Dec 27, 2017
കൂട്ടുകൂടി മുന്നേറാന്‍ കോബ്രാന്‍ഡിംഗ്
ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളുടെ ബ്രാന്‍ഡിനും കൂട്ടുകൂടാന്‍ സാധ്യതകളുണ്ടോ?
facebook
FACEBOOK
EMAIL
co-branding-new-business-startegy-to-improve-the-business

വളരെയധികം യാത്ര ചെയ്യുന്ന ഒരു സുഹൃത്തിന്റെ കൈയില്‍ ഈയിടെ ഞങ്ങള്‍ ഒരു പ്രത്യേകതരം ക്രെഡിറ്റുകാര്‍ഡ് കണ്ടു. ധനകാര്യ രംഗത്തെ അതികായന്മാരായ അമേരിക്കന്‍ എസ്പ്രസ്സും ട്രാവല്‍പ്ലാനിംഗ് രംഗത്തെ ഇന്ത്യന്‍ കമ്പനിയായ 'മെയ്ക്  മൈ ട്രിപ്പും' ചേര്‍ന്നു പുറത്തിറക്കിയ കാര്‍ഡായിരുന്നു അത്. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പോലെ തന്നെ ഉപയോഗിക്കാവുന്ന ഇതിനു 'മെയ്ക്  മൈ ട്രിപ്പ്' സൈറ്റില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമത്രേ. ഉപഭോക്തൃലോകമായി മാറിക്കഴിഞ്ഞ നമ്മുടെ ചുറ്റിലും ബ്രാന്‍ഡിംഗ് സിദ്ധാന്തങ്ങളുടെ പലതരം പ്രയോഗങ്ങള്‍ കാണാമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. കൂടി ചേര്‍ന്നു വിജയം കൈവരിക്കുന്നതിന്റെ പല സാധ്യതകളാണ് കോബ്രാന്‍ഡിംഗ് എന്ന ഈ തന്ത്രം ബ്രാന്‍ഡുകള്‍ക്കു മുന്നില്‍ തുറന്നിടുന്നത്.

ബ്രാന്‍ഡ് ബണ്ട്‌ലിംഗ്

രണ്ടോ അതിലധികമോ ബ്രാന്‍ഡുകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു ഉല്‍പ്പന്നം/സേവനം പുറത്തിറക്കുന്നതോ അല്ലെങ്കില്‍ ഒരുമിച്ചു വില്‍ക്കുന്നതിനെയോ കോബ്രാന്‍ഡിംഗ് എന്നു പറയാം. അതായത്, പുതിയൊരു ഉല്‍പ്പന്നം/സേവനത്തിന് വേണ്ടി മാത്രമാണ് നിലവിലുള്ള ഈ ബ്രാന്‍ഡുകള്‍ ഒരുമിച്ചു ചേരുന്നത്. സ്വന്തമായി നിലനില്‍പ്പുള്ള ഈ ബ്രാന്‍ഡുകള്‍ ചിലപ്പോള്‍, പല മേഖലകളിലും പ്രതിയോഗികള്‍ വരെയാകാം! പ്രത്യേക ഉദ്ദേശ്യത്തോടെ മാത്രം സഹകരിക്കുന്നതുകൊണ്ട് ഈ തന്ത്രത്തെ ബ്രാന്‍ഡ്അലയന്‍സെന്നും (Brand Alliances) ബ്രാന്‍ഡ് ബണ്ട്‌ലിംഗ് (Brand Bundling) എന്നും പറയാറുണ്ട്. വിമാന കമ്പനികളുടെ സ്റ്റാര്‍ അലയന്‍സിനെ പറ്റി കേട്ടിട്ടില്ലെ? ഏകദേശം 27ഓളം കമ്പനികളുടെ കൂട്ടായ്മയായ ഇത് ബ്രാന്‍ഡ് അലയന്‍സിന്റെ അല്ലെങ്കില്‍ 'കോബ്രാന്‍ഡിംഗിന്റെ' വളരെ പ്രശസ്തമായ ഉദാഹരണമാണ്.

കൂട്ടുകൂടിയാല്‍ ഗുണമുണ്ട്

എന്തുകൊണ്ടായിരിക്കാം ബ്രാന്‍ഡുകള്‍ കൂട്ടുകൂടുന്നത്? വിപണിയില്‍ കാലുറപ്പിച്ച ബ്രാന്‍ഡുകള്‍ കോബ്രാന്‍ഡിംഗിനായി കൂട്ടുകൂടിയാല്‍ ഉപഭോക്താവിന്റെ മനസില്‍ ആ ഉല്‍പ്പന്നം/സേവനം കൂടുതല്‍ വ്യക്തതയില്‍ പ്രതിഷ്ഠിക്കാം. കാരണം, ഒരു ബ്രാന്‍ഡിന് ഒരു ഉല്‍പ്പന്നം/സേവനത്തോടനുബന്ധിച്ച എല്ലാ കാര്യത്തിലും ഒരുപോലെ വൈദഗ്ധ്യമുണ്ടാവണമെന്നില്ല. അപ്പോള്‍ നമ്മള്‍ പിന്നില്‍ നില്‍ക്കുന്ന സംഗതിയില്‍ അത് തകര്‍പ്പനായി ചെയുന്ന ഒരാളെ കൂട്ടുപിടിക്കുന്നു! എന്നിട്ട്, രണ്ടു ബ്രാന്‍ഡുകളുടെയും പേര് ചേര്‍ത്ത് ഉല്‍പ്പന്നം/സേവനം വിപണിയില്‍ എത്തിക്കുന്നു. രണ്ടു പേര്‍ക്കും ലാഭകരവും കാര്യക്ഷമവുമായ പരിപാടിയാണ് കോബ്രാന്‍ഡിംഗ്. കായിക സാമഗ്രികളുടെ ബിസിനസിലെ വമ്പന്മാരായ 'നൈക്കി' ചെയ്യുന്നതെന്താണെന്നു നോക്കൂ: 'ആപ്പിളിന്റെ' ഐഫോണ്‍ ആപ്പുകളുമായി കൂട്ടിപ്പിടിച്ച് അവര്‍ ഷൂസും, കൈയിലിടുന്ന ഫിറ്റ്‌നസ് ബാന്റുകളുമൊക്കെ പുറത്തിറക്കുന്നു. നൈക്കിയുടെ ഷൂസിട്ടു ഓടുന്നതിനൊപ്പം ആപ്പിള്‍ ഐട്യൂണ്‍സില്‍ നിന്ന് പാട്ടും കേള്‍ക്കാം, ആരോഗ്യസംബന്ധമായ ആപ്പുകളിലൂടെ നമ്മുടെ വ്യായാമത്തിന്റെ വിവരങ്ങളും എവിടെയാണ് മെച്ചപ്പെടേണ്ടതെന്നുമൊക്കെ അറിയാം! ഇവിടെ വേറൊരു മെച്ചം കൂടിയുണ്ട്. ആപ്പിളിന്റെ ഉപയോക്താക്കളെ നൈക്കിക്കും, നൈക്കിയുടേത് ആപ്പിളിനും ലഭിക്കുന്നു. അതെ, കോബ്രാന്‍ഡിംഗ് അങ്ങനെ പുതിയ വിപണിമേഖലകളും അല്ലെങ്കില്‍ ഉപഭോക്തൃവിഭാഗങ്ങളും ബ്രാന്‍ഡുകള്‍ക്കു മുന്നില്‍ തുറന്നിടുന്നു.

വിപണിയില്‍ അറിയപ്പെടുന്ന ബ്രാന്‍ഡുകള്‍ ഒരുമിച്ചു ചേരുമ്പോള്‍ ഒരു പുതിയ ബ്രാന്‍ഡിറക്കുന്നതിന്റെ അത്ര ചെലവ് വരികയില്ല, പ്രത്യേകിച്ചു പരസ്യചെലവുകള്‍. അതുപോലെ തന്നെ, ഇതുവരെ കടന്നുചെല്ലാത്ത മേഖലകളില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യാം. രസകരമായ ഒരുദാഹരണം അമേരിക്കയില്‍ നിന്ന്: 'ബോണ്‍ ബെല്‍ (BONNE BELL) എന്ന സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന കമ്പനി അവിടെ ഒരു ലിപ്പ്ബാം ഇറക്കി. അതിലെന്താ പ്രത്യേകതയെന്നോ? സോഫ്റ്റ് ഡ്രിങ്ക് രംഗത്തെ വമ്പന്‍ ബ്രാന്‍ഡായ 'ഡോക്ടര്‍ പെപ്പറിന്റെ' ഫ്‌ളേവറിലാണ് ഈ ലിപ്പ്ബാം അവതരിപ്പിച്ചത്. അമേരിക്കന്‍ ടീനേജ് കുമാരിമാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഈ ഉല്‍പ്പന്നത്തിന്റെ പരസ്യവാചകം കൂടി ഒന്ന്  കേട്ടോളു: 'നിങ്ങളുടെ ടേസ്റ്റുകളറിയാവുന്ന ബോണ്‍ ബെല്ലയില്‍ നിന്ന് തന്നെ (From Bonne Belle of course: the cosmetics company that understands your taste)!

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളില്‍ മിക്കതും ഇന്ത്യയ്ക്ക് പുറത്തുള്ള ബ്രാന്‍ഡുകളുടേതാണ്. കോബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ നമ്മുടെ നാട്ടിലും വിപുലമായി പരീക്ഷിക്കാവുന്നതാണ്. ഒരു കാര്യത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ പിന്നോക്കം നില്‍ക്കുന്നത് കാരണം പല മേഖലയിലേക്കുമുള്ള വാതിലുകള്‍ അടഞ്ഞുപോകുന്ന കേരളത്തിലെ ബ്രാന്‍ഡുകള്‍ക്കു എന്തുകൊണ്ടും ചിന്തിക്കാവുന്ന മാര്‍ഗമാണ് കോബ്രാന്‍ഡിംഗ്.           

ഈ തന്ത്രം പരീക്ഷിക്കുന്നോ?

കോബ്രാന്‍ഡിംഗ് സംഭവം കൊള്ളാം എന്നു തോന്നുന്നുണ്ടോ? നിങ്ങളുടെ ബ്രാന്‍ഡിന് ഈ തന്ത്രം പരീക്ഷിക്കുന്നതിനു എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം:

 ഉപയോക്താക്കള്‍ക്ക് അറിയുന്ന ബ്രാന്‍ഡുകള്‍ ഒരുമിച്ചു വരുമ്പോഴാണ് കോബ്രാന്‍ഡിംഗിന്റെ മെച്ചം ഏറ്റവുമധികം ലഭിക്കുക. ബ്രാന്‍ഡുകളെക്കുറിച്ചുള്ള അവബോധമാണ് ഉപയോക്താവിനെ പുതിയൊരു ഉല്‍പ്പന്നം/സേവനത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. 
 

നിങ്ങളുടെ ബ്രാന്‍ഡിന് ഏതെങ്കിലും തരത്തില്‍ കോട്ടം വരാന്‍ സാധ്യതയുള്ളതാണോ ഈ കൂട്ടുകെട്ട്? അതായത്, കൂടിച്ചേരുന്ന ബ്രാന്‍ഡുകള്‍ മൂല്യങ്ങളിലും ലക്ഷ്യങ്ങളിലുമെല്ലാം ഒരേ തൂവല്‍ പക്ഷികളായാല്‍ നന്ന്. നേരത്തെ പറഞ്ഞതുപോലെ, തങ്ങള്‍ക്കു വൈദഗ്ധ്യമില്ലാത്ത കാര്യത്തിലാണ് കൂട്ടുകെട്ടിനെ കുറിച്ച് ചിന്തിക്കേണ്ടത്. ഇതിലൂടെ, വരുന്ന ബ്രാന്‍ഡില്‍നിന്നും തങ്ങള്‍ക്കും പലതും പഠിക്കാമെന്ന് കോബ്രാന്‍ഡിംഗ്  വിജയകഥകള്‍ സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ ബ്രാന്‍ഡിന്റെ പ്രധാന മേഖലയിലുള്ള ശ്രദ്ധയും വ്യക്തതയും കളയാതെ ആയിരിക്കണം കോബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍. 
 കോബ്രാന്‍ഡിംഗിന്റെ നിയമവശങ്ങളും ധനകാര്യ ക്രമീകരണങ്ങളും വളരെയധികം ശ്രദ്ധയോടെ ഉറപ്പുവരുത്തേണ്ടതാണ്. 

Disclaimer: ലോഗോകളും ചിത്രങ്ങളുമെല്ലാം അതത് കമ്പനികള്‍ക്ക് അവകാശപ്പെട്ടതാണ്. ഇവയെല്ലാം ഉദാഹരണത്തിന് വേണ്ടിമാത്രം ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

പ്രൊഫ. ജോഷി ജോസഫ്, കോഴിക്കോട് ഐഐഎമ്മിലെ മാര്‍ക്കറ്റിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍. ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തും ശ്രദ്ധേയനാണ്. ഇ മെയ്ല്‍: joshyjoseph @iimk.ac.in

അരവിന്ദ് രഘുനാഥന്‍, കോഴിക്കോട് ഐഐഎമ്മിലെ മാര്‍ക്കറ്റിംഗ് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയാണ് അരവിന്ദ് രഘുനാഥന്‍. പ്രമുഖ ബിസിനസ് ക്വിസ് മാസ്റ്ററാണ്. ഇ മെയ്ല്‍: arvindr08fpm@iimk.ac.in

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top