Apr 03, 2018
വ്യാപാരയുദ്ധം പ്രതിസന്ധിയുണ്ടാക്കുമോ?
അമേരിക്കയും ചൈനയും തമ്മിലുള്ള 'ട്രേഡ് വാര്‍' രൂക്ഷമായാല്‍ ആഗോള സാമ്പത്തികരംഗം പ്രതിസന്ധിയിലാകും, പറയുന്നത് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഡോ രഘുറാം രാജന്‍
facebook
FACEBOOK
EMAIL
dr-raghuram-rajan_future

'ട്രേഡ് വാര്‍' എന്ന വാക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ലോക സാമ്പത്തിക രംഗത്ത് ഒരു വ്യാപാരയുദ്ധത്തിന് കളമൊരുങ്ങുകയാണ്. ഇത് ആഗോള സമ്പദ്ഘടനയെ സാരമായി ബാധിക്കും, കാരണം ഇപ്പോഴും മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് സാമ്പത്തികരംഗം കരകയറുന്നതേയുള്ളു. ഈ സാഹചര്യം നമ്മള്‍ ഗൗരവമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഒരു വലിയ പ്രതിസന്ധിയിലേക്ക് ഇത് നീങ്ങില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

അമേരിക്ക ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇത്തരമൊരു പ്രശ്‌നത്തിന് തുടക്കമായത്. ഒരു രാജ്യം മാത്രം വ്യാപാരനിയന്ത്രണം കൊണ്ടുവരിക, മറ്റൊരു രാജ്യം അതിനോട് പ്രതികരിക്കുക... ഇത് ശരിയായ നയമല്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ് ഏറ്റവും നല്ലത്.

വലിയ നിക്ഷേപങ്ങളിലൂടെ ഇന്‍്രഫാസ്ട്രക്ച്ചറും ലോജിസ്റ്റിക്‌സും മികച്ചതാക്കുന്നുണ്ടെങ്കിലും ഇന്ത്യ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് - ഉയര്‍ന്ന ഇറക്കുമതി തീരുവ പോലുള്ള കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വന്‍ വളര്‍ച്ചയ്ക്ക് ഇനി സാധ്യത കുറവാണ്.

ഇതിന്റെ കാരണങ്ങള്‍ രണ്ടാണ്.
പാശ്ചാത്യരാജ്യങ്ങളില്‍ ഉയര്‍ന്ന തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം, ടെക്‌നോളജിയുടെ സഹായത്തിലൂടെ വ്യാപാരവും തൊഴിലവസരങ്ങളും സ്വന്തം രാജ്യങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ അവര്‍ക്കുള്ള കഴിവ്.

താരതമ്യേന ഫോക്കസ്ഡ് ആയ ഒരു തീരുവ സംവിധാനം പിന്തുടരുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ഗ്ലോബല്‍ സപ്ലൈ ചെയ്‌നുകളുടെ ഭാഗമാകുന്നതിനു ഉയര്‍ന്ന താരിഫുകള്‍ തടസം സൃഷ്ടിക്കും.

ഇന്ത്യ ഇപ്പോഴും വേണ്ടത്ര ഗ്ലോബല്‍ ആയിട്ടില്ല എന്നതാണ് സത്യം. വിദ്യാഭ്യാസപരമായും തൊഴില്‍ നൈപുണ്യപരമായും മത്സരിക്കാനുള്ള കഴിവ് നമുക്ക് കുറവാണ്. നമ്മുടെ സാമ്പത്തികരംഗവും ഉള്ളവര്‍/ഇല്ലാത്തവര്‍ എന്നിങ്ങനെ ഇപ്പോഴും രണ്ട് തട്ടിലാണ്. മാത്രമല്ല സാങ്കേതിക വിപ്ലവം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനും ആഭ്യന്തരമായിപോലും ഒരു മികച്ച സാന്നിധ്യം സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിച്ച് തൊഴിലവസരങ്ങള്‍ കൂട്ടുകയാണ് ചെയ്യേണ്ടത്. ഒപ്പം മികച്ച ഉന്നതവിദ്യാഭ്യാസ - തൊഴില്‍ നൈപുണ്യ സൗകര്യങ്ങളും സൃഷ്ടിക്കണം. ഇന്ത്യയില്‍ നിന്ന് തന്നെ നിക്ഷേപങ്ങള്‍ കണ്ടെത്താനും കഴിയണം. മാറ്റങ്ങള്‍ വരുമ്പോള്‍ അവയുടെ നേതാക്കന്മാരാകാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

'ലോകം വരികയാണ്, നമുക്ക് തയാറാകാം'

മാറ്റങ്ങളെ പേടിച്ച് മാറിനില്‍ക്കാതെ അവയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഡോ. രഘുറാം രാജന്‍.

''സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യനടത്തുന്ന വന്‍ മുന്നേറ്റം ഒരുപാട് മാറ്റങ്ങളാണ് തൊഴില്‍രംഗത്ത് കൊണ്ടുവരുന്നത്. നമ്മള്‍ പരിചയിച്ച പല രീതികളെയും മാറ്റിമറിക്കുന്ന തരത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും റോബോട്ടിക്‌സും പോലുള്ള സാങ്കേതികവിദ്യകള്‍ മുന്നേറുന്നത്. പല രംഗങ്ങളിലും ഇവയിലൂടെ തൊഴിലുകളും നഷ്ടപ്പെടുന്നുണ്ട് എന്നത്. സത്യം. കാരണം ഇവയിലൂടെ വളരെ സാധാരണമായ ദൈനംദിന ജോലികള്‍ കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയും.

എന്നുകരുതി എല്ലാ ജോലികളെയും ടെക്‌നോളജി ബാധിക്കും എന്ന ആശങ്ക വേണ്ട. കാരണം, മെഷീനുകളെക്കാള്‍ ഫ്‌ളെക്‌സിബിള്‍ ആണ് മനുഷ്യര്‍.

മൂന്ന് തരം ജോലികള്‍ക്ക് ഒരിക്കലും മെഷീനുകള്‍ പകരമാകില്ല. നഴ്‌സിംഗ് പോലെ വളരെ ഏറെ മാനുഷികത്വം വേണ്ട ജോലികള്‍, ഉയര്‍ന്ന ക്രിയേറ്റിവിറ്റി ആവശ്യമുള്ള ജോലികള്‍, അതോടൊപ്പം ഡോര്‍മാന്‍, വെയിറ്റര്‍ പോലുള്ള സേവനങ്ങള്‍.

തൊഴിലിന്റെ സ്വഭാവം മാറാം, പക്ഷെ, തൊഴിലവസരങ്ങള്‍ കുറയില്ല. ഇത്രയും ടെക്‌നോളജി ഉണ്ടായിട്ടും അമേരിക്കയില്‍ തൊഴിലില്ലായ്മയുടെ തോത് 4.1 ശതമാനം മാത്രമാണ്. പാശ്ചാത്യ രാജ്യങ്ങളിലേത് പോലുള്ള തൊഴിലവസരങ്ങള്‍ ഇന്ത്യയിലില്ല, അതുകൊണ്ട് തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന അമിതമായ ആശങ്കയും വേണ്ട. നമ്മള്‍ ചെയ്യേണ്ടത് നിക്ഷേപം വര്‍ധിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. അതോടൊപ്പം മികച്ച ഉയര്‍ന്ന വിദ്യാഭ്യാസത്തിനും തൊഴില്‍ നൈപുണ്യ വികസനത്തിനും വേണ്ട സൗകര്യങ്ങളും ഒരുക്കണം. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വികസനത്തിന്റെ വേഗത കൂട്ടണം. അപ്പോള്‍ ലോകം ഇന്ത്യയിലേയ്ക്ക് വരും, നമുക്ക് തയ്യാറായിരിക്കാം.''

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top