അരങ്ങൊരുങ്ങി, വിജയാഘോഷരാവിനായി
കേരളം കാത്തിരിക്കുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2017 ജൂലൈ 28ന് കൊച്ചിയില്‍
facebook
FACEBOOK
EMAIL
dhanam-business-summit-award-nite-2017

വീണ്ടും ഒരു വിജയാഘോഷരാവിനായി കൊച്ചിയില്‍ അരങ്ങൊരുന്നു. ബിസിനസ് വിജയത്തിന് എന്നും പ്രചോദനമായി നിലകൊള്ളുന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പതിനൊന്നാം എഡിഷന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ജൂലൈ 28ന് ആതിഥ്യം വഹിക്കും. 

ബിസിനസ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൊണ്ട് അടയാളമിട്ട സംരംഭക പ്രതിഭകള്‍ക്ക് ആദരമേകുന്ന ഡി ഡേ 2017ന്റെ
വേദിയില്‍, പുതിയ അറിവുകളും പുതിയ ചിന്തകളും പങ്കുവെയ്ക്കാനെത്തുന്നത് പ്രഗത്ഭരായ മൂന്ന് പ്രഭാഷകരാണ്.
ഡി - ഡേ 2017ന്റെ വിശിഷ്ടാതിഥി മുന്‍ കേന്ദ്രസഹമന്ത്രിയും എം.പിയും പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും മുന്‍ ഐക്യ
രാഷ്ട്ര സഭ ഉദ്യോഗസ്ഥനുമായ ശശി തരൂരാണ്.

ഫാമിലി ബിസിനസ് കണ്‍സള്‍ട്ടന്റും ന്യൂയോര്‍ക്ക് ആസ്ഥാനമായ ദലാല്‍ ക്യാപിറ്റല്‍ അഡ്‌വൈസേഴ്‌സ്, ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസ് എന്നിവയുടെ സിഇഒയും വെല്‍ത്ത് കോച്ചുമായ മയൂര്‍ ടി. ദലാല്‍, സിംബയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് & ഹ്യുമന്‍ റിസോഴ്‌സസ് ഡെവലപ്മെന്റിന്റെയും സാധന സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ് ഡെവലപ്‌മെന്റിന്റെയും സ്ഥാപക ഡയറക്റ്ററായ പ്രൊഫ. എം.എസ് പിള്ള എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും.

പ്രചോദനമേകുന്ന പ്രഭാഷകനിര

വിദേശകാര്യം, മനുഷ്യവിഭവശേഷി വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ മൂന്ന് ദശാബ്ദത്തോളം നീണ്ടുനിന്ന കരിയറില്‍ സമാധാനം, അഭയാര്‍ത്ഥി പ്രശ്‌നം എന്നിങ്ങനെ ഒട്ടേറെ മേഖലകളുമായി ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്ന തരൂര്‍, കോഫി അന്നന്റെ കീഴിന്റെ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്നു. ഗ്ലോബല്‍ ലീഡര്‍ ഓഫ് ടുമോറോ എന്ന് 1998 ലെ വേള്‍ഡ് എക്കണോമിക് ഫോറം അംഗീകരിച്ച തരൂര്‍ പതിനാറ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രാഷ്ട്രീയ സംവാദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ആദ്യമായി ഉപയോഗിച്ച നേതാക്കളിലൊരാളാണ് തരൂര്‍. ഇന്ന് ട്വിറ്ററില്‍ 45 ലക്ഷം പേരാണ് ഈ ഡൈനാമിക് ലീഡറെ ഫോളോ ചെയ്യുന്നത്.

വെല്‍ത്ത് മാനേജ്‌മെന്റില്‍ ആഗോളതലത്തില്‍ ശ്രദ്ധേയനായ മയൂര്‍ ദലാല്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവമാണ്. ഫാമിലി ബിസിനസ് മാനേജ്‌മെന്റില്‍ വിദഗ്ധനായ ദലാലിന്റെ സ്‌പെഷലൈസേഷന്‍ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച പ്ലാനിംഗാണ്. റിട്ടയര്‍മെന്റ്, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നിവയ്ക്ക് വേണ്ടിയുള്ള സാമ്പത്തിക പ്ലാനിംഗിലും മുന്നിലുള്ള ദലാല്‍ ന്യൂയോര്‍ക് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

സിംബയോസിസ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് & ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ സ്ഥാപക ഡയറക്റ്ററായ പ്രൊഫ. എം.എസ് പിള്ള രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനാണ്. അനവധി പ്രതിസന്ധികളെ നേരിട്ട് സ്വപ്രയത്‌നത്താല്‍ ജീവിതത്തില്‍ ഉയര്‍ന്നുവന്ന പിള്ള സിംബയോസിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സെന്റര്‍ തുടങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായി സിംബയോസിസിന്റെ പുതിയ സ്ഥാപനം. 2004ല്‍ സാധന സെന്റര്‍ എന്ന സ്ഥാപനത്തിന് തുടക്കമിട്ട അദ്ദേഹം ഒട്ടനവധി യുവ പ്രൊഫഷണലുകളെയും സംരംഭകരെയുമാണ് വാര്‍ത്തെടുത്തത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പരിശീലനവും നല്‍കി നേതൃപാടവമുള്ള മാനേജര്‍മാരായും സംരംഭകരായും മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

സംരംഭകര്‍ക്ക് അംഗീകാരം

സമിറ്റിനോടൊപ്പം സംഘടിപ്പിക്കുന്ന അവാര്‍ഡ് നൈറ്റ് ബിസിനസ് രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള അംഗീകാരം സമ്മാനിക്കാനുള്ള വേദിയാണ്. ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍ 2016, ഔട്ട്‌സ്റ്റാന്‍ഡിംഗ് എന്‍ആര്‍ഐ ബിസിനസ്മാന്‍, ബിസിനസ് പ്രൊഫഷണല്‍, എന്‍ട്രപ്രണര്‍ ഓഫ് ദ് ഇയര്‍, വുമണ്‍ എന്‍ട്രപ്രണര്‍ എന്നീ അവാര്‍ഡുകളാണ് ഇവിടെ സമ്മാനിക്കുന്നത്.

സംരംഭക കേരളം ഏറെ ആദരവോടെ നോക്കുന്ന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത് വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ്.

സാമ്പത്തിക, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വാണിജ്യ, വ്യവസായ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള, ക്ഷണിക്കപ്പെട്ട അതിഥികള്‍ ധനം സമിറ്റിന് സാക്ഷ്യം വഹിക്കും. രാജ്യാന്തര ദേശീയതലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ വ്യക്തിത്വങ്ങളും സംസ്ഥാനത്ത് വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഡി - ഡേ ഒരുക്കുന്നത്.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top