Jan 12, 2018
റീറ്റെയ്ല്‍ ബിസിനസില്‍ ചെലവ് കുറച്ച് ലാഭം കൂട്ടാം, ഇതാ ആ രഹസ്യം
റീറ്റെയ്ല്‍ ബിസിനസില്‍ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധിക്കൂ, ലാഭം കൂട്ടാം
facebook
FACEBOOK
EMAIL
how-to-make-better-profit-in-retail-business-in-kerala-v-a-ajmal

റീറ്റെയ്ല്‍ ബിസിനസില്‍ മത്സരം ഏറെയാണ്. ലാഭം അനുദിനം കുറയുകയും ചെയ്യുന്നു. പക്ഷേ സ്വന്തമായ ബിസിനസ് മോഡല്‍ വികസിപ്പിച്ചെടുത്ത് റീറ്റെയ്ല്‍ രംഗത്ത് ലാഭം കൂട്ടുകയാണ് ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ, ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ പ്രമുഖരായ ബിസ്മി ഗ്രൂപ്പ്. സംസ്ഥാനമെമ്പാടുമായി 16 ഷോറൂമുകളുള്ള ഗ്രൂപ്പ് ചെലവ് കുറച്ച് ലാഭം കൂട്ടുന്നതെങ്ങനെയെന്ന് മാനേജിംഗ് ഡയറക്റ്റര്‍ വി.എ അജ്മല്‍ വെളിപ്പെടുത്തുന്നു


റീറ്റെയ്ല്‍ ബിസിനസില്‍ വിജയിക്കാന്‍ പലരും പല ഘടകങ്ങളും പറയും. മികച്ച ഉല്‍പ്പന്നം, ഉപഭോക്തൃസേവനം, കുറഞ്ഞ വില, മികച്ച ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഷോറും, വിശാലമായ പാര്‍ക്കിംഗ് ... എന്നൊക്കെ.
ഇവയൊക്കെ കാലാകാലങ്ങളായി എല്ലാവരും പിന്തുടരുന്ന കാര്യങ്ങള്‍ തന്നെയാണ്. ഈ ചേരുവകളൊക്കെ കൃത്യമായി ചേര്‍ത്തിട്ടും ലാഭകരമായി റീറ്റെയ്ല്‍ ബിസിനസ് ഇന്നത്തെ കാലത്ത് കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കാലം മാറി. സാഹചര്യങ്ങളും. ഇതുവരെ ചേര്‍ത്തുവെച്ച ഫോര്‍മുലകള്‍ ഇപ്പോള്‍ ഫലപ്രദമാകണമെന്നില്ല.ആ സാഹചര്യത്തിലാണ് ബിസ്മി ഗ്രൂപ്പ് മാറി ചിന്തിക്കാന്‍ തുടങ്ങിയത്. റീറ്റെയ്ല്‍ ബിസിനസില്‍ ലാഭം കൂട്ടാന്‍ നൂതനമായ ഒരു വഴി ചെലവ് കുറയ്ക്കുക എന്നതാണ്. പരമ്പരാഗത രീതി വിട്ട് എങ്ങനെ ചെലവ് ചുരുക്കാമെന്ന് ചിന്തിച്ചു.

റീറ്റെയ്ല്‍ ബിസിനസില്‍ മൂന്ന് കാര്യങ്ങളില്‍ നൂതന രീതി അവലംബിച്ചാല്‍ അധികചെലവ് പരമാവധി കുറച്ചു നിര്‍ത്താമെന്ന് കണ്ടെത്തി. അങ്ങനെയാണ് ആ മൂന്ന് കാര്യങ്ങളില്‍ ഞാന്‍ വേറിട്ട രീതി അവലംബിച്ചു തുടങ്ങിയത്.

പണചെലവുള്ള മൂന്ന് കാര്യങ്ങള്‍

ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അതിവിശാലമായ ഷോറൂം വേണം. ഈ രംഗത്തെ പലരും ഇത് വാടകയ്ക്ക്് എടുക്കുകയാണ് ചെയ്യുന്നത്. വന്‍ പണചെലവ് വരുത്തുന്ന ആദ്യ കാര്യം ഇതാണ്.

രണ്ടാമത്തേത് ജീവനക്കാരാണ്. വിശാലമായ ഷോറൂമില്‍ കസ്റ്റമര്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ജീവനക്കാര്‍ വേണം. മതിയായ ബില്ലിംഗ് സ്റ്റാഫ് വേണം. ഫ്‌ളോര്‍ മാനേജര്‍മാര്‍ വേണം. ഇലക്ട്രീഷ്യന്‍, പായ്ക്കിംഗ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നുവേണ്ട എവിടെയും ആരെയും കുറയ്ക്കാനോ ഒഴിവാക്കാനോ സാധിക്കില്ല. ചെലവ് ചുരുക്കാന്‍ ജീവനക്കാരെ വെട്ടിക്കുറച്ചാല്‍ അത് ബിസിനസിനെ ബാധിക്കും.

മൂന്നാമത്തേതും സുപ്രധാനവുമായ മറ്റൊന്ന് ഇലക്ട്രിസിറ്റി ചാര്‍ജാണ്. ഷോറൂമില്‍ ആളുകള്‍ നിറയെ ഉണ്ടായാലും ഇല്ലെങ്കിലും എയര്‍ കണ്ടീഷണറുകളും ലൈറ്റുകളും ഒക്കെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കും.

ചെലവ് കുറച്ച് ലാഭം നേടുന്നതിന്റെ ഭാഗമായി ഈ മൂന്ന് മേഖലകളിലും ഞാന്‍ പുതിയൊരു രീതി അവലംബിക്കാന്‍ തുടങ്ങി. എന്റെ ബിസിനസില്‍ അത് മെച്ചമായതുകൊണ്ടാണ് മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ തയാറാകുന്നതും.

ലീസിനെടുത്ത സ്ഥലത്ത് പ്രീ ഫാബ് ബില്‍ഡിംഗ്

ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നഗര മധ്യത്തിലെ വലിയ കെട്ടിടങ്ങള്‍ അതിനായി വാടകയ്ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ചു. ബിസ്മിയ്ക്ക് മികച്ചൊരു ബ്രാന്‍ഡ് പ്രതിച്ഛായയുണ്ട്. ജനങ്ങള്‍ക്ക് ആ ബ്രാന്‍ഡില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് നഗരത്തിരക്കില്‍ നിന്ന് വിട്ട് പാര്‍ക്കിംഗ് സൗകര്യമൊക്കെ പരിഗണിച്ചുള്ള സ്ഥലം ഞാന്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി.

ലീസിനെടുത്ത സ്ഥലത്ത് നമുക്ക് അഴിച്ചെടുക്കാന്‍ പറ്റുന്ന വിധത്തിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ബില്‍ഡിംഗുകള്‍ പണിതു. തറകെട്ടി അതിനു മുകളില്‍ നിര്‍മിക്കുന്ന ഈ സ്റ്റീല്‍ സ്ട്രക്ചറിന്റെ പ്രധാന സവിശേഷത ഇതിനുള്ളില്‍ പില്ലറുകളില്ലെന്നതാണ്.

നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമ്പോള്‍, നമ്മള്‍ ആ കെട്ടിടത്തിന്റെ സ്വഭാവം വെച്ച് ബിസിനസ് ശൈലി മാറ്റേണ്ടി വരും. പക്ഷേ പ്രീ ഫാബ് കെട്ടിടമാണെങ്കില്‍ നമ്മുടെ സ്വന്തം ശൈലിയിലുള്ള ബിസിനസിന് അനുസരിച്ച് കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കാം.

ഓരോ പ്രദേശത്തെയും ജനങ്ങളുടെ ഷോപ്പിംഗ് താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കടന്നെത്തുന്ന ആ പ്രദേശത്തെ കസ്റ്റമറുടെ മനസറിഞ്ഞു വേണം ഷോറൂം ക്രമീകരിക്കാന്‍. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ബിസ്മിക്ക് തനതായ ഒരു സ്റ്റൈലുണ്ട്. പ്രീ ഫാബ് കെട്ടിടത്തില്‍ ആ ശൈലി അതേപടി പകര്‍ത്താന്‍ സാധിക്കും. പരമ്പരാഗത കെട്ടിട നിര്‍മാണ രീതികളേക്കാള്‍ ചെലവ് കുറഞ്ഞതാണിത്. റൂഫിംഗിനും കെട്ടിടത്തിനകത്തെ ഇടഭിത്തി നിര്‍മാണത്തിനുമെല്ലാം സാന്‍ഡ് വിച്ച് പാനലുകളും ഉപയോഗിച്ചു. രണ്ട് ഷീറ്റുകള്‍ക്കിടയില്‍ പിയു മെറ്റീരിയല്‍ നിറച്ച സാന്‍ഡ് വിച്ച് പാനല്‍ അകത്തെ ചൂട് കുറയ്ക്കാന്‍ ഉപകരിച്ചു. സാധാരണ റൂഫിംഗ് ഷീറ്റിനേക്കാള്‍ എട്ട് ഡിഗ്രിയോളം ചൂട് കുറയുന്നു്യുെന്നാണ് ഞങ്ങളുടെ അനുഭവം. ഇതോടെ എ സികളുടെ ലോഡ് കുറയ്ക്കാന്‍ സാധിച്ചു. വൈദ്യുതി ഉപഭോഗവും കുറഞ്ഞു. വാടക ഗണ്യമായി കുറയ്ക്കാനും സാധിച്ചു.

മികവുറ്റ ജീവനക്കാരും കുറ്റമറ്റ എച്ച്ആര്‍ നയങ്ങളും

ആത്മാര്‍പ്പണമുള്ള ജീവനക്കാരുടെ ടീം വര്‍ക്കാണ് ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിനു പിന്നിലെ ഒരു ഘടകം. സ്വയം പ്രചോദിതരായ, കസ്റ്റമറുടെ മനസ് കണ്ടറിഞ്ഞ് പെരുമാറാന്‍ പറ്റുന്ന ജീവനക്കാരെയാണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വിന്യസിക്കുന്നത്. ഓരോ പ്രദേശത്തിനും അനുസരിച്ച് ജനങ്ങളുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും മാറും. അതത് പ്രദേശത്തെ കുടുംബങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൃത്യമായി അറിയുന്നത് ആ പ്രദേശത്തുള്ള കുടുംബിനികള്‍ തന്നെയാകും. ഇത് മനസിലാക്കി സെയ്ല്‍സ് ടീമില്‍ തദ്ദേശീയരായ വനിതകളെ ഉള്‍ക്കൊള്ളിക്കും. ഇവര്‍ക്ക് കൃത്യമായി അവിടത്തെ ജനങ്ങളുടെ താല്‍പ്പര്യമറിയാന്‍ സാധിക്കുന്നതുകൊണ്ട് ഇന്‍വെന്ററി ഒപ്റ്റിമൈസേഷന്‍ ഭംഗിയായി നടത്താനും സാധിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പിലെ നിര്‍ണായകമായ ഒരു ഘടകമാണ് ഇന്‍വെന്ററി ഒപ്റ്റിമൈസേഷന്‍.
അതുപോലെ തന്നെ ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കാന്‍ മികവുറ്റ എച്ച് ആര്‍ നയങ്ങളും ബിസ്മിയ്ക്കുണ്ട്.

സംതൃപ്തിയുള്ള ജീവനക്കാരാണെങ്കില്‍ അവര്‍ ആത്മാര്‍പ്പണത്തോടെ ജോലി ചെയ്യും. അസംതൃപ്തരായ അഞ്ചു പേരുടെ സ്ഥാനത്ത് സംതൃപ്തരായ മൂന്നുപേരുണ്ടായാല്‍ മതിയെന്നാണ് എന്റെ അനുഭവം.

സൗരോര്‍ജ്ജ കുട ചൂടി ഷോറൂമുകള്‍

ബിസ്മി ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തുകൊണ്ടുവന്ന ഒരു വിപ്ലവകരമായ മാറ്റമെന്നു വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒന്നുണ്ട്. അത് അധികമാരും അറിയാത്ത ഒരു ഹരിത വിപ്ലവം കൂടിയാണ്. ഞങ്ങളുടെ ഷോറൂമുകളുടെ റൂഫ് ഇപ്പോള്‍ സൗരോര്‍ജ്ജോല്‍പ്പാദന കേന്ദ്രങ്ങള്‍ കൂടിയാണ്. ഞങ്ങളുടെ വിശാലമായ ഷോറൂമുകളുടെ റൂഫുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ആസ്തിയാക്കി ഞങ്ങള്‍ മാറ്റി. ബിസ്മിയുടെ പെരിന്തല്‍മണ്ണ, വൈറ്റില, പാലക്കാട് ഷോറൂമുകളുടെ റൂഫില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ ഷോറൂമുകളുടെ മൊത്തം ഊര്‍ജ്ജോപഭോഗത്തിന്റെ 50 ശതമാനത്തോളം സോളാറിനെയാണ് ആശ്രയിക്കുന്നത്. ബാക്കപ്പ് ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തിനുവേണ്ട ഇന്ധന ചെലവില്‍ 30 ശതമാനത്തോളം ലാഭിക്കാനും സാധിച്ചു.

ബാറ്ററി സ്ഥാപിച്ച് സംഭരിക്കാതെ ഓണ്‍ ഗ്രിഡ് യൂണിറ്റുകളായതിനാല്‍ മൂന്നുവര്‍ഷം കൊണ്ട് ഇത് സ്ഥാപിക്കാന്‍ വേണ്ടി വന്ന നിക്ഷേപം തിരിച്ചു കിട്ടും. ഓഫ് ഗ്രിഡാണെങ്കില്‍ പത്ത് വര്‍ഷം വേണ്ടി വരും.

കമ്പനികളെയും ഉല്‍പ്പന്നങ്ങളെയും തെരഞ്ഞെടുക്കാന്‍ എന്റെ എന്‍ജിനീയറിംഗ് പശ്ചാത്തലം ഏറെ സഹായകമാകുന്നുമുണ്ട്. ബിസ്മിയുടെ ഇനി വരാന്‍ പോകുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളെല്ലാം തന്നെ സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്നവയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മികച്ച രീതിയില്‍ വിന്യസിക്കുന്ന സോളാര്‍ ഫോട്ടോവോള്‍ട്ടായിക് പ്രോജക്റ്റുകള്‍ ഏതൊരു ബിസിനസിനെയും സംബന്ധിച്ചിടത്തോളം നല്ലൊരു സാമ്പത്തിക നിക്ഷേപം കൂടിയാണ്. 25 വര്‍ഷത്തേക്കെങ്കിലും അത് ഊര്‍ജ്ജോല്‍പ്പാദിപ്പിക്കും. പരമാവധി അഞ്ചു വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം ലഭിക്കും. ഇതോടൊപ്പം ഓരോ ഷോറൂമിലുള്ള വൈദ്യുതി ഉപഭോഗം കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജമാക്കി. വൈദ്യുത ഉപഭോഗം കൃത്യമായി അറിയാന്‍ സാധിക്കുന്ന സോഫ്റ്റ് വെയര്‍ സംവിധാനവും സജ്ജമാക്കി. വൈദ്യുതിയുടെ പാഴ്‌ചെലവ് നിയന്ത്രിക്കുകയും വൈദ്യുതോപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തതോടെ ഇലക്ട്രിസിറ്റി ചാര്‍ജ് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു.

ഇങ്ങനെ നൂതനമായ മാര്‍ഗങ്ങളിലൂടെ ചെലവ് ചുരുക്കി നേടുന്ന ലാഭത്തിന്റെ ഒരു വിഹിതം കൂടി ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനാല്‍ അവര്‍ക്ക് ഏറ്റവും ന്യായമായ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. ഇത് കച്ചവടം വര്‍ധിപ്പിക്കുന്ന ഘടകമായി മാറുന്നുണ്ട്. അതും ഗ്രൂപ്പിന്റെ ലാഭം കൂട്ടുന്ന ഘടകമായി പരിണമിക്കുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top