊക്കെ അടിക്കണമെന്ന ഐഡിയ ഉണ്ടാകും. പക്ഷെ അത് നടപ്പാക്കുന്നതിനുള്ള കഴിവ് ഇല്ലെങ്കില്‍ അതൊരു ആശയമായി തന്നെ നിലനില്‍ക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേ അത്തരം ആശയങ്ങളെ വളരെ ഭംഗിയായി നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളൂ. അതിനാല്‍ നിങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കാന്‍ സച്ചിനെപ്പോലെയുള്ള ആളുകളെയാണ് ആവശ്യം. അതായത് ആശയങ്ങള്‍ ഏറ്റവും ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്തണമെന്ന് അര്‍ത്ഥം.


രാജ്യത്തോടുള്ള പ്രതിബദ്ധത

ഒരു രാജ്യത്തോടുള്ള അവിടത്തെ ജനങ്ങളുടെ കമിറ്റ്്‌മെന്റാണ് മറ്റൊരു പ്രധാന ഘടകം. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിന് വേണ്ടി എന്ത് സംഭാവന നല്‍കിയിട്ടുണ്ടെന്നത് ഒരോ വ്യക്തിയും ചിന്തിക്കണം. വിദേശ മലയാളികള്‍ അന്യരാജ്യങ്ങളില്‍ പോയി സ്വന്തം കാര്യം നോക്കുന്നതോടൊപ്പം തങ്ങളുടെ നാടിനോട് എന്ത് പ്രതിബദ്ധത പുലര്‍ത്തുന്നുവെന്നതും സ്വയം ചിന്തിക്കണം. പ്രതിബദ്ധതയുള്ള 100 ഇന്ത്യക്കാരെ തന്നാല്‍ ഞാനീ രാജ്യത്തെ മുഴുവന്‍ മാറ്റാമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള ഒരാള്‍ക്ക് പ്രതിബദ്ധതയുള്ള 100 ആളുകളെ ഇവിടെ കണ്ടെത്താനായില്ലെങ്കില്‍ ഞാനും നിങ്ങളുമൊക്കെ അത്തരമൊരു സമൂഹത്തിന്റെ ഭാഗമാണല്ലോ എന്നോര്‍ത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു.

 

ബഹ്‌റിനില്‍ നടന്ന ഗോപിയോ കണ്‍വെന്‍ഷനില്‍ ഡോ.രാജ്‌മോഹന്‍ പിള്ള നടത്തിയ പ്രഭാഷണത്തെ അവലംബമാക്കിതയാറാക്കിയത്. ഫുഡ്് ആന്റ്് ബിവറേജസ്, സര്‍വീസസ്, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായി അനേകം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മള്‍ട്ടി-ബില്യണ്‍ ഡോളര്‍ സംരംഭമായ ബീറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ഡോ. ജെ.രാജ്‌മോഹന്‍പിള്ള.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top