Jul 01, 2017
'ഓഹരി വിപണിയില്‍ വരാനിരിക്കുന്നത് വന്‍ മുന്നേറ്റം'
പ്രഗല്‍ഭ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ മേധാവിയുമായ പൊറിഞ്ചു വെളിയത്തുമായുള്ള ഇന്റര്‍വ്യൂ
facebook
FACEBOOK
EMAIL
future-of-share-market-in-india-2017

പ്രഗല്‍ഭ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ മേധാവിയുമായ പൊറിഞ്ചു വെളിയത്തിന്റെ 'സുവര്‍ണ സ്പര്‍ശം' (മിഡാസ് ടച്ച്) ഇപ്പോള്‍ ഓഹരി വിപണിയില്‍ സംസാര വിഷയമാണ്. CNBC, ET NOW, മുതലായ മുന്‍നിര ബിസിനസ് ചാനലുകളിലെ സ്ഥിരം സാന്നിധ്യമായ പൊറിഞ്ചു, ഓഹരി നിക്ഷേപകര്‍ക്ക് അല്‍ഭുതകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി, ഏറെ പ്രശംസനീയമായ പങ്കാണ് വഹിക്കുന്നത്. പൊറിഞ്ചു വിവിധ മാധ്യമങ്ങളിലൂടെ നിര്‍ദേശിക്കുന്ന മള്‍ട്ടിബാഗര്‍ ഓഹരികളിലൂടെ ആയിരക്കണക്കിന് ചെറു

കിട നിക്ഷേപകര്‍ക്കും സമ്പത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2003ല്‍ പി.എം.എസില്‍ (പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ്) ല്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അത് ഏകദേശം അഞ്ച് കോടി രൂപയായി വളര്‍ത്താന്‍ കഴിയുമായിരുന്നു! അതേസമയം നിക്ഷേപം നിഫ്റ്റി ഓഹരികളിലായിരുന്നെങ്കില്‍ തുക 94 ലക്ഷം മാത്രം. ബാങ്ക് നിക്ഷേപമാകട്ടെ വെറും 30 ലക്ഷമായി വളര്‍ന്നേനെ! ശരാശരി നേട്ടം (CAGR) 32.78 ശതമാനം ഉറപ്പുവരുത്താന്‍ പൊറിഞ്ചുവിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ നിക്ഷേപകര്‍ക്ക് ശരാശരി 46.98 ശതമാനം നേട്ടമാണ് ലഭിച്ചത്.

ഇന്ന് ഇക്വിറ്റി ഇന്റലിജന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തി 1000 കോടി രൂപയ്ക്കു മുകളിലാണ്. അഭിമാനകരമായ ഈ വേളയില്‍, സെബിയുടെ അംഗീകാരത്തോടെ കാറ്റഗറി കകക ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അവതരിപ്പിച്ചുകൊണ്ട് സേവന മേഖല വിപുലീകരിക്കുകയാണ് പൊറിഞ്ചു വെളിയത്ത്. ഇക്യു-ഇന്ത്യ ഫണ്ട് (EQ - India Fund) എന്ന പേരിലുള്ള ഈ ഫണ്ട് വിദേശരാജ്യങ്ങളിലെ ഹെഡ്ജ് ഫണ്ടിന് സമാനമായുള്ളതാണ്. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന സ്ഥാപനം ഇത്തരമൊരു ഫണ്ട് അവതരിപ്പിക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍ ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രവണതകളെയും നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

ഇന്ത്യന്‍ സമ്പദ് ഘടനയെ കുറിച്ചും ഓഹരി വിപണിയെ സംബന്ധിച്ചും അങ്ങേയറ്റം ശുഭാപ്തി വിശ്വാസം നിറഞ്ഞ നിരീക്ഷണങ്ങളാണ് താങ്കളുടേത്. ഇത്രമാത്രം അടിയുറച്ച വിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ്?

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതാദ്യമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ മാറ്റത്തിന് വിധേയമാകുകയാണ് ഇപ്പോള്‍. അഴിമതി, സ്വജനപക്ഷപാതം, ദീര്‍ഘവീക്ഷണമില്ലാതെയുള്ള നയപരിപാടികള്‍ എന്നിവയെല്ലാം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുടന്തി നീങ്ങുകയായിരുന്നു. അഴിമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ ഏറ്റവും വലിയ ശത്രുവാണ്. ഒരു രാഷ്ട്രീയ കക്ഷിയെയോ ഭരണകൂടത്തെയോ പ്രത്യേകമായെടുത്തല്ല ഞാനിത് പറയുന്നത്. രാജ്യത്തിന്റെ ഇക്കോണമി മുതല്‍ എന്റര്‍പ്രണര്‍ഷിപ്പ് വരെ ഭരണകൂടത്തിലും രാഷ്ട്രീയ കക്ഷികളുടെ തലപ്പത്തും പിടിപാടുള്ളവര്‍ക്കുമാത്രമായി ചുരുങ്ങി. ഇന്‍ഫോസിസിനെ പോലുള്ള ചില കമ്പനികളാണ് ഇങ്ങനെയൊന്നുമല്ലാതെ ഉയര്‍ന്നുവന്നിരിക്കുന്നത്.

ഈ വ്യവസ്ഥിതി രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ കരിയര്‍ ആരംഭിക്കുന്ന 1990കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം 385 ബില്യണ്‍ ഡോളറും ചൈനയുടേത് 400 ബില്യണ്‍ ഡോളറും. ഇന്ന് ചൈന 11 ട്രില്യന്‍ ഡോളറിന്റെ ഇക്കോണമിയാണ്. അപാരമായ വിഭവ സമ്പത്തും അനുകൂലമായ ഒട്ടനവധി ഘടകങ്ങളുമുണ്ടായിട്ടും ഇന്ത്യ ഇന്ന് വെറും രണ്ട് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയായി നിലനില്‍ക്കുന്നു. ഇക്കാലയളവില്‍ ചൈന അവരുടെ ദാരിദ്ര്യത്തിന്റെ തോത് 90 ശതമാനം കണ്ട് കുറച്ചപ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യനിരക്കില്‍ ഇപ്പോഴും 1990 കാലഘട്ടത്തില്‍ നിന്ന് വലിയ വ്യത്യാസമില്ല.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ പരിഷ്‌കാരനടപടികളിലൊന്നായി മാത്രം ഗണിക്കാനാകില്ല. ഘടനാപരമായി തന്നെ മാറ്റം സംഭവിക്കുകയാണ്. ബ്ലാക്ക് ഇക്കോണമിയില്‍ നിന്ന് രാജ്യം വൈറ്റ് ഇക്കോണമിയിലേക്ക് മാറുന്നു, ബിസിനസ് ചെയ്യുന്നതിന്റെ രീതി അസംഘടിത രീതിയില്‍ നിന്ന് സംഘടിത രീതിയിലേക്ക് മാറുന്നു. പണം കൈമാറ്റത്തിന്റെ രീതി കറന്‍സിയില്‍ നിന്ന് ഡിജിറ്റലാകുന്നു. സ്വജനപക്ഷപാതത്തില്‍ നിന്ന് യോഗ്യതാടിസ്ഥാനത്തിലേക്ക് മാറുന്നു. കാര്യക്ഷമതയില്ലായ്മയില്‍ നിന്ന് കാര്യക്ഷമതയിലേക്ക് മാറുന്നു.

എല്ലാത്തിനുമുപരിയായി വികസനം രാഷ്ട്രീയകക്ഷികളുടെ മുഖ്യവിഷയമായിരിക്കുന്നു. വികസനം എന്ന ആശയത്തെ ഇത്രമാത്രം ആഴത്തില്‍ വേരോടിച്ചത് തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. വികസനത്തെ മുഖ്യ അജണ്ടയായി അവതരിപ്പിക്കുന്നതിലും അത് രാജ്യത്തെമ്പാടും പ്രചരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

ഇത്തരത്തില്‍ ആരോഗ്യകരമായ പ്രവണത രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ കുതിപ്പേകുകയാണ്. രണ്ട് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയില്‍ നിന്ന് അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയായി വളരുമ്പോള്‍ വന്‍ സാധ്യതയാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന മാറ്റം ഇത്തരമൊരു വളര്‍ച്ചയ്ക്ക് അനുയോജ്യമായുള്ളതാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ കാര്യമെടുത്താല്‍ മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണി നേട്ടങ്ങളുടെ കൊടുമുടിയിലാണ്. എന്നാല്‍ വരാന്‍ പോകുന്ന പുതിയ ബുള്‍ ഫേസിന്റെ (മുന്നേറ്റ കാലഘട്ടത്തിന്റെ ) അടിത്തട്ട് മാത്രമാണിത്.

ഓഹരി വിപണിയില്‍ ബുള്‍ ഫേസിന്റെ തുടക്കമാണെന്ന് വിലയിരുത്തുന്നത് എന്തുകൊണ്ടാണ്?

ലോകത്ത് തന്നെ മികച്ച ഗാര്‍ഹിക സമ്പാദ്യമുള്ള ജനതയാണ് നമ്മുടേത്. അതുപോലെ തന്നെ നിക്ഷേപത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം യാഥാസ്തിക നിലപാടാണ് ഇന്ത്യക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. ഇപ്പോള്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ ഓഹരി വിപണിയില്‍ സജീവ നിക്ഷേപകരായുള്ളൂ. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണം, റിയല്‍ എസ്‌റ്റേറ്റ്, ബാങ്ക് സ്ഥിരനിക്ഷേപം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്കിടയില്‍ ഏറെ താല്‍പ്പര്യമുള്ള അസറ്റ് ക്ലാസായി ഇക്വിറ്റി മാറിക്കൊണ്ടിരിക്കുകയാണ്. ഇനി കുടുംബങ്ങളിലെ സമ്പാദ്യം വന്‍തോതില്‍ ഓഹരികളില്‍ നിക്ഷേപിക്കപ്പെടും.

സമ്പദ് രംഗത്തെ ഘടനാപരമായ മാറ്റങ്ങളും ഭരണതലത്തില്‍ കൂടുതല്‍ സുതാര്യത കൈവന്നതും അഴിമതി കുറഞ്ഞതും സമ്പത്ത് സൃഷ്ടിക്കുന്നതിനും ഓഹരി വിപണിയുടെ മുന്നേറ്റത്തിനും ആക്കം കൂട്ടും. വിവേകമതികളായ നിക്ഷേപകര്‍ക്ക് സമ്പദ് സൃഷ്ടിയുടെ കാര്യത്തില്‍ ഓഹരി വിപണി ഒരു സ്വര്‍ണഖനിയായിത്തീരും. കൂടുതല്‍ പബ്ലിക് ഇഷ്യുകള്‍ വരുന്നതോടെ ഓഹരിയിലൂടെ പണമുണ്ടാക്കാനുള്ള മികച്ച അവസരമാണ് നിക്ഷേപക സമൂഹത്തിന് (പൊതുജനത്തിന്) കൈവരുന്നത്.

ഈ സന്ദര്‍ഭത്തില്‍ താങ്കള്‍ കാണുന്ന പ്രധാന വെല്ലുവിളി എന്താണ്?

തൊഴിലില്ലായ്മയാകും ഭാവിയിലെ പ്രധാന വെല്ലുവിളി. റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നീ മൂന്ന് കാര്യങ്ങള്‍ ഭാവിയിലെ തൊഴിലുകള്‍ കവരും. ഈ വെല്ലുവിളിയെ രാജ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ് താങ്കള്‍ ഇപ്പോള്‍ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അവതരിപ്പിക്കുന്നത്?

ഫണ്ട് മാനേജര്‍ക്ക് കുറേക്കൂടി വിശാലമായ സ്വാതന്ത്ര്യം നല്‍കുന്നതാണിത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതും ചെയ്യാത്തതുമായ കമ്പനികളിലും ഡെറിവേറ്റീവുകളിലും ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നിക്ഷേപം നടത്താനാകും. ഫണ്ട് സമാഹരിക്കാനും പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് തുടങ്ങി വ്യത്യസ്തമായ തന്ത്രങ്ങള്‍ സ്വീകരിച്ച് നിക്ഷേപം നടത്താനും ഫണ്ട് മാനേജര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. സെബി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം എഐഎഫിലെ കുറഞ്ഞ നിക്ഷേപം ഒരു കോടി രൂപയാണ്. വരും നാളുകളില്‍ രാജ്യത്തെ ഉന്നത ശ്രേണിയിലുള്ള വ്യക്തികള്‍ക്ക് (ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍ - എച്ച്എന്‍ഐ) ഇക്വിറ്റിയില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും പ്രിയപ്പെട്ട മാര്‍ഗമായി എഐഎഫുകള്‍ മാറിയേക്കും. ഒരുപക്ഷേ, മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ ഇവ വളര്‍ന്നേക്കാം.

ഓഹരി നിക്ഷേപകര്‍ക്കുള്ള ഉപദേശമെന്താണ്?

ഓഹരി സൂചികകളെ നോക്കരുത്. നിക്ഷേപകര്‍ അവര്‍ നിക്ഷേപിക്കുന്ന ഓഹരികളെ മാത്രം നോക്കുക. അതിന്റെ വളര്‍ച്ച ശ്രദ്ധിക്കുക. ആ കമ്പനിയുടെ ഭാവി സാധ്യതകള്‍ മനസിലാക്കുക. നിക്ഷേപം നടത്തിയ കമ്പനിയുടെ മാനേജ്‌മെന്റിന്റെ വൈദഗ്ധ്യം പരിശോധിച്ചറിയുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top