മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്
മുഖ്യമന്ത്രി പിണറായി വിജയന് ഉടന്‍ ചെയ്യാവുന്ന 50 കൊച്ചു കാര്യങ്ങള്‍
facebook
FACEBOOK
E T+ T T-
for-your-attention-cm-50-small-things-you-can-fix-immediately

പ്രിയ മുഖ്യമന്ത്രി,

ആദ്യമായി താങ്കള്‍ക്ക് ധനം ബിസിനസ് മാഗസിന്റെ വിജയാശംസകള്‍! 
ഒരു പുതുകേരളം പടുത്തുയര്‍ത്താന്‍ താങ്കളും താങ്കളുടെ ടീമും ഇതുവരെ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളെല്ലാം തന്നെ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം 19 ആക്കിയത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറച്ചത്. പിന്നെ മത-ജാതി-വിഭാഗീയ സമവാക്യങ്ങള്‍ക്കപ്പുറം കടന്നുകൊണ്ട് മികവുറ്റ ഒരു ടീമിനെ താങ്കള്‍ തെരഞ്ഞെടുത്തത്... എല്ലാം വലിയ പ്രതീക്ഷകളാണ് മലയാളി സമൂഹത്തിന് നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്താന്‍ ഏറെ ഉറ്റുനോക്കുന്ന ആദ്യ ആറുമാസക്കാലം ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിമാര്‍ക്ക് താങ്കള്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങളും അവര്‍ക്ക് മാതൃകയായുള്ള താങ്കളുടെ നീക്കങ്ങളും തികച്ചും അഭിനന്ദനാര്‍ഹമാണ്.

കാഴ്ചപ്പാടിലെ വ്യക്തതയും നിലപാടുകളിലെ ദൃഢതയും പ്രവര്‍ത്തനങ്ങളിലെ ആര്‍ജവവും മുഖമുദ്രയാക്കിയ താങ്കളില്‍ മലയാളി സമൂഹം പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റുപറയാനാകില്ല.

ആ സാഹചര്യത്തില്‍ മലയാളി ജീവിതം ഇന്നുള്ളതിനേക്കാള്‍ അല്‍പ്പം കൂടി മെച്ചപ്പെട്ടതാക്കുന്നതിനുള്ള കൊച്ചുകാര്യങ്ങളാണ് ഞങ്ങള്‍ കുറിയ്ക്കുന്നത്. ഇവ നടപ്പാക്കാന്‍ പ്രത്യേകിച്ച് പണച്ചെലവുമൊന്നുമില്ലെന്നതാണ് ശ്രദ്ധേയം.

താങ്കള്‍ക്ക് അടിയന്തരമായി ചെയ്യാവുന്ന 50 കാര്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. പലതും പ്രഥമദൃഷ്ട്യാ ലളിതമെങ്കിലും അവ നടപ്പാക്കിയാല്‍ സൃഷ്ടിക്കപ്പെടുന്ന മാറ്റം വിപ്ലവകരമാകുമെന്ന് തീര്‍ച്ച.

1. സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍: ഇന്നും സംസ്ഥാനത്ത് വൃത്തിയും സൗകര്യങ്ങളുമുള്ള ശൗചാലയങ്ങള്‍ ഇല്ലാത്ത സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുണ്ട്. കൃത്യമായ നയതീരുമാനമുണ്ടെങ്കില്‍ കോര്‍പ്പറേറ്റുകളോ സംഘടനകളോ ഒക്കെ ഈ സൗകര്യം ഒരുക്കാന്‍ മുന്നോട്ടുവരും. ഈയൊരു ലക്ഷ്യത്തിനായി നവമാധ്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിയുള്ള പരസ്യ, ആശയരൂപീകരണ രീതികള്‍ അവലംബിക്കണം. സര്‍ക്കാര്‍ അധികപണം ചെലവിടാതെ തന്നെ സ്‌കൂളുകളില്‍ വൃത്തിയുള്ള ശൗചാലയം ഒരുക്കുകയും ചെയ്യാം.

2. പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍: കേരളത്തിലെ പൊതു സ്ഥലങ്ങളില്‍ ഇപ്പോഴും വൃത്തിയുള്ള മൂത്രപ്പുരകളില്ല. ഉള്ളവയില്‍ മിക്കതും മൂക്കുപൊത്താതെ കയറാനാകാത്ത സ്ഥിതിയിലും. കോര്‍പ്പറേറ്റുകളെയും സംഘടനകളെയും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മികച്ചൊരു പ്ലാന്‍ തയാറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.

3. കുടിവെള്ളം: സര്‍ക്കാര്‍ ആശുപത്രിയിലും വഴിയോരത്തുമെല്ലാം ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്ന കാഴ്ച ദയനീയമാണ്. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് പലരും, ആരും ആവശ്യപ്പെടാതെ തന്നെ കുടിവെള്ളം സൗജന്യമായി നല്‍കി. പൊതുഇടങ്ങളില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതി താങ്കള്‍ ആവിഷ്‌കരിച്ചാല്‍ സര്‍ക്കാരിന്റെ ഒരു രൂപ
പോലും ചെലവാകാതെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും അങ്ങേയറ്റം ജീവകാരുണ്യപരമായ ഒരു കാര്യം നടപ്പാക്കാനാകും.

4. ഡസ്റ്റ്ബിന്‍: കേരളത്തില്‍ മൂക്കുപൊത്താതെ നടക്കാന്‍ പറ്റുന്ന പൊതു ഇടങ്ങള്‍ കുറവാണ്. കൃത്യമായി ഡസ്റ്റ് ബിന്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുകയും അത് വൃത്തിയാക്കാന്‍ സംവിധാനവുമുണ്ടെങ്കില്‍ പരിസരം വൃത്തിയായി സൂക്ഷിക്കാം.

5. വൈദ്യുതി വിളക്കുകള്‍: പൊതുനിരത്തിലെ വൈദ്യുതി വിളക്കുകള്‍ രാത്രിയില്‍ കൃത്യമായി തെളിയുന്നുണ്ടെന്നും പ്രഭാതത്തില്‍ കൃത്യമായി അവ അണയ്ക്കുന്നുണ്ടെന്നും ഉറപ്പാക്കുക. രാവിലെ കൃത്യമായി ഈ വിളക്കുകള്‍ അണച്ചാല്‍ വൈദ്യുതി നിരക്കിനത്തില്‍ തന്നെ വന്‍ തുക ലാഭിക്കാനാകും.

6. കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം: മിക്ക റോഡുകളിലും കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സ്ഥലം ഇല്ലാതായിരിക്കുകയാണ്. അശാസ്ത്രീയമായ ഇത്തരം റോഡ് വികസനം മൂലം കാല്‍നടയാത്രക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതിനാല്‍ ഇത്തരം റോഡുകളില്‍ കാല്‍നടയാത്രികര്‍ക്കായി പ്രത്യേകം മാര്‍ക്കിംഗ് നടത്തി സ്ഥലമിടാന്‍ നടപടി സ്വീകരിക്കുക.

7. ഫുട്പാത്തുകളിലെ ഇരുചക്ര വാഹനം: ഫുട്പാത്തുകളുള്ള റോഡുകളില്‍ ഗതാഗതക്കുരുക്കുള്ളപ്പോള്‍ അത് ഉപയോഗിക്കുന്നത് ഇരുചക്രവാഹനമോടിക്കുന്നവരാണ്. ഈ പ്രവണത കര്‍ശനമായി അവസാനിപ്പിക്കുക.

8. സ്ലാബുകള്‍: ഫുട്പാത്തുകളിലെ സ്ലാബുകള്‍ പൊളിഞ്ഞുകിടക്കുന്നത് പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുക.

9. നോക്കുകൂലി: ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് താങ്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ള നോക്കുകൂലി, അട്ടിമറി തുടങ്ങിയ ദുഷ്പ്രവണതകളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുക. താങ്കള്‍ക്ക് മാത്രമേ ഇതിന് സാധിക്കൂ.

10. ബയോമെട്രിക് പഞ്ചിംഗ്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംസ്ഥാനത്തെ പല വകുപ്പുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. ഇത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വ്യാപിപ്പിച്ചാല്‍ ജീവനക്കാര്‍ സമയകൃത്യത പാലിക്കുകയും ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭിക്കുകയും ചെയ്യും.

11. ഡിജിറ്റലൈസേഷന്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റലൈസേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുകയും ജനങ്ങളും ഓഫീസുകളുമായുള്ള നേരിട്ടുള്ള ഇടപെടലുകള്‍ കഴിയുന്നത്ര കുറക്കുകയും ചെയ്യുക.

12. ട്രാഫിക് നിയമങ്ങള്‍: ട്രാഫിക് നിയമങ്ങള്‍ കര്‍ക്കശമാക്കുകയും അവ ലംഘിക്കുന്നവര്‍ക്ക് ഭീമമായ തുക പിഴ ചുമത്തുകയും ചെയ്യുക. ഇതുമൂലം ദിവസേന റോഡുകളില്‍ നടക്കുന്ന മനുഷ്യക്കുരുതി ഒരു പരിധി വരെ ഒഴിവാക്കാം.

13. തടസ്സമില്ലാത്ത ഫ്രീ ലെഫ്റ്റ്: ട്രാഫിക് സിഗ്നലുകളില്‍ ഫ്രീ ലെഫ്റ്റ് എടുക്കാനുള്ള സ്‌പേസില്‍ പോലും നേര്‍ദിശയിലേക്ക് പോകേണ്ട വാഹനങ്ങള്‍ നിര്‍ത്തുന്നതിനാല്‍ ഗതാഗത തടസ്സം രൂക്ഷമാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ട്രാഫിക് പൊലീസും ട്രാഫിക് വാര്‍ഡന്മാരും ഒന്നു മനസുവെച്ചാല്‍ സാധിക്കും. അതിനുള്ള നടപടികള്‍ സ്വീകരിക്കുക.

14. ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക: കേരളത്തില്‍ പ്രമുഖ കേന്ദ്രങ്ങളിലൊഴികെ നല്ലൊരു ബസ് കാത്ത് നില്‍പ്പ് കേന്ദ്രങ്ങളില്ല. കമ്പനികളുടെ ബ്രാന്‍ഡിംഗിനും മറ്റും ഉപകരിക്കുന്ന വിധം നിര്‍മിച്ച് ഓപ്പറേറ്റ് ചെയ്ത് കൈമാറുന്ന വിധത്തില്‍ ഇവ സ്ഥാപിക്കാവുന്നതാണ്.

15. ടൂറിസം: സുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് കേരളം. പക്ഷേ നമ്മുടെ പ്രമുഖ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ പോലും ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങള്‍, മികച്ച ശൗചാലയം, കുണ്ടും കുഴിയുമില്ലാത്ത റോഡ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഒരു ടൂറിസം ഗൈഡിന്റെ സേവനം തുടങ്ങിയവ ഇല്ല. അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട രക്ഷാസംവിധാനങ്ങളും ഇവിടെ ഒരുക്കാന്‍ നടപടി സ്വീകരിക്കുക.

16. ഭക്ഷ്യ വിഷവും മായവും: പച്ചക്കറിയിലെയും പഴങ്ങളിലെയും വിഷവും ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മായവും കണ്ടെത്തുന്നതിനുള്ള സത്വര നടപടികള്‍ ആരംഭിക്കുക. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുക.

17. ഓര്‍ഗാനിക് ഫാമിംഗ്: സിപിഎം ഇപ്പോള്‍ തന്നെ സംഘടിതമായും വ്യക്തമായ ആസൂത്രണത്തോടെയും ഓര്‍ഗാനിക് ഫാമിംഗ് രംഗത്ത് ഇടപെടല്‍ നടത്തുന്നുണ്ട്. ഇത് സംസ്ഥാന വ്യാപകമാക്കുകയും കൂടുതല്‍ ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

18. വൃത്തിഹീനമായ ഹോട്ടലുകള്‍: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുക. പഴകിയതും ശുചിയില്ലാത്തതുമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടുക. അത്തരം ഹോട്ടലുകളുടെ പട്ടിക പത്ര മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുക.

19. ഫ്‌ളെക്‌സുകള്‍ എടുത്തു മാറ്റാം: യാത്രക്കാരുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതും പരിസര മലിനീകരണം ഉണ്ടാക്കുന്നതുമായ ഫ്‌ളെക്‌സുകള്‍ നിരോധിക്കുക. വഴിയരുകില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക... തുടങ്ങി നഗരത്തെ സുന്ദരമാക്കാനുള്ള ടെന്‍ഡറുകള്‍ പരസ്യക്കാരില്‍ നിന്ന് സ്വീകരിച്ച് അത്തരക്കാരുടെ പരസ്യങ്ങളോ ഫ്‌ളെക്‌സുകളോ അനുവദിക്കാം. തെരഞ്ഞെടുപ്പിന് ശേഷം താങ്കളുടെ പാര്‍ട്ടിയില്‍ പെട്ടവര്‍ കൃത്യമായി ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തത് അഭിനന്ദനാര്‍ഹം തന്നെയാണ്.

20. ടോള്‍ കൊള്ള ഒഴിവാക്കാം: സംസ്ഥാനത്തെ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള പാലങ്ങളുടെ ടോള്‍ പിരിവ് നിര്‍ത്തലാക്കുക. പുതിയ നിരവധി റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ നിര്‍ബന്ധമാകുകയും പഴയവ ഇപ്പോഴും തുടരുകയും ചെയ്യുമ്പോള്‍ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.

21. സ്‌കൂളുകള്‍ മാനദണ്ഡം ഉറപ്പാക്കാം: സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. വന്‍ തുക ഫീസ് വാങ്ങുന്ന സ്‌കൂളുകള്‍ അതിന് അനുസരിച്ചുള്ള ഗുണമേന്മ പുലര്‍ത്തുന്നുണ്ടെന്നും ഉറപ്പാക്കുക. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുക്കുക.

22. തിരക്ക് കുറയ്ക്കാം: ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്തി അത്തരം സേവനങ്ങള്‍ ഉടനടി കംപ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

23. പൊതുനിരത്തും പൊതുസമ്മേളനങ്ങളും: വാഹനപെരുപ്പം മൂലം പല റോഡുകളിലും ഗതാഗത തടസ്സം അതിരൂക്ഷമാണ്. അതിനിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും വിധം ജാഥകളും പൊതുസമ്മേളനങ്ങളും ആരാധനാലയങ്ങളുടെയും സംഘടനകളുടെയും ആഘോഷങ്ങളും പൊതുനിരത്തില്‍ അരങ്ങേറുമ്പോള്‍ റോഡില്‍ കുരുങ്ങുന്നത് അനേകായിരങ്ങളാണ്. മാത്രമല്ല ആഘോഷങ്ങളുടെ പേരില്‍ നടുറോഡിലേക്ക് വാഹനങ്ങളും യാത്രികരും കടന്നുപോകുന്ന വേളയില്‍ തന്നെ പടക്കം പൊട്ടിച്ചെറിയുന്ന രീതിയും പലയിടത്തുമുണ്ട്. ഇതൊഴിവാക്കാന്‍ കര്‍ശന നിലപാട് സ്വീകരിക്കുക.

24. ക്ഷേമ പെന്‍ഷനുകള്‍: സാധാരണക്കാരുടെ ക്ഷേമ പെന്‍ഷനുകള്‍ എത്ര ചെറിയ തുകയാണെങ്കിലും അവ എല്ലാ മാസവും കൃത്യമായി അവരുടെ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇക്കാര്യം താങ്കള്‍ ഇതിനകം തന്നെ പരിഗണിച്ചിട്ടുണ്ട്.

25. പ്രാഥമിക ഹെല്‍ത്ത് സെന്ററുകള്‍: താലൂക്കുകള്‍ തോറും മെഡിക്കല്‍ കോളെജുകള്‍ തുടങ്ങുന്നതിന് പകരം പ്രാഥമിക ഹെല്‍ത്ത് സെന്ററുകളെയും മറ്റുള്ള ആശുപത്രികളെയും മികവുറ്റള്ളതാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുക.

26. വാഹനങ്ങളുടെ അമിത വേഗം: റോഡുകളില്‍ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുക. ഇതിലൂടെ മാത്രമേ കേരളത്തിലെ റോഡുകളിലെ കൂട്ടക്കുരുതിക്ക് പരിഹാരം കാണാനാകൂ.

27. മദ്യാസക്തി : മലയാളിയുടെ മദ്യാസക്തി കുറയ്ക്കുന്നതിനുള്ള വ്യാപകമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതും മദ്യാസക്തിയില്‍ നിന്ന് രക്ഷിക്കുന്നതുമെല്ലാം അങ്ങേയറ്റം പ്രശംസനീയമാണ്. അതിനൊപ്പം തന്നെ സംസ്ഥാനത്തിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി അനുബന്ധ മേഖലയുടെ വികസനത്തിന് ഉതകുന്നതും സംസ്ഥാനത്തിന്റെ സമ്പദ് രംഗത്തിന് ഉണര്‍വേകുന്നതുമായ പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മദ്യനയം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുക.

28. ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍: നിലവില്‍ സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളുടെ പലതിന്റെയും നിലവാരം അങ്ങേയറ്റം മോശമാണ്. തികച്ചും അപരിഷ്‌കൃതമായ വില്‍പ്പന രീതിയും സംവിധാനങ്ങളും മാറ്റാന്‍ നടപടി സ്വീകരിക്കുക.

29. കുട്ടികളെ കുത്തി നിറച്ച വാഹനങ്ങള്‍: വീണ്ടും സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലിന്റെ നാളുകളാണ്. എന്നും ഈ നാളുകളില്‍ ഞെട്ടിക്കുന്ന പല വാര്‍ത്തകളും വരും. കുട്ടികളെ പരിധിയിലധികം കുത്തി നിറച്ച വാഹനങ്ങളും അമിതവേഗവും ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ സംഭവിക്കുന്ന അപകടങ്ങളുമെല്ലാം നിത്യകാഴ്ചകളാണ്. ഇത് തടയാന്‍ സത്വര നടപടി സ്വീകരിക്കുക. നമ്മുടെ കുരുന്നുകള്‍ റോഡില്‍ രക്തസാക്ഷികളാകാതിരിക്കട്ടെ.

30. രസീതുകള്‍: സര്‍ക്കാര്‍ ഓഫീസൂകളില്‍ അപേക്ഷ സ്വീകരിക്കുമ്പോഴും പൊലീസ് സ്റ്റേഷനുകളില്‍ പരാതി സ്വീകരിക്കുമ്പോഴും രസീതുകള്‍ കൃത്യമായി നല്‍കുക.

31. നിശ്ചിത ദിവസത്തിനുള്ളില്‍ തീരുമാനം: ഓരോ ഫയലിന്മേലും, അപേക്ഷയിന്മേലും നിശ്ചിത ദിവസത്തിനുള്ളില്‍ തീരുമാനം എടുത്തി2രിക്കണമെന്ന മാനദണ്ഡം കൊണ്ടുവരിക. ഫയലുകള്‍/അപേക്ഷകള്‍ തിരിച്ചയക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ അതിനുള്ള കാര്യങ്ങള്‍ അക്കമിട്ട് എഴുതാനുള്ള നടപടി സ്വീകരിക്കുക. ഇതുമൂലം എന്തുകൊണ്ട് നിരസിച്ചുവെന്നും എന്തെല്ലാം ശരിയാക്കിയാല്‍ വീണ്ടും പരിഗണിക്കുമെന്നും കാലതാമസം കൂടാതെ മനസിലാകും. കാര്യങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയും ചെയ്യും.

32. മരങ്ങളും കണ്ടല്‍ക്കാടുകളും: മരങ്ങളും കണ്ടല്‍ക്കാടുകളും അനധികൃതമായി വെട്ടിനശിപ്പിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുകയോ കര്‍ശന നിയന്ത്രണം കൊണ്ടു വരികയോ വേണം.

33. വൃക്ഷത്തൈകള്‍ നടുന്നത്: സ്‌കൂളുകളിലും കോളെജുകളിലും മാത്രമല്ല പൊതുഇടങ്ങളിലും വൃക്ഷത്തൈകള്‍ നടുന്നത് പ്രോത്സാഹിപ്പിക്കണം. പാതയോരങ്ങളില്‍ ചെറു തണല്‍ മരങ്ങള്‍ നടാം.
34. മഴവെളള സംഭരണികള്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പടെ കുറഞ്ഞ ചെലവില്‍ മഴവെളള സംഭരണികള്‍ സ്ഥാപിക്കുകയും മഴവെളള സംഭരണം പ്രോത്സാഹിപ്പിക്കുകയും വേണം.

35. വൃത്തി: ബസ് സ്റ്റാന്റുകളും ജനറല്‍ ആശുപത്രികളുമുള്‍പ്പടെയുളള പൊതു ഇടങ്ങളും സ്ഥാപനങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കണം.

36. ബസ് സ്റ്റാന്റുകളുടെ സ്ഥിതി: സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ബസ് സ്റ്റാന്റുകളുടെ സ്ഥിതി അങ്ങേയറ്റം ശോചനീയമാണ്. മാത്രമല്ല ശാസ്ത്രീയമായ രീതിയില്‍ ബസ് പാര്‍ക്ക് ചെയ്യുന്നതും കയറ്റി ഇറക്കുന്നതും അപൂര്‍വ്വ സംഭവമാണ്. ഇതുമൂലം ബസ്റ്റാന്റുകളില്‍ തന്നെയുള്ള അപകടങ്ങളില്‍ പൊലിയുന്ന ജീവനുകളും നിരവധിയാണ്. ഇക്കാര്യത്തില്‍ സത്വരശ്രദ്ധ പതിപ്പിക്കുക. റെയ്ല്‍വേസ്റ്റേഷനുകളിലെയും ബസ് സ്റ്റാന്റുകളിലെയും ഒടിഞ്ഞുപോയ ഇരിപ്പിടങ്ങള്‍ നന്നാക്കുക.

37. ബസുകളില്‍ പടുത മാറ്റി ഷട്ടര്‍ ആക്കുക: മഴക്കാലത്ത് യാത്രക്കാര്‍ നനയാതിരിക്കാനായി, ബസുകളില്‍ പടുത മാറ്റി ഷട്ടര്‍ ആക്കുക. തുരുമ്പിച്ചു പോയ ഷട്ടറുകള്‍ മാറ്റി പുതിയവ പിടിപ്പിക്കുക

38. ഫീഡിംഗ് സെന്ററുകള്‍: പൊതു ഇടങ്ങളില്‍, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കായി വൃത്തിയുള്ള ഫീഡിംഗ് സെന്ററുകള്‍ സ്ഥാപിക്കുക.

39. കാനകള്‍: റോഡിനരികിലുള്ള കാനകള്‍ കാലാകാലങ്ങളില്‍ വൃത്തിയാക്കുക. കാനകളില്‍ നിന്നുള്ള മാലിന്യം അതിനരികില്‍ തന്നെ കോരിയിട്ട് വീണ്ടും കാനയിലേക്ക് ഒഴുകിയിറങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം കൊടുക്കുക. ഇതൊഴിവായാല്‍ തന്നെ പലയിടത്തെയും വെള്ളക്കെട്ടിന് പരിഹാരമാകും.

40. വൈദ്യുത കമ്പികള്‍: വഴിയാത്രികരുടെയും വാഹനയാത്രികരുടെയും കഴുത്തില്‍ കുടുങ്ങും വിധം വൈദ്യുത കമ്പികള്‍, കേബിളുകള്‍ എന്നിവ താഴ്ന്നു കിടക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുക.

41. കുഴി അപ്പപ്പോള്‍ അടക്കാം: റോഡിലെ ടാറിളകിയുണ്ടാകുന്ന കുഴികള്‍ അപ്പപ്പോള്‍ നികത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക. അത് റോഡ് നിര്‍മാണ കരാര്‍ നല്‍കുമ്പോള്‍ തന്നെ കരാര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുക.

42. ഹമ്പുകളില്‍ അടയാളമിടാം: റോഡുകളിലെ ഹമ്പുകള്‍ പണിയുമ്പോള്‍ തന്നെ കൃത്യമായി മാര്‍ക്ക് ചെയ്യുക. മാര്‍ക്ക് ചെയ്യാത്ത ഹമ്പുകളില്‍ കയറി ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് റോഡില്‍ തലയിടിച്ച് മരിച്ചവര്‍ നിരവധിയാണ്. ഈ രക്തച്ചൊരിച്ചില്‍ ഇനി മതിയാക്കാം.

43. കുത്തിപ്പൊളിക്കുന്നത് തടയുക: ഇന്നും കേരളത്തില്‍ റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപണിയും തീരുന്നതിന്റെ തൊട്ടുപിറ്റേന്ന് മറ്റേതെങ്കിലും വകുപ്പുകാര്‍ അത് കുത്തിപ്പൊളിക്കുന്നത് കാണാം. വകുപ്പുകളുടെയും ജോലികളുടെയും ഈ ഏകോപനമില്ലായ്മയ്ക്ക് തീര്‍ച്ചയായും പരിഹാരം കാണേണ്ടിയിരിക്കുന്നു. ഒപ്പം റോഡരികില്‍ കാന കോരി കേബിളിടുന്നവര്‍ ജോലി കഴിഞ്ഞ ശേഷം കാന നന്നായി മണ്ണിട്ട് ഉറപ്പിച്ച് മൂടിയിട്ടുണ്ടെന്നും ഉറപ്പാക്കുന്ന സംവിധാനം വേണം. വാഹനങ്ങളും കാല്‍ നടയാത്രക്കാരും ഈ കിടങ്ങുകളില്‍ വീഴുന്നത് തടഞ്ഞേ മതിയാകൂ.

44. സെല്‍ഫ് അറ്റസ്റ്റേഷന്‍: സര്‍ട്ടിഫിക്കറ്റുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതുപോലെ പരമാവധി കാര്യങ്ങളില്‍ സെല്‍ഫ് അറ്റസ്റ്റേഷന്‍ നടപ്പാക്കുക.

45. വാതില്‍പ്പാളി: സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ രണ്ടു ഡോറുകളിലും വാതില്‍ പാളി നിര്‍ബന്ധമാക്കുക. അത് അടച്ചുവെച്ചുതന്നെയാണ് ബസുകള്‍ ഓടുന്നതെന്ന കാര്യം ഉറപ്പാക്കുക.

46. തെരുവ് നായ: സംസ്ഥാനത്തെ റോഡുകളും വഴികളും തെരുവ് നായ വിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുക.

47. ഭക്ഷണശീലം: ആരോഗ്യകരമായ ഭക്ഷണശീലം കേരളത്തിലെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഇത്തരം ശീലങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ തന്നെ ഭാഗമാക്കുക.

48. കൈക്കൂലി വിളിച്ചറിയിക്കാന്‍ സംവിധാനം: കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനത്തിന് വിളിച്ചറിയിക്കാന്‍ സംവിധാനം ഒരുക്കുക. ഈ നമ്പര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനം കാണും വിധം പ്രദര്‍ശിപ്പിക്കുക. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിച്ച് ആ വിവരം കൃത്യമായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക. ഇത്തരം ഏതാനും സംഭവങ്ങളുണ്ടായാല്‍ തന്നെ അഴിമതിയും കൈക്കൂലിയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.

49. സര്‍ക്കാര്‍ ലാബുകള്‍: കുടിവെള്ളം പരിശോധനയ്ക്ക് നല്‍കിയാല്‍ സര്‍ക്കാര്‍ ലാബുകളില്‍ സാമ്പിളുകള്‍ ഏറെയായതിനാല്‍ പരിശോധനാ ഫലം ലഭിക്കാന്‍ വലിയ കാലതാമസം നേരിടുന്നുണ്ട്. സാമ്പിളുകള്‍ കഴിയുന്നത്ര വേഗം പരിശോധിച്ച് ഫലം നല്‍കാനുള്ള സംവിധാനമൊരുക്കണം.

50. മെഡിക്കല്‍ ലബോറട്ടറികള്‍: സംസ്ഥാനത്ത് ആയിരക്കണക്കിന് മെഡിക്കല്‍ ലബോറട്ടറികളുണ്ട്. പല ലാബുകളിലെയും റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റ രീതിയിലല്ല. പരിശോധനാഫലങ്ങള്‍ പലപ്പോഴും തെറ്റായ ചികിത്സയിലേക്ക് നയിക്കുന്നു. ഇതൊഴിവാക്കാനും സ്വകാര്യ ലാബുകളില്‍ നിലവാരം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുക.

കേരളീയ ജനതയുടെ ജീവിതത്തില്‍ ഗുണപരമായൊരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ ഇത്തരം ചില കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും. കൃത്യമായ ഇടവേളയില്‍ ഇവയില്‍ ഏതൊക്കെ നടപ്പാക്കാനായി എന്നത് പരിശോധനയ്ക്ക് വിധേയമാക്കുക കൂടി ചെയ്യേണ്ടതും അനിവാര്യമാണ്. ശതകോടികളുടെ പദ്ധതി പ്രഖ്യാപനത്തേക്കാള്‍ ഒരു പക്ഷേ ജനം ഏറെ കരഘോഷത്തോടെ സ്വീകരിക്കുന്നതും ഇത്തരം ചെറിയ കാര്യങ്ങളുടെ വിജയകരമായ നടത്തിപ്പാകും. ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനുമായി ഇവയിലേക്ക് കൂടിയും താങ്കളുടെ ശ്രദ്ധ പതിയുമെന്ന
വിശ്വാസത്തോടെ നിര്‍ത്തുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top