Dec 27, 2017
റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ രക്ഷയ്ക്ക് പരിഗണിക്കൂ ഈ ആവശ്യങ്ങള്‍
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സമഗ്ര വളര്‍ച്ചയും വികസന രംഗത്തെ മുന്നേറ്റവും സാധ്യമാക്കാന്‍ ഈ മേഖലയിലെ പ്രമുഖര്‍ മുന്നോട്ടുവെക്കുന്ന ചില നിര്‍ദേശങ്ങള്‍
facebook
FACEBOOK
EMAIL
for-improving-the-real-estate-sector-we-need-to-improve-in-this-sector

കടുത്ത പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായികേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല കടന്നുപോകുന്നത്. കറന്‍സി റദ്ദാക്കല്‍, റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ രൂപീകരണം, അതുമായി ബന്ധപ്പെട്ട പുത്തന്‍ നിയമങ്ങള്‍, ഭൂമി, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയിലെ നിക്ഷേപത്തില്‍ നിന്നുള്ള ഗള്‍ഫ് മലയാളികളുടെ പിന്‍മാറ്റം, ഭൂമിയുടെ ക്രയവിക്രയത്തിലുണ്ടായ മാന്ദ്യം തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഒപ്പം കുഴഞ്ഞുമറിഞ്ഞ നിയമങ്ങള്‍, ബ്യൂറോക്രസിയുടെ കാര്യക്ഷമതയില്ലായ്മ, അഴിമതി എന്നിവയൊക്കെ ഈ മേഖലയെ വീണ്ടും പിന്നോട്ടടിക്കുന്നു.
എന്നാല്‍ ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുകയും ഉല്‍പ്പാദന വ്യാപാര മേഖലകളെ ഉത്തേജിപ്പിച്ച് സമ്പദ്ഘടനയെ ചലിപ്പിക്കുകയും വികസന പ്രക്രിയയില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുകയും ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ ഒഴിവാക്കി ഒരിക്കലും സംസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ല. വികസന മുന്നേറ്റത്തെ മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്ന ഒന്നായി കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ റാങ്കിംഗ് മാറിയതോടെ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും അതേക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് ഉണ്ടായിട്ടുണ്ട്. എങ്കിലും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സമഗ്ര വളര്‍ച്ചക്കും വികസന രംഗത്തെ മുന്നേറ്റത്തിനും ചില സുപ്രധാന അഴിച്ചുപണികള്‍ ആവശ്യമാണെന്ന് ബില്‍ഡര്‍മാരും ആര്‍ക്കിടെക്റ്റുകളും പ്ലാനിംഗ് വിദഗ്ധരുമൊക്കെ ചൂണ്ടിക്കാട്ടുന്നു. 

 •  2017 ജൂലൈ 17 മുതല്‍ കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ആക്റ്റും അഥോറിറ്റിയും റദ്ദാക്കപ്പെട്ടതോടെ കേന്ദ്ര നിയമമാണ് ഇപ്പോള്‍ ബാധകമായിട്ടുള്ളത്. അതിനാല്‍ കേന്ദ്ര നിയമം അനുസരിച്ചുള്ള പുതിയ ആക്റ്റിനും അഥോറിറ്റിക്കും ട്രൈബ്യൂണലിനും സംസ്ഥാന സര്‍ക്കാര്‍ ഉടനടി രൂപം നല്‍കണം.
 • കെട്ടിട നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നല്‍കേണ്ട അനുമതികള്‍, അംഗീകാരങ്ങള്‍ എന്നിവയിലുണ്ടാകുന്ന വന്‍ കാലതാമസം ഒഴിവാക്കണം.
 • തലസ്ഥാനത്തെ എയര്‍പോര്‍ട്ട് പരിസരത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ അനുമതിക്കായി മുന്‍പ് ഒരു വര്‍ഷത്തോളം കാലതാമസം ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസ്തുത പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കളര്‍ കോഡ് മാപ് അഥോറിറ്റി പുറത്തിറക്കുകയും ഒരോ കളര്‍ കോഡ് അനുസരിച്ച് അതാത് സ്ഥലങ്ങളില്‍ അഥോറിറ്റിയുടെ അനുമതി ഇല്ലാതെ തന്നെ ഇത്ര നിലകള്‍ വരെ നിര്‍മിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ അഥോറിറ്റിയുടെ അനുമതിക്കായുള്ള കാലതാമസം ഒഴിവായെന്ന് മാത്രമല്ല പുതുതായി അവിടെ ഭൂമി വാങ്ങുന്ന ഒരാള്‍ക്ക് അതില്‍ എത്ര നിലകള്‍ വരെ പണിയാനാകുമെന്നത് ഭൂമി വാങ്ങുന്നതിന് മുന്‍പ് തന്നെ അറിയാനും സാധിക്കും. എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ തികച്ചും സുതാര്യമായ ഈയൊരു മാതൃക മറ്റുള്ള സര്‍ക്കാര്‍ ഏജന്‍സികളും പാലിക്കേണ്ടതുണ്ട്.
 • തീരദേശ പരിപാലന നിയമം (ഇഞദഅ) അനുസരിച്ച് കടല്‍ത്തീരത്ത് നിന്ന് എത്ര മീറ്റര്‍ മാറി, എത്ര നില വരെ കെട്ടിടം നിര്‍മിക്കാമെന്നതിന് യാതൊരു വ്യക്തതയുമില്ല. ഇതിനൊരു മാപ് ഉണ്ടാക്കണമെന്ന് വര്‍ഷങ്ങളായി കേന്ദ സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് തയ്യാറായിട്ടില്ല. ഉദാഹരണമായി കടല്‍ത്തീരത്ത് നിന്നും 500 മീറ്റര്‍ മാറി കെട്ടിടം നിര്‍മിക്കാമെങ്കില്‍ അവിടെ ഒരു പില്ലര്‍ സ്ഥാപിച്ചാല്‍ അതിനൊരു വ്യക്തത വരുത്താനാകും. അല്ലെങ്കില്‍ മാപിനകത്ത് ലോഞ്ചിറ്റിയൂഡും ലാറ്റിറ്റിയൂഡും മാര്‍ക്ക് ചെയ്താല്‍ അതൊരു മൊബീലിലൂടെ പോലും പരിശോധിക്കാനാകും. ഒരു കെട്ടിടത്തിന്റെ പ്ലാന്‍ വരക്കുമ്പോള്‍ തന്നെ ഇഞദഅ പ്രകാരം അനുമതി ലഭിക്കുമോ എന്ന വസ്തുത നേരത്തെ അറിയാനായാല്‍ തീരപ്രദേശങ്ങളില്‍ റിസോര്‍ട്ടിനും ഹോട്ടലിനും മറ്റും വേണ്ടി ഒരു സംരംഭകന് ധൈര്യമായി നിക്ഷേപം നടത്താന്‍ സഹായിക്കും. 580 കിലോമീറ്റിലേറെ തീരദേശമുള്ള കേരളത്തില്‍ ഇതൊരു സുപ്രധാന വിഷയമാണ്.
 • മിലിട്ടറി ക്യാമ്പുകളുടെ സമീപത്ത് വീട് വയ്ക്കുന്നതിന് മിലിട്ടറിയുടെ അനുവാദം ആവശ്യമാണ്. എന്നാല്‍ ഇതിലേക്കായി ക്യാമ്പില്‍ നിന്നുള്ള ദൂരപരിധി കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.
 • യാതൊരുവിധത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാത്ത തണ്ണീര്‍തടങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തിക്കഴിഞ്ഞാല്‍ സാധാരണക്കാരും നിക്ഷേപകരും അബദ്ധത്തില്‍  ചാടുന്നത് ഒഴിവാക്കാനാകും. ഏതൊക്കെ സ്ഥലത്തൊക്കെ വീട് വയ്ക്കാമെന്നും വ്യവസായം തുടങ്ങാമെന്നുമൊക്കെയുള്ള മാപും മാസ്റ്റര്‍പ്ലാനും എല്ലാ കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും ഉടനടി പ്രസിദ്ധീകരിക്കണം.
 • ഒരു നഗരത്തിന്റെ ഭാവി കണക്കിലെടുത്തുകൊണ്ടുള്ള വ്യക്തമായൊരു രൂപരേഖയാണ് മാസ്റ്റര്‍പ്ലാന്‍. നിര്‍മാണം നടത്താവുന്ന മേഖലകള്‍, നിരോധിക്കപ്പെട്ട സ്ഥലങ്ങള്‍, റോഡിന്റെ വീതി, പ്രത്യേക സോണുകള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവയൊക്കെ മാസ്റ്റര്‍പ്ലാനില്‍ ഉണ്ടാകും. ഇത് കംപ്യൂട്ടറൈസ്ഡ് ആക്കുകയാണെങ്കില്‍ ഗള്‍ഫിലുള്ള ഒരു വ്യക്തിക്ക് പോലും ഒരു നിശ്ചിത സര്‍വേ നമ്പരിലെ പ്ലോട്ട് ഏത് തരമാണെന്നും അവിടെ എത്ര നിലയുള്ള കെട്ടിടങ്ങള്‍ വരെ പണിയാനാകുമെന്നും സ്ഥലം വാങ്ങുന്നതിന് മുന്‍പ് തന്നെ മനസിലാക്കാം. ഈയൊരു സംവിധാനം റിയല്‍ എസ്റ്റേറ്റ് നിക്ഷേപം സുഗമമാക്കുകയും നിക്ഷേപകന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുകയും ചെയ്യും.
 • റോഡിന്റെ വീതിക്ക് അനുസരണമായാണ് അപ്പാര്‍ട്ട്‌മെന്റുകളുടെ വിസ്തൃതിക്കുള്ള അനുമതി നല്‍കുന്നത്. മെയിന്‍ റോഡ് ഒഴികെ മറ്റുള്ള റോഡുകള്‍ക്കെല്ലാം ഓരോ ഭാഗത്തും ഒരോ തരത്തിലാണ് വീതി. അക്കാരണത്താല്‍ ഒരു റോഡിന്റെ തുടക്കത്തില്‍ ചിലപ്പോള്‍ അഞ്ച് നിലയുള്ള കെട്ടിടത്തിനും അത് അവസാനിക്കുന്ന ഭാഗത്ത് വീതി കൂടുതലായതിനാല്‍ 10 നില കെട്ടിടത്തിനും അനുമതി നല്‍കുന്ന സ്ഥിതിയുണ്ട്. അശാസ്ത്രീയമായ ഈ സമ്പ്രദായത്തിനു പകരം ഓരോ റോഡിന്റെയും വീതി എത്രയാണെന്ന് തദ്ദേശ സ്ഥാപനങ്ങളും മറ്റും വ്യക്തമാക്കിക്കഴിഞ്ഞാല്‍ പരമാവധി എത്ര നിലകളുള്ള കെട്ടിടം അവിടെ നിര്‍മിക്കാമെന്നതില്‍ എല്ലാവര്‍ക്കും വ്യക്തതയുണ്ടാകും. 
 • ഓരോ കാര്യങ്ങളിലും തടസങ്ങള്‍ പറഞ്ഞ് ബില്‍ഡര്‍മാരെ വട്ടംചുറ്റിക്കുന്ന ഏജന്‍സികളുണ്ട്.  ഇത് ഒഴിവാക്കാന്‍ ഒരു ബില്‍ഡര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ ഒരു രൂപരേഖയായി തയാറാക്കണം. ഉദാഹരണമായി ഫയര്‍ വകുപ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെങ്കില്‍ അനുമതി ലഭിക്കുമെന്ന കാര്യം ബില്‍ഡര്‍ക്ക് തന്നെ ഉറപ്പിക്കാനാകും. നിശ്ചിത മാര്‍ഗരേഖകളെല്ലാം പാലിച്ചിട്ടും അനുമതി നിഷേധിക്കുകയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബില്‍ഡര്‍ക്ക് പരാതിപ്പെടുന്നതിനും ഇത് അവസരമൊരുക്കും.
 • കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചാല്‍ അതാത് കൗണ്‍സിലില്‍ പരാതിപ്പെടുകയാണ് പോംവഴി. ഓംബുഡ്‌സ്മാനും ട്രൈബ്യൂണലുമാണ് അടുത്ത ആശ്രയം. ഒരു ജഡ്ജി മാത്രമുള്ള ഇവയുടെ പ്രവര്‍ത്തനം കോടതി നടപടികള്‍ക്ക് സമാനമാണ്. എന്നാല്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ സംവിധാനത്തില്‍ പ്ലാനിംഗ് രംഗത്തെ ഒരു വിദഗ്ധനെക്കൂടി അവയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അഭിഭാഷകരുടെ വാദം മാത്രം കണക്കിലെടുക്കാതെ പ്രശ്‌നത്തിന്റെ സാങ്കേതികത്വം വിശകലനം ചെയ്ത് കൃത്യമായ വിധി പ്രഖ്യാപനം സാധ്യമാകും.
 • പ്ലാന്‍ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാര്യത്തിലുള്ള വിഴ്ചകള്‍ പരിശോധിച്ച് പദ്ധതി കാര്യക്ഷമമാക്കണം.
 • ഇടത്തരക്കാരുടെ പാര്‍പ്പിട സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതില്‍ ഹൗസിംഗ് ബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ നിശ്ചിത യോഗ്യതകളുള്ള സ്വകാര്യ ബില്‍ഡര്‍മാരുമായി ചേര്‍ന്ന് പിപിപി മാതൃകയില്‍ പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കണം. ഇത്തരം സംയുക്ത സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭൂമി തന്നെ വിനിയോഗിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാനാകും. അഫോര്‍ഡബിള്‍  ഹൗസിംഗ് എന്ന ആശയം ഫലപ്രദമായി നടപ്പാക്കാനും സാധിക്കും.
 • നഗരങ്ങളില്‍ മാത്രമല്ല അതിന് സമീപത്തെ പ്രദേശങ്ങളിലേക്കും പിപിപി മാതൃകയിലുള്ള അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതി വ്യാപിപ്പിക്കണം. ഇതിലേക്കായി തെരെഞ്ഞെടുത്ത പദ്ധതി പ്രദേശത്തേക്കുള്ള റോഡ്, വാട്ടര്‍, വൈദ്യുതി സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആദ്യമേ തന്നെ സജ്ജമാക്കണം.
 • നഗരങ്ങളിലെ സ്ഥലപരിമിതിയും ഭൂമിയുടെ ഉയര്‍ന്ന വിലയും കാരണം അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതികള്‍ അവിടെ പ്രയോഗികമാകില്ല. ഇതിന് നഗരത്തെ സബര്‍ബന്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. അത്തരം പ്രദേശങ്ങളില്‍ നിന്നും നഗരത്തിലേക്ക് എത്താനുള്ള മികച്ച ഗതാഗത സംവിധാനങ്ങള്‍ സജ്ജമാക്കണം. സബര്‍ബന്‍ മേഖലകളില്‍ തുടക്കത്തില്‍ തന്നെ നാലുവരിപ്പാതകള്‍ വിഭാവനം ചെയ്യണം. അപ്പോള്‍ ഇതിലൂടെ ഭാവിയില്‍ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി വരുന്ന ഭീമമായ ചെലവ് സര്‍ക്കാരിന് കുറയ്ക്കാനാകും.
 • കേരളത്തിലെ നഗരങ്ങളിലെ ജനസാന്ദ്രത കൂടിയിരിക്കുന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ ഇത്തരമൊരു വികസന മാതൃക നടപ്പാക്കാവുന്നതാണ്. ഇതിലൂടെ പാര്‍പ്പിടരംഗം ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളുടെയും വളര്‍ച്ചയ്ക്ക് വഴിയൊരുക്കാനാകും.
 • ടൗണ്‍ പ്ലാനിംഗ് ഓഫീസുകളുടെ പ്രവര്‍ത്തനം പുനര്‍നിര്‍ണ്ണയിക്കുക. കാരണം മിക്ക ഓഫീസുകളും ടൗണ്‍ പ്ലാനിംഗ് നടത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതിനാല്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനും അത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള വിധത്തില്‍ ഇവയെ നവീകരിക്കുക.
 • മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ അഫോര്‍ഡബിള്‍ ഹൗസിംഗിന് രജിസ്‌ട്രേഷന്‍ ചാര്‍ജ് ഒഴിവാക്കുകയോ അല്ലെങ്കില്‍ നിലവിലുള്ള നിരക്ക് വെട്ടിക്കുറയ്ക്കുകയോ ചെയ്യണം.
 • കോഴിക്കോട് നഗരത്തില്‍ നാല് മാസം മുന്‍പ് പുതിയ മാസ്റ്റര്‍പ്ലാന്‍ നിലവില്‍ വന്നുവെങ്കിലും മിക്ക പ്രദേശങ്ങളിലും ടൗണ്‍ പ്ലാനിംഗ് വിഭാഗം മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ള സ്‌കീമുകള്‍ക്ക് അനുസരണമായി മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂവെന്ന് പുതിയ പ്ലാനില്‍ പറയുന്നു. ഇക്കാരണത്താല്‍ 30 വര്‍ഷത്തിന് ശേഷം കൊണ്ടുവന്ന മാസ്റ്റര്‍പ്ലാനിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈയൊരു അപാകത എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്.
 • ഓരോ സ്ഥലവും നേരിട്ട് സന്ദര്‍ശിച്ച്  അവിടത്തെ ചിത്രങ്ങളെടുത്ത് ഭൂമിയുടെ നിലവിലുള്ള അവസ്ഥ കണ്ടെത്തിയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പുതിയ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കോര്‍പ്പറേഷന്റെ ഈയൊരു സമീപനത്തെ നഗരവാസികളും നിര്‍മാതാക്കളും സ്വാഗതം ചെയ്തിരിക്കുകയാണ്. ഭൂമിയുടെ തല്‍സ്ഥിതി കണ്ടെത്തി അവയെ മാസ്റ്റര്‍പ്ലാനില്‍ രേഖപ്പെടുത്തുകയാണ് കോര്‍പ്പറേഷന്‍ ചെയ്തത്. നിലവിലുള്ള തണ്ണീര്‍തടങ്ങളെ അതേപടി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈയൊരു മാതൃക മറ്റുള്ള കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും അനുവര്‍ത്തിക്കുകയാണെങ്കില്‍ അത് സാധാരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കുമൊക്കെ ഗുണകരമാകും.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top