Jan 03, 2017
ജി.എസ്.ടി ഒരു മാന്ത്രിക വടിയല്ല, അത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും: അനില്‍ ബോകില്‍
ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ജിഎസ്ടി രാജ്യത്തിന് ബാധ്യതയാകുമെന്ന് അനില്‍ ബോകില്‍.
facebook
FACEBOOK
EMAIL
gst-interview-with-anil-bokil-man-behind-viral-demonetisation-theory

ഡീമോണിറ്റൈസേഷന്‍ രാജ്യത്തിനു നല്‍കിയ ഷോക്കിന്റെ നാളുകളില്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് അനില്‍ എസ്. ബോകില്‍. പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ എന്ന സാമ്പത്തിക ഉപദേശക സംഘത്തിലെ പ്രധാനിയായ അനിലിന്റെ ആശയങ്ങളിലൊന്നാണ് കറന്‍സി പിന്‍വലിക്കല്‍. 

അനില്‍ ബോകിലുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

വലിയ കറന്‍സികള്‍ നിര്‍ത്തലാക്കാനുള്ള മോദിയുടെ അപ്രതീക്ഷിത നടപടിയെ താങ്കള്‍ എങ്ങനെ കാണുന്നു?
ശരിയായ വഴിയിലൂടെ തന്നെയാണ് മോദി പോകുന്നത്. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് കഴിഞ്ഞ സര്‍ക്കാരിന് ഈ കാര്യം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ നമുക്കുള്ളത് വളരെ ശക്തവും സുസ്ഥിരവുമായ ഗവണ്‍മെന്റാണ്, അതുകൊണ്ടാണ് ഈ നടപടിയുണ്ടായത്. വിപ്ലവകരമായ ഒരു കാര്യമാണ് ഡീമോണിറ്റൈസേഷന്‍. ആയിരത്തിന്റെ ഒരു നോട്ട് പ്രിന്റ് ചെയ്യാന്‍ വേണ്ട ചെലവ് 3.50 രൂപയാണ്. കുറഞ്ഞ ചെലവില്‍ വന്‍ വില നേടാന്‍ കഴിയുന്ന നോട്ട് നിര്‍മാണത്തേക്കാള്‍ ലാഭകരമായ എത്ര ബിസിനസുണ്ടാകും? വെറുതെയാണോ, പാക്കിസ്ഥാന്‍ വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നത്? ഇതോടെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ ദുര്‍ബലമായി. കുറെ വര്‍ഷങ്ങള്‍ കൂടി അഴിമതി സഹിച്ച് ജീവിക്കാന്‍ നമുക്ക് കഴിയുമായിരുന്നു. പക്ഷേ, വളരെ ഗുരുതരമായ ചില സുരക്ഷാ ഭീഷണികള്‍ കാരണമാണ് മോദി സര്‍ക്കാര്‍ ഈ അപ്രതീക്ഷിത നീക്കം നടത്തിയതെന്ന് കരുതുന്നു.

വലിയ നോട്ടുകള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതു മനസിലാക്കാം. പക്ഷേ, ഇവിടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയത് വന്നു, രണ്ടായിരത്തിന്റെ കറന്‍സിയും എത്തി. താല്‍ക്കാലിക നോട്ട് പിന്‍വലിക്കല്‍ എന്നതിനപ്പുറം വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കരുതാന്‍ വയ്യ. എന്താണ് താങ്കളുടെ അഭിപ്രായം?
പുതിയ നോട്ടുകള്‍ കൊണ്ടുവരുന്നത് താല്‍കാലികമായ ഒരു നടപടിയാണ്. കാരണം, വലിയൊരു ഷോക്കാണ് ഡീമോണിറ്റൈസേഷന്‍ നല്‍കുന്നത്, എല്ലാവര്‍ക്കും അരക്ഷിതബോധമുണ്ടാകുക സ്വാഭാവികം, അതിനെ ഒന്ന് മയപ്പെടുത്തുന്നതിനാണ് പുതിയ നോട്ടുകള്‍ എത്തിച്ചത്. ഞങ്ങള്‍ മുമ്പ് നിര്‍ദേശിച്ചിരുന്ന കറന്‍സി പിന്‍വലിക്കലിന്റെ ആദ്യത്തെ പ്ലാനിലേക്ക് വൈകാതെ സര്‍ക്കാര്‍ തിരിച്ചു
പോകും എന്നാണ് ഞങ്ങളുടെ വിശ്വാസം.

എന്താണ് അര്‍ത്ഥക്രാന്തി ശുപാര്‍ശ ചെയ്യുന്നത്? താങ്കളുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ ?
ഇന്ത്യന്‍ സമ്പദ്ഘടനയുടെ മാറ്റത്തിന് എന്താണ് ചെയ്യേണ്ടത് എന്നു മോദി ചോദിച്ചു. എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (ബിടിടി) മാത്രം ഏര്‍പ്പെടുത്തണം എന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചത്. അടുത്ത പടിയായി വലിയ മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കണമെന്നും. ആദ്യം നടപടിയെടുക്കേണ്ടത് ഇതില്‍ ഏതിനാണ് എന്നും അദ്ദേഹം ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഡിമോണിറ്റൈസേഷന്‍ ഒരു സര്‍ജറിയാണ്. അത് നടത്തേണ്ടത് ടാക്‌സ് പിന്‍വലിക്കല്‍ എന്ന അനസ്‌തേഷ്യ നല്‍കിയിട്ടാകണം. പക്ഷേ, മോദി ഇപ്പോള്‍ അനസ്‌തേഷ്യ നല്‍കാതെയാണ് ഓപ്പറേഷന്‍ നടത്തിയത്. സങ്കീര്‍ണമായ സാഹചര്യങ്ങളാണ് അത് നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഞാന്‍ കരുതുന്നു.
പുതിയ കറന്‍സികൊണ്ടു കള്ളപ്പണം സമ്പാദിക്കാമല്ലോ? അപ്പോള്‍ അതു തടയാന്‍ എന്ത് ചെയ്യും?
ഒരേയൊരു പരിഹാരം അര്‍ത്ഥക്രാന്തി നിര്‍ദേശങ്ങളാണ്. സത്യത്തില്‍ ഗവണ്മെന്റ് ഈ ദിശയില്‍ ചിന്തിക്കുന്നുണ്ടോ? ഈ നടപടികളെല്ലാം അര്‍ത്ഥക്രാന്തി നടപ്പിലാക്കാനാണെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടോ? കറന്‍സി പിന്‍വലിക്കുക എന്നത് ഞങ്ങളുടെ ആശയങ്ങളിലൊന്നായിരുന്നു, അത് പരിഗണിക്കുകയും ചെയ്തു. മറ്റ് നിര്‍ദേശങ്ങളും ഇനി നടപ്പിലാകും. ഇന്ത്യ ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് വളരെ വേഗത്തില്‍ നീങ്ങുന്ന ഈ സമയത്ത് സാങ്കേതികവിദ്യയും മറ്റ് സാഹചര്യങ്ങളും അര്‍ത്ഥക്രാന്തിക്ക് അനുകൂലമാണ്. ഡിജിറ്റല്‍ മണിയും ഡിജിറ്റല്‍ പണമിടപാടുകളും കൂടുതല്‍ പേരിലേക്ക് എത്തുമെന്നതും ഞങ്ങളുടെ ആശയങ്ങളോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നു. ഏറ്റവും വലിയ എതിര്‍പ്പുണ്ടാകേണ്ടത് രാഷ്ട്രീയക്കാരില്‍ നിന്നാണ്. കാരണം, അവര്‍ വര്‍ഷങ്ങളായി കള്ളപ്പണം എന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ്. പക്ഷെ, ആ എതിര്‍പ്പ് തള്ളപ്പെട്ടു.

ജിഎസ്ടി 2017ല്‍ രാജ്യത്ത് നിലവില്‍ വരും. താങ്കളുടെ നിര്‍ദേശങ്ങള്‍ ഇതുമായി യോജിക്കുമോ?
ഇല്ല. അത് ഞങ്ങളുടെ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അര്‍ത്ഥക്രാന്തി പല ഘട്ടങ്ങളായാണ് നടപ്പില്‍ വരുത്തേണ്ടത്. ഉദാഹരണത്തിന്, ആദ്യ ഘട്ടത്തില്‍ സ്വകാര്യ വരുമാന നികുതി എടുത്തുകളയാം, 0.1/0.2 ശതമാനം ബിടിടി അവതരിപ്പിക്കാം. സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രത്തിനു കഴിഞ്ഞാല്‍ അത് മുന്നോട്ട് പൊയ്‌ക്കോളും. നികുതികള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണം, ഇതിനായി 18 മാസത്തെ സമയമാണ് ഞങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

പക്ഷേ, അടുത്ത സാമ്പത്തിക വര്‍ഷം ജിഎസ്ടി യാഥാര്‍ഥ്യമാകും. അത് എങ്ങനെ താങ്കള്‍ക്ക് അവഗണിക്കാന്‍ കഴിയും?
ജിഎസ്ടി നമ്മുടെ നികുതി വ്യവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. ഇതൊരു മാന്ത്രിക വടിയാണെന്നാണ് ഗവണ്മെന്റും മീഡിയയും പ്രചരിപ്പിക്കുന്നത്. അവര്‍ പറയാത്ത ഒരു കാര്യമുണ്ട്. ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ ജിഎസ്ടി ഇല്ല, ഏറ്റവും ശക്തമായ രാജ്യമായ അമേരിക്ക പണ്ടേ അത് വേണ്ടന്നു വച്ചതാണ്. ജിഎസ്ടി ഒരു തെറ്റായ മാതൃകയാണ്. വളരെയേറെ ജനസംഖ്യയുള്ള ഒരു രാജ്യവും ഇതുവരെ ജിഎസ്ടി സ്വീകരിച്ചിട്ടില്ല. ഈ നികുതി പ്രാവര്‍ത്തികമാകും എന്നും ഉറപ്പില്ല. അടുത്ത തവണ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുമ്പോള്‍ അര്‍ത്ഥക്രാന്തിയെക്കുറിച്ച് അവരെ പറഞ്ഞു മനസിലാക്കണം, ഇപ്പോഴുള്ളതിലും ഏറെ വരുമാനം നേടാന്‍ ഇത് സഹായിക്കും എന്ന കാര്യവും.

എങ്കില്‍ പിന്നെ ബിജെപി സര്‍ക്കാര്‍ എന്തിനാണ് ജിഎസ്ടിയുമായി മുന്നോട്ട് പോകുന്നത്?
വാജ്‌പേയ് സര്‍ക്കാരാണ് ജിഎസ്ടി ആദ്യം അവതരിപ്പിച്ചത്. പിന്നീട് വന്ന സര്‍ക്കാരുകള്‍ അത് മുന്നോട്ട് കൊണ്ടുപോയി. ഇപ്പോള്‍ ജിഎസ്ടി പകുതി വഴിക്ക് ഉപേക്ഷിക്കാന്‍ ആരും തയ്യാറല്ല. ജിഎസ്ടി വരുമോ ഇല്ലയോ എന്ന് പറയാന്‍ എനിക്ക് കഴിയില്ല, പക്ഷേ, ഒരു നല്ല മാതൃകയ്ക്ക് ജിഎസ്ടിയെ തടയാന്‍ കഴിയും, അതില്‍ മികച്ചത് അര്‍ത്ഥക്രാന്തി തന്നെ. പുതിയ രീതിയിലേക്ക് മാറാന്‍ ജിഎസ്ടി ഒരു സംവിധാനം ഒരുക്കുന്നുണ്ട്.

എന്താണ് താങ്കളുടെ നിര്‍ദേശം?
എല്ലാ നികുതികളും നിര്‍ത്തലാക്കണം. കസ്റ്റംസ് ഡ്യൂട്ടി ഒഴിച്ച്, കാരണം അത് ഇറക്കുമതി നിയന്ത്രിക്കാന്‍ ആവശ്യമാണ്. സര്‍ക്കാരിന്റെ വരുമാനം വരേണ്ടത് ബിടിടിയില്‍ നിന്നാണ്. അതായത് പണം ലഭിക്കുന്നയാള്‍ മാത്രം നികുതി നല്‍കണം. നിങ്ങളുടെ എക്കൗണ്ടില്‍ എപ്പോഴൊക്കെ പണം വന്നാലും അതിന്റെ ഒരു നിശ്ചിത ശതമാനം ബിടിടി ആയി സര്‍ക്കാരിന് ലഭിക്കും. അത്ര സിംപിള്‍. ഇപ്പോഴത്തെ ബാങ്ക് വിനിമയങ്ങള്‍ കണക്കിലെടുത്താല്‍ രണ്ട് ശതമാനം ടാക്‌സ് എന്നാല്‍ 20 ലക്ഷം കോടിയാണ്. കസ്റ്റംസ് കളക്ഷനായി രണ്ട് ലക്ഷം കോടി രൂപ കൂടിയായാല്‍ 22 ലക്ഷം കോടി രൂപ. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ആകെയുള്ള റെവന്യു കളക്ഷന്‍ 24 ലക്ഷം കോടി രൂപയാണ് എന്നോര്‍ക്കുക. ധന വിനിയോഗത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രം ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇത് മാറുന്നതോടെ ഈ തുകകളിലും വന്‍ വ്യത്യാസമു്യുാകും.

പക്ഷേ, ഇന്ത്യയില്‍ ബാങ്കിംഗ് സംവിധാനത്തിന്റെ കീഴില്‍ വരാത്ത, അനൗപചാരികമായ വലിയൊരു സാമ്പത്തിക മേഖലയുണ്ട്.
അര്‍ത്ഥക്രാന്തി ഒരു ക്യാപ്‌സ്യൂളാണ്. പല നിര്‍ദേശങ്ങള്‍ ഇതിലുണ്ട്, ബിടിടി അതിലൊന്നാണ്. ഇതിന്റെ തുടര്‍ച്ചയായി എല്ലാ വലിയ കറന്‍സികളും പിന്‍വലിക്കണം. കഴിയുമെങ്കില്‍ 50 രൂപയ്ക്ക് മുകളിലുള്ള എല്ലാ നോട്ടുകളും. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത്, ഘട്ടം ഘട്ടമായി, ശരിയായ രീതിയില്‍ വേണം ചെയ്യാന്‍. അന്താരാഷ്ട്ര തലത്തില്‍ ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ വരുന്നത് രണ്ട് ഡോളര്‍ പ്രതിദിന പ്രതിശീര്‍ഷ വരുമാനമുള്ളവരാണ്. അതായത് 130 രൂപ. ഇന്ത്യയുടെ ജനസംഖ്യയില്‍ 70 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ്. അപ്പോള്‍ പിന്നെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമുക്ക് ആവശ്യമുണ്ടോ? കറന്‍സിയുടെ മൂല്യത്തിന്റെ 86 ശതമാനവും ഉപയോഗപ്പെടാത്ത അവസ്ഥ. ഏറ്റവും വലിയ നോട്ട് നൂറ് രൂപയുടേതാകുന്നതാണ് നല്ലത്.

എല്ലാവരില്‍ നിന്നും ഒരേ നിരക്കില്‍ ബിടിടി ഈടാക്കുന്നത് ദരിദ്രരോടുള്ള വിവേചനമാകില്ലേ? വരുമാനം അടിസ്ഥാനമാക്കിയുള്ള നികുതിയല്ലേ കൂടുതല്‍ പുരോഗമനപരം?
ഞങ്ങള്‍ നിരക്കുകളെ കുറിച്ചല്ല, ആനുപാതിക നികുതിയെ കുറിച്ചാണ് ചിന്തിക്കുന്നത്. അത് പുരോഗമനപരമോ പഴഞ്ചനോ അല്ല. അനുപാതം നിരക്കില്‍ നിന്ന് വ്യത്യസ്തമാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഇത് തെറ്റായാണ് വ്യാഖ്യാനിച്ചത്. ഒരേ നിരക്കല്ല, ഒരേ ശതമാനമാണ് ഞങ്ങള്‍ പറയുന്നത്.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് രണ്ട് ശതമാനം നീക്കിവെക്കുവാന്‍ ബുദ്ധിമുട്ടില്ല. പാവപ്പെട്ടവര്‍ക്ക് ഇതൊരു വലിയ തുക തന്നെയാണ്.
ഇന്നും പലവിധത്തിലുള്ള പരോക്ഷ നികുതികള്‍ ദരിദ്രരും നല്‍കേണ്ട വരുന്നുണ്ട്. ബിടിടി നിലവില്‍ വന്നാല്‍ ഇതെല്ലാം ഇല്ലാതാകും, ദരിദ്രരായവര്‍ക്ക് വായ്പകള്‍ നേടാനുള്ള കഴിവിന്റെ തെളിവ് കൂടിയാണ് ഈ നികുതികള്‍. എല്ലാവര്‍ക്കും വായ്പകള്‍ കിട്ടണം, നല്‍കുന്ന നികുതിയേക്കാള്‍ കൂടുതല്‍ ലോണുകള്‍ അവര്‍ക്ക് ലഭിക്കട്ടെ.

മുന്‍ ധനമന്ത്രി പി. ചിദംബരം നിര്‍ദ്ദേശിച്ചിട്ടുള്ള വിത്‌ഡ്രോവല്‍ ടാക്‌സുമായി താങ്കളുടെ പ്ലാനിന് സാമ്യമുണ്ടോ?
ഇല്ല. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നികുതി നല്‍കുക എന്നതായിരുന്നു ആ പ്രൊപ്പോസല്‍. പക്ഷേ, അത് വിപരീതമായ ഫലമുണ്ടായേനെ. പലരും ബാങ്കിംഗ് സംവിധാനത്തിന് പുറത്ത് പണമിടപാടുകള്‍ നടത്തും. ഒരു ബദല്‍ സമ്പദ്‌വ്യവസ്ഥ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top