Nov 16, 2016
മോദിയുടെ മിന്നലാക്രമണം: ഇനിയെന്ത്?
അര്‍ധരാത്രിക്ക് 500,1000 നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന്റെ പ്രത്യാഘാതം വിവിധ രംഗങ്ങളില്‍ പലതരത്തിലായിരിക്കും.
facebook
FACEBOOK
EMAIL
currency-ban

മോദിയുടെ ഇരുട്ടടി, ജനത്തിന് കൈയടി. പക്ഷേ എത്രനാള്‍? 

കള്ളപ്പണത്തിനും ഭീകര പ്രവര്‍ത്തനത്തിനായി വ്യാജനോട്ടുകള്‍ ഉപയോഗിക്കുന്നതിനും എതിരെ ധീരമായ നടപടിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഉയര്‍ന്ന തുകയ്ക്കുള്ള നോട്ട് പിന്‍വലിക്കലിനെ സാധാരണ ജനം കൈയടിയോടെ ആണ് ആദ്യം സ്വീകരിച്ചത്. പക്ഷേ പിന്നീട് ഈ നടപടി സമസ്ത മേഖലകളെയും പല തലത്തില്‍ ബാധിച്ചു.

ഇന്ത്യന്‍ നഗരങ്ങളില്‍ ബാങ്കുകളുടെ ശാഖകള്‍ക്ക് കുറവില്ലെങ്കിലും ഗ്രാമങ്ങളില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ 27 ശതമാനം ഗ്രാമീണര്‍ക്ക് മാത്രമേ അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരു ബാങ്ക് ശാഖയുടെ സേവനം ലഭിക്കുന്നുള്ളൂ. ബഹുഭൂരിപക്ഷത്തിനും ജോലിക്ക് കൂലി പണമായാണ് ലഭിക്കുന്നത്. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇപ്പോഴും ഒരുതരത്തിലുമുള്ള തിരിച്ചറിയില്‍ രേഖകളുമില്ല. ബാങ്കിംഗ് സേവനം യഥേഷ്ടം ലഭ്യമായ നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ജനങ്ങള്‍ ഒരുപോലെ നോട്ടിനായി നെട്ടോട്ടമോടി.

രാജ്യത്തെ എല്ലാ ജനങ്ങളെയും ബാങ്കിംഗ് സേവനത്തിന്റെ പരിധിയിലേക്ക്  കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ജന്‍ധന്‍ എകൗണ്ട  പോലുള്ള വിപ്ലവകരമായ നടപടികള്‍ ഏറെ മുമ്പ് കൊണ്ടു വന്നിരുന്നു. എങ്കിലും ഇതിന്റെ ഒന്നും പരിധിയില്‍ പെടാത്ത ജനങ്ങള്‍ ഏറെയുണ്ട് . 

1969ല്‍ ഇന്ദിരാഗാന്ധി ബാങ്കുകളുടെ ദേശസാല്‍ക്കരണം സാധ്യമാക്കിയതാണ് ചരിത്രത്തില്‍ ഇതിനോട് സമാനതയുള്ള മറ്റൊരു സന്ദര്‍ഭം. കോണ്‍ഗ്രസിലെ ഉള്‍പ്പോരില്‍ പൊറുതിമുട്ടിയ ഇന്ദിരാഗാന്ധിയുടെ ഈ നീക്കത്തിന് പലതലത്തില്‍ നിന്ന് വിമര്‍ശനം നേരിട്ടുവെങ്കിലും സാധാരണ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോള്‍ നരേന്ദ്ര മോദി, ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ അര്‍ദ്ധരാത്രി അസാധുവാക്കിയപ്പോള്‍ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഏറെ നടന്നപ്പോഴും സാധാരണക്കാര്‍, കള്ളപ്പണത്തിനെതിരായ കുരിശുയുദ്ധമെന്ന വാദത്തില്‍ അതിനെ ആദ്യം അനുകൂലിക്കുകയാണ് ചെയ്തത്.

ആശുപത്രികളില്‍ ഉയര്‍ന്ന തുകയ്ക്കുള്ള നോട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സ്വീകരിക്കുമെന്ന ഉറപ്പുപോലും പലയിടത്തും പാഴായി. ഇതോടെ ജനം ബുദ്ധിമുട്ടിലാകുകയും ചെയ്തു.

വാണിജ്യ, സാമ്പത്തിക മേഖലകളില്‍ ഈ നീക്കത്തിന്റെ സ്വാധീനം എങ്ങനെയാണ്?

റിയല്‍ എസ്റ്റേറ്റ്

നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള  നടപടികളും തുടര്‍ന്നു പ്രഖ്യാപിച്ച നിബന്ധനകളും സ്ഥലക്കച്ചവടങ്ങളെ താറുമാറാക്കി. സംസ്ഥാനത്തെ ഭൂമി രജിസ്‌ട്രേഷന്‍ കുത്തനെ കുറഞ്ഞു. നിലവില്‍ സ്ഥലം വാങ്ങുന്നവനും വില്‍ക്കുന്നവനും യഥാര്‍ത്ഥ വില തന്നെ വെളിപ്പെടുത്തേണ്ട  സാഹചര്യമാണ് വന്നിരിക്കുന്നത്. രാജ്യത്തെ നികുതി വ്യവസ്ഥയുടെ സങ്കീര്‍ണ സ്വഭാവം കൊണ്ടു തന്നെ നേരായ വിധത്തില്‍ ജീവിക്കുന്നവര്‍ പോലും യഥാര്‍ത്ഥ വരുമാനമല്ല വെളിപ്പെടുത്തുന്നത്. വരുമാനവും ചെലവും തമ്മില്‍ അതുകൊണ്ടു തന്നെ പൊരുത്തമില്ലാത്ത അവസ്ഥയുണ്ട്. 

ചട്ടം മാറിയതോടെ സ്ഥലം വാങ്ങുന്നവന്‍ ആ പണം എവിടെ നിന്ന് വന്നുവെന്ന് വെളിപ്പെടുത്തണം. വില്‍ക്കുന്നവനും കിട്ടുന്ന പണമെത്രയെന്ന് ശരിയായി വെളിപ്പെടുത്തിയില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരും.

ഇതോടെ രേഖകളില്‍ പെടാത്ത പണം സ്ഥലം കച്ചവട രംഗത്ത് വരുന്നത് ഇല്ലാതായി. വന്‍തുക നല്‍കി ഭൂമി വാങ്ങാന്‍ അതുകൊണ്ടു തന്നെ ആളുകള്‍ മടിക്കും. കച്ചവടം സ്തംഭിക്കുന്നതോടെ വില ഇനിയും ഇടിയും. നീതീകരിക്കാവുന്ന നിലവാരത്തിലേക്ക് വില എത്താനും ഇത് സഹായിക്കും.

പണത്തിന് ഏറെ അത്യാവശ്യമുള്ളവര്‍ ഇതുവരെ ആവശ്യപ്പെട്ടിരുന്ന വില കുറയ്ക്കാനും നിര്‍ബന്ധിതരാകും.

ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ് അടക്കമുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി വരും നാളുകളില്‍ ഏര്‍പ്പെടുത്തുക കൂടി ചെയ്താല്‍ കള്ളപ്പണത്തിന്റെ സ്വാധീനം ഈ മേഖലയില്‍ ഇല്ലാതാകും.

സ്ഥലവില താഴ്ന്നാല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കടക്കം വില കുറയാനും അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വാങ്ങലുകാര്‍ വിപണിയില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. ഹ്രസ്വകാലത്തേക്ക് സ്തംഭനാവസ്ഥയുണ്ടായാലും ദീര്‍ഘകാലത്തില്‍ ഇത് ഗുണകരമായേക്കും.

ജൂവല്‍റി

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നയുടന്‍ ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ കൊടുത്ത് വന്‍ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടിയവരുമുണ്ട്. നവംബര്‍ എട്ടിന് രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ച ജൂവല്‍റികളും രാജ്യത്തുണ്ട്. അസാധുവായ നോട്ടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ വന്‍ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ടെലിഫോണ്‍ അന്വേഷണങ്ങളുമുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

സംസ്ഥാനത്തെ പല ജൂവല്‍റികളും രണ്ടു തരം ബില്ലിംഗ് സംവിധാനം പിന്തുടരുന്നുണ്ട്. കാര്‍ഡ് വഴി പണം കൈമാറ്റം ചെയ്യുമ്പോള്‍ നികുതി അടക്കമുള്ള ബില്ലാണ് നല്‍കുന്നത്. കറന്‍സിയാണ് നല്‍കുന്നതെങ്കില്‍ നികുതി ഒഴിവാക്കും. വിനിമയത്തിന് ആവശ്യമായ കറന്‍സി ഇല്ലാത്തതിനാല്‍ ജൂവല്‍റികളുടെ വില്‍പ്പനയില്‍ ഹ്രസ്വകാലത്തേക്ക് ഇടിവനുഭവപ്പെടും. പുതിയ തീരുമാനം വന്ന ഉടനുള്ള ദിവസങ്ങളില്‍ വില്‍പ്പനയില്‍ 60 ശതമാനത്തോളം ഇടിവാണ് ഉണ്ടാ യത്. പഴയ സ്വര്‍ണം നല്‍കി പുതിയത് വാങ്ങുന്ന കച്ചവടവും മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് ആഭരണം നല്‍കുന്നതുമൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത്.

കണക്കില്‍ പെടാത്ത പണം സ്വര്‍ണമാക്കി സൂക്ഷിക്കുന്ന പ്രവണതയിലും ഇതുമൂലം മാറ്റം വരും. വരും നാളുകളില്‍ സ്വര്‍ണാഭരണ കച്ചവടത്തെ ഇത് ബാധിക്കാന്‍ ഇടയുണ്ട്.

ചെറുകിട മേഖല

സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നഗര പ്രദേശങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വാങ്ങലുകള്‍ നടക്കുന്നു്യുെങ്കിലും ഗ്രാമീണ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന കടകളിലേക്കാണ് ജനമെത്തുന്നത്. പോയ്ന്റ് ഓഫ് സെയ്ല്‍സ് സംവിധാനമുണ്ടായിട്ടുപോലും ഗ്രാമീണ മേഖലയിലെ കടകളില്‍ കച്ചവടം നടക്കുന്നില്ല.

പലചരക്ക്, പച്ചക്കറി, മത്സ്യം, പാല്‍ എന്നിവയുടെയെല്ലാം വില്‍പ്പനയെയും കറന്‍സി ക്ഷാമം ബാധിക്കും. ഉയര്‍ന്ന തുകയ്ക്കുള്ള നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പലയിടത്തും മത്സ്യക്കച്ചവടക്കാര്‍ക്ക് വില്‍പ്പന ചരക്ക് എടുക്കാന്‍ സാധിക്കുന്നില്ല. സമാനസംഭവങ്ങള്‍ കച്ചവട രംഗത്ത് വില്‍പ്പന മാന്ദ്യത്തിനിടയാക്കും.

ബാങ്കുകളുടെ എറ്റിഎമ്മുകളില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനായി പലപ്പോഴും 1000, 500 നോട്ടുകളാണ് നിറയ്ക്കുക. ഇനി 2000 നോട്ടുകള്‍ നിറയ്ക്കാന്‍ എ.റ്റി.എമ്മുകളില്‍ മാറ്റം വരുത്തേണ്ടിയും വരും. ഇതിന് കാലതാമസമെടുത്താല്‍ സാധാരണക്കാരുടെ കൈയില്‍ പണമില്ലാത്ത അവസ്ഥ വരും. ഇത് കച്ചവട രംഗത്തെ അപ്പാടെ ബാധിക്കും.

ആഡംബര ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഇടിവു്യുാകാന്‍ സാധ്യതയുണ്ട്. വന്‍വിലയുള്ള ആഡംബര ഉല്‍പ്പന്നങ്ങള്‍ പണം നല്‍കി വാങ്ങുന്ന രീതിയാണ് പൊതുവിലുള്ളത്. വിനിമയത്തിന് ആവശ്യത്തിന് കറന്‍സി ലഭ്യമാകുന്നതുവരെയെങ്കിലും ഈ മേഖലയില്‍ വില്‍പ്പന തളര്‍ച്ച അനുഭവപ്പെടും.

ഗൃഹോപകരണങ്ങള്‍, ആഡംബര കാറുകള്‍ എന്നിവയുടെ വില്‍പ്പനയിലും ഇടിവുണ്ടാകും.

പണം ഡിജിറ്റല്‍ രൂപത്തിലേക്ക്

ഉയര്‍ന്ന തുകയ്ക്കുള്ള നോട്ടുകള്‍ പിന്‍വലിച്ചത് ഡിജിറ്റല്‍ രൂപത്തിലൂടെയുള്ള പണം കൈമാറ്റ രീതിക്ക് പ്രചാരമേറാന്‍ ഇടയാക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ കച്ചവട, സേവന സ്ഥാപനങ്ങളില്‍ പേടിഎം വഴിയൊക്കെയുള്ള പണം കൈമാറ്റം നടത്താനാകും. പക്ഷേ ഗ്രാമീണ മേഖലയില്‍ ഇതൊക്കെ കടന്നുവരാന്‍ ഇനിയും നാളുകളേറെയെടുക്കും.

എന്നിരുന്നാലും വരും നാളുകളില്‍ പണം കൈമാറ്റത്തിനുള്ള മൊബീല്‍ ആപ്പുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ ഉപയോഗം വര്‍ധിക്കും. പേടിഎം, ഫ്രീ ചാര്‍ജ് പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളും ബാങ്കുകളുടെ ഡിജിറ്റല്‍ വാലറ്റുകളും ഉപയോഗിക്കാന്‍ ഉല്‍പ്പന്ന, സേവന ദാതാക്കള്‍ നിര്‍ബന്ധിതരാകും.

സുതാര്യത വരും, നടപടികളെ ഭയക്കും

രാജ്യത്തെ 0.1 ശതമാനം കള്ളപ്പണക്കാരെ പുറത്തുകൊണ്ടുവരാന്‍ 100 ശതമാനം ജനങ്ങളെയും ബുദ്ധിമുട്ടിക്കുകയാണെന്ന ആരോപണം ഇതിനിടെ പല ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഡാറ്റകള്‍ കൃത്യമായി വിശകലനം ചെയ്ത് നികുതി വെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും പുറത്തുകൊ്യുുവരുന്നതിന് പകരമുള്ള നടപടിയെന്ന് വിമര്‍ശിക്കുമ്പോഴും കണക്കില്‍ പെടാത്ത പണം സൂക്ഷിക്കുന്നതും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാജ നോട്ട് ഉപയോഗിക്കുന്നതും വരും നാളുകളില്‍ ദുഷ്‌കരമാകും. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഒരു പരിധി വരെ ശുദ്ധീകരിക്കാന്‍ ഇതിടയാക്കും. അഴിമതിയും കൈക്കൂലിയും ഒരു പരിധിവരെ തടയാനും ഇതിടയാക്കും.

രാഷ്ട്രീയ നേട്ടം ലക്ഷ്യം, പക്ഷേ...

കരുത്തനായ നേതാവെന്ന പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് ഈ പ്രഖ്യാപനത്തോടെ സാധിച്ചിട്ടുണ്ട്. ഭീകരവാദത്തെ തകര്‍ക്കാനും കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്ക2ത്തെ രാജ്യത്തെ വ്യവസായ, വാണിജ്യ ലോകം ഒന്നടങ്കം സ്വാഗതം ചെയ്തു. പക്ഷേ പിന്നീട് ഈ നീക്കത്തെ വിമര്‍ശിച്ചുകൊ്യു് പല ഭാഗങ്ങളില്‍ നിന്നും ശബ്ദമുയര്‍ന്നു. അങ്ങേയറ്റം റിസ്‌കിയായ ഈ തീരുമാനം മോദിക്ക് രാഷ്ട്രീയമായ തിരിച്ചടിയാകുമെന്നാണ് പലരും നിരീക്ഷിക്കുന്നത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറേ, ധൈര്യമുണ്ടെങ്കില്‍ മോദി സ്വിസ് ബാങ്കില്‍ മിന്നലാക്രമണം നടത്തണമെന്ന വെല്ലുവിളിയാണ് നടത്തിയത്. ഉയര്‍ന്ന തുകയ്ക്കുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ചോര്‍ന്നിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിക്കുന്നു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വേദികളില്‍ കള്ളപ്പണത്തിന്റെ സ്വാധീനം കുപ്രസിദ്ധമാണ്. വോട്ടിനു പകരം നോട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികള്‍ ഒഴുക്കുന്നതും തടയാന്‍ ഇത് ഉപകരിച്ചേക്കും. രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനുള്ള ഒരു നീക്കമായും ഇത് മാറിയാലും അത്ഭുതപ്പെടാനില്ല.

നോട്ടുകള്‍ അസാധുവായതുകൊണ്ടു മാത്രം ഇന്ത്യ കറുത്ത പണത്തില്‍ നിന്ന് മോചനം നേടില്ല. കള്ളപ്പണക്കാര്‍ക്ക് അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും വ്യക്തമായറിയാം. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിടവുകള്‍ അവര്‍ ഉപയോഗിക്കുകയും ചെയ്യും. ഇനി മോദി സ്വീകരിക്കുന്ന നിലപാടുകളാണ് കൂടുതല്‍ നിര്‍ണായകമാകുക. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും തട്ടിപ്പുകാരെ പുറത്തുകൊണ്ടു വരുകയും ചെയ്യുന്ന തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇതെല്ലാം പൂര്‍ണമായും ഫലപ്രദമാകൂ.

കള്ളപ്പണത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കറന്‍സി വിനിയോഗിക്കുന്നതിനും എതിരെയുള്ള കുരിശു യുദ്ധം എന്നൊക്കെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുകയും അത്തരം നടപടികള്‍ക്കായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതേ തുടര്‍ന്ന് സാധാരണ ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ അതിവേഗം പരിഹരിക്കപ്പെടുക തന്നെ വേണം. മാത്രമല്ല, ഇതിലൂടെ തുടക്കമിട്ട കാര്യങ്ങള്‍ അതിശക്തമായി മോദി ഭരണകൂടം മുന്നോട്ടുകൊണ്ടുപോകുകയും വേണം. അല്ലെങ്കില്‍ സാമ്പത്തിക രംഗത്തെ മോദിയുടെ ഈ മിന്നലാക്രമണം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
1
grin
100%
0
angry
0%
 
Back to Top