Nov 17, 2017
തിരുത്തല്‍ പ്രതീക്ഷിക്കാം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ചില ഘടകങ്ങള്‍ വിപണിയില്‍ ചെറിയ തിരുത്തലുകള്‍ സൃഷ്ടിച്ചേക്കാമെങ്കിലും സാമ്പത്തികമേഖല പുതിയ ഉയരങ്ങള്‍ താണ്ടും
facebook
FACEBOOK
EMAIL
expect-correction-long-term-investors-are-secure

ഓഹരി വിപണിയെ ഇപ്പോഴും സംശയദൃഷ്ടിയോടെയും ആശങ്കയോടെയുമാണ് ചെറുകിട നിക്ഷേപകര്‍ സമീപിക്കുന്നത്. വിപണി ഉയരങ്ങളിലേക്ക് പോകുമ്പോള്‍ ഇത്രയും വില കൂടിയിരിക്കുമ്പോള്‍ വാങ്ങാന്‍ പറ്റിയ സമയമല്ലെന്ന് കരുതുന്നു. എന്നാല്‍ തിരുത്തല്‍ സംഭവിച്ച് വിപണി ഇടിയുമ്പോള്‍ ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇനിയും വിപണി താഴേക്കുപോയാല്‍ എന്തു ചെയ്യുമെന്ന് വിചാരിച്ച് കാത്തിരിക്കുന്നു. ഇതേ അവസ്ഥയിലൂടെയാണ് ഇപ്പോഴത്തെ സാഹചര്യത്തിലും പല നിക്ഷേപകരും കടന്നുപോകുന്നത്.

ബാങ്ക് സ്ഥിര നിക്ഷേപം അടക്കമുള്ള സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളില്‍ നേട്ടം വളരെ കുറഞ്ഞതോടെ സാധാരണക്കാര്‍ കൂടുതലായി ഓഹരി വിപണിയിലേക്ക് കടന്നുവരുന്നുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും (എസ്.ഐ.പി) മ്യൂച്വല്‍ ഫണ്ടിലും ധാരാളം നിക്ഷേപം വരുന്നത് ഓഹരിവിപണിയുടെ വളര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുമുമ്പ്‌സെന്‍സെക്‌സ് 34,000ത്തിലും നിഫ്റ്റി 10,500ലും എത്തി. ഇനി തിരുത്തലിന്റെ നാളുകളായിരിക്കുമോ അതോ വിപണി ഇനിയും ഉയരത്തിലെത്തുമോ? ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത്?

വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ്, അമേരിക്ക-ഉത്തരകൊറിയ പ്രശ്‌നം ഈ രണ്ട് സാഹചര്യങ്ങളാണ് വിപണിയെ ബാധിക്കാവുന്ന പ്രധാന വിഷയങ്ങളായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ചെറിയ തിരുത്തലുകളൊന്നും ദീര്‍ഘകാല നിക്ഷേപകരെ ബാധിക്കില്ലെന്ന് ഇവര്‍ വിലയിരുത്തുന്നു.

ദീര്‍ഘകാലത്തേക്ക് നോക്കിയാല്‍ വിപണി പുതിയ ഉയരങ്ങള്‍ തേടാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ വരാന്‍ സാധ്യതയുള്ള ചെറിയ തിരുത്തലുകള്‍ വളര്‍ച്ചാസാധ്യതയുള്ള ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരമായി കണക്കാക്കുകയാണ് വേണ്ടത്.

ദീര്‍ഘകാല നിക്ഷേപകര്‍ എന്തു ചെയ്യണം?

അക്ഷയ് അഗര്‍വാള്‍
മാനേജിംഗ് ഡയറക്റ്റര്‍, അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്

അടിസ്ഥാനപരമായി വാല്യുവേഷന്‍ കൂടി നില്‍ക്കുന്നതുകൊണ്ട് 3-4 ശതമാനം വരെ തിരുത്തല്‍ ഓഹരിവിപണിയില്‍ സംഭവിക്കാം. പക്ഷെ ഇത് നല്ല ഓഹരികള്‍ വാങ്ങാനുള്ള അവസരമായി മാറ്റണം. ഫാര്‍മ, ഐ.റ്റി വിഭാഗങ്ങളില്‍ മികച്ച വളര്‍ച്ചാസാധ്യതയുണ്ട്. 1-3 വര്‍ഷം വരെയെങ്കിലും നിക്ഷേപിക്കാന്‍ തയാറാകുന്നവരെ ചെറിയ തിരുത്തലുകള്‍ ബാധിക്കില്ല. എന്നാല്‍ മിഡ്ക്യാപ്പുകളുടെ വാല്യുവേഷന്‍ കൂടിയിരിക്കുകയാണ് എന്നതിനാല്‍ ഇത്തരം ഓഹരികള്‍ ഇപ്പോള്‍ ഒഴിവാക്കാം. മ്യൂച്വല്‍ ഫണ്ട് വഴി നിരവധിപ്പേര്‍ ഓഹരിവിപണിയിലേക്ക് വരുന്നുണ്ടെന്നത് വിപ്ലവകരമായ മാറ്റമായാണ് ഞാന്‍ കാണുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളായിരിക്കും ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യം.

അലക്‌സ് ബാബു
മാനേജിംഗ് ഡയറക്റ്റര്‍, ഹെഡ്ജ് ഇക്വിറ്റീസ് ലിമിറ്റഡ്

ഗുജറാത്ത് തെരഞ്ഞെടുപ്പും അമേരിക്ക-ഉത്തരകൊറിയ പ്രശ്‌നവുമാണ് ഓഹരിവിപണിയെ ബാധിക്കാനിടയുള്ള സാഹചര്യങ്ങള്‍. ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ പോലും പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിലുള്ള കുറവുപോലും വിപണിയെ നെഗറ്റീവായി ബാധിക്കാം. അമേരിക്ക-ഉത്തര കൊറിയ പ്രശ്‌നം പ്രവാചനാതീതമായ അവസ്ഥയിലാണ്. എന്നാല്‍ നിക്ഷേപകര്‍ ആശങ്കാകുലരാകേണ്ടതില്ല. മ്യൂച്വല്‍ ഫണ്ടിലൂടെ വലിയ രീതിയില്‍ വിപണിയിലേക്ക് ഫണ്ട് വരുന്നുണ്ട്. എസ്.ഐ.പികള്‍ ഏതു സമയത്തും വാങ്ങാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം വാല്യുവേഷന്‍ കൂടി നില്‍ക്കുന്ന മിഡ് ക്യാപ്പുകള്‍ക്കു പകരം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള ലാര്‍ജ് ക്യാപ്പുകള്‍ തെരഞ്ഞെടുക്കുക എന്നതാണ്.

പ്രിന്‍സ് ജോര്‍ജ്
മാനേജിംഗ് ഡയറക്റ്റര്‍, ഡിബിഎഫ്എസ്

ബിസിനസ് രംഗത്ത് നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടതായിരുന്നു. എന്നാല്‍ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ ഘടകങ്ങള്‍ ബിസിനസ് മേഖലയെ ബാധിച്ചു. ഇതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും ഇത്തരം നടപടികളുടെ ഗുണഫലം കിട്ടിത്തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിസിനസ് മേഖലയില്‍ 25-30 ശതമാനം വരെ ലാഭക്ഷമത ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. 2-3 വര്‍ഷം കൊണ്ട് ഇത്തരത്തിലൊരു മാറ്റമാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ നിരക്കും പലിശനിരക്കും കുറഞ്ഞു നില്‍ക്കുകയാണ് എന്നതും അനുകൂല ഘടകമാണ്. അഞ്ചു വര്‍ഷം വരെയുള്ള ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് നല്ല ദിനങ്ങളാണ്.

വി.രാഘവേന്ദ്രന്‍
റീജിയണല്‍ ഹെഡ്-കേരള, നിര്‍മല്‍ ബാംങ്

''വിപണിയില്‍ ചെറിയ തിരുത്തലുകള്‍ പ്രതീക്ഷിക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് കാര്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. നല്ല അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങാം. ഒരു വര്‍ഷം വരെയെങ്കിലും അവ കൈവശം വെച്ചാല്‍ നേട്ടമുണ്ടാക്കാനാകും. 4-5 വര്‍ഷത്തേക്ക് നല്ല വളര്‍ച്ചയുണ്ടാകും. ഈ സാഹചര്യത്തില്‍ ലാര്‍ജ് ക്യാപ്പ് ഓഹരികളായിരിക്കും വാങ്ങാന്‍ അനുയോജ്യം. ചെറിയ കമ്പനികളുടെ ഓഹരിവിലകള്‍ ഉയര്‍ന്നുനില്‍ക്കുന്നതാണ് കാരണം. ഇനി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളുടെ ഓഹരികള്‍ക്കു മാത്രമാണ് വളര്‍ച്ചസാധ്യതയുള്ളത്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ബാലന്‍സ്ഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. മിഡ്-സ്‌മോള്‍ ക്യാപ്പ് ഫണ്ടുകള്‍ ഒഴിവാക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top