May 02, 2017
ഒരു വേറിട്ട ബിസിനസ് ചിന്തയുടെ കഥ (ഒരു അപൂര്‍വ സംരംഭകന്റെയും)
അമേരിക്കന്‍ സംരംഭങ്ങള്‍ മതിയാക്കി ഒ കെ സഞ്ജിത്ത് എന്ന തലശ്ശേരിക്കാരന്‍ മൈസൂരില്‍ തുടങ്ങിയ ഡിഎല്‍ജി ഫാമും റാഞ്ച് എന്ന ബ്രാന്‍ഡും.
facebook
FACEBOOK
EMAIL
dlg-farm-of-o-k-sanjith

ണക്കുകള്‍ പറയുന്നു, ഇനി നോണ്‍വെജിന്റെ കാലം. 2022 ആകുമ്പോള്‍ ഇന്ത്യയില്‍ മാംസഭക്ഷണത്തിന്റെ ഡിമാന്‍ഡ് എണ്‍പത് ശതമാനം കൂടും. ആവശ്യക്കാര്‍ ഏറെയുണ്ടാകുക പ്രോസസ് ചെയ്ത്, പാക്ക് ചെയ്ത് എത്തുന്ന ഇറച്ചി വിഭവങ്ങള്‍ക്കായിരിക്കും. ഈ മേഖലയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയ മലയാളി സംരംഭകര്‍ വളരെ കുറവാണ്. ഇന്നും കേരളത്തില്‍ 90 ശതമാനം മാംസ വില്‍പ്പന നടക്കുന്നത് അറവുശാലകള്‍ വഴി തന്നെ. 

പക്ഷെ, 10 വര്‍ഷം മുമ്പേ തന്നെ ഈ രംഗത്തെ ബിസിനസ് അവസരങ്ങള്‍ മനസിലാക്കി, ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഒരു സംരംഭം പടുത്തുയര്‍ത്തിയ ഒ.കെ. സഞ്ജിത്ത് മീറ്റ് പ്രോഡക്റ്റ്‌സ് ബിസിനസിനെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുകയാണ്. സഞ്ജിത്തും ഭാര്യ ട്വിങ്കിളും നേതൃത്വം നല്‍കുന്ന, ഡിഎല്‍ജി ഫാംസ് എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന കമ്പനിയുടെ റീറ്റെയ്ല്‍ ബ്രാന്‍ഡായ റാഞ്ച് (Ranch) വിപണിയിലെത്തിക്കുന്ന പോര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നോണ്‍വെജ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതായത് വളരെ പെട്ടെന്ന്. ഇന്ത്യയില്‍ ഇപ്പോള്‍ ലഭിക്കുന്ന പോര്‍ക്ക് ഉല്‍പ്പന്നങ്ങളില്‍ രുചിയിലും ഗുണമേന്മയിലും ഏറ്റവും മികച്ചതെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉപഭോക്താക്കളുടെ കൂട്ടത്തിലുള്ളത് സ്റ്റാര്‍ ഹോട്ടലുകളും സെലിബ്രിറ്റി ഷെഫുമാരും വീട്ടമ്മമാരും ഉള്‍പ്പെടെ ആയിരങ്ങള്‍.

അമേരിക്കയില്‍ ടെക് കമ്പനിയും കണ്‍സള്‍ട്ടന്‍സി ബിസിനസും മതിയാക്കി മൈസൂരില്‍ 110 ഏക്കര്‍ സ്ഥലം വാങ്ങി പന്നികളെ വളര്‍ത്തിയപ്പോള്‍ മുഖം ചുളിച്ചവര്‍ക്ക് സഞ്ജിത്ത് മറുപടി കൊടുക്കുന്നതും ഈ തകര്‍പ്പന്‍ രുചിയുടെ വിജയത്തിലൂടെയാണ്.

പന്നിമാംസത്തിനു എറെ ആരാധകരുള്ള ഇന്ത്യയില്‍ ഡിഎല്‍ജിക്ക് വെല്ലുവിളിയാകാന്‍ മറ്റൊരു മികച്ച ബ്രാന്‍ഡ് ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. കാരണം, ഏത് മൃഗത്തിന്റെ മാംസം, ഏത് ഫാക്റ്ററിയില്‍ നിന്ന് എപ്പോള്‍ പായ്ക്ക് ചെയ്തു, ഏത് റീറ്റെയ്‌ലറിലൂടെ മാര്‍ക്കറ്റിലെത്തി എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന, 'ട്രേസബിള്‍ പോര്‍ക്ക്' ഇന്ന് വില്‍ക്കുന്നത് ഡിഎല്‍ജി മാത്രമാണ്.

ചെയ്യുന്ന ബിസിനസ് ടെക്‌നോളജിയോ റിയല്‍ എസ്റ്റേറ്റോ റീറ്റെയ്‌ലോ ആകട്ടെ, അതിനെ ആരും പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് ഉയര്‍ത്തുക, സ്വന്തമായ ഒരു പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുക. മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാകുക എന്നതാണ് സഞ്ജിത്തിന്റെ ശൈലി.

സിസ്റ്റം പ്രധാനം

'ആദ്യത്തെ ആറേഴ് വര്‍ഷങ്ങള്‍ ശരിക്കും ചെലവഴിച്ചത് ഒരു സിസ്റ്റം നടപ്പില്‍ വരുത്താനാണ്. ഈ ബിസിനസിന് വേണ്ടി ഏറ്റവും മികച്ച ഒരു സോഫ്റ്റ്‌വെയര്‍ തന്നെ രൂപപ്പെടുത്തി. ഫാം ടൂറിസവും റീറ്റെയ്ല്‍ നെറ്റ്‌വര്‍ക്കും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഒരു സംവിധാനത്തിന്റെ ഭാഗമായതോടെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ധിച്ചു. പിന്നീട് എല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കുകയാണുണ്ടായത്.' സഞ്ജിത്ത് പറയുന്നു.

'പോര്‍ക്ക് ബിസിനസില്‍ സോഫ്റ്റ്‌വെയറിന് എന്ത് കാര്യം' എന്ന് മറ്റുള്ളവരെ അമ്പരപ്പിക്കുന്ന രീതിയില്‍ ടെക്‌നോളജിയെ സംരംഭത്തിന്റെ ഭാഗമാക്കി സഞ്ജിത്ത്. ഇന്ന് പന്നികളുടെ ബ്രീഡിംഗും ഭക്ഷണവും റാഞ്ച് ഉല്‍പ്പന്നങ്ങളുടെ ഡിസ്ട്രിബ്യൂഷനും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഡിഎല്‍ജിയുടെ സോഫ്റ്റ്‌വെയറാണ്.

ഇപ്പോള്‍, ഒരു മാസം മുന്നൂറ് മുതല്‍ നാനൂറ് പന്നികളുടെ മാംസമാണ് ഡിഎല്‍ജിയുടെ മികവിന്റെ മുദ്രയോടെ രാജ്യമൊട്ടാകെയുള്ള ഭക്ഷണപ്രിയര്‍ക്ക് മുന്നിലെത്തുന്നത്. 120 കിലോ തൂക്കം വരുന്ന ഭീമന്മാരാണ് ഇവയോരോന്നും എന്ന് ചിന്തിച്ചിട്ട് വേണം വില്‍ക്കുന്ന പോര്‍ക്കിറച്ചിയുടെ കണക്കു കൂട്ടാന്‍, പന്നിക്കൂട്ടത്തില്‍ 'നല്ല അസല്‍ തറവാടികള്‍' എന്ന് ലോകം വാഴ്ത്തുന്ന ലാര്‍ജ് വൈറ്റ്, ലാന്‍ഡ് റേസ്, ഡ്യുറക് എന്നീ മൂന്ന് പ്രധാന ബിഗ് ജീനുകളും ഡിഎല്‍ജിയുടെ കൈവശം ഉണ്ടെന്നതാണ് സഞ്ജിത്തിന്റെ ബിസിനസ് തുറുപ്പ്. ഗുണമേന്മയില്‍ കര്‍ക്കശക്കാരായ ഷെഫുമാര്‍ റാഞ്ച് തെരഞ്ഞെടുക്കുന്നതും, 'അമേരിക്കയില്‍ ചെന്നപ്പോള്‍ കഴിച്ച പോര്‍ക്കിന്റെ അതേ രുചി' എന്ന് പല മലയാളികളും സാക്ഷ്യപ്പെടുത്തുന്നതും ഇതുകൊണ്ട് തന്നെ.

ഡിഎല്‍ജി ഫാമിലെ ഓരോ മൃഗത്തിന്റെയും പാരമ്പര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛനും അമ്മയും ആരെന്നു മാത്രമല്ല, ഫ്രാന്‍സിലെ ഏത് പ്രവിശ്യയിലാണ് മുത്തശ്ശന്റെ കുടുംബം എന്നുവരെ ഡിഎല്‍ജിയുടെ സോഫ്റ്റ്‌വെയര്‍ പറയും.

ഈ പാരമ്പര്യം തന്നെയാണ് കാലിഫോര്‍ണിയയില്‍ 'ഇനി പുതിയ സംരംഭം എന്ത് വേണം' എന്ന് ആലോചിച്ചിരുന്ന സഞ്ജിത്തിനെ ആകര്‍ഷിച്ചതും. കേരള സര്‍ക്കാര്‍ ലൈവ്‌സ്റ്റോക്ക് വകുപ്പിനായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഹൈ പെഡിഗ്രി പന്നികളുടെ ബ്രീഡിംഗ് നിര്‍ത്തുന്ന വാര്‍ത്തയില്‍ കൊളുത്തിയത് സഞ്ജിത്തിന്റെ സംരംഭക മനസ്. അടുത്ത ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്ത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്വന്തമാക്കിയ പന്നിക്കുട്ടികള്‍ക്കായി സ്ഥലം കണ്ടെത്തിയത് മൈസൂരില്‍.

തുടക്കം സെയ്ല്‍സില്‍

ഭിലായിയില്‍ നിന്ന് മുംബൈ വഴി തായ്‌ലന്റ്ിലേക്കും അമേരിക്കയിലേക്കും നീണ്ട കരിയറില്‍ സഞ്ജിത്ത് ചെയ്ത ജോലികള്‍ പലതാണ്, നേരിട്ട ഉയര്‍ച്ചകളും താഴ്ചകളും നിരവധിയും. കമ്പനികള്‍ക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ പുതിയ ഓഫീസുകള്‍ തുടങ്ങി വിജയിപ്പിച്ചിട്ടുണ്ട്, അമേരിക്കയില്‍ വീട്ടുവേലക്കാരനായിട്ടുണ്ട്, അവിടെ തന്നെ സംരംഭകനുമായിട്ടുണ്ട്.

പഠിച്ചത് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ജോലിയുടെ തുടക്കം ബോംബെയില്‍ സെയ്ല്‍സ്മാനായി. മാംഗോ ജ്യൂസ് മുതല്‍ ഡയമണ്ട് വരെ വിറ്റിട്ടുള്ള സഞ്ജിത്ത് പിന്നീട് അമേരിക്കയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്. നേടി. അടുത്ത ഘട്ടം വാള്‍സ്ട്രീറ്റില്‍. വമ്പന്‍ ബാങ്കുകളുടെ കണ്‍സള്‍ട്ടന്റ്. കാലിഫോര്‍ണിയയില്‍ ഒരു ഐ.റ്റി സ്ഥാപനം തുടങ്ങി വിജയിപ്പിച്ച ശേഷം ഡിജിറ്റല്‍ ലിബര്‍ട്ടി ഗ്രൂപ്പ് (ഡിഎല്‍ജി) എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി വിപുല
മാക്കുമ്പോഴാണ് കേരളത്തില്‍ പുതിയ സംരംഭത്തിന്റെ ആശയം വീണുകിട്ടുന്നത്.

'ഹൈ പെഡിഗ്രി ഇനത്തില്‍ പെട്ട പന്നികളുടെ ബ്രീഡിംഗ് ശാസ്ത്രീയമായ രീതിയില്‍ നടത്തിയാല്‍ അതൊരു നല്ല സംരംഭമായിരിക്കും എന്ന് എനിക്കറിയാമായിരുന്നു, ഇന്ത്യയില്‍ പോര്‍ക്കിറച്ചിക്ക് എറെ ഡിമാന്റുണ്ടെന്നും, പ്രത്യേകിച്ചും ഗോവ, കേരളം, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍. അങ്ങനെയാണ് ഈ രംഗത്തെത്തുന്നത്,' സഞ്ജിത്ത് പറയുന്നു.

പരിചയമില്ലാത്ത ഒരു മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്താന്‍ ഇവര്‍ ധൈര്യപ്പെട്ടതും ഈ വിശ്വാസം കാരണമാണ്. തരിശുഭൂമിയായിരുന്ന മൈസൂരിലെ സ്ഥലം ഇന്ന് ഒരു മികച്ച ലൈവ്‌സ്റ്റോക് ഫാമും ഇന്ത്യയിലെ ഏറ്റവും മികച്ച പിഗ് ബ്രീഡിംഗ് സെന്ററുമാണ്. സംസ്ഥാന ലൈഫ്‌സ്‌റ്റോക്ക് വകുപ്പില്‍ പതിനെട്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ഡോ. സി.പി ഗോപകുമാര്‍ കമ്പനി മാനേജിംഗ് ഡയറക്റ്ററായി ആദ്യ ദിവസം മുതലുണ്ട് എന്നതും ഡിഎല്‍ജിയുടെ കരുത്താണ്. കര്‍ണാടക വെറ്റിനറി കോളെജിലെ പഠനത്തിന്റെ ഭാഗമായി ഡിഎല്‍ജിയിലെ പരിശീലനം ഉള്‍പ്പെടുത്തിയതും ഈ സെന്ററിന്റെ മികവ് കാരണം തന്നെ.

ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കാനും സഞ്ജിത്തും ടീമും ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം, ഫാം ടൂറിസം എന്ന ആകര്‍ഷണവും.
'കൊച്ചിയിലെ ഓഫീസ് ആണ് മോണിറ്ററിംഗ് സെന്റര്‍. പന്നിക്കുഞ്ഞുങ്ങളുടെ ഭക്ഷണം മുതല്‍ റീറ്റെയ്ല്‍ കടകളിലെ സ്റ്റോക് വരെ ഇവിടെയിരുന്ന് നിയന്ത്രിക്കാം.' കമ്പനിയുടെ ഡയറക്റ്റര്‍ കൂടിയായ ട്വിങ്കിള്‍ പറയുന്നു.

ബ്രീഡിംഗ്, ഫീഡിംഗ്, ഡിസ്ട്രിബ്യൂഷന്‍ എല്ലാത്തിലും ടെക്‌നോളജിയുടെ സഹായമുണ്ട്. കര്‍ശനമായ ഗുണപരിശോധനകള്‍ ബ്രീഡിംഗിന്റെ ഭാഗമാണ്. കുഞ്ഞുങ്ങളെ 35 ദിവസം ഫാമില്‍ വളര്‍ത്തും. പിന്നീട് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കൈമാറും. ഇവ ഓരോന്നും 120 കിലോ ആകുമ്പോള്‍ കൃത്യമായി തിരിച്ചുവാങ്ങും, ബാംഗ്ലൂരും കോയമ്പത്തൂരിലുമുള്ള ഫാക്റ്ററികള്‍ക്കാണ് പിന്നീടുള്ള ജോലി. റാഞ്ച് എന്ന പേരില്‍, 'Pork is the new chicken' എന്ന ക്യാച്ച്‌ലൈനോടെ പാക്കറ്റുകള്‍ പുറത്തേക്ക് എത്തും പെട്ടെന്ന് തന്നെ.

'നമുക്ക് എന്ത് നന്നായി ചെയ്യാന്‍ കഴിയും എന്ന് മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക' എന്ന സഞ്ജിത്തിന്റെ മറ്റൊരു വിജയമന്ത്രമാണിവിടെ നടപ്പില്‍ വരുത്തിയത്. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ കുഞ്ഞുങ്ങളെ ഫാമില്‍ വളര്‍ത്തുന്ന രീതി അവസാനിപ്പിച്ച് അവയെ കര്‍ഷകരെ ഏല്‍പ്പിച്ച് ബ്രീഡിംഗില്‍ ഏറ്റവും ശ്രദ്ധ നല്‍കാനുള്ള തീരുമാനം ശരിയായിരുന്നെന്നു ഇന്നത്തെ നേട്ടങ്ങള്‍ തെളിയിക്കുന്നു.

ചിക്കനും ഇപ്പോള്‍ റാഞ്ച് ബ്രാന്‍ഡില്‍ വിപണിയിലുണ്ട്. രാജസ്ഥാന്‍, യു.പി, ഹരിയാന, ആസ്സാം എന്നിവിടങ്ങളില്‍ ബ്രീഡിംഗ് സെന്ററുകള്‍ തുടങ്ങുകയാണ് ഡിഎല്‍ജിയുടെ അടുത്ത പ്ലാന്‍. അതോടൊപ്പം, ഏപ്രില്‍ അവസാനമാകുമ്പോഴേക്കും ഓണ്‍ലൈന്‍ സെയ്ല്‍സും ആരംഭിക്കും. ബോംബെ, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലാണ് ആദ്യം ഈ സൗകര്യം ലഭ്യമാകുക. www.dlg.com എന്ന വെബ്‌സൈറ്റ് വഴി കൂടുതല്‍ വിവരങ്ങളറിയാം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top