Jun 12, 2018
ഓർമ്മിക്കുക, വ്യവസായികളുടെ ലാഭത്തിന്റെ പങ്ക് സർക്കാരിനും കൂടിയുള്ളതാണ്
സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ ഉണ്ടാകണമെങ്കിൽ വ്യവസായം വളരണം വ്യവസായം വളരണമെങ്കിൽ നമ്മുടെ കാഴ്ചപ്പാട് മാറണം
facebook
FACEBOOK
EMAIL
government-is-the-partner-in-profit-for-industries
സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍  ഉണ്ടാകണമെങ്കിൽ വ്യവസായം വളരണം. വ്യവസായം വളരണമെങ്കിൽ നമ്മുടെ കാഴ്ചപ്പാട് മാറണം. സര്‍ക്കാരിന് വ്യവസായം നിലനിന്നു പോകണമെന്ന ആഗ്രഹമില്ലെങ്കില്‍ കേരളം മറ്റൊരു ബംഗാളായി മാറുമെന്ന് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ മുൻ പ്രസിഡന്റും കാർഷിക സംരംഭകനുമായ റോഷന്‍ കൈനടി മുന്നറിയിപ്പ് നൽകുന്നു.   
 
വ്യവസായിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് ആദായനികുതിയായി സര്‍ക്കാരിന് ലഭിക്കുന്നു. ജിഎസ്ടി ഇതിനു പുറമേയാണ്. വ്യവസായ സംരംഭങ്ങളിലെ പാര്‍ട്ണര്‍-ഇന്‍-പ്രൊഫിറ്റ് എന്ന സ്ഥാനമാണ് സര്‍ക്കാരിനുള്ളത്. വ്യവസായിക്ക് നഷ്ടം സംഭവിച്ചാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. അതേസമയം ലാഭമാണെങ്കില്‍ അതിന്റെ ഒരു പങ്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തിലൊരു ചിന്ത സര്‍ക്കാരിനുണ്ടെങ്കില്‍ വ്യവസായത്തോട് ചിറ്റമ്മ നയം സ്വീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 
 
 
സംരംഭങ്ങള്‍ ഇല്ലെങ്കില്‍ നമുക്ക് ഭാവിയില്ലെന്ന് സര്‍ക്കാര്‍ ജനങ്ങളെ ബോധവത്കരിക്കണം. ഇവിടെ 95 ശതമാനം സംരംഭകര്‍ക്കും സംരംഭത്തില്‍ നിന്ന് അന്നന്നത്തെ അപ്പം കണ്ടെത്താനേ കഴിയുന്നുള്ളൂ. അതില്‍ തന്നെ 1.5 ശതമാനം പേര്‍ മാത്രമാണ് പുരോഗതി കൈവരിക്കുന്നതെന്നും റോഷൻ ഓർമിപ്പിച്ചു. 
 
സിന്തൈറ്റിലെപ്പോലുള്ള തൊഴിലാളി പ്രശ്നങ്ങൾ വ്യവസായങ്ങളെ കേരളത്തിന് പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുക. കേരളത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമോ എന്ന ഭയമുണ്ടെന്ന് പോപീസ് കിഡ്സ് വെയർ മാനേജിങ് ഡയറക്ടർ ഷാജു തോമസ് പറയുന്നു. മിനിമം കൂലിയിൽ കൂടുതൽ കൊടുത്താലും ആവശ്യത്തിന് ജോലിക്കാരെ കിട്ടാനില്ലെന്നിരിക്കെ യൂണിയൻ പ്രവർത്തനം അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
 
ഒരു രാജ്യത്തിൻറെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വ്യവസായങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. നികുതിയായും, ലാഭവിഹിതമായും, തൊഴിലവസരങ്ങളായും സർക്കാരിനും സമൂഹത്തിനും  നേട്ടങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങൾ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയാണെന്ന് പറയുന്നതിൽ തെറ്റില്ല.    
 
എന്നാൽ കേരളം ഇന്നും പൂർണ്ണമായും വ്യവസായ സൗഹൃദമായിട്ടില്ല എന്നുവേണം കരുതാൻ. തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നം ട്രേഡ് യൂണിയനുകൾ ഇടപെട്ട് വലുതാക്കുന്ന ഒരു അവസ്ഥയാണ് മിക്കവാറും നാട്ടിൽ കണ്ടു വരുന്നത്. പലപ്പോഴും ഇത് കമ്പനി പൂട്ടിപ്പോകുന്ന അവസ്ഥ വരെ എത്തുന്നു. 
 
റോഷൻറെ അഭിപ്രായത്തിൽ കേരളം മനസിലാക്കേണ്ട ഒരു കാര്യം സംസ്ഥാനത്തിന് ഇനി വിദേശങ്ങളില്‍ വലിയ സാധ്യതകൾ ഇല്ല എന്നുള്ളതാണ്.  
 
ഗള്‍ഫിന്റെ പ്രതാപ കാലം അസ്തമിച്ചു. എണ്ണയുടെ പ്രാധാന്യം കുറയുന്നതോടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രതിസന്ധി നേരിടും. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ നിറയാന്‍ ഇനി അധികം കാലമെടുക്കില്ല. ഗൾഫ് രാജ്യങ്ങൾ മാത്രമല്ല, അമേരിക്കയും ഓസ്‌ട്രേലിയയുമൊന്നും കുടിയേറ്റക്കാരായ ജോലിക്കാരെ പ്രോത്സാഹിപ്പിക്കുന്നുമില്ല. 
 
അതോടെ ജോലിക്കായി പുറത്തു പോകാനുള്ള മലയാളികളുടെ സാധ്യത ഇല്ലാതാകും. അതുകൊണ്ട് ഇവിടെത്തന്നെ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top