Sep 28, 2017
'ചെറുകിട വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം'
രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് ചെറുകിട വ്യവസായ മേഖലയെ ബാധിച്ചത്?
facebook
FACEBOOK
EMAIL
government-should-prioritize-products-of-small-industries

'മേക്ക് ഇന്‍ കേരള' മുദ്രാവാക്യമായി ഉയരണമെന്നും സര്‍ക്കാര്‍ ചെറുകിട വ്യവസായങ്ങലുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് ദാമോദര്‍ അവന്നൂര്‍ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തി (ജിഡിപി)ന്റെ 40 മുതല്‍ 45 ശതമാനം വരെ സംഭാവന ചെയ്യുന്ന മേഖലയാണ് ചെറുകിട വ്യവസായം. കേരളത്തിലും ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ഈ മേഖലയാണ്. ഏറ്റവും ചുരുങ്ങിയത് 20 ലക്ഷം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ നല്‍കുന്നു. പരോക്ഷമായി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ ഇതിനേക്കാള്‍ കൂടുതല്‍ വരും. ഈ മേഖലയില്‍ നിന്നുള്ള നികുതി വരുമാനവും ഏറെ നിര്‍ണായകമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്ന മേഖലയെന്ന നിലയിലും ചെറുകിട വ്യവസായ മേഖലയ്ക്ക് പ്രസക്തിയുണ്ട്. 1000 കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കുന്ന വമ്പന്‍ പ്രോജക്റ്റ് 500 ഓളം പേര്‍ക്ക് ജോലി നല്‍കുമ്പോള്‍ അതേ തുക ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കാന്‍ ചെറുകിട വ്യവസായങ്ങളിലൂടെ കഴിയുന്നുവെന്നും അദ്ദേഹം ധനത്തിനനുവദിച്ച അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. 

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് ചെറുകിട വ്യവസായ മേഖലയെ ബാധിച്ചത്?

കറന്‍സി പിന്‍വലിക്കല്‍ നടപടിയും ജിഎസ്ടിയുമൊക്കെ ചെറുകിട വ്യവസായ മേഖലയുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. ആരും പൂട്ടിപ്പോയില്ലെങ്കിലും സെയ്ല്‍സ് ഇല്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായി. ഉദാഹരണത്തിന്, സ്റ്റീല്‍ ഇന്‍ഡസ്ട്രി വലിയ പ്രതിസന്ധിയിലാണ്. പണത്തിന്റെ അപര്യാപ്തത നിര്‍മാണ മേഖലയെ നിശ്ചലമാക്കി. കൂനിന്മേല്‍ കുരു പോലെ വന്ന ജിഎസ്ടിയും പ്രശ്‌നം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. സിമന്റ് കട്ടിള, ജനല്‍, ഹോളോ ബ്രിക്‌സ്, ഫര്‍ണിച്ചര്‍ എന്നിവയുടെയെല്ലാം നികുതി 28 ശതമാനമാക്കിയത് വിലയിലും കാര്യമായ വര്‍ധന വരുത്തി.

പല സാധനങ്ങളുടെയും എച്ച് എസ് എന്‍ കോഡ് ഏതെന്ന് ഇപ്പോഴും അറിയാനായില്ലെന്നതാണ് ജി എസ് ടി ഉയര്‍ത്തുന്ന വലിയ പ്രശ്‌നം. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന റബര്‍ റോളര്‍, പ്ലാസ്റ്റിക് ചിരട്ട പോലുള്ള ഉല്‍പ്പന്നങ്ങളുടെയൊന്നും കോഡ് അറിയില്ല. പിന്നെങ്ങനെയാണ് വിലയും നികുതിയും നിശ്ചയിക്കുക.

മറ്റ് എന്തൊക്കെ പ്രശ്‌നങ്ങളാണ് ഈ മേഖല ഇപ്പോള്‍ നേരിടുന്നത്?

ഇപ്പോള്‍ ആര്‍ക്കും ഏതു വ്യവസായവും പൂട്ടിക്കാം എന്ന സ്ഥിതിയാണ്. വ്യക്തി വൈരാഗ്യം മൂലമോ മറ്റോ തദ്ദേശ സ്ഥാപനത്തില്‍ ഒരു പരാതി നല്‍കിയാല്‍ ആദ്യം ചെയ്യുക ആ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയാണ്. ഇതിനെതിരെ കോടതിയില്‍ പോയി വിജയിച്ചാല്‍ മാത്രമേ പിന്നീട് വ്യവസായം തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. ലൈസന്‍സുകള്‍ പുതുക്കുന്നതിലും വലിയ പ്രശ്‌നങ്ങള്‍ വ്യവസായികള്‍ അഭിമുഖീകരിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പേരിലാണ് വലിയ ചൂഷണം നടക്കുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി, കെട്ടിട നിര്‍മാണ അനുമതി തുടങ്ങി വേറെയും പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും നേരിടുന്നു. 1000 ചതുരശ്രയടിയുള്ള കെട്ടിടത്തില്‍ വ്യവസായം തുടങ്ങണമെങ്കില്‍ അവിടേക്ക് 10 മീറ്റര്‍ വീതിയുള്ള റോഡ് ഉണ്ടായിരിക്കണമെന്ന ചട്ടം വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ പ്രദേശത്ത്, ഉള്‍നാടുകളില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് എവിടെ ഉണ്ടാകാനാണ്.

അങ്ങനെയാണെങ്കില്‍ തന്നെ റോഡ് നിര്‍മിക്കേണ്ടത് സര്‍ക്കാരല്ലേ, വ്യവസായിക്ക് എന്തു ചെയ്യാനാകും? വ്യവസായ സ്ഥാപനം തുടങ്ങുന്ന കെട്ടിടത്തിനു ചുറ്റും പത്തു മീറ്റര്‍ വണ്ടി പോകാനായി സ്ഥലം വിടണമെന്ന നിയമവും വ്യവസായികളെ പ്രതിസന്ധിയിലാക്കുന്നു.

സര്‍ക്കാര്‍ തലത്തില്‍ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമമുണ്ടോ?

അടുത്ത മാസത്തോടെ കേരളത്തില്‍ പുതിയൊരു വ്യവസായ നയത്തിന് തുടക്കമാകുമെന്നാണ് സൂചനകള്‍. വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകള്‍ 30ദിവസത്തിനകം ലഭ്യമാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണമാണ് നടക്കുന്നത്. ഒറ്റ അപേക്ഷയിലൂടെ എല്ലാ അനുമതിയും ലഭ്യമാക്കുകയാണ് ലക്ഷ്യം. 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ മറുപടി ലഭിക്കും. 30 ദിവസത്തിനുള്ളില്‍ കിട്ടിയില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കരുതി വ്യവസായം ആരംഭിക്കാം. ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ഡീം ലൈസന്‍സ് ഈ സാഹചര്യത്തില്‍ ലഭ്യമാക്കും. തെലുങ്കാന പോലുള്ള സംസ്ഥാനങ്ങ ളില്‍ ഇത്തരത്തിലുള്ള നിയമം വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. മറ്റൊരു നടപടി ലൈസന്‍സ് പുതുക്കുന്ന കാര്യത്തിലാണ്. ഇനി ഓരോ വര്‍ഷവും വിവിധ ലൈസന്‍സുകള്‍ പുതുക്കേണ്ടി വരില്ല. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പുതുക്കിയാല്‍ മതിയെന്ന സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍. കെഎസ്‌ഐഡിസി മുഖാന്തിരം കെപിഎംജി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ പരിഷ്‌കരണങ്ങള്‍ കൊണ്ടു വരുന്നത്.

എന്താണ് വ്യവസായ മേഖല ഇനി ആഗ്രഹിക്കുന്നത്?

വ്യവസായ എസ്റ്റേറ്റുകളില്‍ ഭൂമി വാങ്ങി വ്യവസായം തുടങ്ങിയവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനാവുന്നില്ല എന്നത് വലിയ സാമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. ഇങ്ങനെ വാങ്ങുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഭാഗമായപ്പോള്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമമാണ് എല്ലാവരെയും ബാധിച്ചിരിക്കുന്നത്. 30 വര്‍ഷത്തേക്ക് ലീസിന് നല്‍കുന്ന ഭൂമി സര്‍ക്കാരിന് തിരിച്ചു നല്‍കാന്‍ മാത്രമേ ആകൂ. വര്‍ഷങ്ങളുടെ അധ്വാനഫലമായി ഉണ്ടാക്കുന്ന ഫാക്ടറിയും മറ്റുമടങ്ങുന്ന ഭൂമി വ്യവസായം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് ചുളു വിലയ്ക്ക് തിരിച്ചു നല്‍കുമ്പോള്‍ വ്യവസായിക്ക് ജീവിത കാലയളവിലെ സമ്പാദ്യമാണ് നഷ്ടപ്പെടുന്നത്. 

മറ്റൊന്ന് സര്‍ക്കാര്‍ നടത്തുന്ന പര്‍ച്ചേസുകളില്‍ കേരളത്തിലെ ചെറുകിട വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നതാണ്. മേക്ക് ഇന്‍ കേരള എന്ന സങ്കല്‍പ്പത്തില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിയാല്‍ ഇവിടെ വ്യവസായം തളിര്‍ക്കുകയും പുറത്തെ തട്ടിപ്പുകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒഴിവാകുകയും ചെയ്യാം. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ബിസിനസ് തെറ്റല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ കൂടി കടമയാണ്. സംരംഭകത്വം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ കൂടി ശ്രമിച്ചാല്‍ തടസ്സങ്ങളില്ലാതെ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top