Jun 11, 2018
'പൊതുമേഖലാ ബാങ്കുകളിലുള്ള വിശ്വാസം ഏറ്റവും താണ നിലയിൽ'
ബാങ്ക് തട്ടിപ്പുകൾ മൂലം ബാങ്ക് നിക്ഷേപകർക്കുണ്ടാകുന്ന നഷ്ടത്തിന് ഉത്തരം പറയേണ്ടത് സർക്കാരാണെന്ന് മുൻ ആർബിഐ മേധാവി വൈ വി റെഡ്‌ഡി പറഞ്ഞു
facebook
FACEBOOK
EMAIL
confidence-in-working-of-psbs-at-a-historically-low-level-yv-reddy

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇന്നു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും താഴ്ന്ന നിലയിൽ എത്തിനിൽക്കുകയാണെന്ന് മുൻ ആർബിഐ മേധാവി വൈ.വി. റെഡ്‌ഡി.

ധനികരായ പല വ്യവസായികളും ബാങ്കുകളെ കബളിപ്പിച്ച് കടക്കുന്നതും പെരുകുന്ന കിട്ടാക്കടവും മറ്റും ഇന്ന് സാധാരണ നിക്ഷേപകനെ ആശങ്കയിലാഴ്തിയിരിക്കുകയാണെന്ന് കൊൽഹാപൂരിലെ ശിവാജി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തി ബാങ്കിൽ നിക്ഷേപം നടത്തണമെങ്കിൽ അയാൾക്ക് ബാങ്കിൻറെ സാമ്പത്തിക സ്ഥിതിയെയും പ്രവർത്തന മികവിനെയും കുറിച്ച് ഉറച്ച വിശ്വാസം ഉണ്ടായിരിക്കണമെന്ന് അദ്ദഹം പറഞ്ഞു.

ആർബിഐയും കേന്ദ്ര സർക്കാരും ഒരുമിച്ച് ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ വഴികൾ തേടേണ്ടതുണ്ട്. ബാങ്കിംഗ് മേഖലയിലെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിൽ വേണം മാറ്റങ്ങൾ കൊണ്ടുവരേണ്ടത് എന്നും റെഡ്‌ഡി ഓർമിപ്പിച്ചു.

സാമ്പത്തിക മേഖലയുടെ ദൃഢത ഉറപ്പുവരുത്തുക, ജനങ്ങളുടെ നിക്ഷേപങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ആർബിഐയുടെ പ്രധാന ചുമതലകളെങ്കിലും സാധാരണക്കാരുടെ ബാങ്കിംഗ് മേഖലയിലുള്ള വിശ്വാസം നിലനിർത്തുക എന്നതും ആർബിഐ യുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏതെങ്കിലും ഒരു ബാങ്ക് പൂട്ടിപ്പോയാൽ, ചെറു തുകകൾ നിക്ഷേപിച്ചവർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ മുഖേന സംരക്ഷണം ലഭിക്കും. എന്നാൽ വലിയ നിക്ഷേപകരുടെ കാര്യം അപ്പോഴും ആശങ്കയിലാണ്.

ഇന്നത്തെ സാഹചര്യത്തിൽ, സ്വകാര്യ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപങ്ങളെക്കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമില്ല. കാരണം അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഈ ബാങ്കുകളുടെ കയ്യിൽ ആവശ്യത്തിന് മൂലധനമുണ്ട്. എന്നാൽ പൊതുമേഖലാ ബാങ്കുകൾക്ക് ഈ വിധത്തിലുള്ള പിന്തുണയില്ലെന്ന് റെഡ്‌ഡി ഓർമിപ്പിച്ചു.

ബാങ്കുകൾ കബളിക്കപ്പെടുമ്പോൾ ആകുലപ്പെടേണ്ടത് അതിന്റെ ഉടമസ്ഥനാണെന്ന് പിഎൻബി യുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥൻ സർക്കാരാണ്. തങ്ങൾ നിയമിച്ച ഡയറക്ടർമാരെക്കുറിച്ചും മാനേജർമാരെപ്പറ്റിയും മേൽനോട്ട സംവിധാനങ്ങളെപ്പറ്റിയും വേവലാതിപ്പെടേണ്ടത് സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം ബാങ്ക് തട്ടിപ്പുകൾ മൂലം ബാങ്ക് നിക്ഷേപകർക്കുണ്ടാകുന്ന നഷ്ടത്തിന് ഉത്തരം പറയേണ്ടത് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top