Nov 11, 2017
ബാങ്ക് സ്ഥിരനിക്ഷേപം മ്യൂച്വല്‍ ഫണ്ടിലേക്ക് മാറ്റുന്നത് അപകടമോ?
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുന്നത് ബാങ്ക് പലിശയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒട്ടേറെപ്പേരെ നിരാശരാക്കുന്നുണ്ട്
facebook
FACEBOOK
EMAIL
bank-fixed-deposit-or-mutual-fund-which-one-is-the-best

മനോജ് തോമസ്

ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുന്നത് ബാങ്ക് പലിശയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒട്ടേറെപ്പേരെ നിരാശരാക്കുന്നുണ്ട്.

ഈ അവസരം മുതലാക്കാന്‍ പലരും പല സ്‌കീമുകളുമായി രംഗത്തു വന്നേക്കാം. ഓഹരി വിപണിയിലെയും മ്യൂച്വല്‍ ഫണ്ടുകളിലേയും കഴിഞ്ഞകാല റിട്ടേണ്‍ അടിവരയിട്ടു പറഞ്ഞ്, ഈ മേഖലകളിലുള്ള റിസ്‌ക് പോലും കണ്ടില്ലെന്ന് നടിക്കാന്‍ പ്രായംചെന്ന നിക്ഷേപകരെപ്പോലും പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ചില ഭാഗത്തു നിന്നും ഉണ്ടാവുമ്പോള്‍ അവയില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിക്ഷേപകന്റെ മാത്രം ഉത്തരവാദിത്തമാണ്.

ജാഗ്രത വേണം

പലിശ കുറയുന്നതിലുള്ള അതൃപ്തി മുതലാക്കിക്കൊണ്ട് കടന്നുവന്നിരിക്കുന്ന, അഥവാ കടന്നുവന്നേക്കാനിടയുള്ള പോണ്‍സി സ്‌കീമുകളെയും (Ponzy Scheme) നിക്ഷേപകര്‍ അവഗണിക്കണം. പുതുതായി അംഗങ്ങളായി ചേരുന്നവരുടെ വരിസംഖ്യയില്‍ നിന്നോ അംഗത്വഫീസില്‍ നിന്നോ ലഭിച്ച തുകകൊണ്ട് ആദ്യകാല നിക്ഷേപകര്‍ക്ക് നേട്ടം ഉണ്ടാക്കുന്ന ആട്, മാഞ്ചിയം, തേക്ക് മുതലായ സ്‌കീമുകളൊക്കെ നിക്ഷേപകര്‍ ഏതാണ്ട് വിസ്മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇതേതരത്തില്‍ അല്ലെങ്കിലും ഈ സ്‌കീമുകളുടെ അടിസ്ഥാനതത്വം നിലനിര്‍ത്തിക്കൊണ്ടുള്ള ചില സ്‌കീമുകളില്‍ ഇപ്പോഴും പണം മുടക്കാന്‍ ആളുകള്‍ റെഡി!

ചോദിക്കൂ, ചില ചോദ്യങ്ങള്‍

ബാങ്ക് സ്ഥിരനിക്ഷേപത്തിന് പകരമായി ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ കാണുകയും ചെയ്യരുത്. ശരിയാണ്, സെന്‍സെക്‌സ് കുതിച്ചുയര്‍ന്ന് പുതിയ റെക്കോര്‍ഡുകള്‍ താണ്ടുകയാണ്. പക്ഷേ, വിപണിയിലോ, മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കാന്‍ ഇതുമാത്രം കാരണമാക്കരുത്. ഈയൊരു നിക്ഷേപംകൊണ്ട് ഒരു ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമാണോ നിങ്ങള്‍ ലാക്കാക്കുന്നത്? ഉത്തരം അതെ എന്ന് ആണെങ്കില്‍ മാത്രം നിക്ഷേപമാവാം. അല്ലാതെ പ്രതിമാസ/വാര്‍ഷിക വരുമാനം നിങ്ങള്‍ കാംക്ഷിക്കുന്നുവെങ്കില്‍ ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ തന്നെ തുടരുക.

എഴുപതിനും എഴുപത്തിയഞ്ചിനും മുകളില്‍ പ്രായമുള്ളവര്‍പോലും യാതൊന്നും ചിന്തിക്കാതെ ഓഹരി നിക്ഷേപ മേഖലയിലേക്കു കടക്കുന്നുണ്ട്.

ബാങ്കിലെ നിക്ഷേപം പിന്‍വലിച്ച്, യാതൊന്നും ആലോചിക്കാതെ ഓഹരി വിപണിയിലും, മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപകരാവുമ്പോള്‍ സീനിയര്‍ സിറ്റിസണ്‍സ് തങ്ങളുടെ റിസ്‌ക് പ്രൊഫൈല്‍ തന്നെയാണ് പലപ്പോഴും മറന്നുപോകുന്നത്. പ്രതീക്ഷയ്ക്ക് വിപരീതമായി മാര്‍ക്കറ്റ് തകര്‍ന്നാല്‍ ഒരു തിരിച്ചുവരവിനുള്ള സാവകാശം തങ്ങള്‍ക്കു ലഭിക്കുമോ ഇല്ലയോ എന്നുപോലും ഇവര്‍ ചിന്തിക്കുന്നില്ല.

നഷ്ടസാധ്യത വിലയിരുത്തുക

ബാങ്കിലെ സ്ഥിരനിക്ഷേപം അവസാനിപ്പിച്ച് മ്യൂച്വല്‍ഫണ്ടിലേക്കുപോകുന്ന പലരും കൂട്ടുപിടിക്കുന്നത് കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷങ്ങളിലെ റിട്ടേണിനെയാണ്. ഹ്രസ്വകാല നിക്ഷേപങ്ങളിലെ അപകടം അവര്‍ അറിയാതെ പോകുന്നു.

സെന്‍സെക്‌സ് കുപ്പുകുത്തിയ വര്‍ഷങ്ങളില്‍ അതിനേക്കാള്‍ വേഗത്തില്‍ കൂപ്പുകുത്തിയ പല മ്യൂച്വല്‍ഫണ്ടുകളുടെയും അറ്റ ആസ്തിമൂല്യം അവരില്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍മിപ്പിക്കുന്നുണ്ടാവും. ഏതെങ്കിലും കാരണത്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണം പിന്‍വലിക്കേണ്ടിവരുന്ന പക്ഷം നല്‍കേണ്ടിവന്നേക്കാവുന്ന എക്‌സിറ്റ് ലോഡുകളും ഷോര്‍ട് ടേം കാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സും പലരും മറന്നുപോകുന്നു.

ടാക്‌സ് ബെനഫിറ്റ് പറഞ്ഞാണ് പലപ്പോഴും നിക്ഷേപകര്‍ ഋഘടട (Equity Linked Savings Schemes) തെരഞ്ഞെടുക്കുന്നത്. മാര്‍ക്കറ്റിന്റെ ഉയര്‍ച്ചയില്‍ ഉയരുന്ന NAVയില്‍ ആകൃഷ്ടനായി ഇക്കൂട്ടര്‍ ഇതുതന്നെ ഏറ്റവും മികച്ചതെന്നു കരുതി ലഭ്യമായ തുക മുഴുവന്‍ ഇവിടെ നിക്ഷേപിക്കാനൊരുമ്പെടുമ്പോള്‍ മറന്നുപോകുന്നത് ഓരോരുത്തരുടെയും റിസ്‌ക് എടുക്കാനുള്ള ശേഷിയും പണത്തിന് പൊടുന്നനെ ആവശ്യം വരുന്ന പക്ഷം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുമാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറഞ്ഞാലും അതിന്റെ സുരക്ഷിതത്വവും പണമാക്കി 
മാറ്റാനുള്ള എളുപ്പവും മറക്കരുത്. കുറഞ്ഞ പലിശകാരണം സ്ഥിര നിക്ഷേപം മറ്റ് മേഖലകളിലേക്ക് മാറ്റാന്‍ ചാടിപ്പുറപ്പെടും മുമ്പ് ഇത്രയും കാര്യങ്ങള്‍ ഓര്‍ക്കുക.

COMMENTS
comments powered by Disqus
WHAT IS YOUR REACTION?
0
smiletear
0
smile
0
neutral
0
grin
0
angry
 
Back to Top