Jul 15, 2017
ഉപഭോക്താക്കള്‍ ഡിജിറ്റലിലേക്ക് നിങ്ങള്‍ റെഡിയാണോ?
വരും കാലത്ത് ഉപഭോക്താക്കള്‍ കൂടുതല്‍ സമയവും ചെലവിടുക ഡിജിറ്റല്‍ മാധ്യമത്തിലാകുമെന്നിരിക്കെ ആ അവസരം വിനിയോഗിക്കാന്‍ നിങ്ങള്‍ റെഡിയാണോ?
facebook
FACEBOOK
EMAIL
customer_digital

2012ല്‍ സ്റ്റാര്‍ബക്‌സ് എന്ന ബഹുരാഷ്ട്ര കോഫി റീറ്റെയ്ല്‍ ശൃംഖല 'ഏര്‍ലി ബേര്‍ഡ്' എന്നൊരു മൊബീല്‍ ആപ്പ് രംഗത്തിറക്കി. കാപ്പിയിലും അനുബന്ധ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ബക്‌സ് മൊബീല്‍ ആപ്പ് മേഖലയിലേക്കും തിരിയുന്നോ എന്ന് സംശയിച്ചര്‍ കാര്യമറിഞ്ഞപ്പോള്‍ അവരുടെ ബ്രാന്‍ഡിംഗ് വൈദഗ്ധ്യത്തെ പ്രശംസിച്ചുപോയി. കാര്യമിതാണ്. 'ഏര്‍ലി ബേര്‍ഡ്' ഒരു അലാറം ആപ്പാണ്. രാവിലെ ഈ അലാറം കേട്ട് നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ അടുത്തുള്ള സ്റ്റാര്‍ബക്‌സില്‍ ചെന്നാല്‍ ഡിസ്‌കൗണ്ടില്‍ കാപ്പി കിട്ടും! അതായത് അലാറം മാറ്റിവെച്ച് വീണ്ടും കിടന്നുറങ്ങിയാല്‍ ഈ വിലക്കുറവ് കിട്ടില്ല. ആളുകളുടെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് സാധ്യതകള്‍ മനോഹരമായി ഇണക്കിച്ചേര്‍ത്ത് സ്റ്റാര്‍ബക്‌സ് നേട്ടം കൊയ്യുന്നു. 

ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെയും സാധ്യതകളുപയോഗിച്ച് ഒരു ബ്രാന്‍ഡിനെ പലതരം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വളര്‍ത്തുന്നതിനെയാണ് ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് എന്നു പറയുന്നത്. ബ്രാന്‍ഡിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും, കൂടുതല്‍ വ്യക്തമായി ഉപഭോക്താക്കളുടെ മനസില്‍ പ്രതിഷ്ഠിക്കാനും ഇതിലൂടെ സാധിക്കും. ഡിജിറ്റല്‍ മാര്‍ഗങ്ങളുമായി ഉപഭോക്താക്കള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ഇക്കാലത്ത്, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് വളരെയധികം സാധ്യതകളാണ് കമ്പനികള്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.

ദീര്‍ഘകാല ബന്ധങ്ങള്‍ സൃഷ്ടിക്കാം

സാധാരണ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ കാണുന്നപോലെയുള്ള ഇ-മെയ്ല്‍ സന്ദേശങ്ങള്‍, സ്ഥിരമായി ചെയ്യുന്ന ട്വീറ്റുകള്‍ എന്നിവയിലുപരി ഉപഭോക്താക്കളുമായി നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനാണ് ഡിജിറ്റല്‍ ബ്രാന്‍ഡിംഗിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ സ്‌പേസില്‍ ഇതിലൂടെ വ്യക്തമായ ഒരു 'തിരിച്ചറിയപ്പെടല്‍' ഉണ്ടാകാനും
നല്ലൊരു ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് സഹായിക്കുന്നു.

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ബ്രൗസിംഗ് ശീലങ്ങള്‍ 'ട്രാക്ക്' ചെയ്യാന്‍ പറ്റുന്ന സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. നിങ്ങള്‍ക്ക് പലര്‍ക്കും അനുഭവമുണ്ടാകും യൂട്യൂബില്‍ കയറുമ്പോള്‍ നേരത്തെ കണ്ടിട്ടുള്ള വീഡിയോകളോട് ബന്ധമുള്ള വേറെ വീഡിയോ ക്ലിപ്പുകള്‍ ഉയര്‍ന്നു കാണുന്നതും, അല്ലെങ്കില്‍ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ സ്ഥിരമായി നോക്കാറുള്ള സാധനങ്ങള്‍ സ്‌ക്രീനിന്റെ അരികില്‍ വരുന്നതും. ഇതെല്ലാം ടെക്‌നോളജിയുടെ മുന്നേറ്റങ്ങളാണ്. ഈ സംവിധാനങ്ങള്‍ അടിസ്ഥാനമാക്കി ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് കാംപെയ്‌നുകള്‍ ഒരുക്കാവുന്നതാണ്. എന്തെല്ലാമാണ് ഡിജിറ്റല്‍ ബ്രാന്‍ഡിംഗിന്റെ അടിസ്ഥാന ഘടകങ്ങളെന്ന് നോക്കാം.

1 വ്യക്തമായൊരു ധാരണയോടുകൂടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യത്യസ്തമായതും എന്നാല്‍ സ്ഥിരതയാര്‍ന്നതുമായ ഒരു ബ്രാന്‍ഡ് ആഖ്യാനം ഉണ്ടാക്കിയെടുക്കുക. തങ്ങളുടെ ബ്രാന്‍ഡ് ഷൂ-കളില്‍ ഘടിപ്പിച്ച ചിപ്പ് വഴി ഓരോ ദിവസത്തെയും വ്യായാമത്തിന്റെ കണക്കും എന്തിന് ഹൃദയമിടിപ്പിലെ വ്യത്യാസങ്ങള്‍പോലും 'നൈക്കി' ആപ്പിലാക്കി നമ്മെ കാണിക്കുന്നു. ഇതിലൂടെ മടികൂടാതെ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക എന്നത് 'നൈക്കി' ഏത് മാധ്യമങ്ങളിലൂടെയായാലും നമ്മോടു വിളിച്ചു പറയുന്നുവെന്ന് മനസിലാക്കാം.

2 സൃഷ്ടിപരവും സര്‍ഗാത്മകവുമായ രീതിയില്‍ ഈ ബ്രാന്‍ഡ് പ്രതിച്ഛായ യോജിച്ച ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഇണക്കിച്ചേര്‍ക്കുക. കളിപ്പാട്ട നിര്‍മാതാക്കളായ 'ലെഗോ' ഓണ്‍ലൈന്‍ മല്‍സരങ്ങളിലൂടെ തങ്ങളുടെ ഉപഭോക്താക്കളെ കൂടെ നിര്‍ത്തുന്നു.

3 ഡിജിറ്റല്‍ വീഥികളിലൂടെയുള്ള ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഉപഭോക്താക്കളുടെ ശീലങ്ങളും സ്വഭാവങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണം. നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഉപഭോക്താക്കള്‍ ഏറ്റവുമധികം വരുന്ന ഡിജിറ്റല്‍ വഴികളിലൂടെയാവണം ഇവയെല്ലാം. നമ്മുടെ നാട്ടില്‍ ഫേസ്ബുക്കിലൂടെ പരസ്യം ചെയ്യാന്‍ കമ്പനികള്‍ ക്യൂ നില്‍ക്കുന്നതിന്റെ കാരണം മറ്റൊന്നല്ല എന്ന് മനസിലായിക്കാണുമല്ലോ?

4 നേരത്തെ സൂചിപ്പിച്ചതുപോലെ, ഡിജിറ്റല്‍ ബ്രാന്‍ഡിംഗിന്റെ പ്രധാന ലക്ഷ്യം സ്ഥിരതയാര്‍ന്ന പ്രതിച്ഛായ, അവബോധം എന്നിവ സൃഷ്ടിച്ച് ഉപഭോക്താക്കളുമായി ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ്. നമ്മുടെ നേരത്തെയുള്ള ഉപഭോക്തൃശീലങ്ങള്‍ മനസിലാക്കി ഉല്‍പ്പന്നങ്ങള്‍ 'സജസ്റ്റ്' ചെയ്യുക വഴി ഇങ്ങനൊരു ബന്ധമായിരിക്കണം ഇപ്പോള്‍ പല റീറ്റെയ്ല്‍ ശൃംഖലകളും ഉദ്ദേശിക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും, ഇ-മെയ്ല്‍, മൊബീല്‍ സന്ദേശങ്ങളും, എന്തിന് വീഡിയോ ഗെയ്മുകള്‍ വരെ കമ്പനികള്‍ ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് മാധ്യമങ്ങളായി ഉപയോഗിക്കുന്നു. സാമ്പ്രദായിക രീതികള്‍വെച്ച് നോക്കുമ്പോള്‍ പലപ്പോഴും ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് വഴികള്‍ ചെലവുകുറഞ്ഞതും എന്നാല്‍ വേഗത്തില്‍ ഫലം തരുന്നതുമാണെന്ന് കമ്പനികള്‍ സാക്ഷ്യം പറയുന്നു.

കാര്യക്ഷമമായ ബ്രാന്‍ഡിംഗ് തന്ത്രം

പരമ്പരാഗത രീതികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡിജിറ്റല്‍ ബ്രാന്‍ഡിംഗിനുള്ള മറ്റൊരു ഗുണം പരസ്യപ്രചാരണങ്ങളുടെയും ബ്രാന്‍ഡ് മാനേജ്‌മെന്റ് തന്ത്രങ്ങളുടെയും ഫലപ്രാപ്തിയും കാര്യക്ഷമതയും എളുപ്പത്തില്‍ അളക്കാനും മനസിലാക്കാനും കമ്പനികള്‍ക്ക് സാധിക്കും എന്നതാണ്. ഉദാഹരണത്തിന്, ഇന്ത്യന്‍ റെയ്ല്‍വേയുടെ ബുക്കിംഗ് സൈറ്റില്‍ നമ്മളൊരു പരസ്യം കൊടുത്തെന്ന് കരുതുക. ആളുകളുടെ ലോഗിന്‍ വെച്ച് അത് എത്രപേര്‍ കണ്ടെന്നും, അല്ലെങ്കില്‍ എത്രപേര്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് ബ്രാന്‍ഡിന്റെ സ്വന്തം സൈറ്റിലെത്തിയെന്നും, അതില്‍ തന്നെ എത്രപേര്‍ ഉല്‍പ്പന്ന/സേവനങ്ങള്‍ വാങ്ങിച്ചുവെന്നുമൊക്കെ നമുക്ക് അറിയാന്‍ സാധിക്കും. ഈ കണക്കുകള്‍ നമ്മള്‍ ചെലവഴിച്ച തുകയുമായും മറ്റുമൊക്കെ ഒത്തുനോക്കാവുന്നതാണല്ലോ!
ഗവേഷണങ്ങള്‍ പറയുന്നത്, ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ഡിജിറ്റല്‍ വീഥികളിലായിരിക്കും വരുംകാലങ്ങളില്‍ ചെലവഴിക്കുക എന്നുതന്നെയാണ്. ആലോചിച്ചു നോക്കൂ, നിങ്ങളുടെ ബ്രാന്‍ഡ് ഈ അവസരം ഉപയോഗിക്കാന്‍ റെഡിയാണോ?

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top