Oct 05, 2016
റീറ്റെയ്ല്‍ വായ്പകളുടെ പോക്ക് എങ്ങോട്ട്?
മതിയായ ഈടില്ലാതെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുന്ന പ്രവണത ഏറുമ്പോള്‍ റിസ്‌കും വര്‍ധിക്കുന്നു
facebook
FACEBOOK
EMAIL
hidden-risks-in-retail-loan

എനിക്ക് ലൂയി വെറ്റോണിന്റെ (Louis Vuitton) ബാഗ് വാങ്ങണം വ്യക്തിഗത വായ്പ എന്തിനാണെന്ന ചോദ്യത്തിന് ഒരു ബാങ്കിംഗ് ഉദ്യോഗസ്ഥനോട് യുവതി നല്‍കിയ മറുപടിയാണിത്. 50,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ വിലയുള്ള ബാഗ് വാങ്ങാനാണ് വായ്പ എടുക്കുന്നതെന്ന് തുറന്നു പറയാന്‍ മടിക്കാത്ത ഈ യുവതിയെ പോലുള്ളവര്‍ ചില മാറ്റത്തിന്റെ സൂചന കൂടിയാണ്. വ്യക്തിഗത വായ്പകള്‍ അത്യാവശ്യത്തിന് പോലും എടുക്കാന്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന് കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനും വിദേശത്ത് വിനോദയാത്ര പോകാനും ഗൃഹോപകരണം വാങ്ങാനും വീട് മോടിപ്പിടിപ്പിക്കാനുമൊക്കെ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ മടിക്കാത്തവരേറെയാണ്. മാത്രമല്ല ഒരു മൗസ് ക്ലിക്കില്‍ ഇന്ന് വായ്പ ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. ഇനി ഒരു വായ്പയും എടുത്തില്ലെങ്കില്‍ അയാളുടെ ക്രെഡിറ്റ് സ്‌കോര്‍ മോശമാണെന്ന തെറ്റിദ്ധാരണ പോലും വരുന്ന കാലമാണിത്!

ആവശ്യക്കാര്‍ കൂടുന്നു

ആഗ്രഹിക്കുന്നതെന്തും അപ്പോള്‍ തന്നെ കരസ്ഥമാക്കാന്‍ ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുമ്പോള്‍ ഇത്തരം വായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മതിയായ ഈടില്ലാത്ത വായ്പകള്‍ നല്‍കുന്നത് വന്‍ തോതില്‍ കുറച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പേഴ്‌സണല്‍ വായ്പകള്‍ മുതല്‍ ഗൃഹോപകരണ വായ്പകള്‍ വരെ ഇപ്പോള്‍ വര്‍ധിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്താന്‍ ഇത്തരം വായ്പകളുടെ തിരിച്ചടവ് അവതാളത്തിലാകാനും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത് വന്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മതിയായ ഈടില്ലാത്ത വായ്പകളില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ഇതിന്റെ വളര്‍ച്ച 70 ശതമാനമാണ്. ഇക്കാലയളവില്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പകള്‍ 150 ശതമാനം വര്‍ധനയാണ് കൈവരിച്ചിരിക്കുന്നത്. ബജാജ് ഫിനാന്‍സ്, ഫുള്ളര്‍ട്ടണ്‍ കാപിറ്റല്‍ പോലുള്ള വന്‍കിട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലോണ്‍ ബുക്കിന്റെ പകുതിയോളം ഇത്തരം വായ്പകള്‍ തന്നെയാണ്.

വന്‍ മാറ്റങ്ങള്‍

കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പാ രംഗത്തുണ്ടായ വലിയൊരു മാറ്റം ഈ രംഗത്തെ രാജ്യാന്തര സ്ഥാപനങ്ങള്‍ വന്‍ റിസ്‌കെടുക്കാന്‍ തയാറായി രംഗത്തുണ്ട് എന്നതാണ്. ജപ്പാനില്‍ നിന്നുള്ള AEON ക്രെഡിറ്റ് 4000 രൂപ വില വരുന്ന ഉല്‍പ്പന്നത്തിന് പോലും വായ്പ നല്‍കാന്‍ തയാറാണ്. ചെക്ക് ലെന്‍ഡറായ ഹോം ക്രെഡിറ്റ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് വാങ്ങുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെ വെച്ച് വായപ ലഭ്യമാക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായി വായ്പയെടുക്കുന്നവര്‍ക്കും ഇത്തരത്തില്‍ പശ്ചാത്തലമൊന്നും അന്വേഷിക്കാതെ തന്നെ ഇവര്‍ വായ്പ നല്‍കാന്‍ തയാറാണ്.

ഇതിനെ പിന്തുടര്‍ന്ന് വായ്പ ഈ രംഗത്ത് സജീവമാകുന്ന ഇന്ത്യന്‍ എന്‍.ബി.എഫ്.സികള്‍ ക്രെഡിറ്റ് ബ്യൂറോകളുടെ റിപ്പോര്‍ട്ടിനെയാണ് വായ്പ നല്‍കാന്‍ ആസ്പദമാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പയെടുക്കാന്‍ വരുന്നവരുടെ ക്രെഡിറ്റ്/റിസ്‌ക് പ്രൊഫൈല്‍ കൃത്യമായി മനസിലാക്കാന്‍ പറ്റുന്നുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഒരു വര്‍ഷം മുമ്പ് വരെ പോലും കേട്ടുകേള്‍വിയില്ലാതിരുന്ന വായ്പ ഉല്‍പ്പന്നങ്ങളുമായാണ് പല എന്‍.ബി.എഫ്.സികളും രംഗത്തുള്ളത്. ഉദാഹരണത്തിന് ടാറ്റ കാപ്പിറ്റല്‍ വിവാഹാവശ്യത്തിനുള്ള വായ്പകള്‍ നല്‍കുമ്പോള്‍ വാര്‍ബര്‍ഗ് പിന്‍കസിന്റെ ഉടമസ്ഥതയിലുള്ള കാപ്പിറ്റല്‍ ഫസ്റ്റ് യൂസ്ഡ് കാറിന് വായ്പ നല്‍കുന്നു. ബജാജ് ഫിനാന്‍സ് ട്രാവല്‍ ലോണുകള്‍ നല്‍കുന്നുണ്ട്. പൂജ്യം ശതമാനം പലിശ നിരക്കില്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പ നല്‍കുന്നുണ്ട്. ഇത്തരം വായ്പകളുടെ പലിശ നല്‍കുന്നത് ഉപകരണ നിര്‍മാതാവോ റീറ്റെയ്‌ലറോ ആയിരിക്കും.

കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സില്‍ തന്നെ മൊബീല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള വായ്പയാണ് കൂടുതലായും ഹോം ക്രെഡിറ്റ് നല്‍കുന്നത്. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പാ മേഖലയില്‍ ഇനിയും വന്‍ വളര്‍ച്ചാ സാധ്യതയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സികള്‍ ചൂണ്ടിക്കാട്ടുന്നു.

കണ്‍സ്യൂമര്‍ ഡ്യൂറബ്‌ളില്‍ 45 ശതമാനം പണം കൊടുത്തുള്ള വാങ്ങലുകളാണ് നടക്കുന്നത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 40 ശതമാനം വാങ്ങുമ്പോള്‍ 15 ശതമാനം വാങ്ങലുകള്‍ക്ക് മാത്രമേ എന്‍.ബി.എഫ്.സികളില്‍ നിന്നുള്ള വായ്പയെ ആശ്രയിക്കുന്നുള്ളൂ.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെ ക്യുെത്താന്‍ വായ്പാദാതാക്കള്‍ പുതിയ രീതികളും സ്വീകരിക്കുന്നുണ്ട്. ആദ്യമാദ്യം നല്‍കുന്ന വായ്പകള്‍ വീഴ്ച വരുത്താതെ തിരിച്ചടയ്ക്കുന്നവര്‍ക്കേ പിന്നീട് വായ്പ അവര്‍ നല്‍കാറുള്ളൂ.

എന്നിരുന്നാലും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പാ രംഗത്ത് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ വായ്പ നല്‍കണമെങ്കില്‍ കുറഞ്ഞത് 22 ശതമാനം പലിശയെങ്കിലും കമ്പനികള്‍ക്ക് ഈടാക്കേണ്ടി വരും. ഇത്തരം വായ്പകളുടെ കാലാവധി ആറുമുതല്‍ എട്ട് മാസം വരെയാണ്. ഓപ്പറേറ്റിംഗ് കോസ്റ്റ് 12-13 ശതമാനം വരും. ഫണ്ടിന്റെ കോസ്റ്റ് 9-10 ശതമാനത്തോളമെങ്കിലുമാകും. 2-3 ശതമാനം നിഷ്‌ക്രിയാസ്തിയും ഈ രംഗത്ത് പ്രതീക്ഷിക്കാം. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ കുറഞ്ഞത് 22 ശതമാനം പലിശയെങ്കിലും വായ്പകള്‍ക്ക് ഏര്‍പ്പെടുത്തേണ്ടി വരും. 

പേഴ്‌സണല്‍ ലോണ്‍ രംഗത്ത് ബാങ്കുകള്‍ ഇപ്പോഴും അത്ര സജീവമല്ല. മികച്ച വായ്പാ ചരിത്രമുള്ള നിലവിലുള്ള ഇടപാടുകാര്‍ക്ക് മാത്രമേ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സിഐ എന്നിവര്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്നുള്ളൂ. ബാങ്കുകള്‍ ഈ വിധം കളം മാറ്റി ചവിട്ടുന്നത് എന്‍.ബി.എഫ്.സികള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ മനപൂര്‍വ്വമല്ലാതെ വായ്പാ തിരിച്ചടവ് പ്രശ്‌നമായവര്‍ക്ക് വായ്പ നല്‍കുന്ന എന്‍.ബി.എഫ്.സികള്‍ വരെ ഇപ്പോഴുണ്ട്.

റിസ്‌ക്കുണ്ട്

നിലവില്‍ ഇത്തരം വായ്പ രംഗത്ത് ഇരട്ട അക്കത്തിലുള്ള വളര്‍ച്ചാ ശതമാനമാണുള്ളത്. വന്‍തോതിലുള്ള വളര്‍ച്ചാ ശതമാനം ആസന്നമായൊരു തകര്‍ച്ചയുടെ സൂചനയാണെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ഇ കോമേഴ്‌സ് കമ്പനി
കളുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ സമാനമായ പ്രതിസന്ധി റീറ്റെയ്ല്‍ വായ്പാ രംഗത്ത് ഉടലെടുത്തേക്കാമെന്ന ആശങ്ക പങ്കുവെയ്ക്കുന്നവരുമുണ്ട്.

 

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
1
smile
100%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top