Feb 17, 2018
വിദ്യാഭ്യാസ വായ്പ എടുക്കും മുന്‍പ് ഉത്തരം കണ്ടെത്തേണ്ട 12 ചോദ്യങ്ങള്‍
വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്നതുകൊണ്ടു മാത്രം മുന്‍പിന്‍ നോക്കാതെ ഉപരിപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
facebook
FACEBOOK
EMAIL
be-carefull-while-taking-an-educational-loan

കെ.ആര്‍ മോഹനചന്ദ്രന്‍

ക്കളുടെ വിദ്യാഭ്യാസത്തിന് പലരുടെയും മുന്നിലുള്ള വലിയൊരു സാധ്യതയാണ് വിദ്യാഭ്യാസ വായ്പ. ഉന്നത പഠനമെന്ന സ്വപ്‌നം പലരും യാഥാര്‍ത്ഥ്യമാക്കുന്നതും ബാങ്ക് വായ്പകളുടെ സഹായത്തോടെയാണ്. എന്നാല്‍ അനായാസം വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്നതുകൊണ്ടു മാത്രം മുന്‍പിന്‍ നോക്കാതെ വായ്പയെടുത്ത് പഠനത്തിനു ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി വരുന്നതായാണ് കാണുന്നത്. മാത്രമല്ല, ചില കോളെജുകളും സ്ഥാപനങ്ങളുമൊക്കെ വിദ്യാഭ്യാസ വായ്പയെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും അതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. ചിലരെങ്കിലും ഇതു മുതലാക്കാന്‍ അമിത ഫീസ് ഈടാക്കുന്നതായും കാണാം.

ഏതൊരു വായ്പയെയും പോലെ വിദ്യാഭ്യാസ വായ്പയും വലിയൊരു ബാധ്യത തന്നെയാണ് എന്ന് മനസിലാക്കാത്തവരാണ് എടുത്തു ചാടി വായ്പ നേടുന്നത്. വായ്പയെടുക്കും മുന്‍പ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. അവയ്ക്കുള്ള ഉത്തരം കണ്ടെത്തിയിട്ടു മാത്രം മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം.

1 നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന കോഴ്‌സില്‍ പഠനം കഴിയുന്ന മുറയ്ക്ക് ജോലി ലഭിക്കുവാനുള്ള സാധ്യത എത്രമാത്രമുണ്ട്, വായ്പ തിരിച്ചടക്കേണ്ട സമയമാകുമ്പോഴേക്ക് ജോലി ലഭിക്കുമെന്ന കാര്യത്തില്‍ എത്രമാത്രം ഉറപ്പുണ്ട്?

2. വായ്പയുടെ കാലാവധി എത്ര വര്‍ഷമാണ്?, തിരിച്ചടവ് എന്നു തുടങ്ങണം, പ്രതിമാസം എത്ര രൂപയാണ് തിരിച്ചടയ്‌ക്കേണ്ടിവരിക?, ജോലി ലഭിച്ചാല്‍ തന്നെ പ്രതിമാസം എത്ര രൂപ ശമ്പളമായി കിട്ടുവാന്‍ സാധ്യതയുണ്ട്?

3. തിരിച്ചടവ് തുകയേക്കാള്‍ വലിയ തുക ശമ്പളമായി ലഭിക്കുന്ന ജോലി കിട്ടുവാന്‍ സാധ്യതയുണ്ടോ? ഭാവിയില്‍ മറ്റ് ചെലവുകള്‍കൂടി വഹിക്കേണ്ടിവരുമ്പോള്‍ പ്രതിമാസ വരുമാനം വായ്പ തിരിച്ചടയ്ക്കുന്നതിന് പര്യാപ്തമാകാതെ വരുമോ?

4. പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ജോലി ലഭിക്കാതെ വരുകയോ കാലതാമസം ഉണ്ടാകുകയോ ചെയ്താല്‍ വായ്പ തിരിച്ചടയ്ക്കാന്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ?

5. പഠനത്തിന് ബാങ്ക് വായ്പയ്ക്കു പുറമെ വ്യക്തികളില്‍ നിന്നോ മറ്റോ പണം കടം വാങ്ങേണ്ടിവരുമോ? അങ്ങനെയെങ്കില്‍ ആ കടം എങ്ങനെ, എപ്പോള്‍ വീട്ടും, അതിനുള്ള മാര്‍ഗം സുനിശ്ചിതമാണോ?

6. വായ്പ എടുത്തു പഠിക്കുവാന്‍ തുടങ്ങുന്ന കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റിന് (ഡിഗ്രി, ഡിപ്ലോമ) എത്രമാത്രം അംഗീകാരമുണ്ട്, ഇന്ത്യയിലും വിദേശത്തും ആ കോഴ്‌സ് അംഗീകൃതമാണോ?

7. പലിശ എങ്ങനെ അടയ്ക്കും, പലിശയടക്കം എത്ര സംഖ്യയാണ് തിരിച്ചടയ്‌ക്കേണ്ടിവരുക - എത്രനാള്‍ വായ്പാതിരിച്ചടവ് തുടരേണ്ടിവരും, ഇത് ഭാവി ജീവിതത്തെ എങ്ങനെ ബാധിക്കും?

8. കോളെജുകള്‍ ഉയര്‍ത്തിക്കാണിക്കുന്ന 'പ്ലെയ്‌സ്‌മെന്റ് സെല്‍' എത്രമാത്രം ഗുണകരമാകും - പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ജോലി ലഭിക്കുമോ?

9. വായ്പാ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥ ഉണ്ടായാല്‍ ബാങ്ക് സ്വീകരിക്കാനിടയുള്ള നടപടികള്‍ എന്തെല്ലാമാണ് - ഇവ ലോണെടുത്ത വ്യക്തിയെയും രക്ഷിതാക്കളെയും കുടുംബത്തെയും മറ്റ് ജാമ്യക്കാര്‍ ഉണ്ടെങ്കില്‍ അവരെയും വായ്പയ്ക്ക് വീടോ പുരയിടമോ ഈടുവെച്ചിട്ടുണ്ടെങ്കില്‍ അതിനെയും എങ്ങനെ ബാധിക്കും?

10. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ടിനെയും ക്രെഡിറ്റ് സ്‌കോറിനെയും എങ്ങനെ ബാധിക്കും, ഭാവിയില്‍ മറ്റൊരു വായ്പ ലഭിക്കുവാനുള്ള സാധ്യതയെ നെഗറ്റീവ് റിപ്പോര്‍ട്ടും താഴ്ന്ന ക്രെഡിറ്റ് സ്‌കോറും എത്രമാത്രം മങ്ങലേല്‍പ്പിക്കും?

11. തെരഞ്ഞെടുത്തിരിക്കുന്ന കോഴ്‌സിനു പകരം താരതമ്യേന ചെലവ് കുറഞ്ഞതും ജോലി സാധ്യത കൂടുതലുള്ളതുമായ മറ്റ് കോഴ്‌സുകള്‍ ലഭ്യമാണോ - അക്കാര്യത്തിലൊരു വിദഗ്‌ധോപദേശം ആരാഞ്ഞിട്ടുണ്ടോ?

12. പഠനം കഴിഞ്ഞ് ജോലി ലഭിച്ചില്ലെങ്കില്‍ സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത്തരം പദ്ധതികള്‍ക്കുള്ള മൂലധനം സമാഹരിക്കുവാനുള്ള ശേഷിയുണ്ടോ, വീണ്ടും വായ്പകള്‍ എടുക്കേണ്ടിവരുമോ - ഭാവി ജീവിതത്തെ അത് എങ്ങനെ ബാധിക്കും?

വിദ്യാഭ്യാസ വായ്പ ഉപരിപഠനത്തിനുള്ള വഴിയൊരുക്കുന്നു. എന്നാല്‍ വായ്പ ലഭിക്കുമെന്നതുകൊണ്ടുമാത്രം വീണ്ടുവിചാരമില്ലാതെ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്ന രീതി ഒട്ടും അഭിലഷണീയമല്ല. അധികം താമസിയാതെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കേണ്ടവരാണ് എന്നു ചിന്തിച്ചു വേണം
ബാധ്യതകള്‍ ഏറ്റെടുക്കാന്‍. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവു മുടങ്ങിയാല്‍ പിന്നീട് വീണ്ടുമൊരു വായ്പ ലഭിക്കാനുള്ള അവസരം ഇല്ലാതാകും. അതിനാല്‍ അത്യാവശ്യമാണെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലെടുത്തു മാത്രം വായ്പ സ്വീകരിക്കാം. വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താലുംജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുമെന്ന് മറക്കാതിരിക്കുക.

 

ലേഖകന്‍ ഫെഡറല്‍ ബാങ്കിന്റെ മുന്‍ ചീഫ് ജനറല്‍ മാനേജരാണ്.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
1
smiletear
100%
0
smile
0%
0
neutral
0%
0
grin
0%
0
angry
0%
 
Back to Top