Feb 12, 2018
കേന്ദ്ര ബജറ്റ് 2018 മോദിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ?
മോദിയുടെ സ്വപ്‌ന ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചപ്പോഴും കുറേ ആശങ്കകള്‍ ബാക്കിയാകുന്നു
facebook
FACEBOOK
EMAIL
budget-2018-narendra-modis-dreams

പ്രതീക്ഷിക്കപ്പെട്ടതു പോലെ ജനപ്രിയ പദ്ധതികളുമായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് തയാറാക്കിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം കൊയ്യുന്നതിനുള്ള വകകളെല്ലാം ഉള്‍പ്പെടുത്താന്‍ ജെയ്റ്റ്‌ലി മറന്നില്ല. പ്രത്യേകിച്ചും, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഗ്രാമീണ മേഖലയെ കൈയിലെടുക്കാനുള്ള പദ്ധതികള്‍ തന്നെ ഉദാഹരണം. അതോടൊപ്പം എല്ലാ വിഭാഗം ആളുകളുടെയും കൈയടി നേടിക്കൊണ്ട് ദേശീയ ആരോഗ്യ സംരക്ഷണ പരിപാടിയും അവതരിപ്പിച്ചു. ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഏര്‍പ്പെടുത്തിയതും ആദായ നികുതി സ്ലാബിലോ നിരക്കിലോ മാറ്റമൊന്നും വരുത്താത്തതും മധ്യവര്‍ഗത്തിന്റെ അസംതൃപ്തിക്ക് കാരണമായെങ്കിലും കാര്‍ഷിക മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമൊക്കെ മികച്ച പരിഗണന നല്‍കിയത് ബജറ്റിനോടുള്ള പൊതു അഭിപ്രായം മികച്ചതാക്കി. എന്നാല്‍ ധനക്കമ്മിയില്‍ കാര്യമായ കുറവ് ഉണ്ടാകാത്ത സാഹചര്യത്തില്‍ മോദിയുടെ ഈ സ്വപ്‌ന ബജറ്റ് യാഥാര്‍ത്ഥ്യമാകാന്‍ ഏറെപ്പണിപ്പെടുമെന്നാണ് സൂചനകള്‍. ആരോഗ്യ സംരക്ഷണ പദ്ധതിയടക്കമുള്ളവ വെറും പ്രഖ്യാപനത്തിലൊതുങ്ങുമോ എന്നതാണ് ആശങ്ക.

നേട്ടം ആര്‍ക്കൊക്കെ?

കര്‍ഷിക മേഖല

കാര്‍ഷിക വിളകള്‍ക്കെല്ലാം ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നിശ്ചയിക്കുമെന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരും. ജലസേചന പദ്ധതികള്‍ക്കും അക്വാകള്‍ചര്‍ പദ്ധതികള്‍ക്കുമൊക്കെയായി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുമുണ്ട്. കര്‍ഷകര്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും ഇത് ഗുണകരമാകും.

ആരോഗ്യ സംരക്ഷണ മേഖല

ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി പ്രകാരം 50 കോടി പേര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ സുരക്ഷ നല്‍കുന്ന പദ്ധതിയുടെ ഗുണം ഗുണഭോക്താക്കള്‍ക്കൊപ്പം ഹോസ്പിറ്റലുകള്‍ അടക്കമുള്ളവര്‍ക്കും നേടാനാകും.

അടിസ്ഥാന സൗകര്യ മേഖല

റോഡുകള്‍, റെയ്ല്‍വേ പോലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ബജറ്റ് നിര്‍മാണ മേഖലയിലും എന്‍ജിനീയറിംഗ് മേഖലയിലുമുള്ള കമ്പനികള്‍ക്ക് നേട്ടമാകും.

വിമാനത്താവളങ്ങള്‍

വിമാനത്താവള നിര്‍മാണത്തിനും വികസനത്തിനുമായി കൂടുതല്‍ ഫണ്ട് ഉള്‍ക്കൊള്ളിച്ചതിനാല്‍ വിമാനത്താവളങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും നേട്ടമാകും.

ഇതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുകയും അത് എഫ്എംസിജി, റീറ്റെയ്ല്‍ മേഖലയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. സ്വര്‍ണവിപണിയുടെ 60 ശതമാനവും ഗ്രാമീണ മേഖലയെ ആശ്രയിച്ച് നില്‍ക്കുന്നതിനാല്‍ ഗ്രാമീണ മേഖല മെച്ചപ്പെടുമ്പോള്‍ സ്വര്‍ണവിപണിയും മികച്ച നേട്ടം കൊയ്യും.

കുറയാതെ ധനക്കമ്മി

അരുണ്‍ജെയ്റ്റ്‌ലി അവതരിപ്പിച്ച അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റില്‍ 25 ലക്ഷം കോടി രൂപയുടേതാണ് ചെലവിനങ്ങള്‍. വരുമാനമാകട്ടെ 20 ലക്ഷം കോടി രൂപ മാത്രവും. അഞ്ചു ലക്ഷം കോടി രൂപയാണ് ധനക്കമ്മി. മാത്രമല്ല, ധനക്കമ്മി കുറയ്ക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിന് കൈവരിക്കാനായിട്ടില്ല. 3.5 ശതമാനമാണ് ധനക്കമ്മി. അടുത്ത വര്‍ഷം അത് 3.3 ശതമാനത്തില്‍ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഭീമമായ തുക കടമെടുക്കേണ്ടി വരും എന്ന സ്ഥിതിയാണ്. കടത്തിന്റെ തിരിച്ചടവിനായി നിക്ഷേപ പത്രങ്ങളും കടപ്പത്രങ്ങളും ഇറക്കാം. കടത്തിന്റെ തിരിച്ചടവിനു പുറമേ പലിശയും നല്‍കേണ്ടി വരുന്നത് വലിയ ബാധ്യതയാകും.
പല ചെലവുകളും സര്‍ക്കാരിന് വലിയ ബാധ്യത ഉണ്ടാക്കുന്നതും എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്തതുമാണ്. വളം സബ്‌സിഡി, പാചകവാതക സബ്‌സിഡി, പെന്‍ഷന്‍ എന്നിവയൊക്കെ ആ ഗണത്തില്‍പ്പെടുന്നു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പോലുള്ള പദ്ധതികളും നടപ്പിലാക്കാന്‍ തുക കണ്ടെത്തേണ്ടതുണ്ട്. അതേസമയം സര്‍ക്കാരിന്റെ ചെലവില്‍ കാര്യമായ വര്‍ധനയില്ലാതെ നോക്കാനായത് നേട്ടം തന്നെയാണ്. പത്തു ശതമാനം മാത്രമാണ് ഈയിനത്തില്‍ വര്‍ധനയുണ്ടായത്.

മോദിയുടെ പല അഭിമാന പദ്ധതികള്‍ക്കും പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനടിയിലേക്കാണ് ആരോഗ്യ സംരക്ഷണ പദ്ധതിയും എത്തുന്നത്. രാജ്യത്തെ പത്തു കോടി കുടുംബങ്ങളിലായി അമ്പത് കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് നേട്ടം തന്നെയാണ്. അമേരിക്കയില്‍ ദുര്‍ബല ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ കൊണ്ടുവന്ന ഒബാമാ കെയര്‍ പദ്ധതിയെ അനുകരിച്ച് മോദി കെയര്‍ എന്ന് പലരും ഈ പദ്ധതിയെ വിശേഷിപ്പിച്ചു. 2016 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ആര്‍ എസ് ബി വൈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിപുലീകരണം മാത്രമാണ് ഈ പദ്ധതിയെന്ന് അഭിപ്രായമുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം ഒരു കുടുംബത്തിന് 30,000 രൂപയാണ് പ്രഖ്യാപിച്ചത്. അത് പിന്നീട് ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യമായില്ല.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതു പോലെ ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം നല്‍കണമെങ്കില്‍ ചുരുങ്ങിയത് 30,000 കോടി രൂപയെങ്കിലും വകയിരുത്തേണ്ടതുണ്ട്. എന്നാല്‍ 2000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പിന്നീട് കേന്ദ്രം അറിയിച്ചത്. അതിന് എത്ര സംസ്ഥാനങ്ങള്‍ക്കാവും എന്നതും ആലോചിക്കേണ്ടതുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കൊപ്പം സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ഒന്നര ലക്ഷം ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനുമായാണ് ഇവ. എന്നാല്‍ ഇതിനായി 1200 കോടി രൂപ വകയിരുത്തിയെങ്കിലും ചുരുങ്ങിയത് 15,000 കോടി രൂപയെങ്കിലും ഇല്ലാതെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങാനാവില്ല. ധനകമ്മി മൂലമുള്ള പ്രശ്‌നം ഇത്തരത്തില്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളെയും ബാധിക്കും.

നഷ്ടം സംഭവിക്കുന്നത്

വിദേശ മൊബീല്‍ ബ്രാന്‍ഡുകള്‍

ആഭ്യന്തര ഉല്‍പ്പാദന മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് മൊബീല്‍ ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധന വരുത്തിയത് വിദേശത്തു നിന്നെത്തുന്ന മൊബീല്‍ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകും. സാംസംഗ് പോലുള്ള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ നിന്ന്
നിര്‍മാണം നടത്തുക മാത്രമാകും പോംവഴി.

ധനകാര്യ മേഖല

ഓഹരികളില്‍ നിന്നുള്ള പത്തു ലക്ഷം രൂപയ്ക്ക് മേലെയുള്ള ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് പത്തു ശതമാനം നികുതി ഏര്‍പ്പെടുത്തിയത് ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ധനകാര്യ സേവന കമ്പനികള്‍, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് പ്രോഡക്റ്റ് ബ്രോക്കര്‍മാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത് നഷ്ടമുണ്ടാക്കും.

ഉപഭോക്താക്കള്‍

കോടിക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ പദ്ധതികള്‍ പ്രഖ്യാപിച്ചത് സാധാരണക്കാര്‍ക്ക് നേട്ടമാകുമെങ്കിലും ആരോഗ്യ-വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്ന് നാലു ശതമാനമാക്കി വര്‍ധിപ്പിച്ചത് സാധനങ്ങളുടെ വില വര്‍ധനവിന് കാരണമാകും.


സാമ്പത്തിക മേഖലയിലെ തിരിച്ചടി

ഇതിനു പുറമേയാണ് സാമ്പത്തിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികള്‍. കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ രാജ്യത്തെ ഓഹരി വിപണി ഇടിവ് നേരിട്ടു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ അത്ര വലിയ തകര്‍ച്ച നേരിട്ടിട്ടില്ലാത്ത ഓഹരി വിപണി പതിവില്ലാത്ത വിധം താഴോട്ട് പോയപ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തിരക്കു കൂട്ടുകയുണ്ടായി.

അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സിന്റെ പതനവും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലെ 'ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി' പ്രഖ്യാപനം വിപണിയെ കാര്യമായി തന്നെ ബാധിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നേട്ടത്തിനാണ് നികുതി ബാധകമാകുക. ഏറെ നഷ്ടസാധ്യതയുള്ള ഓഹരി വിപണിയില്‍ മൂലധന നേട്ടത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആശങ്ക.

അതേസമയം കോര്‍പ്പറേറ്റ് നികുതി പരിധി പരിഷ്‌കരിച്ച നടപടി, 250 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള നിരവധി സംരംഭങ്ങള്‍ക്ക് നേട്ടമാകും. നോട്ട് റദ്ദാക്കല്‍ പ്രതിസന്ധിയിലാഴ്ത്തിയ എംഎസ്എംഇ മേഖലയ്ക്ക് ആശ്വാസമാകും ഇത്. 50 കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള വ്യവസായങ്ങളുടെ നികുതി കഴിഞ്ഞ വര്‍ഷം 25 ശതമാനമായി കുറച്ചിരുന്നു. ഇതാണ് 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കു കൂടി ബാധകമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതിലൂടെ സര്‍ക്കാരിന് 7000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ പേര്‍ നികുതി ദായകരായി മാറുമെന്ന വിശ്വാസമാണ് സര്‍ക്കാരിനുള്ളത്. ഈ മേഖലയ്ക്കായി 3794 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി തരണം ചെയ്യാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി. രാജ്യത്ത് അടുത്ത സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷം കോടി രൂപ മുദ്രാ വായ്പയായി നല്‍കുമെന്നാണ് പ്രഖ്യാപനം. 2015 ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതിനകം 4.6 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ആഭ്യന്തര ഉല്‍പ്പാദന മേഖലയെയും വിപണിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയ നടപടിയും ബിസിനസ് ലോകത്തിന് സന്തോഷം പകരും. മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് നല്‍കുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. വിദേശ ബ്രാന്‍ഡുകള്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ രാജ്യത്ത് തന്നെ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങേണ്ടി വരും. രാജ്യത്ത് ഈ വര്‍ഷം 70 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കാര്‍ഷിക ബജറ്റ്

ഗ്രാമീണ കാര്‍ഷിക മേഖലയ്ക്കും തൊഴില്‍രഹിത വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിയ ബജറ്റ് മാസശമ്പളക്കാരെയും മേല്‍ത്തട്ടുകാരെയും സന്തോഷിപ്പിക്കാനായി ഒന്നും ചെയ്തില്ല എന്ന പ്രത്യേകതയും ഉണ്ട്. യാത്ര- ചികിത്സാ ചെലവുകളില്‍ നിശ്ചിത തുകയുടെ നികുതിയിളവ് ശമ്പളക്കാര്‍ക്ക് നല്‍കിയെങ്കിലും അത് നാമമാത്രമാണ്. കാര്‍ഷിക മേഖലയില്‍ ഊന്നിയുള്ളതാണ് ഈ ബജറ്റെന്ന് പറയാം. ഗ്രാമീണ കാര്‍ഷിക വിപണി ഫണ്ടായി 2000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മൊത്ത വിപണി അപ്രാപ്യമായ രാജ്യത്തെ 86 ശതമാനം ചെറുകിട കര്‍ഷകര്‍ക്കായി നിലവിലുള്ള 22,000 ഗ്രാമ ചന്തകളെ ഗ്രാമീണ കാര്‍ഷിക വിപണികളായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ റോഡുകള്‍, ഹോര്‍ട്ടികള്‍ചര്‍ ക്ലസ്റ്റര്‍, ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നിക്ഷേപം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍, പെട്ടെന്ന് നശിക്കുന്ന വിളകളുടെ സംരക്ഷണത്തിനായുള്ള ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി എന്നിങ്ങനെ കര്‍ഷകന് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നിറയെ ഉണ്ട്. അടിസ്ഥാന സൗകര്യ വികസന രംഗത്തും മികച്ച പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ധനക്കമ്മിയെ എങ്ങനെ നേരിടുമെന്നതും പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തുകയെന്നതുമാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.

ബജറ്റ് ഒറ്റനോട്ടത്തില്‍

നികുതി

 • 2017 സാമ്പത്തിക വര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ച പുതിയ നികുതിദായകരുടെ എണ്ണം 85.51 ലക്ഷം
 • പ്രത്യക്ഷ നികുതി വര്‍ധന (ജനുവരി 15 വരെ) 18.7 ശതമാനം 
 • 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയിലുള്ള വരുമാനത്തിനുള്ള സെസ് 10 ശതമാനമാക്കി. ഒരു കോടിക്ക് മുകളിലുള്ളതിന് 15 ശതമാനം 
 • സഹകരണ സംഘങ്ങള്‍ക്ക് 100 ശതമാനം നികുതിയിളവ്
 • എഡ്യുക്കേഷന്‍ സെസ് മൂന്നില്‍ നിന്ന് നാലു ശതമാനമാക്കി വര്‍ധിപ്പിച്ചു. അധികമായി 11,000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം

കസ്റ്റംസ് ഡ്യൂട്ടി

 • മൊബീല്‍ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു.
 • ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിന്മേല്‍ 10 ശതമാനം സോഷ്യല്‍ വെല്‍വെയര്‍ സര്‍ചാര്‍ജ്
 • സംസ്‌കരിക്കാത്ത സസ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി 12.5 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി. റിഫൈന്‍ഡ് സസ്യ എണ്ണയുടേത് 35 ശതമാനമാക്കി.

കൃഷി

 • 27.5 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളും 30 കോടി ടണ്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും രാജ്യം ഉല്‍പ്പാദിപ്പിക്കുന്നു
 • ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് കൂടുതല്‍ ചുരുങ്ങിയ വില്‍പ്പനവില നിശ്ചയിച്ചു.
 • കാര്‍ഷിക വിപണിക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 2000 കോടി രൂപ.
 • മൃഗസംരക്ഷണ-മത്സ്യ മേഖലകളിലേക്ക് കൂടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് 
 • ഫിഷറീസ്,അക്വാകള്‍ചര്‍ ഡെവലപ്‌മെന്റ് ഫണ്ടായി 10,000 കോടി

വിദ്യാഭ്യാസം

 • വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായി ഒരു ലക്ഷം കോടി രൂപ

ആരോഗ്യം

 • 10 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ
 • ഓരോ മൂന്ന് പാര്‍ലമെന്റ് മണ്ഡലത്തിലും ഒരു മെഡിക്കല്‍ കോളെജ്
 • ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 1.5 ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 1200 കോടി

എംഎസ്എംഇ

 • എംഎസ്എംഇ മേഖലയ്ക്ക് 3794 കോടി
 • മുദ്ര യോജന പദ്ധതി പ്രകാരം 3 ലക്ഷം കോടി രൂപ വായ്പ നല്‍കും

അടിസ്ഥാന മേഖല

 • 99 സ്മാര്‍ട്ട്‌സിറ്റികളെ തെരഞ്ഞെടുത്തു. ഇവയ്ക്കായി 2.04 ലക്ഷം കോടി രൂപ അനുവദിച്ചു.
 • ഭാരത് മാല പ്രോജക്റ്റിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 35,000 കിലോമീറ്റര്‍ നിര്‍മിക്കും. പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത് 5.35 ലക്ഷം കോടി രൂപയാണ്.

ഏവിയേഷന്‍

 • എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടുകളുടെ എണ്ണം 124 ല്‍ നിന്ന് അഞ്ചു മടങ്ങായി വര്‍ധിപ്പിക്കും. പ്രതിവര്‍ഷം 100 കോടി സര്‍വീസ് നടത്തും. അടിയന്തിരമായി 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
 • രാജ്യത്തിനകത്തെ 64 എയര്‍ പോര്‍ട്ടുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഉഡാന്‍ പദ്ധതി വിപുലീകരിക്കും.

സാങ്കേതിക വിദ്യ

 • ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്കായി 3073 കോടി രൂപ
 • അഞ്ചു കോടി ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുന്നതിനായി അഞ്ചു ലക്ഷം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഒരുക്കാന്‍ 10,000 കോടി
 • ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനം. ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിക്ക് അനുമതി


കമ്പനി

 • കമ്പനികള്‍ക്ക് സവിശേഷമായ തിരിച്ചറിയല്‍ കാര്‍ഡിന് പദ്ധതി
 • അടുത്ത സാമ്പത്തിക വര്‍ഷം ഓഹരി വില്‍പ്പനയിലൂടെ 80,000 കോടി സമാഹരിക്കും

വ്യവസായം

 • ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് 7148 കോടി രൂപ

മറ്റുള്ളവ

 • പ്രതിരോധ ചെലവിനായി 2.82 കോടി രൂപ
 • ഭക്ഷ്യ സബ്‌സിഡി 1.4 ലക്ഷം കോടിയില്‍ നിന്ന് 1.69 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു
 • രാഷ്ട്രപതിയുടെ ശമ്പളം അഞ്ചു ലക്ഷമായും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷമായും ഗവര്‍ണര്‍മാരുടേത് 3.5 ലക്ഷമായും വര്‍ധിപ്പിച്ചു. എംപിമാരുടെ ശമ്പളവും വര്‍ധിപ്പിക്കും.

നിരാശപ്പെടുത്തിയ ആദായനികുതി

ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ലാത്തത് ശമ്പളക്കാരെയും മറ്റ് ആദായനികുതി ദായകരെയും നിരാശപ്പെടുത്തി. എങ്കിലും ശമ്പളക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. നികുതി ഈടാക്കാവുന്ന വരുമാനത്തില്‍ 40,000 രൂപയുടെ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട്, മെഡിക്കല്‍ ചെലവുകള്‍ എന്നിവയ്ക്കായാണ് ഈ ഇളവ്. നിലവില്‍ ഇന്‍കം ടാക്‌സ് സെക്ഷന്‍ 10 പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സായി 19,200 രൂപയും മെഡിക്ലെയിം ആയി 15,000 രൂപയും കൂടി 34,200 രൂപയുടെ ഇളവ് ലഭിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തോടെ 5,800 രൂപയുടെ അധിക നേട്ടം പ്രതിവര്‍ഷം ശമ്പളക്കാര്‍ക്ക് കിട്ടും. ഇതിന് ബില്ല് കാണിക്കേണ്ട കാര്യവുമില്ല. എന്നാല്‍ ആദായ, കോര്‍പ്പറേറ്റ് നികുതികള്‍ക്കു മേലുള്ള സെസ് മൂന്നു ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി ഉയര്‍ത്തും.

നിലവില്‍ 2.5 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനം ഉള്ളവരാണ് നികുതി നല്‍കേണ്ടതെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ പ്രതിവര്‍ഷം 2.9 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ അടച്ചാല്‍ മതിയാകും. നാലു ശതമാനം സെസ് ഈടാക്കുമ്പോള്‍, അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ 1125 രൂപ അധിക നികുതി നല്‍കേണ്ടി വരും.

ബാങ്കിലും പോസ്റ്റ് ഓഫീസിലുമുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന 50,000 രൂപ വരെയുള്ള പലിശവരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. സ്ഥിര നിക്ഷേപത്തിനും റിക്കറിംഗ് നിക്ഷേപത്തിനും ഇത് ബാധകമാണ്. നിലവില്‍ 10,000 രൂപയ്ക്ക് മുകളിലുള്ള പിലശ വരുമാനത്തിന് നികുതി നല്‍കണം. 50,000 രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനും ചികിത്സാ ചെലവിനും നികുതിയിളവ് ലഭിക്കും. മാരക രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവിന് ഒരു ലക്ഷം രൂപയ്ക്ക് വരെ നികുതിയിളവ് ലഭിക്കും.

 

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top