May 15, 2018
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വ്യത്യസ്തമാകുന്നത് എങ്ങനെ?
നൂറ്റിപതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മണ്ണില്‍ പിറവിയെടുത്ത പ്രസ്ഥാനം കാലത്തെ അതിജീവിച്ച് എന്നും പുതുമകളോടെ നില്‍ക്കുന്നതെങ്ങനെയാണ്?
facebook
FACEBOOK
EMAIL
how-does-kottakkal-arya-vaidya-sala-became-different

നൂറ്റിപതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മണ്ണില്‍ പിറവിയെടുത്ത പ്രസ്ഥാനം കാലത്തെ അതിജീവിച്ച് എന്നും പുതുമകളോടെ നില്‍ക്കുന്നതെങ്ങനെയാണ്?

'ധര്‍മ്മോ ജയതി നാധര്‍മ്മ' ധര്‍മ്മം മാത്രമാണ് വിജയിക്കുക. അധര്‍മ്മമല്ല. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ആര്യവൈദ്യശാലയുടെ പ്രവേശന കവാടത്തില്‍ കാണാം ഈ പ്രമാണസൂക്തം.

ധര്‍മത്തിലൂന്നി, മനുഷ്യന്റെ ഗുണത്തിനുവേണ്ടി പ്രയത്‌നിക്കുന്ന പ്രസ്ഥാനം കാലത്തെ അതിജീവിച്ച് നില്‍ക്കുമെന്ന് ആ കവാടം കടന്നെത്തുമ്പോള്‍ കാണുന്ന ആര്യവൈദ്യശാലയും തെളിയിക്കുന്നു.

ലോകത്തിന് കേരളം നല്‍കിയ രണ്ട് സുപ്രധാന സംഭാവനകളുണ്ട്. ആയുര്‍വേദവും കഥകളിയും. ഇവ രണ്ടും കടല്‍ കടന്ന് രാജ്യാന്തര പ്രശസ്തമാകാന്‍ ഇടയാക്കിയതില്‍ നിര്‍ണായക പങ്കുണ്ട് ഈ പ്രസ്ഥാനത്തിന്.

സ്വന്തം ലാഭത്തേക്കാളുപരി മനുഷ്യരാശിക്ക് ഗുണം പകരുക, സമ്പത്തിന്റെ ഗുണഫലത്തിന് സമൂഹം ഒന്നാകെ അര്‍ഹരാകുക എന്നിങ്ങനെ വിശാലമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആയുര്‍വേദത്തിന് നവീനമായ മുഖം നല്‍കുക എന്ന കാഴ്ചപ്പാടാണ് ആര്യവൈദ്യശാലയെ വ്യത്യസ്തമാക്കുന്നത്.

 

എങ്ങനെ ഒരു പ്രസ്ഥാനത്തെ കാലാതിവര്‍ത്തിയായി നിര്‍ത്താം എന്നുകൂടി ആര്യവൈദ്യശാല കോര്‍പ്പറേറ്റ് ലോകത്തെ പഠിപ്പിക്കുന്നുണ്ട്.

മഹത്തായ ലക്ഷ്യം

ആയുര്‍വേദത്തിന്റെ നവോത്ഥാന നായകന്‍ എന്ന വിശേഷണത്തിന് യോജ്യനാണ് ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ് വാരിയര്‍. ആയുര്‍വേദത്തിന്റെ ഫലസിദ്ധിയില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിച്ച അദ്ദേഹം ഈ പ്രസ്ഥാനം ഒരു മരുന്നുല്‍പ്പാദന ശാലയായി മാത്രം ഒതുങ്ങാതെ വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ തക്കവിധമുള്ള അടിസ്ഥാനശിലയാണ് ഏകിയത്.
ഔഷധ നിര്‍മാണം, വിപണനം, ചികിത്സ, ഗവേഷണം, സസ്യപരിപാലനം, വൈദ്യപഠനം, വിജ്ഞാനവ്യാപനം, ശാസ്ത്ര പ്രസിദ്ധീകരണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആര്യവൈദ്യശാലയ്ക്ക് സവിശേഷതകള്‍ ഏറെയുണ്ട്. അതില്‍ പ്രധാനം മനുഷ്യജീവിതത്തിലെ സങ്കടങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന സംസ്‌കാരമാണ്. ഈ സംസ്‌കാരം സമൂഹത്തില്‍ അടയാളപ്പെടുത്തുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ്.അവയില്‍ ചിലത്.

 • 160 കിടക്കകള്‍ ഉള്ള ധര്‍മ്മാശുപത്രിയില്‍ ആയുര്‍വ്വേദ ചികിത്സയും അലോപ്പതി ചികിത്സയും താമസം, ഭക്ഷണം എന്നിവയും സൗജന്യമായി നല്‍കുന്നു.
 • സുനാമി ദുരിതബാധിതരെ സഹായിക്കുന്നതിനായിആറാട്ടുപുഴയില്‍ ദീര്‍ഘകാല ആരോഗ്യസുരക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
 • സിക്കിള്‍സെല്‍ അനീമിയ രോഗബാധിതരായ വയനാട്ടിലെ ജനങ്ങള്‍ക്ക് ചികിത്സയും പരിചരണവും.
 • കാന്‍സര്‍ ബാധിതര്‍ക്ക് സൗജന്യ ചികിത്സയും ഔഷധങ്ങളും നല്‍കുന്നു.
 • വൈദ്യസേവനവും ഔഷധങ്ങളും സൗജന്യമായി നല്‍കുന്ന മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.

ഭരണ സംവിധാനം

കഴിഞ്ഞ 64 വര്‍ഷമായിആര്യവൈദ്യശാലയെ മുന്നോട്ട് നയിക്കുന്നത് ഡോ: പി.കെ വാരിയരാണ്. വൈദ്യരത്‌നം പി എസ് വാരിയരുടെ മരുമകനാണ് അദ്ദേഹം. പരമോന്നത സിവിലിയന്‍ ബഹുമതികളായ പദ്മശ്രീ, പദ്മഭൂഷണ്‍ എന്നിവനല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സകന്‍, ആയുര്‍വേദ പണ്ഡിതന്‍ എന്നീ നിലകളില്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ ഡോ: പി.കെ വാരിയരെത്തേടി എത്തിയിരിക്കുന്നു. അതിനൊക്കെപ്പുറമെ അദ്ദേഹം ഉല്‍പതിഷ്ണുവായ ഒരു മനുഷ്യസ്‌നേഹിയും കര്‍മകുശലനായ ഭരണനിപുണനും ജ്ഞാനകുതുകിയായ ഗവേഷകനും കൂടിയാണ്.

പി. രാഘവവാരിയര്‍, സി.എ വാരിയര്‍, ഡോ: പി.മാധവന്‍കുട്ടി വാരിയര്‍, ഡോ. കെ. മുരളീധരന്‍, അഡ്വ:സി.ഇ ഉണ്ണികൃഷ്ണന്‍, ഡോ: എസ്.ജി രമേഷ് എന്നിവര്‍ അംഗങ്ങളായ ട്രസ്റ്റ് ബോര്‍ഡാണ് ആര്യവൈദ്യശാലയ്ക്കുള്ളത്.

ബഹുമുഖം, ഈ പ്രവര്‍ത്തനശൈലി

പുതിയ കാലത്തെ കോര്‍പ്പറേറ്റുള്‍ക്കൊപ്പം നില്‍ക്കുന്ന ബഹുമുഖമായ പ്രവര്‍ത്തന രീതിയാണ് കോട്ടയ്ക്കലിന്റേതും. മനുഷ്യ സമൂഹത്തിന് ഏതെല്ലാം വിധത്തില്‍ ഗുണകരമായി നിലകൊള്ളാം എന്നതിന്റെ അന്വേഷണം കൂടിയാകാം ഈ ബഹുമുഖ പ്രവര്‍ത്തന ശൈലി രൂപപ്പെട്ടുവരാന്‍ കാരണവും. നോക്കാം ,ആര്യവൈദ്യശാലയുടെ പ്രവര്‍ത്തന രംഗങ്ങളിലേക്ക്.

 • കോട്ടയ്ക്കല്‍, കഞ്ചിേക്കാട്, നഞ്ചന്‍ഗോഡ് (കര്‍ണാടക) എന്നിവിടങ്ങൡ ഏങജ അംഗീകാരമുള്ള ഔഷധ നിര്‍മാണ ഫാക്റ്ററികള്‍.
 • അഞ്ഞൂറിലധികം ഔഷധങ്ങള്‍.
 • ഇന്ത്യയ്ക്കകത്തും പുറത്തുമായി 1650 ലധികം അംഗീകൃത ഡീലര്‍മാര്‍.
 • ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 29 ശാഖകള്‍.
 • NABH അംഗീകാരമുള്ള ആയുവേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍, കോട്ടയ്ക്കല്‍.
 • കൊച്ചി, ഡല്‍ഹി, ബഡ്ഡി (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളില്‍ ആയുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററുകള്‍.
 • ആയുര്‍വേദ ഔഷധസസ്യങ്ങളെ പരിരക്ഷിക്കുന്നതിന് കോട്ടയ്ക്കല്‍, കാഞ്ഞിരപ്പുഴ (പാലക്കാട്), എന്നിവിടങ്ങളില്‍ ഔഷധോദ്യാനങ്ങള്‍.
 • കോട്ടയ്ക്കലില്‍ ഔഷധസസ്യഗവേഷണ സ്ഥാപനം.
 • ഇന്ത്യാഗവണ്‍മെന്റിന്റെ ഗവേഷണ വിഭാഗങ്ങളായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍േവദ ആന്‍ഡ് സിദ്ധ (C.C.R.A.S), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (C.S.I.R) എന്നീ സ്ഥാപനങ്ങളുമായി സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍.
 • ശാസ്ത്രഗ്രന്ഥങ്ങള്‍, ആയുര്‍വേദ ആനുകാലികങ്ങള്‍ എന്നിവയ്ക്കായി പ്രസിദ്ധീകരണ വിഭാഗം.
 • ആയുര്‍വേദ മേഖലയിലെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അഖിലേന്ത്യാതല ആയുര്‍വേദ പ്രബന്ധമത്സരം, പ്രബന്ധാവതരണ മത്സരം.

ഇവര്‍ വളര്‍ത്തി, അതിരുകളില്ലാതെ

 • വൈദേശികാധിപത്യത്തിന്റെ കീഴില്‍ നാശോന്മുഖമായിരുന്ന ആയുര്‍വേദത്തെ കൈപിടിച്ച് ഉയര്‍ത്തുകയും ആധുനീകരിക്കുകയും ചെയ്തു ആര്യെവെദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്‌നം പി.എസ് വാരിയര്‍.
 • കിടത്തി ചികിത്സിക്കുന്ന ആയുര്‍വേദ ആശുപത്രി എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുകയും ഔഷധ നിര്‍മാണപ്രക്രിയ നവീകരിക്കുകയും ചെയ്തത് വൈദ്യരത്‌നം പി എസ് വാരിയരുടെ കാലശേഷം ആര്യവൈദ്യശാലയുടെ പ്രഥമ മാനേജിംഗ് ട്രസ്റ്റിയായിരുന്ന ആര്യവൈദ്യന്‍ പി. മാധവ വാരിയര്‍.
 • ആയുര്‍വേദത്തിന്റെ അനന്തസാധ്യതകള്‍ ആഗോളതലത്തില്‍ എത്തിക്കുകയും അന്താരാഷ്ട്ര വേദികൡ ആയുര്‍വേദത്തെ പരിചയെപ്പടുത്തുകയും ചെയ്തത് ഇപ്പോഴത്തെ മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ വാരിയരാണ്.

ഗാന്ധിജിയും ട്രസ്റ്റീഷിപ്പും ആര്യവൈദ്യശാലയും

വാണിജ്യവും വ്യവസായവും 'ട്രസ്റ്റിഷിപ്പ്' രീതിയില്‍ സംവിധാനം ചെയ്യണമെന്നും സമ്പത്തിന്റെ ഗുണഫലത്തിന് സമൂഹം ഒന്നാകെ അര്‍ഹരാകണമെന്നും വിഭാവനം ചെയ്യുന്ന ഗാന്ധിജിയുടെ ട്രസ്റ്റിഷിപ്പ് സങ്കല്‍പ്പത്തില്‍ ഊന്നിയാണ് ആര്യവൈദ്യശാല പ്രവര്‍ത്തിക്കുന്നത്. ആര്യവൈദ്യശാല അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നത് വ്യക്തികള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അല്ല; മറിച്ച് സമൂഹത്തിനാകെ നേട്ടമുണ്ടാകുന്ന രീതിയിലാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ശൈലി. ആര്യവൈദ്യശാലയെ സംബന്ധിച്ച് ചാരിറ്റി (ധര്‍മ്മം) എന്നത് ഒരു പദം മാത്രമല്ല; പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജമാണത്. ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തനം കൊണ്ട് തെളിയിക്കുന്നതും അതാണ്.

1939ല്‍ രജിസ്റ്റര്‍ ചെയ്ത പി എസ് വാരിയറുടെ ഒസ്യത്ത് തന്നെയാണ് ആര്യവൈദ്യശാലയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത്.

പല തലമുറകള്‍ കഴിഞ്ഞാലും പ്രസ്ഥാനം നിലനില്‍ക്കണമെന്നാഗ്രഹിച്ച ദീര്‍ഘവീക്ഷണമുള്ള ലീഡര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനു കൂടിയുള്ള മികച്ച ഉദാഹരണമാണിത്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top