May 17, 2017
അവസാനിപ്പിക്കാം, ഈ സാമ്പത്തിക 'വര്‍ണ വിവേചനം'
സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമ്പത്തിക സാക്ഷരത എന്നൊക്കെയുള്ള പേരുകള്‍ കൊണ്ട് കളിക്കാതെ, ജനങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ ചുറ്റുപാടുകള്‍ കൂടി കണക്കിലെടുത്ത് അവരുടെ ആവശ്യങ്ങള്‍ക്ക് ചേരുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയല്ലേ വേണ്ടത്?
facebook
FACEBOOK
EMAIL
financial-literacy-and-security

പ്രമോദ് മങ്ങാട്ട്

ളരെ ലളിതമായി പറഞ്ഞാല്‍ സാമ്പത്തിക ലോകത്ത് രണ്ട് തരം ആളുകളേയുള്ളു. ഉള്‍പ്പെട്ടവരും പുറംതള്ളപ്പെട്ടവരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ആദ്യത്തെ കൂട്ടരെയാണ്. രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നത് അത്തരം വിശാസത്തിനൊന്നും യോഗ്യരല്ലാത്തവര്‍. അധഃകൃതര്‍, തൊട്ടുകൂടാത്തവര്‍.

വര്‍ഗീയതയോളം വരും ഈ വ്യത്യാസം. സാമ്പത്തിക വര്‍ണവിവേചനം. ഒരര്‍ത്ഥത്തില്‍, ലോകം തന്നെ വര്‍ഷങ്ങളായി ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടണ്ടിരിക്കുന്ന സമ്പന്ന- ദരിദ്ര വ്യത്യാസം തന്നെയാണ് ഇത്. വംശീയവിദ്വേഷത്തെ കുറിച്ച് ഈയിടെ ഒരു സുഹൃത്തുമായി സംസാരിക്കാനിട വന്നു. കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈരം എന്ന പരമ്പരാഗത നിര്‍വചനത്തെ കുറിച്ച് തന്നെ. തൊലിയുടെ നിറത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ വെറുതെ ഒരവസരം മുതലാക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചതാണ് എന്നായിരുന്നു സുഹൃത്തിന്റെ അഭിപ്രായം. ശരിയായ വംശവിരോധം എപ്പോഴും ഉള്ളവനും ഇല്ലാത്തവനും തമ്മിലായിരുന്നു എന്നും. പണമുള്ളവര്‍ എന്നും ബഹുമാനിക്കപ്പെട്ടവരായി, ദരിദ്രര്‍ അധഃകൃതരും.

സാമ്പത്തിക വേര്‍തിരിവ്

കരിയറിന്റെ ഭാഗമായി എന്നും ധനകാര്യ മേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നതുകൊണ്ട് ഈ അഭിപ്രായത്തോട് യോജിക്കണമെന്നൊരു ചിന്തയുണ്ടായി എനിക്ക്. കുറഞ്ഞപക്ഷം, സാമ്പത്തിക തലത്തിലെങ്കിലും. ഈ വേര്‍തിരിവിന് രണ്ട് ഭാഗങ്ങളുണ്ട് എന്ന് വേണമെങ്കില്‍ പറയാം ബാങ്ക്ഡ്, അണ്‍ബാങ്ക്ഡ്. സാമ്പത്തിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ബാങ്ക്ഡ് വിഭാഗത്തിലുള്ളവര്‍. സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് അണ്‍ബാങ്ക്ഡിന്റെ സ്ഥാനം. യാതൊരു വിധ സാമ്പത്തിക സേവനങ്ങളും ഉപയോഗപ്പെടുത്താത്ത രണ്ട് ബില്യണ്‍ ആളുകളാണ് ലോകത്തിലുള്ളത്. ഏകദേശം 59 ശതമാനം വീടുകളിലും ഈ സേവനങ്ങള്‍ എത്തിയിട്ടില്ല എന്നാണ് കണക്ക്. വളരെ നിരാശാകരമാണ് ഈ സ്ഥിതി. ഇവര്‍ക്കെല്ലാം ധനകാര്യ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും വിധം ഈ സംവിധാനത്തിന്റെ ഭാഗമാക്കുക എന്നാണ് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ലക്ഷ്യം.

അണ്‍ബാങ്ക്ഡ് വിഭാഗത്തില്‍ പെട്ടവര്‍ മറ്റ് മാര്‍ഗങ്ങളിലേക്ക് തിരിയുക സ്വാഭാവികം. ഇന്ത്യയില്‍ വന്‍തോതിലാണ് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ബാങ്ക് എക്കൗണ്ടുകള്‍ തുടങ്ങിയത്. വികസ്വര രാജ്യങ്ങളിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. സര്‍ക്കാരിന്റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി ഈ ഫെബ്രുവരി ഒന്ന് വരെ 240 മില്യണ്‍ ജന്‍ ധന്‍ ബാങ്ക് എക്കൗണ്ടുകളാണ് തുടങ്ങിയത്.

ഫിന്‍ടെക്കിന്റെ മുന്നേറ്റം

ഫിന്‍ ടെക് രംഗം സൃഷ്ടിച്ച ഡിസ്‌റപ്ഷന്‍ അണ്‍ബാങ്ക്ഡ് വിഭാഗത്തിന് തുറന്നുകൊടുത്ത വഴികള്‍ പലതാണ്. ഇന്ന് ടെലികോമും ഇന്റര്‍നെറ്റും നേടിയ മുന്നേറ്റം ഇവരുടെ വിജയം കൂടുതല്‍ മികച്ചതാക്കുന്നു. കാരണം ഇന്ന് നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന് നിങ്ങളുടെ പഴ്‌സും ബാങ്ക് അക്കൗണ്ടും ആകാനുള്ള കഴിവുണ്ട്. കെനിയയിലെ മൊബീല്‍ പേയ്‌മെന്റ് ഇന്നവേഷനായ എം-പെസ 2012 ല്‍ തന്നെ ജിഡിപിയുടെ 31 ശതമാനമോ അതിലേറെയോ പണമിടപാടുകള്‍ നടത്തിയിരുന്നു.

ഫിനാന്‍ഷ്യല്‍ സര്‍വീസുകളും ടെക്‌നോളജിയും ചേരുന്നത് വഴി കൂടുതല്‍ വിപുലമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാധ്യമാകും എന്നതിന്റെ തെളിവായിരുന്നു ഈ വിജയം.

തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന വലിയൊരു പദ്ധതി തന്നെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍. അണ്‍ബാങ്ക്ഡ് വിഭാഗത്തെ ഇതിന്റെ ഭാഗമാക്കുക എന്ന താണ് ആദ്യത്തെ വെല്ലുവിളി, സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്താനുള്ള പരിപാടികളില്‍ അവരുടെ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കുക എന്നത് രണ്ടാമത്തേതും.

എല്ലാവര്‍ക്കും പൊതുവായി ഒരു സംവിധാനം എന്ന നയം ഇവിടെ പ്രായോഗികമല്ല. അവരുടെ ഭാഷയില്‍, അവരുടെ സാഹചര്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍ സംസാരിക്കുകയാണ് വേണ്ടത്. സബ് സഹാറന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ഫലപ്രദമാകുന്ന കാര്യങ്ങള്‍ ഫിലിപ്പീന്‍സില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഓരോ ജനതയുടെയും പ്രത്യേകമായ സാമ്പത്തിക ആവശ്യങ്ങളും ലഭ്യമായ സാങ്കേതിക സൗകര്യങ്ങളും സാമൂഹ്യ- രാഷ്ട്രീയ അന്തരീക്ഷവും കണക്കിലെടുത്തുള്ള വ്യത്യസ്തമായ സമീപനം ആളുകളെ ഈ സര്‍വീസുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കും.

ജനങ്ങളെ സ്പര്‍ശിക്കുന്ന സേവനം

സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുന്ന പല പദ്ധതികളും മണി ട്രാന്‍സ്ഫര്‍ രംഗത്തിന് തുടങ്ങാവുന്നതാണ്. കാരണം, ലോകത്തെമ്പാടുമായി ജോലി ചെയ്യുന്ന ആളുകളെയും അവരുടെ കുടുംബങ്ങളെയും തമ്മില്‍ ഒരു മികച്ച സാമ്പത്തിക സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന ഈ മേഖല ലക്ഷക്കണക്കിന് ജീവിതങ്ങളെയാണ് ഇങ്ങനെ സ്പര്‍ശിക്കുന്നത്. അന്യദേശങ്ങളില്‍ ജീവിക്കുന്നവരുടെയും പല വിഭാഗങ്ങളുടെയും ആവശ്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കുള്ള അറിവ് അതുകൊണ്ടുതന്നെ ഗാഢമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന പണം കൈമാറ്റം ചെയ്യുന്ന കമ്പനികള്‍ക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍കൈ എടുക്കാന്‍ സമയമായി. സാമ്പത്തിക സാക്ഷരത എന്ന അവസരം ഉപയോഗിക്കാന്‍ ഇത്തരം പദ്ധതികള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. മറുനാടന്‍ സമ്പാദ്യമായ 456 ബില്യണ്‍ ഡോളറിന്റെ വലിയൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വികസ്വര രാജ്യങ്ങളിലേക്കാണ് എന്നോര്‍ക്കുക. ഈ നാടുകളിലെല്ലാം സാമ്പത്തിക സാക്ഷരതയും സാമ്പത്തിക ഉള്‍പ്പെടുത്തലും വികസനവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.

(യുഎഇ എക്‌സ്‌ചേഞ്ചിന്റെ സിഇഒ ആണ് ലേഖകന്‍)

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top