RERA: റിയല്‍എസ്റ്റേറ്റ് മേഖലയില്‍ മാറ്റത്തിന്റെ കാറ്റ്
ഏറെ കാത്തിരുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ & ഡെവലപ്‌മെന്റ് ആക്റ്റ് 2016 നിലവില്‍ വരുമ്പോള്‍ ഈ മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍
facebook
FACEBOOK
EMAIL
bhoom-in-real-estate

കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ & ഡെവലപ്‌മെന്റ് ആക്റ്റ് (RERA) 2016 നിയമം ഈ മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് ബില്‍ഡര്‍മാരും ഉപഭോക്താക്കളും. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നല്ല പ്രവര്‍ത്തന പശ്ചാത്തലമുള്ള ബില്‍ഡര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ നിയമം.

ബില്‍ഡര്‍മാര്‍ക്ക് ഒട്ടേറെ നിയന്ത്രണങ്ങളും പിഴയും കൊണ്ടു വരുന്നതിനാല്‍ 'ആപ്പിള്‍' പോലുള്ള തട്ടിപ്പു കേസുകള്‍ ഇല്ലാതാവുകയും ചെയ്യും.

 

എന്താണ് RERA?


• റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ & ഡെവലപ്‌മെന്റ് ആക്റ്റ് 2016 റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യതയും സത്യസന്ധമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നു.

• പ്രധാനമായും വീട് വാങ്ങുന്നവരുടെ (ഉപഭോക്താക്കളുടെ) താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡര്‍മാര്‍ക്ക് മൂക്കുകയറിടുകയും ചെയ്യും.

• പ്രോജക്റ്റ് പൂര്‍ത്തിയാക്കി നല്‍കല്‍, വില, നിര്‍മാണ ഗുണനിലവാരം, ഉടമസ്ഥത തുടങ്ങിയ കാര്യങ്ങളില്‍ ഓരോ സംസ്ഥാനവും അവരവര്‍ക്ക് യോജിച്ച രീതിയിലുള്ള നിയമങ്ങളും റെഗുലേഷനുകളും കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നു

• 2017 മേയ് ഒന്നു മുതല്‍ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശ മെങ്കിലും ഇപ്പോഴും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളൊഴികെ മറ്റൊരിടത്തും നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് ഇനി ആര്‍ക്കും അറിയാമെന്നത് റെറ വരുത്തുന്ന മാറ്റമാണ്. ഇത് ബില്‍ഡര്‍മാരില്‍ അച്ചടക്കമുണ്ടാക്കുകയും പ്രോജക്റ്റുകളെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്യും. വിശ്വാസ്യത കൂടുന്നതിനനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ റിയല്‍ എസ്റ്റേറ്റില്‍ ഡിമാന്‍ഡ് വര്‍ധിക്കും. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് തന്നെ വലിയ ഉണര്‍വാകുമിത്.

 

RERA മുന്നോട്ട് വെക്കുന്നത്


പ്രധാനമായും ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇവയാണ്.

• ഓരോ പ്രോജക്റ്റിനും പ്രത്യേകം എക്കൗണ്ട് ഉണ്ടാക്കുകയും നിക്ഷേപകരില്‍ നിന്നുള്ള 70 ശതമാനം തുകയും അതില്‍ നിക്ഷേപിക്കുകയും വേണം. ഇത് നിര്‍മാണത്തിനും ഭൂമി വാങ്ങുന്നതിനും പോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

• പ്രോജക്റ്റിന്റെ അംഗീകാരം ലഭിച്ച പ്ലാന്‍ പിന്നീട് വരുത്തിയ മാറ്റങ്ങളടക്കം ഉപഭോക്താക്കള്‍ക്ക് നല്‍കണം. നിര്‍മാണം എന്നു പൂര്‍ത്തിയാകുമെന്നും പ്രോജക്റ്റ് എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നും എന്ന് ഉപഭോക്താവിന് കൈമാറുമെന്നുമുള്ള കാര്യം ബില്‍ഡര്‍ സമര്‍പ്പിച്ചിരിക്കണം.

• സ്റ്റേറ്റ് റെഗുലേറ്റര്‍ക്കാണ് അതാത് സംസ്ഥാനങ്ങളിലെ പ്രോജക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യിക്കു
ന്നതിനുള്ള ചുമതല. രജിസ്‌ട്രേഷനുശേഷം ബില്‍ഡര്‍മാര്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്, ഉടമസ്ഥാവകാശം തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ചിരിക്കണം.

വീടു വാങ്ങുന്നവര്‍ക്ക് RERA അനുഗ്രഹമാകും

റെറ ഏറ്റവും കൂടുതല്‍ സഹായിക്കുക വീട് വാങ്ങുന്നവരെയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതൊക്കെ കാര്യങ്ങളിലാകും ഈ നിയമം ഉപഭോക്താവിന് താങ്ങാവുക?

• എല്ലാ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളും നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിയമം: റിയല്‍ എസ്‌റ്റേറ്റ് മേഖല സുതാര്യമായിത്തീരാന്‍ ഈ ചട്ടം ഉപകരിക്കും.

• വിശ്വാസ്യത കൈവരും: വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ലഭ്യമാക്കുന്നതിലും പ്രോജക്റ്റ് സമയത്ത്
പൂര്‍ത്തിയാക്കുന്നതിലും നിയമം കര്‍ശനമായി ഇടപെടുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ഡര്‍മാരുടെ മേല്‍ നിയന്ത്രണം കൈവരുകയും ബില്‍ഡര്‍മാര്‍ വിശ്വാസ്യത തെളിയിക്കാന്‍ ബാധ്യസ്ഥരാകുകയും ചെയ്യും.

• സമയത്തിന് ലഭിക്കും, തട്ടിപ്പിന് സ്ഥാനമില്ല: പ്രോജക്റ്റ് പറഞ്ഞ സമയത്ത് തന്നെ തീര്‍ത്ത് ഉപഭോക്താവിന് കൈമാറാന്‍ നിയമം അനുശാസിക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാകും.

• ഉപഭോക്താവിനും ബില്‍ഡര്‍ക്കും തുല്യ ഉത്തരവാദിത്തം: ഉപഭോക്താവ് പണം നല്‍കാന്‍ താമസിച്ചാലോ ബില്‍ഡര്‍ പ്രോജക്റ്റ് പൂര്‍ത്തിയാക്കി കൈമാറാന്‍ വൈകിയാലോ പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ രണ്ടു പേര്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടാകുന്നു.

ബില്‍ഡര്‍മാര്‍ക്കും അവസരം

റെറ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വാകുമ്പോള്‍ ഈ മേഖലയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന മരവിപ്പിന് പരിഹാരമാകുമെന്നാണ് ബില്‍ഡര്‍മാരുടെ പ്രതീക്ഷ. റിയല്‍ എസ്റ്റേറ്റ് മേഖല ശുദ്ധീകരിക്കരിക്കപ്പെടാന്‍ ഇത് കാരണമാകും. ബില്‍ഡര്‍മാര്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങളില്‍ ചിലത് ഇവയാണ്

• ഇനി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുണ്ടാവുകയുള്ളൂ. തട്ടിപ്പുമായി വരുന്ന, വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാത്ത ബില്‍ഡര്‍മാര്‍ക്ക് നിലനില്‍പ്പുണ്ടാവുകയില്ല. അത് സത്യസന്ധമായി പ്രവര്‍ത്തിച്ചു വരുന്നവര്‍ക്ക് നേട്ടം തന്നെയായിരിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

• ചിലര്‍ നടത്തുന്ന തട്ടിപ്പിന്റെ ദോഷഫലം എല്ലാവരും അനുഭവിക്കേണ്ടി വരികയെന്നതായിരുന്നു ഇതു വരെയുള്ള രീതി. നല്ല നിക്ഷേപകര്‍ പോലും ഇതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു. ഇനി അതുണ്ടാവില്ലെന്നാണ് കരുതേണ്ടത്. ഫോറിന്‍ ഡയറക്റ്റ് ഇന്‍വസ്റ്റ്‌മെന്റ് പോലും കാര്യമായി ഇനിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

 

പോരായ്മകള്‍


അനുമതികളുടെ കാര്യത്തില്‍ ബില്‍ഡര്‍മാരുടെ മേല്‍ എല്ലാ ബാധ്യതയും വരുത്തി വെക്കുന്നതാണ് ഏറ്റവും വലിയ പോരായ്മയായി വിലയിരുത്തപ്പെടുന്നത്. പല അനുമതികളും സര്‍ക്കാര്‍ വകുപ്പുകളുടെ ഉദാസീനത മൂലമാണ് സമയത്തിന് കിട്ടാതെ പോകുന്നതെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ അത് എങ്ങനെയാണ് ബില്‍ഡര്‍മാരുടെ വീഴ്ചയായി കണക്കാക്കുക? - അവര്‍ ചോദിക്കുന്നു. വൈദ്യുതി കണക്ഷന്‍ ലഭിക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതി ലഭിക്കുക തുടങ്ങിയവയാണ് ഏറ്റവും വലിയ ബാധ്യതയാവുന്നത്. ഇതുമൂലം പ്രോജക്റ്റ് കൈമാറാനായില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നത് വ്യവസായത്തെ പിന്നോക്കം നയിക്കുമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. പിഴയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തുകയും സമയത്തിന് അനുമതി ലഭ്യമാക്കേണ്ടത് അവരുടെ ബാധ്യതയായി പരിഗണിക്കുകയും ചെയ്യണമെന്നാണ് ബില്‍ഡര്‍മാരുടെ ആവശ്യം.


കേരളത്തില്‍ എന്ത് സംഭവിക്കും?


സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി കേരളത്തിന് പ്രത്യേക നിയമം ഉണ്ടായിരുന്നു. അതിന് ശേഷമാണ് കേന്ദ്ര നിയമം വന്നത്. അതിനാല്‍ കേരള നിയമം റദ്ദ് ചെയ്യാനുളള നടപടികള്‍ ഉടനെ തന്നെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചേക്കും. പിന്നീട് കേന്ദ്ര നിയമം മാത്രമായിരിക്കും ഈ രംഗത്ത് ബാധകമാകുക.

ബില്‍ഡര്‍മാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ ഉള്‍പ്പെടെ എല്ലാം റെഗുലേറ്ററി അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതികളും രജിസ്റ്റര്‍ ചെയ്തിരിക്കണം. മെയ് 1 മുതല്‍ ജൂലൈ 31 വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ എല്ലാ പദ്ധതികളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് കേന്ദ്ര നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

''കേരളത്തിലെ കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ഈ നിയമത്തിന് ബന്ധമൊന്നുമില്ല. മറിച്ച് ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമമാണിത്. സമയബന്ധിതമായി പദ്ധതികള്‍ കൈമാറുന്നതിനും ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാനും വേണ്ടിയുള്ളതാണ് പുതിയ നിയമം. എല്ലാ സംസ്ഥാനങ്ങളിലും പുതിയ കേന്ദ്ര നിയമം നടപ്പാക്കപ്പെടുമ്പോള്‍ രാജ്യത്തൊട്ടാകെ ഒരൊറ്റ നിയമം എന്നതായിരിക്കും ഉപഭോക്താക്കള്‍ക്ക് ഏറ്റവും അഭികാമ്യം,'' കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ചെയര്‍മാന്‍ അജയകുമാര്‍ എസ് പറയുന്നു.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top