Jul 15, 2017
ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഡിജിറ്റല്‍ ഇടപാടുകള്‍ ഇനി കൂടുതല്‍ വിശ്വാസ്യതയോടെ
ക്രയവിക്രയങ്ങള്‍ സുതാര്യവും സുരക്ഷിതവും വേഗതയേറിയതുമൊക്കെയാക്കുവാന്‍ ബ്ലോക്ക്‌ചെയ്ന്‍ വഹിക്കാന്‍ പോകുന്ന പങ്ക് വളരെ വലുതാണ്
facebook
FACEBOOK
EMAIL
digital_banking_with_blockchain

ബ്ലോക്ക്‌ചെയ്ന്‍ എന്ന് കേള്‍ക്കുമ്പോള്‍, ബിറ്റ്‌കോയിന്‍ അധിഷ്ഠിത സാമ്പത്തിക ഇടപാടുകളില്‍ മാത്രം ഒതുങ്ങിയാണ് നമ്മളില്‍ പലരും ചിന്തിക്കുക. 2008 ല്‍ സദോഷി നാകമോട്ടോ എന്ന സാങ്കേതിക വിദഗ്ധന്‍ ബിറ്റ്‌കോയിന്‍ കറന്‍സിക്കു വേണ്ടി കണ്ടുപിടിച്ച ഒരു ടെക്‌നോളജി ആണ് ബ്ലോക്ക്‌ചെയ്ന്‍. വാണാക്രൈ റാന്‍സംവെയര്‍ ആക്രമണത്തോടെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വീണ്ടും ചര്‍ച്ചാവിഷയമായി. 

ക്രയവിക്രയങ്ങള്‍ അല്ലെങ്കില്‍ ഇടപാടുകള്‍ സുതാര്യവും, സുരക്ഷിതവും, വേഗതയേറിയതുമൊക്കെയാക്കുവാന്‍ ബ്ലോക്ക്‌ചെയ്ന്‍ വഹിക്കാന്‍ പോകുന്ന പങ്ക് വളരെ വലുതാണ്. സാധാരണ ഒരു ഡാറ്റാബേസില്‍, മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം കേന്ദ്രീകൃതമായിരിക്കും. ഇതില്‍ നിന്ന് വിപരീതമായി ബ്ലോക്ക്‌ചെയ്‌നില്‍ ഇടപാടുകാര്‍ ആണ് ഇത് തീരുമാനിക്കുന്നത്. ഇതിലൂടെ നടക്കുന്ന ഇടപാടുകളുടെ ഭൂതകാലം ഇടപാടുകാര്‍ക്ക് ലഭ്യമായിരിക്കുമെന്ന് മാത്രമല്ല, അത് മായിച്ച് കളയുവാനോ അതില്‍ മാറ്റം വരുത്തുവാനോ സാധിക്കില്ല. ഇത്തരം ഇടപാടുകളിലെ വിവരത്തിന്റെ ഒരു ചെറിയ കണ്ണിയെ ബ്ലോക്ക് എന്നും, ഇതിലെ ഇടപാടുകള്‍ സാധൂകരിച്ച് അതിനെ ബ്ലോക്ക്‌ചെയിനില്‍ ചേര്‍ക്കുന്നവരെ മൈനര്‍മാര്‍ എന്നും വിളിക്കുന്നു. നമ്മള്‍ ഇന്ന് ചെയ്യുന്ന പലതരം ഇടപാടുകള്‍ക്കും ഇത്തരം സംവിധാനം വളരെ അനുയോജ്യമായിരിക്കും എന്നത് ശ്രദ്ധേയമാണ്. ഇത് തന്നെയാണ് ബ്ലോക്ക്‌ചെയ്‌നിന്റെ ഭാവിയും.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉള്ള വികസിതവും, വികസ്വരവുമായ സര്‍ക്കാരുകള്‍ ഈ പുതിയ സാങ്കേതികവിദ്യയയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

അറിയാം ബ്ലോക്ക് ചെയ്‌നിന്റെ സവിശേഷത

ഡിജിറ്റല്‍ ഇടപാടുകളെക്കാള്‍ സുരക്ഷയും വേഗവുമുണ്ടെന്നതാണ് ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സവിശേഷത. ബാങ്കിംഗ് രംഗത്ത് ബ്ലോക്ക്‌ചെയ്ന്‍ ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരിക്കുകയാണ് ഇന്ത്യ. ഇടപാടുകളുടെ വിവരങ്ങളും ആധികാരികതയും വിവിധ ഇടങ്ങളില്‍ ഡിജിറ്റലായി അടയാളപ്പെടുത്തുന്ന ബ്ലോക്ക്‌ചെയ്ന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളുടെ അന്ത്യം കുറിക്കും. ഐസിഐസിഐ ബാങ്ക് ആണ് ഇന്ത്യയില്‍ ആദ്യമായി ബ്ലോക്ക്‌ചെയ്ന്‍ വിനിമയം ആരംഭിച്ചത്. പിന്നീട് യെസ് ബാങ്കും ആക്‌സിസ് ബാങ്കും ഈ സാങ്കേതികവിദ്യ സ്വീകരിച്ചു.

ചില രാജ്യങ്ങള്‍ തങ്ങളുടെ സ്ഥലമിടപാടുകള്‍ കടലാസില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ ആദ്യപടിയായി രേഖകള്‍ ബ്ലോക്ക്‌ചെയ്ന്‍ ഡാറ്റാബേസായി സൂക്ഷിച്ചു തുടങ്ങി. ഈ നീക്കത്തിന്റെ ചുവടു പിടിച്ചു ഇന്ത്യയില്‍ തന്നെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്, ഭൂമി രജിസ്‌ട്രേഷന്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ റെക്കോര്‍ഡുകള്‍ ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിതമാക്കി കൊണ്ടിരിക്കുകയാണ്.

ലൈസന്‍സ് പുതുക്കല്‍, വിസ അപേക്ഷകള്‍, ബില്‍ അടയ്ക്കല്‍ എന്നിവയൊക്കെ ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിതമാക്കി കടലാസും, സമയവും ഒക്കെ ലാഭിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്.

പലതരം സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതിയും, വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും ഒക്കെ വൈദ്യുതി ഗ്രിഡില്‍ നടത്തുന്ന കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകള്‍വരെ ബ്ലോക്ക് ചെയ്ന്‍ അധിഷ്ഠിതമാക്കാനാണ് സിംഗപ്പൂരിന്റെ ലക്ഷ്യം. ഇലക്ട്രോണിക്ക് ഹെല്‍ത്ത് റെക്കോഡുകള്‍ ഒരു ബ്ലോക്‌ചെയ്ന്‍ അധിഷ്ഠിത മോഡലില്‍ സൂക്ഷിച്ചാല്‍ വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ തെറ്റുകള്‍ കടന്നു കയറാതെ സൂക്ഷിക്കാനും, ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാനും സാധിക്കും .

ഇടപാടുകളുടെ നെടുംതൂണാണ് വിശ്വാസ്യത. ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത ഇടപാടുകളില്‍ ഇടപാടുകാരന്റെ പക്കലുള്ള പ്രൈവറ്റ് കീ നിങ്ങളുടെ വിശ്വാസ്യതക്ക് കരുത്തു പകരും. ശരിയായ ഇടപാടാണോ ഈ വ്യക്തി ചെയ്യുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരം ഈ വികേന്ദ്രീകൃത നെറ്റ്‌വര്‍ക്കിലെ വിവരങ്ങളില്‍ നിന്ന് ലഭിക്കും. പണമിടപാടുകളുടെ വിശ്വാസ്യതയ്ക്ക് പുറമെ ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യ മറ്റു പല മേഖലകളിലും ഉപയോഗിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ബ്ലോക് ചെയ്ന്‍ അധിഷ്ഠിത സ്മാര്‍ട്ട് കോണ്‍ട്രാക്റ്റ്, ക്ലൗഡ് സ്റ്റോറേജ്, ഡിജിറ്റല്‍ ഐഡന്റിറ്റി, ലോയല്‍റ്റി പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് വോട്ടിംഗ് തുടങ്ങി വിശ്വാസ്യത ആവശ്യമായ പല കാര്യങ്ങള്‍ ചെയ്യുവാനും ബ്ലോക്‌ചെയ്ന്‍ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top