Nov 16, 2016
നോട്ട് പിന്‍വലിക്കല്‍: പണം നിക്ഷേപിക്കുമ്പോള്‍ പ്രത്യാഘാതങ്ങളും അറിയുക
രഞ്ജിത്ത് കാര്‍ത്തികേയന്‍, ചാര്‍ട്ടേഡ് എക്കൗണ്ടന്റ്
facebook
FACEBOOK
EMAIL
deposit-your-cash-know-the-consequences

2016 നവംബര്‍ എട്ടിന് ഡീമോണിറ്റൈസേഷനെ സംബന്ധിച്ചുള്ള മോദിയുടെ നാടകീയമായ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ മാത്രമല്ല മുഴുവന്‍ ലോകരാഷ്ട്രങ്ങളെയും ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തും പലര്‍ക്കുമിപ്പോള്‍ ഒളിച്ചിരിക്കാന്‍ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.

പണം കണക്കില്‍പ്പെടുന്നതും അതിന്റെ ഉറവിടത്തെക്കുറിച്ച് ആദായ നികുതി വകുപ്പിന് നിങ്ങള്‍ നല്‍കുന്ന വിശദീകരണം തൃപ്തികരവും വ്യക്തവുമാണെങ്കില്‍ നിങ്ങള്‍ക്ക് തലയുയര്‍ത്തിപ്പിടിച്ചുതന്നെ ബാങ്കില്‍ ചെന്ന് പണം നിക്ഷേപിക്കാം. സത്യസന്ധമായിത്തന്നെ. 500ന്റെയും 1000ന്റെയും കറന്‍സി നോട്ടുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അത് തത്തുല്യമായ മറ്റ് ഡിനോമിനേഷനുകളിലേക്ക് മാറ്റി വാങ്ങുന്നതിന് 2016 ഡിസംബര്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.
എന്നാല്‍ കണക്കില്‍പ്പെടാത്ത പണം എക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ എന്താണ് സംഭവിക്കുക? നികുതി കൊടുക്കാതെ നിങ്ങള്‍ ചേര്‍ത്തുവെച്ച ആ 500ന്റെയും 1000ന്റെയും നോട്ടുകളുടെ അവസ്ഥ എന്താകും?

നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 250000 രൂപയ്ക്ക് മുകളിലായാല്‍ ആദായ നികുതി വകുപ്പിന് അതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും അവര്‍ അതിന്മേല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. നിക്ഷേപവും നിക്ഷേപകന്റെ വരുമാനവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് റെവന്യൂ സെക്രട്ടറി ഹാസിമുഖ് ആധിയ പറഞ്ഞത് ഇപ്രകാരമാണ്. 'ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 270 (A)  പ്രകാരം ഇത് നികുതി വെട്ടിപ്പായി കണക്കാക്കുകയും നികുതിയും അടയ്‌ക്കേണ്ട നികുതിയുടെ 200 ശതമാനം പിഴയും ചേര്‍ത്തുള്ള തുക അടയ്‌ക്കേണ്ടതായും വരും.''

അതുകൊണ്ട് പണവും എടുത്തുകൊണ്ട് ബാങ്കിലേക്ക് ഓടുന്നതിനു മുന്‍പായി അല്‍പ്പം ചില കണക്കുകൂട്ടലുകളൊക്കെ നടത്തി നോക്കുക. നിങ്ങള്‍ നിക്ഷേപിക്കുവാന്‍ പോകുന്ന തുക തീര്‍ത്തും നിങ്ങളുടെ വരുമാന സ്രോതസുകളുടെ പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തുക. ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം - 2016 പ്രകാരം സെപ്റ്റംബര്‍ 30 നു മുന്‍പായി അത് വെളിപ്പെടുത്താന്‍ സാധിക്കാതിരുന്നതിന് ഇന്‍കം ടാക്‌സ് അസസിംഗ് ഓഫീസറെ ബോധിപ്പിക്കുന്നതിനായി യുക്തമായ ഒരു കാരണം കണ്ടെത്തുക.

നികുതിദായകന്‍ സഹകരിക്കുകയും പൂഴ്ത്തിവെച്ചിരിക്കുന്ന പണം വെളിപ്പെടുത്തുകയും ചെയ്യുന്ന പക്ഷം ആദായ നികുതി വകുപ്പിന്റെ സമീപനം മയമുള്ളതായിരിക്കും. പിഴ ഒഴിവാക്കുക എന്നത് ഒരു കാരണവശാലും നികുതിദായകന്റെ അവകാശങ്ങളില്‍ വരുന്നില്ലെങ്കില്‍ക്കൂടി സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ അതിന് മാറ്റമുണ്ടാകാം. 200 ശതമാനം പിഴ എന്നത് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ക്കു വേണമെങ്കില്‍ ഒഴിവാക്കുകയോ കുറച്ചു തരികയോ ചെയ്യാം. പക്ഷെ നിങ്ങള്‍ സ്വമേധയാ വരുമാനം വെളിപ്പെടുത്തുകയും ആദായ നികുതി വകുപ്പിന്റെ നടപടിക്രമങ്ങളില്‍ സഹകരിക്കുകയും കൊടുക്കാനുള്ള നികുതിയും പലിശയുമെല്ലാം കൃത്യമായി അടയ്ക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഇതിലേക്കായി പരിഗണിക്കപ്പെടൂ.

നിയമ നടപടികളുമായി മുന്നോട്ടുപോകുക എന്നതും ഒരു മാര്‍ഗമാണ്. പക്ഷെ അത് വളരെ ചെലവേറിയതും, കാലതാമസമുള്ളതും ശ്രമകരവുമായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സെക്ഷന്‍ 270 (A)  പ്രകാരമുളള പിഴയെ പ്രതിരോധിക്കുന്നതിനും മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള പ്രോസിക്യൂഷന് ഒഴിവാക്കുന്നതിനും നിങ്ങള്‍ നടത്തുന്ന ഒരു ഭാഗ്യപരീക്ഷണം മാത്രമായിരിക്കും അത്. അങ്ങനെയൊരു നീക്കം തികച്ചും സാഹസികമായിരിക്കും.

വരുമാന സ്രോതസിനെക്കുറിച്ച് നിങ്ങള്‍ക്ക് വിശദീകരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തെക്കുറിച്ച് ഇന്‍കം ടാക്‌സ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറായിരിക്കുക. ഒരുപക്ഷെ നിങ്ങള്‍ക്ക് ലഭിക്കുന്ന നോട്ടീസ് നടപ്പുവര്‍ഷത്തെ നിങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചാവണമെന്നില്ല. അത് കഴിഞ്ഞ ആറ് വര്‍ഷം മുന്‍പ് വരെ നടന്ന ക്രയവിക്രയങ്ങളെക്കുറിച്ചാകാം.

രണ്ടുവട്ടം ചിന്തിക്കുക. വിദഗ്‌ധോപദേശം തേടുക. നിങ്ങളുടേതായ രീതിയില്‍ കണക്കു കൂട്ടലുകള്‍ നടത്തുക. അതിനുശേഷം മാത്രം അവിഹിതമായി സമ്പാദിച്ച ധനം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.

(ലേഖകന്റെ ഇ-മെയ്ല്‍ വിലാസം: ranjit@karthikeyan.ca ഫോണ്‍: +91 949 727 0000

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
2
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top