Aug 31, 2017
'കസ്റ്റമറുടെ വിശ്വാസമാണ് ഏറ്റവും വിലയുള്ള ബ്രാന്‍ഡ് ഇമേജ്'
ബിസിനസ് വിജയത്തില്‍ ബ്രാന്‍ഡിംഗിന്റെ പ്രാധാന്യം എന്താണ്?
facebook
FACEBOOK
EMAIL
customer-trust-is-the-most-expensive-brand-image-dr-a-v-anoop

മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ആധിപത്യമുണ്ടായിരുന്ന സോപ്പ് വിപണിയില്‍, പല നിറങ്ങളുടെ പകിട്ടിനിടയില്‍ പ്രകൃതിയുടെ നന്മയും പച്ചപ്പുമായി വന്ന മെഡിമിക്‌സ് തിരുത്തിക്കുറിച്ചത് വില്‍പ്പനയുടെ സമവാക്യങ്ങളാണ്. ഹാന്‍ഡ്‌മെയ്ഡ് ആയുര്‍വേദ സോപ്പ് എന്ന ഒരു ലേബലും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും മെഡിമിക്‌സിനെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റി. 2019ല്‍ 50 വയസാകുന്ന ഈ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പല കമ്പനികള്‍ക്കും പുതിയ ബിസിനസ് നേട്ടങ്ങളിലേക്കുള്ള ഒരു വഴികാട്ടിയാണ്ഇന്ന്, മെഡിമിക്‌സിന്റെ സൗത്ത് ഇന്ത്യന്‍ വിപണിയുടെ ചുമതല, ഡോ. എ.വി. അനൂപ് നേതൃത്വം നല്‍കുന്ന എവിഎ ഗ്രൂപ്പിനാണ്. സഞ്ജീവനം ഉള്‍പ്പെടെ ഒട്ടേറെ പേഴ്‌സണല്‍ കെയര്‍ പ്രൊഡക്റ്റുകളുള്ള, മേളം ബ്രാന്‍ഡ് ഏറ്റെടുത്ത് പുതിയൊരു മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്ന, സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റായ അംബിക പിള്ളയുമായി ചേര്‍ന്ന് തികച്ചും പുതുമയുള്ള ബ്യൂട്ടി കെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന എവിഎ ഗ്രൂപ്പ് ഇപ്പോള്‍ ഏറ്റവും മികച്ച വളര്‍ച്ചയുടെ കാലഘട്ടത്തിലാണ്. മെഡിമിക്‌സ് എന്ന ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്റ്റിന്റെ ജനപ്രീതി കൂടുതല്‍ വ്യാപകമാക്കുന്നതോടൊപ്പം ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ക്ക് യോജിച്ച പുതിയ ഉല്‍പ്പന്നങ്ങളിലൂടെ ഗ്രൂപ്പിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുകയാണ് ഡോ. അനൂപും ടീമും.

ബിസിനസ്മാന്‍ എന്നതിനോടൊപ്പം സിനിമാ നാടക നടനും നിര്‍മാതാവും ജൈവകര്‍ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. അനൂപിന്റെ പ്രൊഫഷണല്‍, പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് ചിന്തകളിലൂടെ

ബിസിനസ് വിജയത്തില്‍ ബ്രാന്‍ഡിംഗിന്റെ പ്രാധാന്യം എന്താണ്?

ഉല്‍പ്പന്നമായാലും സേവനമായാലും വിജയം ശാശ്വതമാകണമെങ്കില്‍ ബ്രാന്‍ഡിംഗ് കൂടിയേ തീരൂ. പത്ത് രൂപയുടെ സോപ്പിന്റെ വിപണിയില്‍ എട്ട് രൂപയ്ക്ക് പുതിയൊരു ഉല്‍പ്പന്നം അവതരിപ്പിച്ചാല്‍ കുറഞ്ഞ വില കൊണ്ട് മാത്രം കുറച്ചുകാലം അതിന് ആവശ്യക്കാരുണ്ടാകും. എന്നാല്‍ ദീര്‍ഘകാല വിജയത്തിന് അത് മാത്രം പോരാ. മികച്ച വളര്‍ച്ച നേടാനും ഉപഭോക്താക്കളെ നിലനിര്‍ത്താനും ബ്രാന്‍ഡിംഗ് കൂടിയേ തീരൂ. നിങ്ങളുടെ പ്രൊഡക്റ്റ് സൃഷ്ടിക്കുന്ന വിശ്വാസമാണ് അതിന്റെ ബ്രാന്‍ഡ് ഇമേജ്.

കടുത്ത മത്സരമുള്ള ഒരു വിപണിയില്‍ ഹാന്‍ഡ് മെയ്ഡ് ആയുര്‍വേദ സോപ്പ് എന്ന തികച്ചും പുതുമയുള്ള ഒരു ഉല്‍പ്പന്നം എങ്ങനെ മാര്‍ക്കറ്റ് ചെയ്തു?

മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ആധിപത്യമുള്ള വിപണിയാണ് സോപ്പിന്റേത്. ഞങ്ങള്‍ ആദ്യം കൂടുതല്‍ ഫോക്കസ് ചെയ്തത് ഗ്രാമീണ മേഖലയാണ്. റീറ്റെയ്‌ലില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്തു. ഒപ്പം മീഡിയ നന്നായി ഉപയോഗപ്പെടുത്തി. ടെലിവിഷന്‍ പ്രചാരത്തില്‍ വരുന്ന കാലമായിരുന്നു അന്ന്, അതുകൊണ്ടുതന്നെ വ്യത്യസ്തമായ പരസ്യങ്ങളിലൂടെ മെഡിമിക്‌സിനെ ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞു. ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും ഒരിക്കലും വരുത്തിയിട്ടില്ല. ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഇതിന്റെ വ്യത്യാസം മനസിലാക്കി സ്ഥിരം ഉപഭോക്താക്കളായതോടെ വിപണിയില്‍ ഞങ്ങള്‍ ഒരു പ്രത്യേക സ്ഥാനം കണ്ടെത്തി, ഇപ്പോഴും ഹാന്‍ഡ്‌മെയ്ഡ് ആയി തുടരുന്നതും ഈ ബ്രാന്‍ഡ് ഇമേജിന്റെ വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ തന്നെയാണ്.

ആയുര്‍വേദത്തിന്റെ പിന്‍ബലമുള്ള ഒരു ഉല്‍പ്പന്നം മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

നമ്മുടെ പാരമ്പര്യമാണ് ആയുര്‍വേദം. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിക്ക് പെട്ടെന്നൊരു ദിവസം നിര്‍മിച്ച് വിപണിയിലെത്തിക്കാന്‍ കഴിയുന്നതല്ല ആയുര്‍വേദ ഉല്‍പ്പന്നങ്ങളൊന്നും. ഞങ്ങളുടെ കുടുംബം വര്‍ഷങ്ങളായി ഈ രംഗത്തുണ്ട് എന്നതാണ് ഏറ്റവും വലിയ വിശ്വാസ്യത. പാരമ്പര്യ വൈദ്യന്‍മാര്‍ നാനൂറിലേറെ വര്‍ഷങ്ങളായി ത്വക്‌രോഗ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന എണ്ണയില്‍ നിന്നാണ് മെഡിമിക്‌സ് ഉണ്ടാക്കുന്നത്. അത് ഒരു ദിവസം കൊണ്ട് കണ്ടെത്താവുന്ന ഒരു കാര്യമല്ല ആയുര്‍വേദ ഉല്‍പ്പന്നത്തിന്റെ കാര്യത്തില്‍ ലൈസന്‍സിംഗും ടെസ്റ്റുകളും പലതുണ്ട്. മരുന്നായാലും സോപ്പായാലും അത് ഡ്രഗ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ ശിക്ഷയും കടുത്തതാണ്. ആയുര്‍വേദത്തിന്റെ ഗുണങ്ങളെ കുറിച്ച് ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണ് എന്നതാണ് മറ്റൊരു കാര്യം.

അംബിക പിള്ളയുമായി ചേര്‍ന്ന് കെയ്ത്ര എന്ന ഹെയര്‍, സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത് ഒരു പുതുമയുള്ള നീക്കമായിരുന്നു. ഒരു സെലിബ്രിറ്റി എക്‌സ്‌പെര്‍ട്ടിന്റെ ബ്രാന്‍ഡ് ഇമേജ് എവിഎ ഗ്രൂപ്പിന്റെ ബിസിനസില്‍ എന്ത് വ്യത്യാസമാണ് വരുത്തിയത്?

ഞങ്ങളുടെ ഗ്രൂപ്പും അംബിക പിള്ളയും നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത് സമാന സ്വഭാവമുള്ള ഉല്‍പ്പന്നങ്ങളാണ്. വന്‍തോതില്‍ നിര്‍മിക്കാനും സലൂണിലൂടെ ഇവ വില്‍ക്കാനും അവര്‍ക്ക് പരിമിതികളുണ്ട്. പക്ഷെ, ലോകമൊട്ടാകെ അവര്‍ക്ക് ഫോളോവേഴ്‌സുണ്ട്. അതുകൊണ്ടാണ് ഒരുമിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഒരു പ്രത്യേക വിഭാഗമാണത്, ഈ ജോയ്ന്റ് വെഞ്ച്വര്‍ ഒരു പുതിയ കമ്പനി തന്നെയാണ്. ഈ പങ്കാളിത്തം കൊണ്ടുവന്ന മാറ്റങ്ങള്‍ പലതാണ്. അംബിക പിള്ള എന്ന പേരിന്റെ വിശ്വാസ്യത വേറിട്ടതാണ്.

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പലവിധ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡായ മെഡിമിക്‌സിന്റെ പ്രസക്തി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് എങ്ങനെയാണ്?

എത്ര പുതിയ പ്രൊഡക്റ്റുകള്‍ വന്നാലും ഗ്രൂപ്പിന്റെ കോര്‍ ബിസിനസില്‍ മാറ്റം വരില്ല. ഞങ്ങള്‍ ആത്യന്തികമായി പേഴ്‌സണല്‍ സ്‌കിന്‍ കെയര്‍ എന്ന വിഭാഗത്തിലാണ് ശ്രദ്ധിക്കുന്നത്. അതില്‍ ഗ്ലിസറിന്‍ സോപ്പ്, ഫേസ് വാഷ് എന്നിങ്ങനെ വ്യത്യസ്തമായ പല ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. ബോഡി വാഷാണ് ഇനി വരാന്‍ പോകുന്നത്. ഇതൊന്നും പക്ഷേ ഫ്‌ളാഗ്ഷിപ്പ് ബ്രാന്‍ഡിന്റെ റോളില്‍ മാറ്റം വരുത്തുന്നില്ല.

മേളം പോലെ പേരുകേട്ട ഒരു ബ്രാന്‍ഡ് ഏറ്റെടുത്തപ്പോള്‍ എങ്ങനെയാണ് പുതിയ വെല്ലുവിളികളെ നേരിടാന്‍ ഗ്രൂപ്പിനെ സജ്ജമാക്കിയത്?

വെല്ലുവിളികള്‍ ധാരാളമുണ്ട്, കാരണം, ഞങ്ങള്‍ക്ക് തികച്ചും പുതിയ ഒരു മേഖലയാണിത്. ഭക്ഷണവുമായി ബന്ധമുള്ള രംഗങ്ങള്‍ക്ക് ഭാവിയില്‍ വന്‍ സാധ്യതകളാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞാണ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. അല്ലാതെ കറിമസാല എന്ന വിഭാഗത്തില്‍ മാത്രം ഒതുങ്ങാനല്ല ഞങ്ങളുടെ പ്ലാന്‍. പലതും ചെയ്യാന്‍ കഴിയുന്ന മേഖലയാണിത്. പക്ഷെ, ഒന്നും തിരക്കിട്ട് ചെയ്യുന്നില്ല. പതിയെ ഇന്റര്‍നാഷണല്‍ രംഗത്ത് എത്താനാണ് ശ്രമിക്കുന്നത്.

മേളത്തിന്റെ നിലവിലുള്ള മാന്‍പവര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഒരു ഫാക്റ്ററി പുതുതായി തുടങ്ങി, ഉല്‍പ്പന്നങ്ങളുടെ പാക്കേജിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തി, ഗുണമേന്മ കൂടുതല്‍ മികച്ചതാക്കി. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഇവ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.

ഭാവിയിലേക്കുള്ള പ്ലാനിംഗ് എങ്ങനെയാണ്? 2025 ല്‍ ഗ്രൂപ്പ് സ്വന്തമാക്കാന്‍ പോകുന്നത് എന്തായിരിക്കും?

സുസ്ഥിരമായ വളര്‍ച്ചയാണ് എന്നും ലക്ഷ്യമിടുന്നത്. 2019 ആകുമ്പോള്‍ മെഡിമിക്‌സിന് അന്‍പത് വയസാകും എന്ന പ്രത്യേകതയുമുണ്ട്. എവിഎ ഗ്രൂപ്പ് സൗത്ത് ഇന്ത്യയിലെ ബിസിനസാണ് ശ്രദ്ധിക്കുന്നത്. 2025 ല്‍ ഞങ്ങളുടെ പ്രൊഡക്ഷന്‍ ഇരട്ടിയാക്കണം. ഡീമോണിറ്റൈസേഷനും ജിഎസ്ടിയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച നാളുകള്‍ കഴിഞ്ഞതേയുള്ളൂ, ഇനി റിക്കവറി പിരീഡാണ്. അതുകൊണ്ട് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ വളരെ പ്രധാനമാണ്.

ഇപ്പോള്‍ 260 കോടിയാണ് മെഡിമിക്‌സിന്റെ വിറ്റുവരവ്. 2019 ല്‍ ഇത് 400 കോടിയാക്കണം, 2020 ല്‍ പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റുവരവാണ്.

മെഡിമിക്‌സ് എന്ന ബ്രാന്‍ഡിനെ വിജയിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്?

വളരെ ലളിതമായിരുന്നു മെഡിമിക്‌സിന്റെ തുടക്കം. ചര്‍മരോഗങ്ങള്‍ക്ക് പരിഹാരമായി ഡോ. സിദ്ധനാണ് ഇത് നിര്‍മിച്ച് വിതരണം ചെയ്തത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഡോക്റ്റര്‍മാര്‍ ഇതിന്റെ ഫലസിദ്ധി മനസിലാക്കി അത് നിര്‍ദേശിക്കാന്‍ തുടങ്ങിയതാണ് ഒരു പ്രധാന വഴിത്തിരിവ്. അക്കാലത്ത് മെഡിക്കല്‍ ഷോപ്പുകളില്‍ മാത്രമേ ഇത് ലഭിച്ചിരുന്നുള്ളു. പിന്നീടാണ് ഞങ്ങള്‍ റീറ്റെയ്‌ലില്‍ ശ്രദ്ധിച്ചത്. മെഡിമിക്‌സിന്റെ ഗുണമേന്മ ഏറ്റവും ഉയര്‍ന്നതായി നിലനിര്‍ത്താന്‍ ആര്‍ & ഡി വളരെ മികവുറ്റതാക്കി. അക്കാലത്ത് ചാനലുകള്‍ കുറവായിരുന്നതുകൊണ്ട് ഏറ്റവും മികച്ച വിസിബിലിറ്റി കിട്ടുന്ന സ്‌പോട്ടുകള്‍ ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞതും ബ്രാന്‍ഡ് ബില്‍ഡിംഗില്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹാന്‍ഡ് വാഷ് പ്രോഗ്രാമുകളിലൂടെ സ്‌കൂളുകളിലും കോളെജുകളിലും ഞങ്ങള്‍ വളര്‍ത്തുന്നതും ഒരു മികച്ച സംസ്‌കാരമാണ്.

എന്റര്‍ടെയ്ന്‍മെന്റ് പോലുള്ള, വളരെ റിസ്‌ക് നിറഞ്ഞ ഒരു രംഗത്തേക്ക് കടന്നുവരാനുള്ള തീരുമാനത്തിന് പിന്നിലുള്ളത് മെഡിമിക്‌സ് എന്ന ബ്രാന്‍ഡ് സൃഷ്ടിച്ച വിജയമാണോ?

അത് പ്ലാന്‍ ചെയ്ത് തുടങ്ങിയതല്ല. ശ്രീ നാരായണ ഗുരുവിനെ കുറിച്ച് ഒരു ഫിലിം ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ആദ്യ ചിത്രം നിര്‍മിച്ചത്. പിന്നീട് മറ്റൊരു ചിത്രം. അങ്ങനെയാണ് നിര്‍മാണത്തില്‍ സജീവമാകുന്നത്. ആദ്യ ചിത്രം മുതലേ അവാര്‍ഡുകള്‍ ലഭിച്ചതും വലിയ പ്രോത്സാഹനമായി.

സിനിമ എന്ന് മാത്രമല്ല, എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയാണ് എനിക്ക് താല്‍പ്പര്യം. ഡ്രാമ ആര്‍ട്ടിസ്റ്റായതുകൊണ്ട് ഈ മേഖലയോട് പ്രത്യേക താല്‍പ്പര്യമുണ്ട് എപ്പോഴും. ഞാന്‍ നിര്‍മിക്കുന്ന ചിത്രങ്ങളിലല്ല, മറ്റ് സിനിമകളിലാണ് അഭിനയിക്കുന്നതും.

നമ്മള്‍ എപ്പോഴും ഒരേ കാര്യം മാത്രം ശ്രദ്ധിച്ചിരുന്നാല്‍ പോര. കഴിവുകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എപ്പോഴും ജീവിതത്തിന്റെ ബാലന്‍സിനെ വെല്ലുവിളിക്കാന്‍ ശ്രമിക്കുക.

ബിസിനസുകാരന്‍, നടന്‍, നിര്‍മാതാവ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിങ്ങനെ പല തരത്തിലുള്ള ബ്രാന്‍ഡിംഗ് എങ്ങനെയാണ് ചെയ്യുന്നത്?

എനിക്ക് സാധാരണ ജനങ്ങളുടെ പ്രതിനിധി എന്ന ബ്രാന്‍ഡ് ഇമേജാണ് താല്‍പ്പര്യം. എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി. സമൂഹത്തിനു വേണ്ടി പലതും ചെയ്യാനാണ് ഏറ്റവും താല്‍പ്പര്യം. 21 കുട്ടികളെ തെരഞ്ഞെടുത്തതും ഒളിമ്പിക്‌സ് സ്വര്‍ണം എന്ന ലക്ഷ്യത്തോടെ ഒരു സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങിയതും അതുകൊണ്ടാണ്. ഓര്‍ഗാനിക് ഫാമിംഗായാലും കൊച്ചിയില്‍ ഡിസംബറില്‍ ആരംഭിക്കാന്‍ പോകുന്ന ആയുര്‍വേദ ഹോസ്പിറ്റലായാലും ജനങ്ങള്‍ക്ക് കൂടുതല്‍ നന്മ ചെയ്യാനുള്ള മാര്‍ഗങ്ങളാണ് എനിക്കെല്ലാം.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top