Aug 18, 2016
ജി.എസ്.ടി ഏപ്രില്‍ 1ന് നിലവില്‍ വരുമോ?
പ്രതീക്ഷിക്കുന്നതുപോലെ പുതിയ ദേശീയ നികുതി സമ്പ്രദായം 2017 ഏപ്രില്‍ 1ന് നിലവില്‍ വരാനുള്ള സാധ്യതയെപ്പറ്റി ആശങ്ക ഉയരുന്നു
facebook
FACEBOOK
EMAIL
gst-rollout-deadline-of-1st-april-2017

 

ജി.എസ്.ടി 2017 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടികള്‍ അതിവേഗം നീക്കുകയാണ്. രാജ്യസഭ പാസാക്കിയ ഭേദഗതിയോടുകൂടിയ ബില്‍ ഓഗസ്റ്റ് 8ന് ലോക്‌സഭയും പാസാക്കിയതോടെ ഒരു കടമ്പ കൂടി കടന്നു. എന്നിരുന്നാലും പ്രഖ്യാപിച്ച ലക്ഷ്യമനുസരിച്ച് 2017 ഏപ്രില്‍ 1 ന് തന്നെ ജി.എസ്.ടി നടപ്പാകുമോ എന്ന കാര്യത്തില്‍ ആശങ്ക അകലുന്നില്ല. സംസ്ഥാനങ്ങളില്‍ ഒഡീഷ മാത്രമാണഅ ബില്‍ അംഗീകരിച്ചിരിക്കുന്നത്. കുറഞ്ഞത് 15 സംസ്ഥാനങ്ങളെങ്കിലും അംഗീകാരം നല്‍കേണ്ടതുണ്ട്. മറ്റു നിരവധി തടസങ്ങള്‍ വേറെയുമുണ്ട്. ജി.എസ്.ടി കൗണ്‍സില്‍ രൂപീകരണം മുതല്‍ നികുതി നിരക്കുകള്‍ക്ക് അന്തിമ രൂപം നല്‍കല്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

എന്നാല്‍ സര്‍ക്കാരിന് മുന്നിലുള്ള ശ്രമകരമായ ദൗത്യം ഇതൊന്നുമല്ല. ഭരണഘടനാ ഭേദഗതിക്ക് ചുവടൊപ്പിച്ച് മാതൃകാ ജി.എസ്.ടി നിയമം, കരട് ചട്ടങ്ങള്‍ എന്നിവ രൂപീകരിച്ചാലേ ഇതു നടപ്പാകുന്നതിനുള്ള നിയമപരമായ ഫ്രെയിം വര്‍ക് സജ്ജമാകൂ. ഈ നിയമങ്ങളും ചട്ടങ്ങളും മൂന്ന് തരത്തില്‍, സെന്‍ട്രല്‍ ജി.എസ്.ടി, ഇന്റഗ്രേറ്റഡ് ജി.എസ്.ടി, സ്റ്റേറ്റ് ജി.എസ്.ടി - രൂപം നല്‍കേണ്ടിയിരിക്കുന്നു. ഇവയും പാര്‍ലമെന്റും വിവിധ നിയമസഭകളും പാസാക്കണം. പുതിയ നികുതി സമ്പ്രദായം നടപ്പാകുമ്പോള്‍ ഉണ്ടാകുന്ന ചില പ്രായോഗിക പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ ഉന്നയിക്കുന്നത് നോക്കാം.
അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി 31 രജിസ്‌ട്രേഷനുകള്‍ എടുക്കേണ്ടി വരും. (29 സംസ്ഥാന രജിസ്‌ട്രേഷന്‍, 1 സിജി.എസ്.ടി രജിസ്‌ട്രേഷന്‍, 1 ഐ.ജി.എസ്.ടി രജിസ്‌ട്രേഷന്‍), നാല് തരത്തിലുള്ള റിട്ടേണുകള്‍ സമര്‍പ്പിക്കണം. 1. സപ്ലൈക്കുള്ള റിട്ടേണ്‍, 2. പര്‍ച്ചേസ് റിട്ടേണ്‍, 3. ക്വാര്‍ട്ടര്‍ലി റിട്ടേണ്‍, 4. വാര്‍ഷിക റിട്ടേണ്‍. കേന്ദ്രത്തിലും സംസ്ഥാനത്തുമായി രണ്ട് ഭരണ കേന്ദ്രങ്ങളെ വ്യവസായികളും വ്യാപാരികളും സമീപിക്കേണ്ടതായും വരുന്നു.

നികുതി നിരക്കുകള്‍ എത്രയായിരിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അരവിന്ദ് സുബ്രഹ്മണ്യം കമ്മറ്റി 17-19 ശതമാനം ശുപാര്‍ശ ചെയ്യുമ്പോള്‍ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ 20 ശതമാനത്തിന് മുകളില്‍ വേണമെന്ന് ശക്തമായി വാദിക്കുന്നു. കേരള ധനമന്ത്രി ഡോ.തോമസ് ഐസക് 24 ശതമാനം വരെയാകാമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. നിരക്ക് നിശ്ചയിക്കുന്നത് ജി.എസ്.ടി കൗണ്‍സിലാണ്. കൗണ്‍സിലില്‍ മൂന്നില്‍ രണ്ട് വോട്ടവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ വ്യവസായ-വാണിജ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് 20 ശതമാനത്തിന് മുകളില്‍ നികുതി വരുന്നത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും വഴിവെക്കും എന്നാണ്. നികുതി നിരക്കിന്റെ ഒരു ബാന്‍ഡ് നിശ്ചയിച്ചിട്ട് അതില്‍ നിന്ന് തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുക എന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഇഴപിരിച്ച് പരിശോധിച്ച് തീരുമാനമെടുക്കുന്നതിലെ കാലവിളംബം ഊഹിക്കാവുന്നതേയുള്ളൂ.

സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
ഈ വിഷയത്തിലും തര്‍ക്കങ്ങള്‍ തുടരുകയാണ്. ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ക്ക് പകരം ഉപഭോഗ സംസ്ഥാനങ്ങളില്‍ നികുതി ഈടാക്കുമ്പോള്‍ അവര്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നു എന്നാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പരാതി. മഹാരാഷ്ട്രയ്ക്ക് 14,000 കോടിയുടെയും ഗുജറാത്തിന് 11,000 കോടിയുടെയും തമിഴ്‌നാടിന് 9270 കോടിയുടെയും നഷ്ടം വരുമെന്നാണ് അവര്‍ പറയുന്നത്. ഇതില്‍ ഈ സമവായം ഇനിയും രൂപപ്പെട്ടിട്ടില്ല.

നിലവില്‍ 300 ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നും 90 എണ്ണം സംസ്ഥാന വാറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളും പല ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയൊഴിവ് നല്‍കിയിട്ടുണ്ട്. ഇതിന് ഒരു ഏകീകൃത പട്ടിക തയാറാക്കണം. ഒരു കാര്യം ഉറപ്പാണ്. ഇത് ഏകീകരിക്കുമ്പോള്‍ നികുതിയൊഴിവുള്ള സാധനങ്ങളുടെ എണ്ണം കുറവായിരിക്കും. ഇതാകട്ടെ, പ്രായോഗികതലത്തില്‍ വൈഷമ്യമുള്ള കാര്യമാണ്. കാരണം പല സംസ്ഥാനങ്ങളും കര്‍ഷകതാല്‍പ്പര്യം മുന്‍നിര്‍ത്തിയും അവശ്യസാധനങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുമാണ് നികുതി പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്. ജി.എസ്.ടി വരുമ്പോള്‍ ഇത്തരം പല ഉല്‍പ്പന്നങ്ങളും നികുതി ബാധകമായിരിക്കും. ചില ഇനങ്ങള്‍ക്ക് 20 ശതമാനം വരെ നികുതി വന്നേക്കാം. ക്രിസില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് പല ഉല്‍പ്പന്നങ്ങളുടെയും വിലക്കയറ്റത്തിന് ഇത് വഴിയൊരുക്കുമെന്നാണ്. ഉദ്യോഗസ്ഥരുടെ പരിശീലനമാണ് മറ്റൊരു വൈതരണി. 60,000 കേന്ദ്ര-സംസ്ഥാന നികുതി ഉദ്യോഗസ്ഥര്‍ക്ക് ഡിസംബറിനു മുമ്പ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. നിയമങ്ങള്‍ പാസാക്കി, നിരക്കുകള്‍ നിശ്ചയിച്ചാല്‍ മാത്രമേ ഐ.റ്റി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തന സജ്ജമാക്കാനാകൂ. അതുകൊണ്ട് ഏപ്രില്‍ 1, 2017 എന്ന ഡെഡ്‌ലൈന്‍ പാലിക്കാനാകില്ലെന്ന ആശങ്ക വ്യവസായ-വാണിജ്യ സമൂഹവും വിദഗ്ധരും ഒന്നുപോലെ പങ്കുവെക്കുന്നുണ്ട്. ഐ.റ്റി നെറ്റ് വര്‍ക്കിനായി ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ്‌വര്‍ക് എന്ന പേരില്‍ ഒരു കമ്പനി 2013ല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഐ.റ്റി സിസ്റ്റത്തിന് രൂപം നല്‍കാന്‍ മൈക്രോസോഫ്റ്റ്, ഇന്‍ഫോസിസ്, ടി.സി.എസ് എന്നീ കമ്പനികള്‍ രംഗത്തുണ്ട്. ആരെ ചുമതലപ്പെടുത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top