Apr 03, 2018
ഡിജിറ്റലാണ് ഫ്യൂച്ചര്‍! വരുന്നൂ മാറ്റങ്ങള്‍, ഒപ്പം അവസരങ്ങളും
ലോകം ഡിജിറ്റല്‍ യുഗത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ രംഗത്തും വരുന്ന മാറ്റങ്ങളെന്ത്? പുതിയ അവസരങ്ങളെന്തെല്ലാം?
facebook
FACEBOOK
EMAIL
digital-futures-coming-changes-and-opportunities

ഈ പേജുകള്‍ പ്രിന്റ് ചെയ്ത് വായനക്കാരുടെ മുന്നിലെത്തുന്നതിനുള്ളില്‍ ഈ ലോകത്ത് നമുക്ക് കേട്ടറിവ് പോലുമില്ലാത്ത നൂറ് കണക്കിന് തൊഴിലുകള്‍ നിലവില്‍ വന്നിട്ടുണ്ടാകും, ഇന്ത്യയിലെ മൊബീല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണമായ 1.2 ബില്യണ്‍ എന്ന കണക്കില്‍ ലക്ഷങ്ങള്‍ കൂടിയിട്ടുണ്ടാകും. നാളെ നമ്മുടെ ജീവിതങ്ങള്‍ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഒട്ടേറെ സംരംഭങ്ങള്‍ രൂപമെടുത്തിട്ടുണ്ടാകും, ഇപ്പോള്‍ നമ്മുടെ കയ്യിലിരിക്കുന്ന മൊബീലിനെ ഇല്ലാതാക്കുന്ന ഒരു ടെക്നോളജിക്ക് തുടക്കമായിട്ടുണ്ടാകും.

അല്‍ഭുതം തോന്നുന്നുണ്ടോ? ഇതാണ് ലോകത്ത് ഇന്ന് നടക്കുന്ന മാറ്റങ്ങളുടെ ഒരു ചെറുരൂപം. അതിവേഗ മാറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? അത് സൃഷ്ടിക്കുന്ന അവസരങ്ങളെന്തൊക്കെയാണ്? അടുത്തിടെ കൊച്ചിയില്‍ സമാപിച്ച ഫ്യൂച്ചര്‍ ഉച്ചകോടി ഇക്കാര്യങ്ങളിലേക്ക് ഒക്കെയാണ് വെളിച്ചം വീശിയത്.

''10 വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ മൊബീല്‍ ഫോണുകള്‍ തന്നെ ഇല്ലാതാകും, ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണങ്ങളാണ് ഇനി വരുന്നത്'' എന്നിങ്ങനെയുള്ള സയന്‍സ് ഫിക്ഷനെ ഓര്‍മിപ്പിക്കുന്ന ആശയങ്ങളാണ് ഉച്ചകോടിയില്‍ സംബന്ധിച്ച വിദഗ്ധര്‍ പങ്കുവെച്ചത്. സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിക്കുന്ന, സംഭവിക്കാന്‍ പോകുന്ന വന്‍ മാറ്റങ്ങളെ വിശകലനം ചെയ്ത്, ഈ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി കേരളത്തിന് ഡിജിറ്റല്‍ മേഖലയില്‍ വികസനം ഉറപ്പുവരുത്തുന്ന ഒരു മാര്‍ഗരേഖ തയ്യാറാക്കുക എന്നതായിരുന്നു ഫ്യൂച്ചര്‍ ഉച്ചകോടിയുടെ ലക്ഷ്യം. സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്ടിയ്ക്കാന്‍ കേരളത്തെ സഹായിക്കുന്ന ഈ മാര്‍ഗരേഖ വരും
വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ രാജ്യങ്ങള്‍ നേടുന്ന പുതു സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം എത്തണമെങ്കില്‍ കേരളം ഇനിയും ഏറെ ദൂരം ഏറെ വേഗത്തില്‍ സഞ്ചരിക്കാനുണ്ട് എന്ന മുന്നറിയിപ്പിനോടൊപ്പം കേരളത്തിന്റെ സാധ്യതകളും വിലയിരുത്തേണ്ടതുണ്ട്. നൈപുണ്യ വികസനം മുതല്‍ ഡാറ്റ സെക്യൂരിറ്റിയും സൈബര്‍ സുരക്ഷയും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ് എന്നിങ്ങനെയുള്ള പ്രധാന മേഖലകളില്‍ ടെക്നോളജി വരുത്തുന്ന മാറ്റങ്ങള്‍ മനസിലാക്കി പുതിയ വഴികള്‍ കണ്ടെത്താന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നത് പ്രധാനം.

അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഈ രംഗങ്ങളില്‍ ഇനി വരുന്ന വര്‍ഷങ്ങള്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുന്നത്? ഇവയില്‍ നിന്ന് എന്തെല്ലാം പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും നമുക്ക് സൃഷ്ടിക്കാന്‍ കഴിയും?

്ഫ്യൂച്ചറിന്റെ വേദിയിലെത്തിയ പ്രമുഖ പ്രൊഫഷണലുകളും സംരംഭകരും വിദഗ്ധരും പങ്കുവെച്ച ചില കണ്ടെത്തലുകള്‍, ആശയങ്ങള്‍, ചിന്തകള്‍.

1.2 Billion
ഇന്ത്യയിലെ മൊബീല്‍ ഫോണ്‍ ഉപഭോക്താക്കള്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്

890 Million
സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2022 ല്‍

70%
2020 ആകുമ്പോഴേക്കും ഇന്ത്യയിലെ കമ്പനികളില്‍ 70 ശതമാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തും.

500 Million
ജൂണ്‍ ആകുമ്പോഴുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം

1 Trillion dollars
2023 ലെ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ക്കറ്റ്

വിദ്യാഭ്യാസം

അടുത്ത തലമുറയിലെ ബ്ലു കോളര്‍ ജോലി എന്താകും? ഒരു പ്ലംബറിന്റേതാകാം. സംശയിക്കേണ്ട. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IOT) അധിഷ്ഠിത സംവിധാനങ്ങളുള്ള വീടുകളിലെ പ്ലംബര്‍മാര്‍ വൈദഗ്ധ്യമുള്ള എന്‍ജിനീയര്‍മാരായിരിക്കണം. അപ്പോള്‍ അടുത്ത തലമുറയിലെ ഉന്നത ശ്രേണിയിലുള്ള ജോലി അതൊക്കെയാകാം. അതായത് വരും കാലത്ത് പുതിയ സാങ്കേതിക വിദ്യകളില്‍ വിദഗ്ധരായ എന്‍ജിനീയര്‍മാരെയാണ് വേണ്ടത്.

അപ്പോള്‍ വിദ്യാഭ്യാസം എന്തായിരിക്കണം? ലോകത്തെ പ്രമുഖ സര്‍വകലാശാലകളുടെ സമീപത്തായാണ് പ്രമുഖ കമ്പനികളുള്ളതെന്ന് വിദഗ്ധര്‍. സര്‍വകലാശാലകളും പുതിയ സാങ്കേതിക വിദ്യകള്‍ ജനങ്ങളിലേക്കെത്തിക്കുന്ന കമ്പനികളും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശൈലി ഇന്ത്യയിലും കേരളത്തിലും എത്തിച്ചേരണം. വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ നിരവധിയാണ്.

പ്രധാന മാറ്റങ്ങള്‍

 • കംപ്യൂട്ടര്‍ സയന്‍സ് എല്ലാ രംഗത്തും അനിവാര്യമായ ഘടകമാകും. കംപ്യൂട്ടര്‍ സയന്‍സ് പ്ലസ് മറ്റ് വിഷയങ്ങള്‍ എന്ന തലത്തിലേക്ക് വിദ്യാഭ്യാസം മാറും.
 • വെര്‍ച്വല്‍ റിയാലിറ്റി വിദ്യാഭ്യാസ മേഖലയില്‍ കൂടുതലായി ഉപയോഗിക്കപ്പെടും.
 • വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിനു വേണ്ടി പഠിക്കുന്ന സമ്പ്രദായം മാറണം. മൂന്ന് ഘടകങ്ങളാണ് ഭാവി തലമുറയ്ക്ക് വേണ്ടത്. സര്‍ഗശേഷി (creativity), പുതിയ കാര്യങ്ങള്‍ അതിവേഗം സ്വാംശീകരിക്കാനുള്ള കഴിവ് (learning ability), നിരൂപണാത്മകമായ ചിന്താശേഷി (critical thinking) എന്നിവയാണവ. ഈ കഴിവുകളാണ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തേണ്ടത്.
 • പഴയ മാനുഫാക്ചറിംഗ് രീതിയെ ഓര്‍മിപ്പിക്കുന്ന, വിദ്യാഭ്യാസത്തിലെ മാസ് പ്രൊഡക്ഷന്‍ സംവിധാനം സമൂല മാറ്റത്തിന് വിധേയമാകും.
 • സോഫ്റ്റ് സ്‌കില്‍, സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍, പ്രൊഫഷണല്‍ മികവ്, ബുദ്ധിശക്തി, നേതൃശേഷി എന്നിവയെല്ലാമാകും വരും നാളുകളില്‍ പ്രൊഫഷണലുകളെ നിയമിക്കുമ്പോഴുള്ള അളവുകോലുകള്‍. മാര്‍ക്കിനുവേണ്ടിയുള്ള പഠന രീതി ഇതിന് ഉപകരിക്കുകയുമില്ല.
 • എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന രീതി വരും. അതായത് ഇടനിലക്കാര്‍ ഇല്ലാതെയാകും.
 • ഉപഭോഗം അങ്ങേയറ്റം പേഴ്‌സലണലൈസ്ഡാകും. ഓരോ വ്യക്തിക്കും വേണ്ടിയുള്ള ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം.

അവസരങ്ങള്‍

 • മാനുഷിക സ്പര്‍ശമുള്ള ജോലികള്‍ക്ക് യന്ത്രങ്ങള്‍ ഒരിക്കലും പകരമാവില്ല. അതുകൊണ്ട് അത്തരം ജോലികള്‍ക്ക് അവസരമേറും.
 • 65 വയസിനു മുകളിലുള്ളവരുടെ എണ്ണം വര്‍ധിക്കുകയാണ്. അതായത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവന രംഗത്ത് വന്‍ അവസരങ്ങളാകും ഉണ്ടാവുക.
 • നിലവിലുള്ള ജോലികളില്‍ 90 ശതമാനത്തിന്റെയും സ്വഭാവം മാറുമ്പോള്‍ അതിന് സമാനമായ വിധത്തില്‍ പുതിയ ജോലികള്‍ വരും. വൈദഗ്ധ്യം ഉപയോഗിക്കാന്‍ സാധിക്കുന്ന, മനുഷ്യവിഭവ ശേഷി വികസനവും വിനിയോഗവും സാധ്യമാക്കുന്ന പുതിയതരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
 • ഡാറ്റ സയന്‍സ്, ആപ്ലിക്കേഷന്‍ റൈറ്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ രംഗങ്ങളില്‍ അവസരങ്ങള്‍ വര്‍ധിക്കും.

ആരോഗ്യം

ഡോക്ടറുടെ തീരുമാനം അവസാന വാക്കായി കരുതുന്ന ഒരു സാഹചര്യത്തില്‍ നിന്ന് രോഗിയുടെ അഭിപ്രായങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം ലഭിക്കുന്ന നാളുകളാണ് ഇനി വരുന്നത്. രോഗം വന്നതിനു ശേഷം ഡോക്ടറെ കാണുന്നതിന്പകരം മൊബീലിന്റെ ഭാഗമായ പലതരം മോണിറ്ററുകള്‍ നല്‍കുന്ന സൂചനകള്‍ക്ക് അനുസരിച്ച് രോഗം വരാതെ തടയാനും സാങ്കേതിക വിദ്യ ഉപയോഗപ്പെടും.

പ്രധാനമാറ്റങ്ങള്‍

 • ചികിത്സയേക്കാളേറെ പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ
 • ജനിതക വിവരങ്ങള്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണ്ണയം.
 • മരുന്നുകള്‍ ഓരോ രോഗിയിലും എത്ര ഫലപ്രദമാകുമെന്നു നേരത്തേ കണ്ടെത്താനും ജനറ്റിക് എഡിറ്റിംഗ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.
 • ചികിത്സയുടെ ചെലവ് കുറയും, കൂടുതല്‍ പേര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ പ്രാപ്തമാകും
 • മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം പോലും രോഗികളുടെ പ്രത്യേകതകള്‍ മനസിലാക്കിയാകും.
 • മൊബീലിന്റെ പ്രാധാന്യം വര്‍ധിക്കും. കാര്‍ഡിയോ, ബ്ലഡ്പ്രഷര്‍, ഗ്ലൂക്കോസ് മോണിറ്ററുകള്‍ ഫോണിന്റെ ഭാഗമാകും വൈകാതെ.
 • രണ്ടാമതൊരു വിദഗ്ദാഭിപ്രായം നേടുക എന്നത് കൂടുതല്‍ എളുപ്പമാകും
 • സെന്‍സറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ കഴിയും. ഓക്‌സിജന്‍ സിലിണ്ടറുകളിലും മറ്റും ഇവ ഘടിപ്പിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.
 • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഡോക്റ്ററുടെ സഹായമില്ലാതെ പരിശോധിക്കാന്‍ കഴിയും.
 • സാങ്കേതിക സഹായങ്ങള്‍ ലഭ്യമാകുന്നതോടെ ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലെ ആശുപത്രിയിലെ സ്‌പെഷലിസ്റ്റിനെ കാണാന്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയും.

അവസരങ്ങള്‍

 • ഗ്രാമങ്ങളെ ഫോക്കസ് ചെയ്യുന്ന ചികിത്സാ സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാധ്യത.
 • ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. ടെക്നോളജി രംഗത്തെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ നിക്ഷേപം ലഭിക്കാനും സാധ്യതകള്‍ ഏറെയാണ്.
 • ഇ- ഐസിയു. വിദേശ രാജ്യങ്ങളിലെ രോഗികളെ മോണിറ്റര്‍ ചെയ്യാനുള്ള സൗകര്യം. മറ്റ് രാജ്യങ്ങളില്‍ ഐസിയുവിന് വേണ്ടി വരുന്ന വന്‍ ചെലവ് കണക്കിലെടുത്ത് ഭാവിയില്‍ ഇത്തരം സംരംഭങ്ങള്‍ കേരളത്തില്‍ സാധ്യമാക്കാം.
 • ആരോഗ്യസംരക്ഷണം, ചികിത്സ, പ്രതിരോധം, രോഗ നിര്‍ണയ പരിശോധനകള്‍ എന്നിവയ്ക്ക് സഹായകമായ ആപ്പുകളും ഓണ്‍ലൈന്‍ സൗകര്യങ്ങളും
 • ജീനോമിക്‌സ് അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍, സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍.
 • ജൈവ കൃഷിക്കും ഭക്ഷണശൈലിക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിനാല്‍ ഈ രംഗത്ത് ഏറെ സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്

ബാങ്കിംഗ് & ഫിനാന്‍സ്

ബാങ്കിംഗിന് പ്രാധാന്യം ഏറും, പക്ഷെ, ബാങ്കുകളുടെ പ്രാധാന്യം കുറയും എന്നതാകും ഇനി വരുന്ന കാലത്ത് നാം അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു യാഥാര്‍ഥ്യം. ബാങ്കിംഗ്, റീറ്റെയ്ല്‍, ടെലികോം എന്നിവയിലെല്ലാം ഇപ്പോള്‍ നിലനില്‍ക്കുന്ന വേര്‍തിരിവ് ഇല്ലാതാകും എന്നത് മറ്റൊരു പ്രത്യേകത. നമ്മുടെ കയ്യിലെ മൊബീല്‍ ഫോണിലേക്ക് ഒതുങ്ങിയ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയും ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാകും.

 • ബ്ലോക്ക്‌ചെയ്ന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉള്‍പ്പെടുത്തിയുള്ള സേവനങ്ങള്‍ ബാങ്കിംഗിന്റെ ഭാഗമാകും. ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതി നിലവില്‍ വരും.
 • കോഫീ ഷോപ്പ് ബാങ്കിംഗ് കൂടുതല്‍ പ്രചാരം നേടും. യുവതലമുറയെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം ന്യു ഏജ് ബാങ്കുകള്‍.
 • ബാങ്ക് ഒരു 'ഫണ്‍ പ്‌ളേസ്' ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ടാകും. ഷോപ്പിംഗ്, ചൈല്‍ഡ് കെയര്‍ എന്നിങ്ങനെ കസ്റ്റമര്‍ക്കായുള്ള അനവധി സേവനങ്ങളും ഇനി ബാങ്കിന്റെ ഭാഗമാകും.
 • വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്ന ബാങ്കിംഗ്, ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം.

അവസരങ്ങള്‍

 • പേയ്മെന്റ് സര്‍വീസുകള്‍
 • സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്ന ഉല്‍പ്പന്നങ്ങള്‍, ആപ്പുകള്‍
 • ബാങ്കിംഗിന് അനുബന്ധമായ സര്‍വീസുകള്‍, ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായ സേവനങ്ങള്‍
 • ജീവനക്കാര്‍ക്ക് വേ്യുിയുള്ള നൈപുണ്യ വികസന പരിശീലനം, ടെക്നോളജി ട്രെയ്‌നിംഗ്

ഗതാഗതവും യാത്രയും

ഡ്രൈവറില്ലാത്ത കാറുകളും ബഹിരാകാശ യാത്രയും ഇലക്ട്രിക് കാറുകളും എല്ലാം വളരെ സാധാരണമാകാന്‍ പോകുകയാണ് ഇനി വരുന്ന വര്‍ഷങ്ങളില്‍. യാത്ര എന്ന സങ്കല്‍പ്പം തന്നെ അടിമുടി മാറുന്ന കാലം. മറ്റ് പല രംഗങ്ങളിലെയും പോലെ ഉപഭോക്താവ് എന്ന രാജാവിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഇനി യാത്രാ- ഗതാഗത രീതികള്‍ മാറാന്‍ പോകുന്നത്.

 • ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന തരത്തില്‍ മാറും ഗതാഗതവും യാത്രയും.
 • ഇലക്ട്രിക് കാറുകളായാലും ഡ്രൈവറില്ലാത്ത കാറുകളായാലും ബഹിരാകാശ യാത്രയായാലും വ്യക്തിഗത സേവനങ്ങള്‍ക്കാണ് കമ്പനികള്‍ ഇനി കൂടുതല്‍ ശ്രദ്ധ നല്‍കുക. സാധാരണ രീതിയിലുള്ള വ്യക്തിഗത സൗകര്യങ്ങള്‍ക്കപ്പുറം ഹൈപ്പര്‍ പേഴ്സണലൈസേഷന്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാകും ഈ സേവനങ്ങള്‍.
 • സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളുടെ സ്വാധീനം വര്‍ധിക്കും. യാത്ര ചെയ്യുന്നവരില്‍ 30 ശതമാനം മുതിര്‍ന്ന പൗരന്മാരായിരിക്കും. ഇത് യാത്ര കുടിയേറ്റ രീതികള്‍ തന്നെ മാറ്റും
 • ഏറ്റവും ലളിതമായ യാത്രകള്‍, ഏറ്റവും മികച്ച അനുഭവം എന്നിവയാകും ഇനി ഉപഭോക്താക്കള്‍ക്ക് വേണ്ടത്. യാത്രയ്ക്ക് വേണ്ടി തയ്യാറെടുക്കുക എന്ന ചിന്ത മാറും, തയ്യാറായി മുന്നിലെത്തുന്ന യാത്രകളാണ് ഭാവിയിലേത്.
 • ഇടനിലക്കാരില്ലാതെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്ന കമ്പനികള്‍ക്ക് പ്രാമുഖ്യം ലഭിക്കും.
 • സുരക്ഷ, ഓട്ടോമേറ്റഡ് ആയ പ്രവര്‍ത്തങ്ങള്‍, വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി കാണിക്കുന്ന കൃത്യത എന്നിവയെല്ലാം യാത്ര തെരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകങ്ങളാകും.
 • അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് തിരുവനന്തപുരത്തെത്താന്‍ രണ്ട് മണിക്കൂര്‍ മതി എന്ന സ്ഥിതി വരും.
 • 'കേരള ഗ്രീന്‍ കാര്‍ഡ്' തേടി വിദേശീയര്‍ വരുന്നത് യാഥാര്‍ഥ്യമാകും.
 • സാങ്കേതിക വിജ്ഞാന കേന്ദ്രമായി മാറുന്നതോടൊപ്പം പ്രകൃതിഭംഗി നിലനിര്‍ത്താനും കേരളത്തിന് കഴിഞ്ഞാല്‍ ഇത് സാധ്യമാകും.

അവസരങ്ങള്‍

 • ഡ്രോണുകള്‍ മുതല്‍ ഇലക്ട്രിക് കാറുകളും ബഹിരാകാശ വാഹനങ്ങളും വരെ നിര്‍മിക്കുന്ന കമ്പനികളും സംരംഭകരും ഇനി ഏറെയുണ്ടാകും. ഇത്തരം കമ്പനികള്‍ക്ക് അനുബന്ധമായുള്ള സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്റ് വര്‍ധിക്കും.
 • യാത്രകളുടെ ഭാഗമായ എന്റര്‍ടൈന്‍മെന്റ്, വ്യക്തിഗത സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് സാധ്യത ഏറെ.
 • കേരളത്തിന്റെ ടൂറിസം മേഖലയില്‍ തികച്ചും വ്യത്യസ്തമായ, മികച്ച അനുഭവം നല്‍കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള യാത്രാ പാക്കേജുകള്‍
 • മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും എക്‌സ്‌ക്ലൂസീവ് ആയ യാത്രകള്‍ ഒരുക്കുന്ന കമ്പനികള്‍, ടൂര്‍ ഓപ്പറേറ്റേഴ്സ്, ഇതിനു വേണ്ട മൊബീല്‍ ആപ്പുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍
 • സോഫ്റ്റ്‌വെയര്‍ പരിശോധനാ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്റുള്ളതിനാല്‍ ഈ രംഗത്തെ സംരംഭങ്ങള്‍ക്ക് സാധ്യത ഏറെ.
 • ഈ മേഖലയ്ക്ക് മാത്രമായുള്ള ഡാറ്റ സെക്യൂരിറ്റി ഉറപ്പുവരുത്തുന്ന സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഡിമാന്റ് ഏറെയാകും

കേരളം പഴയ കേരളമല്ല

 •  ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം
 • മൊബീല്‍ ഫോണ്‍ സാന്ദ്രത 115 ശതമാനത്തില്‍ ഏറെ. ഇന്ത്യയുടേത് 91 ശതമാനം.
 • ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം.
 • അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരള വൈ-ഫൈ (കെ - ഫൈ) യുടെ ഭാഗമായി 5000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ ലഭ്യമാകും.
 • ആദ്യഘട്ടമായി ആശുപത്രികള്‍, ബസ് സ്റ്റോപ്പുകള്‍, ലൈബ്രറി തുടങ്ങി ആയിരം പൊതുസ്ഥലങ്ങളില്‍ ഇവ അവതരിപ്പിക്കും.
 • #ഫ്യുച്ചര്‍ വേദിയില്‍ ഉദ്ഘാടനം ചെയ്ത എം.കേരളം മൊബീല്‍ ആപ്പ് വഴി നൂറിലേറെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. ആദ്യഘട്ടത്തില്‍ 20 സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി പൂര്‍ണമാകുമ്പോള്‍ ഇരുന്നൂറിലേറെ വകുപ്പുകളും ആയിരത്തിലേറെ സേവനങ്ങളും ലഭ്യമാകും.
 • ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, സൈബര്‍ സുരക്ഷാ, ഇ- മൊബിലിറ്റി, സ്പേസ് ടെക്നോളജി എന്നീ ആറ് കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ ഐ.റ്റി നയത്തില്‍ ഉള്‍പ്പെടുത്തുന്നു. സാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് ഓരോ വര്‍ഷവും ഐടി പോളിസിയിലെ ഉപനയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
 • സംസ്ഥാനത്തിന്റെ വൈദ്യുത വാഹന രൂപരേഖ തയ്യാറായി. ഒരു ഇ-മൊബിലിറ്റി കര്‍മസമിതിയും രൂപീകരിച്ചിട്ടുണ്ട്.
COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top