Apr 03, 2018
പുതിയ സാമ്പത്തികവര്‍ഷം വെല്ലുവിളികളേറെ, കരുതലോടെ നീങ്ങാം
നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ വര്‍ഷമാണിത്‌
facebook
FACEBOOK
EMAIL
challenges-in-the-new-financial-year

 നിക്ഷേപരംഗത്ത് കാര്‍മേഘങ്ങള്‍ മൂടിയിരിക്കുകയാണ്. അതുമാറി മാനം തെളിയുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ മേഖലയെ സംബന്ധിച്ചടത്തോളം 2018 വളരെ നിര്‍ണ്ണായകമായ ഒരു വര്‍ഷമായിരിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്. അതില്‍ പ്രധാനം 2018 തെരഞ്ഞെടുപ്പു വര്‍ഷമാണ് എന്നതാണ്. ബിജെപിയുടെ തിരിച്ചുവരവാണ് ഓഹരിവിപണി ആഗ്രഹിക്കുന്നത്. പക്ഷെ സ്ഥിതിഗതികള്‍ മറിച്ചായാല്‍ ഓഹരിവിപണിയില്‍ വലിയൊരു പതനം തന്നെയുണ്ടായേക്കാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യാന്തരതലത്തില്‍ നിലവിലുള്ള ചില പ്രശ്‌നങ്ങളും വിപണിയെ ബാധിക്കാം. യു.എസ്-ചൈന വ്യാപാര യുദ്ധം എത്രത്തോളം വിപണിയെ ബാധിക്കുമെന്ന് വരും നാളുകളില്‍ മാത്രമേ അറിയാനാകൂ. സാഹചര്യങ്ങള്‍ മോശമായാല്‍ വലിയൊരു തിരുത്തലായിരിക്കാം ഓഹരിവിപണിയില്‍ വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ അതീവശ്രദ്ധയോടെ നീങ്ങണമെന്നും നഷ്ടസാധ്യതയുള്ള നിക്ഷേപമാര്‍ഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

ഓഹരിയില്‍ നിന്ന് മികച്ച നേട്ടം ലഭിച്ച വര്‍ഷമായിരുന്നു 2017. എന്നാല്‍ ഈ വര്‍ഷം അത് വളരെ മിതമായിരിക്കും. ഇലക്ഷനും 'ട്രേഡ് വാര്‍' അടക്കമുള്ള ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങളും ഓഹരിവിപണിയെ ബാധിക്കാം. ഇത്തരം പ്രശ്‌നങ്ങളില്‍ ഓഹരിവിപണി താഴേക്കുപോകുമ്പോള്‍ സ്വര്‍ണ്ണവില കൂടുകയും അത് ആകര്‍ഷകമായ നിക്ഷേപമാര്‍ഗമായി മാറുകയും ചെയ്യും. പക്ഷെ മൊത്തം നിക്ഷേപത്തിന്റെ 5-10 ശതമാനം മാത്രമേ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാവൂ. ഭൗതീകസ്വര്‍ണ്ണമല്ല പകരം, ഗോള്‍ഡ് സോവറിന്‍ ബോണ്ട്, ഗോള്‍ഡ് ഇ.റ്റി.എഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) എന്നിവയില്‍ നിക്ഷേപിക്കാം. പക്ഷെ ഇതില്‍ ലിക്വിഡിറ്റി കുറവാണെന്ന് ഓര്‍ക്കുക. റിയല്‍ എസ്‌റ്റേറ്റ് പെട്ടെന്ന് ഉയരാനുള്ള സാധ്യത കുറവാണ്. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വില്‍പ്പനകള്‍ വളരെ കുറഞ്ഞിരിക്കുകയാണ്, ആവശ്യക്കാര്‍ മാത്രമേ വാങ്ങുന്നുള്ളു. 'ടൈം കറക്ഷനാണ്' റിയല്‍ എസ്റ്റേറ്റില്‍ നടക്കുന്നത്. ദീര്‍ഘകാലത്തേക്ക് മികച്ച നിക്ഷേപ അവസരമാണ്. ഓഹരിവിപണിയില്‍ നിക്ഷേപിക്കേണ്ടവര്‍ക്ക് ഈ വര്‍ഷം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ ആരംഭിക്കാം. വലിയൊരു തുക ഒന്നിച്ചു നിക്ഷേപിക്കേ്യുവര്‍ ഒന്നിച്ചു മ്യൂച്വല്‍ ഫണ്ടില്‍ ഇടാതെ മികച്ച നേട്ടം ലഭിക്കാന്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ തെരഞ്ഞെടുക്കുക.

പ്രൊഫ. വി.കെ വിജയകുമാര്‍
ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്

 

''ഓഹരിവിപണിയിലുണ്ടാകുന്ന അനിശ്ചിതത്വങ്ങള്‍ ഒരു ഹ്രസ്വകാല പ്രതിഭാസം മാത്രമായാണ് കാണുന്നത്. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ടതില്ല. ഈ പണപ്പെരുപ്പം കുറയുകയും ക്രൂഡ് ഓയ്ല്‍ വില സ്ഥിരതയാര്‍ജ്ജിക്കുകയും ചെയ്താല്‍ വിപണി മെച്ചപ്പെടാം. ഇന്റര്‍നാഷണല്‍ താരിഫ് വാര്‍ ഓഹരിവിപണിയെ പ്രതികൂലമായി ബാധിക്കാം. ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ മ്യുച്വല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിച്ചാല്‍ നഷ്ടസാധ്യത ഏറെ കുറയ്ക്കാം. ദീര്‍ഘകാലത്തേക്ക് അതായത് അഞ്ചു വര്‍ഷം വരെയെങ്കിലും നിക്ഷേപിക്കുന്നവര്‍ക്ക് ഏതു സമയവും നിക്ഷേപം നടത്താം. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഓരോരുത്തരുടെയും റിസ്‌ക് എടുക്കാനുള്ള കഴിവ് അനുസരിച്ചുവേണം നിക്ഷേപിക്കേണ്ടത്.

എ.എസ് നാരായണമൂര്‍ത്തി
ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്


പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഓരോരുത്തരുടെയും ജീവിതലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് സാമ്പത്തികാസൂത്രണം നടത്തേണ്ടത്. അതിനായി നിങ്ങളുടെ ലക്ഷ്യങ്ങളെ, അടുത്ത 10 വര്‍ഷത്തേക്ക്, അഞ്ചു വര്‍ഷത്തേക്ക്, ഒരു വര്‍ഷത്തേക്ക്... എന്നിങ്ങനെ തരം തിരിക്കേ്യുതു്യു്. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കുള്ള പണം ഒരിക്കലും റിസ്‌കുള്ള നിക്ഷേപ പദ്ധതികളില്‍ ഇടരുത്. ബാങ്ക് നിക്ഷേപം പോലെ സുരക്ഷിതമായ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. 1-5 വര്‍ഷത്തെ ആവശ്യങ്ങള്‍ക്കുള്ള പണം ബോണ്ടുകള്‍, എന്‍.സി.ഡി തുടങ്ങിയവയില്‍ നിക്ഷേപിക്കാം. 10 ശതമാനത്തോളം തുക ലാര്‍ജ് ക്യാപ്പ് ഇക്വിറ്റിയില്‍ നിക്ഷേപിക്കാം. അഞ്ചു വര്‍ഷ
ത്തിനു മുകളിലേക്കാണെങ്കില്‍ 30 ശതമാനത്തോളം ഓഹരികളില്‍ നിക്ഷേപിക്കാം. 10 വര്‍ഷത്തിന് മുകളിലേക്കുള്ള ആവശ്യങ്ങള്‍ക്ക് 60 ശതമാനത്തോളം തുക ഓഹരിയില്‍ നിക്ഷേപിക്കാം. ഓഹരി വിപണിയിലേക്കുള്ള സാധാരണക്കാരന്റെ പാത മ്യൂച്വല്‍ ഫണ്ടുകളിലൂടെ ആയിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ പണം നിക്ഷേപിക്കാനുള്ളവര്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരെ ഏല്‍പ്പിക്കാം. ഓഹരിവിപണിയിലെ അനിശ്ചിതത്വം വളരെ കുറച്ചു കാലത്തേക്കു മാത്രമാണ്. അതുകഴിയുമ്പോള്‍ സ്ഥിതി മാറും. ജനപ്പെരുപ്പം കൂടുകയാണ്. ആളുകളുടെ ജീവിതനിലവാരവും. വലിയ കമ്പനികളുടെ പ്രകടനം മെച്ചപ്പെടുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റൊരു പ്രധാന നിക്ഷേപമാര്‍ഗമായ റിയല്‍ എസ്റ്റേറ്റില്‍ 10 വര്‍ഷത്തേക്കെങ്കിലും നിക്ഷേപിക്കാനായാല്‍ നേട്ടമുണ്ടാക്കാനാകും. ഇപ്പോള്‍ വാങ്ങാന്‍ മികച്ച സമയമാണ്. സ്വര്‍ണ്ണത്തിനാകട്ടെ വിപണിയില്‍ ആശങ്കകളുണ്ടാകുമ്പോഴാണ് വില കൂടുന്നത്. നിക്ഷേപകര്‍ക്ക് 5-10 ശതമാനം വരെ ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം.

സഞ്ജീവ് കുമാര്‍
സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍, prognoadvisor.com സ്ഥാപകന്‍

 

ഓഹരിവിപണിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായ വര്‍ഷമാണിത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണ്ണാടക തുടങ്ങിയിടങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ ബിജെപിക്ക് അനുകൂലമല്ലെങ്കില്‍ ഓഹരിവിപണിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. യു.പിയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായപ്പോള്‍ ഓഹരിവിപണിയെ ബാധിച്ചിരുന്നു. രാഷ്ട്രീയസാഹചര്യങ്ങള്‍ വിട്ട് സാമ്പത്തികരംഗത്തെക്കുറിച്ച് ചിന്തിച്ചാല്‍ ക്രൂഡ് ഓയ്ല്‍ വിലയും ധനകമ്മിയും ഉയര്‍ന്നുനില്‍ക്കുകയാണ്. ട്രംപ് എടുക്കുന്ന നയങ്ങള്‍, യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പ്, പാക്കിസ്ഥാന്‍ ഇലക്ഷന്‍, ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന തുടങ്ങിയ ആഗോളസാഹചര്യങ്ങളും വിപണിയെ സ്വാധീനിച്ചേക്കാം. പക്ഷെ നോട്ടുനിരോധനം, ജി.എസ്.റ്റി എന്നിവയ്ക്കുശേഷം കമ്പനികളുടെ മൂന്നാം പാദഫലം മികച്ചതായിരുന്നു. അടുത്ത പാദത്തിലും ഇത് ആവര്‍ത്തിക്കുമെന്ന് തന്നെയാണ് സൂചന. കമ്പനികളുടെ മികച്ച പ്രകടനം സൂചിപ്പിക്കുന്നത് ദീര്‍ഘകാലത്തേക്ക് ഇന്ത്യന്‍ വിപണി ഉയരത്തിലേക്ക് എത്തുമെന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ ഓഹരിവിപണിയില്‍ നടത്തുന്ന ദീര്‍ഘകാല നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. തൊഴില്‍ സൃഷ്ടിക്കല്‍, നവസംരംഭകര്‍ക്ക് കൊടുക്കുന്ന പ്രോല്‍സാഹനം, കാര്‍ഷികവിളകള്‍ക്ക് ന്യായമായ വില ഉറപ്പാക്കല്‍ പോലെ സര്‍ക്കാര്‍ എടുക്കുന്ന നയങ്ങളും അനുകൂലഘടകങ്ങളാണ്. റീറ്റെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ.റ്റി, ഇന്‍ഷുറന്‍സ്, എന്‍.ബി.എഫ്.സികള്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെക്കും. സാഹചര്യങ്ങള്‍ അനുകൂലമാകുകയും 2019ല്‍ വിപണി തിരിച്ചുവരികയും ചെയ്യുമെന്നാണ് പ്രതീക്ഷ. വലിയൊരു ബുള്‍ റൈഡ് തന്നെ 2019ല്‍ പ്രതീക്ഷിക്കാം.

എന്‍.ഭുവനേന്ദ്രന്‍
ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, ഹെഡ്ജ് ഇക്വിറ്റീസ്

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0%
0
smile
0%
0
neutral
0%
0
grin
0%
1
angry
100%
 
Back to Top