Aug 16, 2016
സൈക്കിളേറുന്ന 'ആരോഗ്യ' യാത്രകള്‍
മാനസികോല്ലാസത്തിനും തങ്ങളെ കീഴ്‌പ്പെടുത്തുന്ന ജീവിതശൈലീരോഗങ്ങളെ കുടഞ്ഞെറിയുന്നതിനും സൈക്കിള്‍ സഞ്ചാരത്തെ തിരിച്ചു പിടിക്കുകയാണ് മലയാളികള്‍
facebook
FACEBOOK
EMAIL
health-benefits-of-regular-cycling

ണ്ട് നാട്ടുമ്പുറത്തെ ഇടവഴികളെ സജീവമാക്കിയിരുന്ന സൈക്കിളുകള്‍ ആഢ്യത്വത്തോടെ പുതിയ രൂപഭാവങ്ങളില്‍ നിരത്തിലിറങ്ങുകയാണ്. മാനസികോല്ലാസത്തിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്ന സൈക്കിള്‍ റൈഡുകള്‍ക്ക് കേരളത്തിലെ നഗരങ്ങളില്‍ പ്രിയമേറുന്നു.

സൈക്കിള്‍ യാത്രയെ ഹൃദയത്തോടും ജീവിതത്തോടും ചേര്‍ത്തു നിര്‍ത്തുന്ന ഒരു വിഭാഗം ആളുകളുണ്ട് നമുക്കിടയില്‍. അതില്‍ സെലിബ്രിറ്റികളും ബിസിനസുകാരും പ്രൊഫഷണലുകളുമൊക്കെ ഉള്‍പ്പെടും. കൊച്ചിയിലെ സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് ഡയറക്റ്റര്‍ മൈക്കിള്‍ ഡൊമിനിക്, കോഴിക്കോട് ഭീമാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജി.ബി കിരണ്‍, തിരുവനന്തപുരത്തെ അറ്റ്‌ലിയര്‍ സൊലൂഷന്‍സ് സാരഥി അതിരൂപ് എം.എസ്,കോഴിക്കോട് ചുങ്കത്ത് ഏജന്‍സീസ് ഉടമ ബിജു ജേക്കബ് എന്നിങ്ങനെ നിരവധി ബിസിനസുകാര്‍ ഇത്തരം സൈക്കിള്‍ യാത്രകളുടെ ഉപാസകരാണ്.

ദുബായില്‍ എന്‍ജിനീയറായിരുന്ന മലയാളിയായ ഡിബിന്‍ ദേവസി ജോലി രാജി വെച്ച് ബാംഗ്‌ളൂരില്‍ താമസം തുടങ്ങിയപ്പോഴാണ് ഹിമാചല്‍ പ്രദേശിലേക്ക് ഒരു യാത്ര പോകാന്‍ ആലോചിക്കുന്നത്. നല്ലൊരു റൈഡറായ ഡിബിന്‍ യാത്രയ്ക്കായി തെരഞ്ഞടുത്തത് തന്റെ പഴയൊരു റോഡ് ബൈസൈക്കിളാണ്. ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം അകന്ന് ഹിമാലയന്‍ മലനിരകളുടെ ഹൃദയത്തുടിപ്പുകളറിഞ്ഞ് സൈക്കിളില്‍ ഒരു യാത്ര. യാത്രയില്‍ പലപ്പോഴും സൈക്കിള്‍ ബ്രേക്ക്ഡൗണാകുമായിരുന്നു. അപ്പോഴെല്ലാം ഗ്രാമപ്രദേശങ്ങളിലെ അപരിചിതരായ ആളുകളാണ് സഹായത്തിനെത്തിയത്. അങ്ങനെ ഗ്രാമീണ ജനതയുടെ ജീവിതരീതികളും സംസ്‌കാരങ്ങളും കണ്ടറിഞ്ഞ് ഏകദേശം അയ്യായിരം കിലോമീറ്റര്‍ സൈക്കിളില്‍ പിന്നിട്ടപ്പോഴാണ് യാത്രയുടെ മറ്റു ചില തലങ്ങള്‍ കൂടി ഡിബിന്‍ തിരിച്ചറിയുന്നത്. അത് തനിക്കു ചുറ്റിലുമുള്ളവരിലേക്ക് എത്തിക്കാനായി പിന്നെ അദ്ദേഹത്തിന്റെ ശ്രമം.

ആര്‍ട്ട് ഓഫ് ബൈസൈക്കിള്‍ ട്രിപ്‌സ്

ഇത്തരം യാത്രാനുഭവങ്ങള്‍ അനേകരിലേക്കെത്തിക്കാന്‍ 2008ല്‍ സുഹൃത്തായ പങ്കജ് മല്ലിക്കിന്റെ ആര്‍ട്ട് ഓഫ് ബൈസൈക്കിള്‍ ട്രിപ്സ് എന്ന ഓണ്‍ലൈന്‍ സംരംഭത്തില്‍ ഡിബിനും ഭാഗമായി. ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലേക്കും ഡല്‍ഹി, മുംബൈ, ആഗ്ര
തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുമെല്ലാം ഡിബിന്‍ ഇപ്പോള്‍ ഹൈ എന്‍ഡ് ബൈസൈക്കിളുകളില്‍ റൈഡുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ പ്രീമിയം ഹോട്ടലുകളിലെ താമസവും ഭക്ഷണവുമെല്ലാമുള്‍െപ്പടും. മുപ്പത് വയസെത്തും മുമ്പ് ജീവിത ശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്ന നമ്മുടെ നാട്ടില്‍ എഴുപത് വയസു പിന്നിട്ട വിദേശികളും സൈക്കിള്‍ റൈഡിനെത്തുന്നുണ്ട്. ജനുവരിയില്‍ കാനഡയില്‍ നിന്ന് 83കാരിയായ എലിസബത്ത് റോജര്‍ എന്ന വനിതയുടെ നേതൃത്വത്തില്‍ റൈഡിങ്ങിനായി ഒരു സംഘം ഫോര്‍ട്ടുകൊച്ചിയിലെത്തിയിരുന്നു. എല്ലാവരും 70നും 85നുമിടയില്‍ പ്രായമുളളവര്‍. കേരളത്തിന്റെ പച്ചപ്പ് വേണ്ടുവോളം ആസ്വദിച്ച് ആഹ്‌ളാദത്തിന്റെ തുരുത്തുകളിലൂടെ അവര്‍ പത്ത് ദിവസത്തോളം സൈക്കിള്‍ ചവിട്ടി. ''വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്ര അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. റിട്ടയര്‍മെന്റിനു ശേഷം വയസാകുന്നുവെന്ന ചിന്തയൊന്നുമവര്‍ക്ക് ഇല്ല. പല മള്‍ട്ടി നാഷനല്‍ കമ്പനികളും ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ സംഘടിപ്പിക്കുന്ന ആക്റ്റിവിറ്റികളില്‍ സൈക്കിള്‍ റൈഡുകളും ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.'' മാനസികോല്ലാസത്തിനപ്പുറം മികച്ച ആരോഗ്യം കൂടെയാണ് സൈക്‌ളിംഗ്റൈ ഡര്‍മാര്‍ക്ക് നല്‍കുന്നത്. വിദേശികള്‍ക്കായി ആയിരത്തിലധികം റൈഡുകള്‍ സംഘടിപ്പിച്ചിട്ടുളള ഡിബിന്‍ പറയുന്നു.

സൈക്ലിംഗ് ആവേശമാക്കി സ്ത്രീകളും 

കേരളത്തിലെ സൈക്കിള്‍ പ്രേമികളുടെ യാത്രകള്‍ക്ക് ആവേശം പകര്‍ന്ന് ഓള്‍ കേരള സൈക്കിള്‍ പ്രമോഷന്‍ കൗണ്‍സില്‍ മുതല്‍ ജില്ലകളിലെ വിവിധ ക്ലബുകളും സംഘടനകളും വരെ രംഗത്തുണ്ട്. കൊച്ചിയിലെ സൈക്ലിംഗ് പ്രേമികളുടെ കൂട്ടായ്മയായ കൊച്ചിന്‍ ബൈക്കേഴ്‌സ് ക്ലബ് (സിബിസി), കോഴിക്കോടു നിന്നുളള ഹാപ്പി ബൈക്കേഴ്‌സ്, തിരുവനന്തപുരത്തെ അനീസ് ബൈസൈക്കിള്‍സ് ക്‌ളബ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വയനാട്, കന്യാകുമാരി, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം ജില്ലകളിലെ വിവിധ ക്‌ളബുകള്‍ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.

കൊച്ചിന്‍ ബൈക്കേഴ്‌സ് ക്ലബ് (സിബിസി) ഈ രംഗത്ത് വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സിബിസി സംഘടിപ്പിച്ച ബൈ സൈക്കിള്‍ റൈഡില്‍ 35 ഓളം വനിതകള്‍ ഭാഗമായി. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ സുമംഗല പൈ എന്ന യുവതി 45-ാം വയസില്‍ സിബിസിയുടെ സഹായത്തോടെ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതാണ് മറ്റുളള വനിതകള്‍ക്കും പ്രചോദനമായത്. നല്ലൊരു റൈഡറും സൈക്കിള്‍ യാത്രയുടെ പ്രചാരകയും കൂടിയാണ് ഇപ്പോള്‍ സുമംഗല. ''പച്ചപ്പിന്റെ സമൃദ്ധിയാസ്വദിച്ച് തിരക്കില്ലാത്ത വഴികളിലൂടെ നടത്തുന്ന സൈക്കിള്‍ യാത്ര എല്ലാ മാനസിക സമ്മര്‍ദങ്ങളും ആകുലതകളുമകറ്റി നമ്മളെ കൂടുതല്‍ ചെറുപ്പമാക്കും. കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്ന് വരണമെന്നാണ് ആഗ്രഹം.''സുമംഗല പറയുന്നു.

''അതിരാവിലെ എഴുന്നേറ്റ് റൈഡ് ചെയ്യുമ്പോള്‍ കിട്ടുന്ന ഊര്‍ജവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. ശുദ്ധവായു ശ്വസിച്ചുളള ആ യാത്രയില്‍ പ്രകൃതി നമ്മളിലേക്ക് അലിഞ്ഞ് ചേരുന്നതായി തോന്നും. ഒഴിവു ദിനങ്ങളില്‍ സിബിസി അംഗങ്ങള്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് വയനാട്, വാഗമണ്‍, കുട്ടനാട് എന്നിവിടങ്ങളിലേക്കെല്ലാം സൈക്കിള്‍ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ദിവസവും മുപ്പത് കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ സൈക്കിള്‍ ചവിട്ടുന്നവരുമുണ്ട് ഞങ്ങള്‍ക്കിടയിയില്‍.''കൊച്ചിന്‍ ബൈക്കേഴ്‌സ് ക്‌ളബ് ജോയ്ന്റ് സെക്രട്ടറിയും കലൂരിലെ ദ് ബൈക്ക് സ്റ്റോര്‍ ഉടമയുമായ അജിത് വര്‍മ പറയുന്നു.

സൈക്കിള്‍ യാത്രകളുടെ അനന്ത സാധ്യതകള്‍ യാത്രാ സൗകര്യത്തിനൊപ്പം ആരോഗ്യവും വാഗ്ദാനം ചെയ്ത് വലിപ്പ ചെറുപ്പങ്ങളില്ലാതെ സൈക്ലിംഗ് പ്രേമി കളെ മാടി വിളിക്കുകയാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top