വൻനിക്ഷേപം നടത്തി ഒരു ബിസിനസ് തുടങ്ങിയത് കൊണ്ട് മാത്രം കാര്യമായില്ല. ബിസിനസിൽ വിജയിക്കണമെങ്കിൽ ചിട്ടയായ ചില രീതികളും ഭരണ വശങ്ങളും കൂടി പിന്തുടരേണ്ടതായുണ്ട്. ബിസിനസിൽ ഇതിനോടകം വിജയിച്ച ചില വ്യക്തികളുടെ ജീവിതം വിശകലനം ചെയ്യുമ്പോൾ മനസിലാക്കാൻ കഴിയുന്ന ഒരു ഘടകമാണ് അവരെല്ലാവരും തന്നെ സ്ഥിരോത്സാഹികളായിരുന്നു എന്നത്. ഇത്തരത്തിൽ നിങ്ങളുടെ ബിസിനസിനെ വിജയിപ്പിക്കാൻ പിന്തുടരാവുന്ന അഞ്ചു മന്ത്രങ്ങൾ ഇതാ....
1. വലിയ സ്വപ്നങ്ങൾ കാണുക
മലയോളം ആഗ്രഹിച്ചയാളെ കുന്നോളം എങ്കിലും കിട്ടു എന്ന് പറയുന്ന പോലെ, വലിയ വലിയ സ്വപ്നങ്ങൾ കണ്ടാൽ മാത്രമേ വിജയിക്കാനുള്ള മനസുണ്ടാകു. അപ്പോൾ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നമ്മൾ ശ്രമിക്കും. അതിനായി പരിശ്രമിക്കും, ആ പരിശ്രമം വിജയം കാണുകയും ചെയ്യും.
2.വിഷ്വലൈസേഷൻ
വെറുതെ സ്വപ്നം കണ്ടത് കൊണ്ട് മാത്രം നാം വിജയിക്കണം എന്നില്ല. ആ സ്വപ്നങ്ങൾ വിജപദത്തിൽ എത്തിക്കാൻ ശ്രമിക്കുകയും വേണം. വിജയത്തിലേക്കുള്ള ഓരോ ഘട്ടവും നമ്മൾ എങ്ങനെ കടക്കുന്നു എന്നത് വിഭാവനം ചെയ്യണം. അതിനായി പരിശ്രമിക്കണം. മാർഗ്ഗമധ്യേയുള്ള തടസങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.
3.പദ്ധതികൾ ആസൂത്രണം ചെയ്യുക
അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് വേണ്ട പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക. ഉൽപ്പന്ന വൈവിധ്യവൽക്കരണം, കമ്പനി വിപുലീകരണം തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുത്താം. അതിനായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കുകയുമാകാം. സാമ്പത്തികാസൂത്രണത്തിനു ബിസിനസ്സിൽ ഒരു വലിയ പങ്കുണ്ട് എന്ന് മനസിലാക്കുക.
4. ആത്മവിശ്വാസം :
ആത്മവിശ്വാസം , സത്യസന്ധത എന്നീ രണ്ടു ഘടകങ്ങൾ ബിസിനസ്സിന്റെ വളർച്ചയ്ക്ക് ഏറെ അനിവാര്യമാണ്. കൈ നിറയെ പണവും ആശയവും ഉണ്ടായിട്ടും ആത്മവിശ്വാസക്കുറവ് മൂലം ആളുകൾ പരാജയപ്പെടുന്നത് ബിസിനസ്സിൽ പതിവാണ്. ആയതിനാൽ ഈ അവസ്ഥ ഒഴിവാക്കാൻ കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.
5.ആക്ഷൻ
ഇത്രയുമായിക്കഴിഞ്ഞാൽ ഇനി പ്രവർത്തിക്കുന്നതിനുള്ള സമയമാണ്. നാം കണ്ട സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ , മികച്ച റിസൾട്ട് കൊണ്ട് വരാൻ ആത്മാർത്ഥമായി പരിശ്രമിക്കുക. ധാർമികമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ചെയ്തിട്ടുള്ള ബിസിനസുകളൊന്നും ഇതുവരെ പരാജയപ്പെട്ടിട്ടില്ല . ഗുണഭോക്താവ് നൽകുന്ന തുകയേക്കാൾ കവിഞ്ഞ മൂല്യം നമ്മുടെ ഉൽപ്പന്നത്തിനോ സേവനത്തിനോ ഉണ്ടായിരിക്കണം . സേവനത്തിലെ സത്യസന്ധതയാണ് മുഖ്യം .