Jul 17, 2017
കോര്‍പ്പറേറ്റ് കേരളത്തിന്റെ സംഗമം ജൂലൈ 28ന്
കോര്‍പ്പറേറ്റ് കേരളം സംഗമിക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2017ന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
facebook
FACEBOOK
EMAIL
dhanam-d-day-2017

കോര്‍പ്പറേറ്റ് കേരളത്തിന്റെ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ണം. ജൂലൈ 28ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ആതിഥ്യം വഹിക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2017ല്‍ ബിസിനസ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്ത പ്രതിഭകളെ ആദരിക്കുമ്പോള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഒത്തുചേരുന്നത് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങളാകും. 

ബിസിനസ് വിജയത്തിന് എന്നും പ്രചോദനമായി നിലകൊള്ളുന്ന ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ ഒരു ദശാബ്ദക്കാലമായി തുടര്‍ച്ചയായി അരങ്ങേറുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പതിനൊന്നാം എഡിഷനാണ് ഈ വര്‍ഷത്തേത്.

എക്കാലവും പുതിയ അറിവുകളും ആശയങ്ങളും പങ്കുവെയ്ക്കപ്പെടുന്ന ഡി-ഡെ വേദിയില്‍ ഈ വര്‍ഷം മുന്‍ കേന്ദ്ര സഹമന്ത്രിയും എം.പിയും പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും ഐക്യരാഷ്ട്ര സഭാ മുന്‍ ഉദ്യോഗസ്ഥനുമായ ശശി തരൂര്‍ വിശിഷ്ടാതിഥിയായി എത്തും.

പ്രൗഢം, പ്രചോദനാത്മകം

ഫാമിലി ബിസിനസ് കണ്‍സള്‍ട്ടന്റും ന്യൂയോര്‍ക്ക് ആസ്ഥാനമായ ദലാല്‍ ക്യാപിറ്റല്‍ അഡ്‌വൈസേഴ്‌സ്, ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് എന്നിവയുടെ സിഇഒയും വെല്‍ത്ത് കോച്ചുമായ മയൂര്‍ ടി. ദലാല്‍, സിംബയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് & ഹ്യുമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെയും സാധന സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ് ഡെവലപ്മെന്റിന്റെയും സ്ഥാപക ഡയറക്റ്ററായ പ്രൊഫ. എം.എസ് പിള്ള എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും.

സ്വന്തം മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഭാഷകരുടെ സാന്നിധ്യം കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയായി എത്തുന്ന ശശി തരൂര്‍, വിദേശകാര്യം, മനുഷ്യവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. സമകാലിക ഇന്ത്യ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ബൗദ്ധികമായ ഇടപെടലുകള്‍ നടത്തുന്ന ശശി തരൂരിന്റെ വാക്കുകള്‍ രാജ്യം അതീവ പ്രാധാന്യത്തോടെയാണ് കേള്‍ക്കുന്നത്. ഇന്ന് ട്വിറ്ററില്‍ 45 ലക്ഷം പേരാണ് ഈ ഡൈനാമിക് ലീഡറെ ഫോളോ ചെയ്യുന്നത്.

വെല്‍ത്ത് മാനേജ്‌മെന്റില്‍ ആഗോളതലത്തില്‍ ശ്രദ്ധേയനായ മയൂര്‍ ദലാല്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവമാണ്. ഫാമിലി ബിസിനസ്മാനേജ്‌മെന്റില്‍ വിദഗ്ധനായ ദലാലിന്റെ സ്‌പെഷലൈസേഷന്‍ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച പ്ലാനിംഗാണ്. റിട്ടയര്‍മെന്റ്, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നിവയ്ക്ക് വേണ്ടിയുള്ള സാമ്പത്തിക പ്ലാനിംഗിലും മുന്നിലുള്ള ദലാല്‍ ന്യൂയോര്‍ക് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

സിംബയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് & ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ സ്ഥാപക ഡയറക്റ്ററായിരുന്ന പ്രൊഫ. എം.എസ് പിള്ള രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനാണ്.

സംരംഭകര്‍ക്ക് അംഗീകാരം
സമിറ്റിനോടൊപ്പം സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റ് ബിസിനസ് രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള അംഗീകാരം സമ്മാനിക്കാനുള്ള വേദിയാണ്. ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍ 2016, എന്‍ആര്‍ഐ ബിസിനസ്മാന്‍, ബിസിനസ് പ്രൊഫഷണല്‍, എന്‍ട്രപ്രണര്‍ ഓഫ് ദ് ഇയര്‍, വുമണ്‍ എന്‍ട്രപ്രണര്‍ എന്നീ അവാര്‍ഡുകളാണ് ഇവിടെ സമ്മാനിക്കുന്നത്.

സംരംഭക കേരളം ഏറെ ആദരവോടെ നോക്കുന്ന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത് വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ്.
സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള, ക്ഷണിക്കപ്പെട്ട അതിഥികള്‍ ധനം സമിറ്റിന് സാക്ഷ്യം വഹിക്കും. രാജ്യാന്തര ദേശീയതലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ വ്യക്തിത്വങ്ങളും സംസ്ഥാനത്ത് വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഡി-ഡേ ഒരുക്കുന്നത്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top