May 15, 2018
സ്റ്റാര്‍ട്ടപ്പ് സംശയങ്ങള്‍ മന്ത്രിയോടു ചോദിക്കാം
സ്റ്റാര്‍ട്ട്അപ്പുകളെപ്പറ്റി ജനങ്ങളോട് ട്വിറ്റെറിലൂടെ സംവദിക്കാനുള്ള കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രിയുടെ തീരുമാനം നല്ലതുതന്നെ പക്ഷെ അതിന് ഒരു ദിവസം മതിയാകുമോ?
facebook
FACEBOOK
EMAIL
do-you-want-to-start-a-startup

നിങ്ങള്‍ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളാണോ? എങ്കില്‍ ഉറപ്പായും നൂറുകൂട്ടം ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടാവാം. നിങ്ങളുടെ സംശയങ്ങള്‍ എന്തായാലും നേരിട്ട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുനോട് ചോദിച്ചറിയാന്‍ അവസരമൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മെയ് 16 ന് മന്ത്രി ട്വിറ്റെര്‍ ലൈവ് സെഷനിലൂടെ പൊതുജനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെക്കുറിച്ചുള്ള തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയും. ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്നവര്‍ #AskPrabhu എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം പോസ്റ്റ് ചെയ്യാന്‍.

പ്രഭുവിന്റെ ട്വീറ്റിന് ഇപ്പോള്‍ തന്നെ ധാരാളം കമെന്റുകള്‍ വന്നിട്ടുണ്ട്. തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരമുള്ളു എന്നത് പലരെയും നിരാശരാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ചോദ്യങ്ങള്‍ക്കിടയില്‍ തങ്ങളുടെ ചോദ്യം കാണാതെ പോകുമല്ലോ എന്ന ആശങ്കയാണ് പലരും ഉന്നയിച്ചിരിക്കുന്നത്.

ഒരു ദിവസം കൊണ്ട് എത്ര പേരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയും? ഇനി 100 പേരുമായി സംവദിക്കാന്‍ സാധിച്ചാല്‍ക്കൂടി, ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ് പരാജയങ്ങള്‍ നടക്കുന്ന രാജ്യത്ത് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ഈ പരിപാടിക്ക് കഴിയുമോ?എന്തുകൊണ്ട് ഈ ലൈവ് സെഷന്‍ ഒരു പതിവായ സെഷന്‍ ആക്കിക്കൂടാ? അങ്ങനെയായാല്‍ കൂടുതല്‍പേര്‍ക്ക് മന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിക്കും.

സ്റ്റാര്‍ട്ടപ്പ് ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളില്‍ ഇളവ് ചോദിച്ചാണ് ചിലര്‍ സുരേഷ് പ്രഭുവിന്റെ ട്വീറ്റിനുള്ള മറുപടി നല്‍കിയിരിക്കുന്നത്. കൊളാറ്ററല്‍ ഇല്ലാതെ ലോണ്‍, സിംഗിള്‍ വിന്‍ഡോ സിസ്റ്റം എന്നിങ്ങനെ പല ആവശ്യങ്ങളാണ് ഇപ്പോള്‍തന്നെ ഉയര്‍ന്നിരിക്കുന്നത്.

ഐബിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് വാല്യൂ ആന്‍ഡ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് നടത്തിയ പഠനപ്രകാരം 90 ശതമാനം ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളും അതിന്റെ ആദ്യ അഞ്ച് വര്‍ഷം കൊണ്ട് പൂട്ടിപ്പോകുന്നു. ഫണ്ടിംഗിന്റെ അഭാവമാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും അകാലത്തില്‍ പൊലിയാന്‍ കാരണമാകുന്നതെന്നാണ് പൊതുവെയുള്ള നിരീക്ഷണം. സര്‍വ്വേയില്‍ പങ്കെടുത്ത 77 ശതമാനം വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും അഭിപ്രായത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യയോ അതുല്യമായ ഒരു ബിസിനസ് മോഡലോ ഇല്ല. അതുകൊണ്ട് തന്നെ ഇന്നോവേഷന്റെ കാര്യത്തില്‍ അവ വളരെ പിന്നിലാണ്. ഇതുമൂലമാണ് അവര്‍ക്ക് ഫണ്ടിംഗ് ലഭിക്കാതെ പോകുന്നതും.

രാജ്യത്ത് കൂടുതല്‍ സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ ജനുവരി 2016 ലാണ് 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ' ക്ക് രൂപം കൊടുത്തത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top